ലിയ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടേയും ചുമടുമായി മരുഭൂമിയിലെത്തുന്ന പലര്‍ക്കും ഈ മണലാരണ്യത്തില്‍ അന്ത്യശ്വാസം വലിക്കേണ്ടി വന്നിട്ടുണ്ട്. മരണം  വന്ന് കൂട്ടിക്കൊണ്ടുപോകുംവരെ  നമ്മെപോലെ ഉടുത്തൊരുങ്ങി മുടി ചീകി പടുത്തുയര്‍ത്തേണ്ട ജിവിതത്തെ കിനാവ് കണ്ട് നടന്നവനാണ് ചേതനയറ്റു കിടക്കുന്നത്. ഉറ്റവരോ ഉടയരോ അടുത്തില്ല. മരിച്ചവന്റെ അവസാനയാത്രയ്ക്ക് വഴിവെട്ടാന്‍ ആര്‍ക്കുണ്ട് നേരം. അവനും സ്വപ്നചിറകിലേറി ജീവിതയാത്ര നടത്തുകയാണ്. ഇവിടെയാണ് സമാനതകളില്ലാത്ത ഒരു ഹൃദയം മരിച്ചവര്‍ക്ക് വേണ്ടി മിടിക്കുന്നത്. അറബ്നാട്ടിലെ മോര്‍ച്ചറിയുടെ കൊടും തണുപ്പില്‍ നിന്ന് മണ്ണിന്റെ വിരിമാറിലേക്ക് എത്താന്‍ ഓരോ മൃതദേഹങ്ങള്‍ക്കും ആശ്രയം അഷ്റഫിന്റെ അവസാന കൈയാണ്. അഷ്റഫ് താമരശ്ശേരി എന്ന മനുഷ്യ സ്നേഹിയെ പ്രവാസികള്‍ക്ക് പരിചയപ്പെടുത്താന്‍ അതിനാല്‍ ഒരു മുഖവുരയുടെ ആവശ്യമില്ല. 

ജീവിക്കുന്നവര്‍ക്ക് വേണ്ടിയല്ല മരിച്ചവര്‍ക്ക് വേണ്ടിയാണ് അഷ്റഫ് ജീവിക്കുന്നത്. അപരിചിതമായ മൃതദേഹത്തിന് വേണ്ടി അന്യനാട്ടിലെ നിയമത്തിന്റെ നൂലാമാലകള്‍ക്ക് പിന്നാലെ പോകുന്നത് മരിച്ചവരില്‍ നിന്നോ ജീവിച്ചിരിക്കുന്നവരില്‍ നിന്നോ പ്രതിഫലം പ്രതീക്ഷിച്ചല്ല. അഗാധമായൊരു പുണ്യകര്‍മ്മത്തിന്റെ അത്യപൂര്‍വ്വമായ ശക്തിസൗന്ദര്യത്തെ തുറന്ന് കാട്ടുകയാണ് അഷ്റഫ്. മുന്നിലെത്തുന്ന മൃതദേഹങ്ങളുടെ ജാതിയോ മതമോ ദേശമോ ഇല്ല അഷ്റഫിന്.

അടുത്തിടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇറക്കാന്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഉടന്‍ തന്നെ അഷ്‌റഫ് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ നേരിട്ട് കണ്ട് ആശങ്കയറിച്ചു. മന്ത്രി അഷ്‌റഫിന് മുന്നില്‍വെച്ച് തന്നെ വിമാനത്താവള ഉദ്യോഗസ്ഥരെ വിളിച്ച് സംഭവത്തിന്റെ നിജസ്ഥിതി ആരായുകയും നിലവില്‍ തുടര്‍ന്നുവരുന്ന രീതികളില്‍ ഒരു മാറ്റവും ഉണ്ടാവരുതെന്ന കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. മൃതദേഹം പണത്തിനായി എത്തിക്കുന്ന ചില ഏജന്‍സികള്‍ ചില ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു ഇതെന്നാണ്‌ അഷ്‌റഫ് പറയുന്നത്.

ashraf tsy
കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശിയായ അഷ്‌റഫ് ഇപ്പോള്‍ ഗള്‍ഫിലെത്തുന്നത് തന്നെ നിശ്ചലമായ ശരീരങ്ങളെ അവരുടെ ഉറവിടങ്ങളിലെത്തിക്കുന്ന മഹാത്തയ സേവനത്തിന് വേണ്ടി മാത്രമാണ്. മത-ജാതി-ദേശ വ്യത്യാസമില്ലാതെ ഇതിനോടകം അഷ്‌റഫ് 4500 ഓളം മൃതദേഹങ്ങള്‍ യുഎഇയിലെ വിവിധ ആശുപത്രിയിലെ മോര്‍ച്ചറികളില്‍ നിന്ന് അവരുടെ സ്വദേശത്തേക്ക് എത്തിച്ചു. നിരവധി മൃതദേഹങ്ങള്‍ അവിടെതന്നെ അടക്കം ചെയ്തു.

