സൗദി അറേബ്യയിൽ  ശക്തമാവുന്ന സ്വദേശിവത്‌കരണവും  കുവൈത്തിലെ  പൊതുമാപ്പുമാണ് കഴിഞ്ഞദിവസങ്ങളിൽ ഗൾഫ് നാടുകളിൽ നിന്നുള്ള പ്രധാന സംഭവവികാസങ്ങൾ. ഒമാനിൽ 87 തസ്തികകളിലേക്കുള്ള  തൊഴിൽ വിസ ആറുമാസത്തേക്ക് നിർത്തിവെച്ചതും ഇതേ സമയത്താണ്. ഗൾഫ് നാടുകളിൽനിന്ന്  ഈയിടെയായി വരുന്ന  മിക്ക വാർത്തകളും  അവിടെ നടക്കുന്ന സംഭവവികാസങ്ങളും പ്രവാസികൾക്കും കുടുംബങ്ങൾക്കുമെല്ലാം നിർണായകമായി മാറുന്ന കാലമാണിത്.

ഗൾഫ്സ്വപ്നങ്ങൾക്ക്  മങ്ങലേൽപ്പിക്കുന്ന വാർത്തകളാണ് അവയിൽ ഏറെയും. പുതിയ നിബന്ധനകളും നിയമനിർമാണങ്ങളുമെല്ലാം ഓരോ വാതിലുകളായി കൊട്ടിയടയ്ക്കുന്നുവെന്ന തോന്നലാണ് സൃഷ്ടിക്കുന്നത്. നാലഞ്ച്  വർഷമായി സൗദിയിൽ നടന്നുവരുന്ന നിതാഖാത്ത് പദ്ധതി അവിടത്തെ തൊഴിൽമേഖല ക്രമീകരിക്കാനുള്ളതായാണ് സർക്കാർ വിശേഷിപ്പിച്ചിരുന്നത്. ഒരർഥത്തിൽ നിയമലംഘകരെ ഇല്ലാതാക്കാനും ഈ പദ്ധതി കൊണ്ട് കഴിഞ്ഞു. 2013-ലാണ് സൗദി അറേബ്യ നിതാഖാത്ത്‌ കൊണ്ടുവന്നത്.  

ഘട്ടംഘട്ടമായി സ്വദേശിവത്‌കരണം ഓരോ മേഖലയിലേക്കും സൗദി അറേബ്യ വ്യാപിപ്പിക്കുകയാണ്. ആദ്യഘട്ടത്തിൽ  മൊബൈൽഫോൺ വിൽപ്പനകേന്ദ്രങ്ങളായിരുന്നു സ്വദേശികൾക്കായി തിരഞ്ഞെടുത്തത്. ആയിരക്കണക്കിന് വിദേശികളാണ് തൊഴിൽരഹിതരായത്. വിദേശികൾക്ക് സംരക്ഷണം നൽകുന്ന സ്വദേശിപൗരന്മാർക്ക് വലിയ പിഴശിക്ഷ കൂടിയായതോടെ നിയമം ശക്തമായി നടപ്പാവുകയാണ്.

സ്വദേശിവത്‌കരണം കൂടുതൽ മേഖലകളിലേക്ക്‌
വരുംമാസങ്ങളിൽ പന്ത്രണ്ട് പുതിയ മേഖലകളാണ് സ്വദേശിവത്‌കരണത്തിനായി സൗദി അറേബ്യ കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിൽ ജൂവലറി ഷോറൂമുകളിലെ ജോലികളും പ്രവാസികൾക്ക് നഷ്ടമായി. അവിടെയെല്ലാം സൗദിപൗരന്മാരെ തന്നെ ജോലിക്ക് വെക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കിക്കഴിഞ്ഞു. മലയാളികളുടെ ഉടമസ്ഥതയിലുള്ള ജൂവലറികൾ സൗദിയിൽ ഏറെയുണ്ട്. അവിടെയുള്ള ജീവനക്കാരെ മറ്റ് രാജ്യങ്ങളിലേക്ക് പറിച്ചുനട്ടുകഴിഞ്ഞു. കുറേപ്പേർ സൗദിയിൽതന്നെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. ജൂണോടെ സ്ത്രീകൾക്ക് സൗദിയിൽ ഡ്രൈവിങ് ലൈസൻസ് നൽകിത്തുടങ്ങും. സൗദിയിലെ  വനിതാ ടാക്സി മേഖല സ്വദേശികൾക്ക് മാത്രമായിരിക്കുമെന്നും പ്രഖ്യാപനം വന്നുകഴിഞ്ഞു.  സ്ത്രീകൾ വണ്ടികൾ ഓടിച്ചുതുടങ്ങുന്നതോടെ ആയിരങ്ങൾക്ക് സ്വദേശികളുടെ വീടുകളിലെ ഡ്രൈവർപ്പണി നഷ്ടമാവുമെന്ന് ഇതിനകംതന്നെ ബോധ്യപ്പെട്ടുകഴിഞ്ഞു.

