തിരുവനന്തപുരം: കേരളത്തിൽനിന്നുള്ള വിദേശ കുടിയേറ്റം അഞ്ചുവർഷത്തിനിടെ 11.5 ശതമാനം കുറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുമെന്നാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ (സി.ഡി.എസ്.) 2018-ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട്.

വിദേശത്ത് തൊഴിൽ തേടിപ്പോകുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും അവർ നാട്ടിലേക്കെത്തിച്ച പണത്തിൽ വർധനയുണ്ട്. രൂപയുടെ മൂല്യംകുറഞ്ഞതും സമ്പാദ്യങ്ങളുമായി ഏറെപ്പേർ നാട്ടിലേക്ക് മടങ്ങുന്നതുമാണ് വരുമാനംകൂടാൻ കാരണമെന്ന് സർവേക്ക് നേതൃത്വം നൽകിയ പ്രൊഫ. എസ്. ഇരുദയരാജൻ പറഞ്ഞു. പ്രളയംബാധിച്ച പ്രദേശങ്ങളിൽ വീടും സ്വത്തും നശിച്ചവർ വീണ്ടും വിദേശത്ത് തൊഴിൽ തേടാൻ സാധ്യതയുള്ളതിനാൽ തത്കാലത്തേക്ക് കുടിയേറ്റം കൂടാൻ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എട്ടാംതവണയാണ് കുടിയേറ്റത്തിന്റെ വിശദാംശങ്ങൾ അറിയാനുള്ള കേരള മൈഗ്രേഷൻ സർവേ നടത്തുന്നത്. ഇതിനുമുമ്പ് 2013-ലാണ് സർവേ നടന്നത്. ഇത്തവണ 15,000 വീടുകളിൽ ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെയായിരുന്നു സർവേ.

അഞ്ചുവർഷത്തിനിടെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ 2.78 ലക്ഷം കുറവുണ്ടായി. 2013-ൽ കേരളത്തിൽനിന്ന് ഗൾഫ് ഉൾപ്പടെ വിദേശരാജ്യങ്ങളിൽ കുടിയേറിയവരുടെ എണ്ണം 24,00,375 ആണ്. പുതിയ സർവേയിൽ ഇത് 21,21,887-ഉം. ഇതിൽ 15.8 ശതമാനം സ്ത്രീകളാണ്.

പ്രവാസികൾ മുഖേന നാട്ടിലെത്തുന്ന വരുമാനം 26 ശതമാനം വർധിച്ച് 30,717 കോടി രൂപയായി. ഇതിൽ 6326 കോടിരൂപയും എത്തിയത് മലപ്പുറം ജില്ലയിലാണ്. തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണവും കൂടി. അഞ്ചുവർഷത്തിനിടെ 12.94 ലക്ഷം പേർ മടങ്ങിവന്നു.

കുടിയേറ്റം കുറയാനുള്ള കാരണങ്ങൾ

* 15-29 പ്രായത്തിലുള്ളവരാണ് കുടിയേറുന്നവരിൽ കൂടുതൽ. ഈ പ്രായത്തിലുള്ളവരുടെ ജനസംഖ്യ കേരളത്തിൽ കുറയുകയാണ്.

* എണ്ണവില കുറഞ്ഞത് ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. വേതനം കുറഞ്ഞു. അതേസമയം നാട്ടിൽ പല മേഖലകളിലും വേതനം കൂടി.

* ഗൾഫിലെ സ്വദേശിവത്കരണം കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്തി. മടങ്ങിവന്ന പ്രവാസികളിൽ 29.4 ശതമാനംപേരും തൊഴിൽ നഷ്ടപ്പെട്ടവർ

പുതിയ പ്രവണത

ഗൾഫിൽനിന്നു മടങ്ങുന്ന ഡോക്ടർമാരും എൻജിനീയർമാരും ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾ നാട്ടിലെ സ്വത്തുവിറ്റ് കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും കുടിയേറുന്നു.

കേരളത്തിൽനിന്നുള്ള വിദേശ കുടിയേറ്റക്കാരിൽ 89.2 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ്. യു.എ.ഇ.യിൽ 39.1 ശതമാനം. സൗദിഅറേബ്യയിൽ 23 ശതമാനം. അമേരിക്കയിൽ 2.2 ശതമാനം. കാനഡയിൽ 0.7 ശതമാനം. യു.കെ.യിൽ 1.8 ശതമാനം.

പ്രവാസികൾ

2013- 24 ലക്ഷം

2018- 21.21 ലക്ഷം

കുറവ് 2.78 ലക്ഷം

തിരിച്ചുവന്നവർ

2013- 12.52 ലക്ഷം

2018- 12.94 ലക്ഷം

കൂടിയത്- 42,325

പണവരവ്

2013 24,374 കോടി

2018 30,717 കോടി

കൂടിയത് 6343 കോടി