ചില മൃതദേഹങ്ങള്‍ക്ക്‌ കൂട്ടിന് പോകാന്‍ പോലും ആരും ഉണ്ടാകാറില്ല. അവിടങ്ങളിലൊക്കെ മൃതദേഹത്തിനൊപ്പം അഷ്‌റഫും അനുഗമിക്കും. കുറച്ച് വര്‍ഷം മുമ്പ് കൊല്‍ക്കത്തയില്‍ ഇത്തരത്തിലൊരു മൃതദേഹത്തെ അനുഗമിച്ച് പോയതിന്റെ ഓര്‍മ്മ അഷ്‌റഫിന്റെ മനസ്സില്‍ മായതാതെ കിടക്കുന്നുണ്ട്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് 160 കിലോമീറ്റര്‍ യാത്ര. വാഹന സൗകര്യമൊന്നുമില്ലാത്ത ഒരിടം. പട്ടിണിയും പരിവെട്ടവുമായ ആ ഗ്രാമത്തിലെ ദയനീയത തന്നെ ഏറെ വേദനിപ്പിച്ചു. എന്നാല്‍ അങ്ങനെ മനസ്സിലെ ഇടര്‍ച്ചകളില്‍ തട്ടി ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറാനൊന്നും അഷ്‌റഫ് ഒരുക്കല്ല. 

ഇന്ത്യക്കു പുറമേ യുഎസ്, യുകെ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങി നാല്‍പതോളം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അഷറഫിന്റെ സഹായം ലഭിച്ചിട്ടുണ്ട്. യുഎഇയിലെ ഏത് ആശുപത്രികളിലും അഷ്‌റഫിന് ഏത് സമയത്തും കയറി ചെല്ലാം. അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു. ദിവസവും രണ്ടും മൂന്നും മൃതദേഹങ്ങള്‍ അഷ്‌റഫിലൂടെ കടന്ന് പോകുന്നു. ഇന്ത്യന്‍ എംബസിയില്‍ നിന്നും ദുബായ് കോണ്‍സുലേറ്റില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് അഷ്‌റഫ് പറയുന്നു. കൂടാതെ നിരവധി പ്രവാസി സംഘടനകളും വ്യക്തികളും അഷ്‌റഫിന്റെ സേവനത്തിന് കൂട്ടായി നില്‍ക്കുകയും ചെയ്യുന്നു. എല്ലാവരുടെയും സഹകരണവും സഹായവും ലഭിച്ചാലും അഷ്‌റഫിന് മാസത്തില്‍ നല്ലൊരു തുക സ്വന്തം പോക്കറ്റില്‍ ചിലവാക്കുന്നുമുണ്ട്. എന്നാല്‍ ദൈവനാമത്തില്‍ ചെയ്യുന്ന ഈ സേവനത്തിന് അഷ്റഫ് വരവ്-ചിലവ് കണക്ക് സൂക്ഷിക്കുന്നില്ല. 

ashraf tsy
അജ്മാനിലാണ് അഷ്റഫ് താമസിക്കുന്നത്. ഏതുസമയത്തും അദ്ദേഹത്തെ തേടി ഒരു ഫോണ്‍ വിളിയെത്താം. അജ്മാനിലെ സ്ഥാപനം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏല്‍പ്പിച്ചാണ് സേവനപാതയില്‍ അഷ്റഫ് സജീവമായത്. ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ ചേതനയറ്റ പിതാവിന്റെ മൃതദേഹവുമായി കരഞ്ഞു തളര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ നിന്ന രണ്ടു യുവാക്കളുടെ നിസഹായാവസ്ഥയാണ് ഈ പാത തിരഞ്ഞെടുക്കാന്‍ അഷറഫിനെ പ്രേരിപ്പിച്ചത്. ബന്ധുവിനെ കാണാന്‍ എത്തിയപ്പോഴാണ് നിസഹായരായ യുവാക്കളെ അഷ്റഫ് കണ്ടത്. മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി ക്രമങ്ങളുടെ പട്ടികയും നൂലാമാലകളും തിരിച്ചറിഞ്ഞ അഷ്റഫ്, തുടര്‍ന്ന് ഈ പ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. ഇതിനകം പ്രവാസി ഭാരതീയ പുരസ്‌കാരമടക്കം വിവിധ രാഷ്ട്രങ്ങളുടെ നിരവധി അംഗീകാരങ്ങളും അഷ്‌റഫിനെ തേടിയെത്തിയിട്ടുണ്ട്.