ksfe pravasi chittyതിരുവനന്തപുരം: രണ്ടുവർഷത്തെ പരിശ്രമം വിജയിച്ചപ്പോൾ കെ.എസ്.എഫ്.ഇ.യുടെ പ്രവാസിച്ചിട്ടി യാഥാർഥ്യമായി. ആദ്യ ലേലത്തിൽ നറുക്കുവീണത് പാലക്കാട് കള്ളിക്കാട് നീലങ്കാവിലെ അജീഷ് വർഗീസിന്.

ചിട്ടികളുടെ ചരിത്രത്തിലെ ആദ്യ ഓൺലൈൻ ലേലം സമാപിച്ചപ്പോൾ അതിന് സാക്ഷിയായിരുന്ന ധനമന്ത്രി തോമസ് ഐസക് അജീഷിനെ ഫോണിൽ വിളിച്ചു. കുറിവീണ ആദ്യയാളിനെ അഭിനന്ദിച്ചു. ആദ്യ ചിട്ടിത്തുകയായ 70,000 രൂപ കിഫ്ബി ബോണ്ടിൽ നിക്ഷേപിക്കുന്നതായി അജീഷ് അപ്പോൾത്തന്നെ അറിയിച്ചപ്പോൾ മന്ത്രിക്ക് ഇരട്ടി ആഹ്ലാദം. തീരദേശ ഹൈവേ നിർമിക്കാൻ ഈ പണം ചെലവിടണമെന്നാണ് അജീഷിന്റെ താത്പര്യം.

ഷാർജ വിമാനത്താവളത്തിലെ ജീവനക്കാരനായ അജീഷ് അവധിക്ക് നാട്ടിലെത്തിയതാണ്. വീട്ടിലിരുന്നാണ് ഓൺലൈൻ ലേലത്തിൽ പങ്കെടുത്തത്. 19 പേർ പങ്കെടുത്ത ആദ്യ ലേലത്തിൽ 30,000 രൂപ താഴ്ത്തി വിളിച്ചത് നാലുപേർ. അതിൽ നറുക്കുവീണത് അജീഷിന്. പണത്തിന് അത്യാവശ്യമുണ്ടായിട്ടല്ല, ആദ്യ ഓൺലൈൻ ലേത്തിൽ പങ്കെടുക്കുന്നതിന്റെ ഹരത്തിലായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വികസനത്തിന് പ്രവാസികളുടെ പണം സമാഹരിക്കാനാണ് കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടി തുടങ്ങിയത്. ചിട്ടിയിൽനിന്നുള്ള വരുമാനം സംസ്ഥാന അടിസ്ഥാന സൗകര്യ വികസന നിധി(കിഫ്ബി)യുടെ ബോണ്ടിൽ മുടക്കും. ആദ്യ അഞ്ചു ചിട്ടികളുടെ ലേലമാണ് വെള്ളിയാഴ്ച നടന്നത്. ലേലവും നറുക്കെടുപ്പും പൂർണമായും ഓൺലൈനിലായിരുന്നു.

വരിസംഖ്യ സ്വീകരിച്ചുതുടങ്ങി ഒരുമാസം കൊണ്ട് 53 ചിട്ടികളിൽ മുഴുവൻ വരിക്കാരായെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. 1946 പേർ ഇതിനകം ചേർന്നു. വരിസംഖ്യയായി 2.42 കോടി രൂപ കിട്ടി. 77.2 ലക്ഷം രൂപ കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിച്ചു. ഇതിന് എട്ടുശതമാനംവരെ പലിശ കിട്ടും.

ചിട്ടിയിൽ ചേരുന്നവർക്ക് തങ്ങളുടെ പണം ഏത് വികസനപദ്ധതികളിൽ നിക്ഷേപിക്കണമെന്ന് നിശ്ചയിക്കാം. അല്ലെങ്കിൽ ചിട്ടിപിടിച്ച് പണം കൈപ്പറ്റാം. ചിട്ടിത്തവണകൾ തീരദേശ ഹൈവേക്കുള്ള ബോണ്ടിൽ നിക്ഷേപിക്കാൻ 348 പേർ താത്പര്യമറിയിച്ചു. ഹൈടെക് വിദ്യാലയങ്ങൾക്കുവേണ്ട വിദ്യാലയച്ചിട്ടിക്ക് 259 പേരും ആശുപത്രി വികസനത്തിനുള്ള ആരോഗ്യച്ചിട്ടിക്ക് 251 പേരും റോഡുകൾക്കും പാലങ്ങൾക്കുമുള്ള ചിട്ടിക്ക് 233 പേരും ഐ.ടി. പാർക്കുകൾക്കായി 223 പേരും ചേർന്നിട്ടുണ്ട്.

ഇപ്പോൾ കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയിലൂടെ പ്രവാസികൾക്ക് പണമടയ്ക്കാം. ഗൾഫിലെ മണി എക്സ്‌ചേഞ്ചുകൾ വഴി പണം സ്വീകരിക്കൽ ഉടൻ ആരംഭിക്കുമെന്ന് കെ.എസ്.എഫ്.ഇ. ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു. യു.എ.ഇ.യിൽനിന്നാണ് ഇപ്പോൾ ചിട്ടിയിൽ ചേരാവുന്നത്. ഇത് മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.

മാനേജിങ് ഡയറക്ടർ എ. പുരുഷോത്തമൻ, സി ഡിറ്റ് ജോയന്റ് ഡയറക്ടർ പി.വി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ആദ്യ ലേലത്തിന് എത്തിയിരുന്നു.