ലെവി എന്ന ഭാരം
ഇതിനിടയിലാണ് സൗദിയിൽ ആശ്രിതവിസയിൽ പാർട്‌ടൈം ജോലിചെയ്യാൻ അനുമതി നൽകുന്ന അജീർ പദ്ധതിപ്രകാരം ജോലിചെയ്യുന്ന വിദേശികൾക്ക് പുതിയ ലെവി ബാധകമാക്കിയത്. ആശ്രിതലെവിക്കു പുറമേ ഇവർ വർഷം 9,500 റിയാൽ അടയ്ക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ  ഉത്തരവിൽ പറയുന്നത്. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് പുതിയ ലെവി ബാധകമാണ്. ഇത് വലിയ സാമ്പത്തികബാധ്യത വരുത്തുമെന്നതിനുപുറമേ തൊഴിൽനഷ്ടവും ധാരാളമായി സംഭവിച്ചേക്കാവുന്ന പുതിയ നടപടികളാണ്.  സൗദിയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിലെ വനിതാ ജീവനക്കാരിലേറെയും ആശ്രിത വിസയിലുള്ളവരാണ്. 

ആശ്രിതവിസയിലുള്ളവർക്ക് ജോലിചെയ്യാൻ നേരത്തേ അനുമതിയുണ്ടായിരുന്നില്ല. എന്നാൽ, സ്വദേശിവത്‌കരണ പദ്ധതിയായ നിതാഖാത്ത് പ്രാബല്യത്തിൽ വന്നതിനുശേഷമാണ്  പാർട്ട് ടൈം ജോലിക്ക് അനുമതിനൽകുന്ന അജീർ പദ്ധതി പ്രകാരം ആശ്രിതവിസയിലുള്ളവർക്ക് സ്കൂളുകളിൽ ജോലിചെയ്യാൻ അനുമതി നൽകിയത്. എന്നാൽ, അജീർ പുതുക്കുന്നതിന് ഇനി മുതൽ 9500 റിയാൽ നികുതി അടയ്ക്കണമെന്നാണ്  ധനമന്ത്രാലയത്തിന്റെ ഉത്തരവ്.  

സൗദിയിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളുകളിൽ 40 മുതൽ 50 ശതമാനം വരെ മലയാളി വിദ്യാർഥികളും ജീവനക്കാരുമാണുള്ളത്. ആശ്രിത ലെവി പ്രാബല്യത്തിൽ വന്നതോടെ ഈ അധ്യയന വർഷം പത്തുശതമാനം വിദ്യാർഥികൾ കൊഴിഞ്ഞുപോയി. ഈ വർഷം മേയ് മുതൽ ആശ്രിത വിസയിലുള്ളവർ വർഷം 2400 റിയാൽ വീതമാണ് ലെവി അടയ്ക്കേണ്ടത്. അതുകൊണ്ടുതന്നെ അധ്യയനവർഷം അവസാനിക്കുന്നതോടെ കൂടുതൽ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത. അതിനിടെയാണ്  ആശ്രിതവിസയിലുള്ള അധ്യാപകർക്കുകൂടി ലെവി ഏർപ്പെടുത്തുന്നത്. ഇത് ബാധ്യതകൾ കൂട്ടുകയാണ്.

അതിനിടെ അല്പം ആശ്വാസകരമായ വാർത്ത  വിദേശതൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ലെവി അടയ്ക്കാൻ ആറുമാസത്തെ സാവകാശം നൽകിക്കൊണ്ട് കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവാണ്. ലെവി തുക അടച്ചുതീർക്കാൻ ആറ് മാസം നൽകുന്നതിനൊപ്പം ഇത് മൂന്ന് ഗഡുക്കളായി അടയ്ക്കാമെന്നും പുതിയ നിർദേശത്തിലുണ്ട്. 2018 ജനുവരി ഒന്നുമുതലാണ് സൗദി തൊഴിൽ മന്ത്രാലയം വിദേശ തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തിയത്.  ഓരോമാസവും 400 സൗദി റിയാലാണ് തൊഴിൽമന്ത്രാലയത്തിന്  ലെവിയായി നൽകേണ്ടത്.

