ഹൈദരാബാദ്: ഭാര്യമാരെ ഉപേക്ഷിച്ചു നാടുവിടുന്ന പ്രവാസികളായ ഭർത്താക്കന്മാരെ ‘പിടികൂടാൻ’ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിനായി പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.

ഇതുസംബന്ധിച്ച് ചില നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ 25 പ്രവാസികളുടെ പാസ്പോർട്ട് റദ്ദാക്കി. നിയമമാകുന്നതോടെ നടപടി കർശനമാകും -ഹൈദരാബാദിൽ ഒരു തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പങ്കെടുത്തു സംസാരിക്കവേ അവർ വ്യക്തമാക്കി.

ഭാര്യമാരെ ഉപേക്ഷിക്കുകയും സ്ത്രീധനത്തിനുവേണ്ടി പീഡിപ്പിക്കുകയും ചെയ്യുന്ന പ്രവാസികളായ ഭർത്താക്കന്മാരെ നിർബന്ധമായും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീംകോടതി നവംബർ 13-ന് കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.

തങ്ങളെ ഉപേക്ഷിച്ചുപോയ പ്രവാസികളായ ഭർത്താക്കന്മാരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടും കേസുനടത്തുന്നതിനു സഹായിക്കണമെന്നാവശ്യപ്പെട്ടും ഒരു കൂട്ടം സ്ത്രീകൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രസർക്കാരിനു നോട്ടീസയച്ചത്.

content highlights: to prevent nri husbands abandoning wives, govt will introduce bill