കോട്ടയ്കൽ: പറമ്പിലങ്ങാടിയിലെത്തുന്നവരുടെ ഇഷ്ടവിഭവം ഇപ്പോൾ ഇവിടുത്തെ സ്പെഷ്യൽ തന്തൂരി ചായയാണ്. ഹൈവേയുടെ അരികിൽ കഴിഞ്ഞദിവസം തുടങ്ങിയ തന്തൂരി ചായക്കടയിൽ തിരക്കോടുതിരക്ക്. തന്തൂരി അടുപ്പിൽ ചുട്ടെടുക്കുന്ന മൺകുടങ്ങളിൽ തയ്യാറാക്കുന്ന ചായ ആസ്വദിക്കാൻ വൈകീട്ട് അഞ്ചു മുതലാണ് അവസരം.

ഇത്രയും‘ടേസ്റ്റി’ ആയ ചായയുടെ രഹസ്യമെന്താണെന്നുചോദിച്ചാൽ ‘അതൊരു ട്രേഡ് സീക്രട്ട്’ ആണെന്ന്‌ മാത്രമാണ് കട നടത്തുന്ന ഫൈവ്മെൻ ആർമിയുടെ ഉത്തരം. രഹസ്യമായ കൂട്ട് ഉപയോഗിച്ച് ആദ്യം ഇവർ ചായയുണ്ടാക്കും. പിന്നീട് വേവുന്ന തന്തൂരി അടുപ്പിലേക്ക് പ്രത്യേകം വരുത്തിയ ചെറിയ മൺകുടങ്ങൾ ഇറക്കി വെക്കും. അടുപ്പിൽനിന്ന് കനൽപോലെ ചൂടായ കുടങ്ങൾ കൊടിലുപോലത്തെ ഉപകരണംവെച്ച് പുറത്തെടുക്കും. ഈ മൺകുടങ്ങളിലേക്ക് ചായ പകർന്ന് ഒന്ന് തിളയ്ക്കുമ്പോൾ കപ്പിലേക്ക് പകരും.

30 രൂപയാണ് ഒരു ചായയ്ക്കെങ്കിലും കുടിച്ചാലുള്ള സ്വാദ് മറക്കാൻ കഴിയില്ല. മസാല ടീയുടെ സ്വാദിനോട് അല്പം സാമ്യംതോന്നും. ചായകുടിച്ചു കഴിഞ്ഞാലുള്ള ഉണർവ് ഇതിന്‌ മുമ്പിറങ്ങിയ ഒരു ചായയ്ക്കും അവകാശപ്പെടാനാവില്ല.

തുടക്കം

ഗൾഫിൽനിന്നെത്തിയ അഞ്ച് പ്രവാസികൾ ഉത്തരേന്ത്യയിലേക്ക് ഒരു വിനോദയാത്ര പോയി. യാത്രയ്ക്കിടയിൽ കുടിച്ച ചായയുടെ രുചി ഇവർക്ക് മറക്കാനായില്ല. അവിടെയായിരുന്നു തുടക്കം. പിന്നീട് തന്തൂരി ചായയുടെ ജന്മദേശമായ പുണെയിലേക്ക് അവർ യാത്ര തിരിച്ചു. ചായയുടെ രഹസ്യക്കൂട്ട് മനസ്സിലാക്കാനായുള്ള യാത്ര. രഹസ്യം മനസ്സിലാക്കിയശേഷം നാട്ടിലേക്ക് മടങ്ങി. ഇപ്പോൾ കോട്ടയ്ക്കൽ സ്വദേശികളായ മുസ്താഖ്, റഫീഖ്, അൻസാർ, നസീബ് ഫാസിൽ എന്നിവർക്ക് ഒന്നിരിക്കാൻപോലും സമയമില്ല. അത്രയ്ക്കും തിരക്കാണ് കടയിൽ.

60 വർഷംമുൻപ് മൺപാത്രങ്ങളിലായിരുന്നു ചായ പകർന്നിരുന്നത്. ഇൗയൊരു കാലത്തേക്കുള്ള തിരിച്ചുപോക്കുകൂടിയാണ് തങ്ങളുടെ സംരംഭമെന്ന് ഇവർ പറയുന്നു. കോഴിക്കോട്ടും എടപ്പാളിലും തന്തൂരി ചായക്കടകൾ തുടങ്ങാൻ പദ്ധതിയിടുകയാണ് ഈ അഞ്ചംഗ സംഘം.