ഓരോ വിദേശ തൊഴിലാളിയും ഒരു വർഷത്തേക്കുള്ള ലെവിയായ 4800 റിയാൽ മുൻകൂറായി അടയ്ക്കണമെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. ഇതിനാണ് ഇപ്പോൾ ആറുമാസത്തെ സാവകാശവും ഗഡുവായി അടയ്ക്കാനുള്ള സൗകര്യവും നൽകിയിരിക്കുന്നത്. ചെറുകിട സ്ഥാപനങ്ങൾക്ക് വിദേശജോലിക്കാരുടെ ഒരു വർഷത്തെ ലെവി മുൻകൂറായി അടയ്ക്കുക എന്നത് ഏറെ സാമ്പത്തിക പ്രയാസമുണ്ടാക്കുന്നുവെന്ന പരാതികളെത്തുടർന്നാണ് ആറുമാസത്തെ സാവകാശം.  കഴിഞ്ഞവർഷമാണ് സൗദി അറേബ്യ വിദേശ തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തിയത്. 2017 ജനുവരിയിൽ പ്രാബല്യത്തിൽ വന്ന ഈ നിയമപ്രകാരം ഓരോ മാസവും ഓരോ വിദേശിയും 200 റിയാൽ വീതം തൊഴിൽമന്ത്രാലയത്തിന് നൽകേണ്ടതുണ്ട്. എന്നാൽ, ഈ വർഷം ജനുവരിയിൽ  200 റിയാൽ എന്നത് 400 ആയി ഇരട്ടിപ്പിക്കുകയായിരുന്നു.  

പുതിയ സൗദി അറേബ്യ ലക്ഷ്യമിട്ടുള്ള സൗദി വിഷൻ 2030-ന്റെ ഭാഗമായാണ് ലെവി ഇരട്ടിയാക്കിയത്. ഇത് അടുത്തവർഷം അറനൂറും 2020-ൽ എണ്ണൂറും റിയാലായി ഉയരും. ഇത് തൊഴിലാളി വിരമിക്കുമ്പോഴോ സൗദി വിട്ടുപോകുമ്പോഴോ തിരിച്ചുകൊടുക്കുന്നതല്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.  ഇത്തരത്തിൽ  ഓരോ മാസവും കനത്ത ലെവി കൊടുത്ത് തൊഴിലാളികളെ ജോലിക്കുവെക്കാൻ ചെറുകിട സ്ഥാപനങ്ങൾക്ക് ഏറെ പ്രയാസമാണ്. ഇതുതന്നെയാണ് സൗദി ലക്ഷ്യമിടുന്നതും. ഇത്തരം സ്ഥലങ്ങളിലെല്ലാം  ഭാവിയിൽ സ്വദേശികൾക്ക് തൊഴിലവസരം ലഭിക്കുമെന്നാണ് സൗദി തൊഴിൽമന്ത്രാലയം പ്രതീക്ഷിക്കുന്നത്. 

