കൊച്ചി: പാസ്‌പോര്‍ട്ടിന്റെ കളര്‍മാറ്റവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍. അതേ സമയം ലഭിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കളര്‍മാറ്റം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിലോ മറ്റെന്തെങ്കിലും വിവേചനത്തോടെയോ ആയിരിക്കില്ല.

എസ്.എസ്.എല്‍.സി പാസാകണമെന്നത്‌  ഇതില്‍ ഒരു ഘടകം മാത്രമാണ്. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലിയിലുള്ള പ്രവര്‍ത്തിപരിചയമുണ്ടെങ്കിലും റെഗുലറായി ആദായ നികുതി അടക്കുന്ന ആളുകള്‍ക്കും പത്താം ക്ലാസ് പാസായിട്ടില്ലെങ്കിലും എമിഗ്രേഷന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോം ഫെയ്‌സ്ബുക്ക് പേജിലൂടെ വായനക്കാരുമായി നടത്തിയ തത്സമയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ 18 വയസ് വരെയുള്ളവര്‍ക്കും 50 വയസിനുമുകളിലുള്ളവര്‍ക്കും പത്താം തരം പാസായാലും ഇല്ലെങ്കിലും എമിഗ്രേഷന്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാസ്‌പോര്‍ട്ടിന്റെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് വായനക്കാര്‍ ഉയര്‍ത്തിയത്. കളര്‍മാറ്റം സംബന്ധിച്ചിട്ടുമാട്ടുള്ളതായിരുന്നു ഭൂരിപക്ഷവും. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നാണ് പ്രശാന്ത് ചന്ദ്രന്‍ പറഞ്ഞത്.

പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ കേരളത്തിന് മുന്നാം സ്ഥാനമാണുള്ളത്. ഓരോ അമ്പത് കിലോമീറ്ററുകളിലും ഓരോ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാറിന്റെ നയം. ഇന്ത്യയിലാകെ 235 പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ മാര്‍ച്ച് 31-നകം തുടങ്ങുമെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്.

കേരളത്തിലെ നാല് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ മലപ്പുറത്തേതുമുണ്ട്. മലപ്പുറം കോഴിക്കോടിന് കീഴിലല്ലെന്നും അദ്ദേഹം പറഞ്ഞു.