തിരികെ പോയത്‌ നാലുലക്ഷം പേർ
വിദേശതൊഴിലാളികൾക്കും ആശ്രിതവിസയിലുള്ള വിദേശികൾക്കും ലെവി ബാധകമാക്കിയതോടെ സ്വകാര്യ മേഖലയിൽനിന്ന്‌ നാലുലക്ഷം വിദേശികളാണ്  സൗദിഅറേബ്യ  വിട്ടതെന്ന് രണ്ടാഴ്ച മുമ്പുള്ള കണക്കുകൾ പറയുന്നു. ഇത്‌ സ്വദേശികൾക്ക്  കൂടുതൽ തൊഴിൽ ലഭ്യമാക്കാൻ സഹായിക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിലവിൽ സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമാണ്. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് ഏഴ്  ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ദേശീയ പരിവർത്തന പദ്ധതി, വിഷൻ 2030 എന്നിവയിൽ ഉൾപ്പെടുത്തി ഒട്ടേെറ പരിപാടികളാണ് സ്വകാര്യമേഖലയിൽ നടപ്പാക്കുന്നത്. മൊബൈൽഫോൺ ഷോപ്പുകൾ, ജൂവലറികൾ എന്നിവിടങ്ങളിലെ സമ്പൂർണ സ്വദേശിവത്‌കരണം വിജയകരമാണ്. 12 മേഖലകളിലുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ 2018  ജനുവരിയോടെ സ്വദേശിവത്‌കരണം നടപ്പാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പുനൽകുന്നുണ്ട്. ഇത് പ്രവാസികൾക്കും കേരളത്തിനുമുള്ള മുന്നറിയിപ്പുകൂടിയാണ്. അതേസമയംതന്നെ സാമൂഹികസുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് ഹൗസ് ഡ്രൈവർ, വേലക്കാരി, ഹോംനഴ്‌സ് എന്നിവരെ വിദേശങ്ങളിൽനിന്ന് റിക്രൂട്ട്‌ ചെയ്യുന്നതിന് വിസ അനുവദിക്കുമെന്നും തൊഴിൽ, സാമൂഹികവികസന കാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 
ഈവർഷം സെപ്‌റ്റംബർ മുതൽ ഒപ്റ്റിക്കൽസ്, മെഡിക്കൽ എക്യുപ്‌മെന്റ് ഷോപ്പുകൾ, ഇലക്‌ട്രിക്-ഇലക്‌ട്രോണിക്സ് വിതരണ സ്ഥാപനങ്ങൾ, സ്പെയർപാട്‌സ്, ഹാർഡ്‌വെയേഴ്‌സ്, കാർപ്പെറ്റ്ഷോറൂം, റെഡിമെയ്ഡ് ഷോപ്പുകൾ, സ്വീറ്റ്‌സ് ഷോപ്പുകൾ, ഫർണിച്ചർ ഷോറൂമുകൾ എന്നിവിടങ്ങളിൽ സമ്പൂർണ സ്വദേശിവത്‌കരണം നടപ്പാവുകയാണ്.  ഇതോടെ ഈ മേഖലകളിൽ ജോലിചെയ്യുന്ന മലയാളികളടക്കം ആയിരക്കണക്കിന് വിദേശികൾ മറ്റു ജോലികൾ കണ്ടെത്തേണ്ടിവരും. അല്ലെങ്കിൽ അവർ നാട്ടിലേക്ക് മടങ്ങിയെത്തും. അടുത്തവർഷത്തോടെ ചെറുകിട വ്യാപാരമേഖലയിലെ 12 വിഭാഗം സ്ഥാപനങ്ങളിൽ സമ്പൂർണ സ്വദേശിവത്‌കരണം നടപ്പാക്കാനാണ്  സൗദി തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഒന്നാംഘട്ടം സെപ്‌റ്റംബർ 11-നും രണ്ടാംഘട്ടം നവംബർ ഒമ്പതിനും മൂന്നാംഘട്ടം ജനുവരി ഏഴിനും നിലവിൽ വരും. 

കുവൈത്തിലെ പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്താൻ ധാരാളം പേർ സന്നദ്ധരായിട്ടുണ്ട്. ഒമാനിൽ 87 തസ്തികകളിലേക്കുള്ള വിസാ നിരോധനവും  പ്രവാസലോകത്ത് തൊഴിൽതേടുന്ന ആയിരങ്ങൾക്ക്‌ തിരിച്ചടിയാണ്. യു.എ.ഇ.യും സൗദി അറേബ്യയും ജനുവരി ഒന്നുമുതൽ മൂല്യവർധിത നികുതി സമ്പ്രദായം കൊണ്ടുവന്നതോടെ വ്യാപാര വാണിജ്യ മേഖലയിൽ മാന്ദ്യം പ്രകടമാണ്. ഏറ്റവും പ്രകടം സ്വർണാഭരണ വിപണിയിലാണ്. വ്യാപാരികളും അത് സമ്മതിക്കുന്നു. വാറ്റ് മുന്നിൽക്കണ്ട് മിക്ക ജൂവലറി ഗ്രൂപ്പുകൾക്കും കഴിഞ്ഞ ഡിസംബറിൽ 200 ശതമാനത്തിന്റെ വരെ വിൽപ്പന വർധനയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ മാന്ദ്യം താത്‌കാലികമാണെന്നും ഏപ്രിലോടെ കാര്യങ്ങൾ സുഗമമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്ലാവരും. എന്നാൽ, ജീവിതച്ചെലവ് വർധിച്ചതിന്റെ ആഘാതത്തിലാണ് ജനം.

ഗൾഫിലെ യാഥാർഥ്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരളം ഇപ്പോഴും ഈ സ്ഥിതിയുടെ ഗൗരവം തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. സർക്കാർ മാത്രമല്ല, ഗൾഫുകാരനെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്കുപോലും ആ യാഥാർഥ്യത്തിന്റെ ഗൗരവം അറിയില്ലെന്നതാണ് പ്രവാസിയുടെ സങ്കടം.  അവൻ തന്റെ പ്രാരബ്ധത്തിന്റെ ഭാണ്ഡക്കെട്ടിന് കനം കുറയുന്നില്ലെന്ന് പരിതപിക്കുന്നു.