പാസ്പോർട്ട് പരിഷ്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകൾ ചർച്ചയായിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഈനീക്കം അങ്ങേയറ്റം വിവേചനപരവും പ്രതിഷേധാർഹവുമാണ്. സാധാരണക്കാരായ പ്രവാസിതൊഴിലാളികളെ അവരുടെ വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും  അടിസ്ഥാനത്തിൽ രണ്ടാംകിട പൗരന്മാരാക്കി മാറ്റുന്നതാണ്  വിദേശകാര്യമന്ത്രാലയത്തിന്റെ  ഈ പരിഷ്കാരം. ശുപാർശ നടപ്പാകുന്നതോടുകൂടി പത്താം  തരം  വരെ മാത്രം വിദ്യാഭ്യാസമുള്ള  ഇന്ത്യക്കാരുടെ പാസ്പോർട്ട് ഓറഞ്ചു നിറത്തിലായി മാറും, പാസ്പോർട്ടിലെ മേൽവിലാസവും രക്ഷിതാക്കളുടെ  വിവരങ്ങളുമുള്ള അവസാന പേജ് എടുത്തുമാറ്റുകയും  ചെയ്യും.

 
വിദേശകാര്യ മന്ത്രാലയത്തിലെയും വനിതാ ശിശുക്ഷേമ മന്ത്രാലയത്തിലെയും ഉന്നതോദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ സമിതിയുടേതാണ് ‘ചരിത്രപരമായ വിഡ്ഢിത്തം’ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ശുപാർശകൾ. എത്ര വികലമായ മനസ്സുമായാകും അവർ ഈ ശുപാർശകൾ തയ്യാറാക്കിയിരിക്കുക? നമ്മുടെ രാജ്യത്തിന്റെ പൈതൃകത്തെ കുറിച്ചോ അതിന്റെ വൈവിധ്യത്തെ കുറിച്ചോ, സർവോപരി ഭൂരിപക്ഷം വരുന്ന സാധാരണക്കാരെയോ ഒരിക്കൽ പോലും ഓർക്കാതെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
നിലവിലുള്ള നമ്മുടെ കടുംനീല നിറമുള്ള പാസ്പോർട്ട്‌ ഇ.സി.ആർ. (എമിഗ്രേഷൻ ചെക്ക്‌ റിക്വയേർഡ്‌) ഇ.സി.എൻ.ആർ. (എമിഗ്രേഷൻ ചെക്ക്‌ നോട്ട്‌ റിക്വയേർഡ്‌) എന്നീ  വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 1983-ലെ എമിഗ്രേഷൻ നിയമമനുസരിച്ച്‌ വിദേശത്തേക്ക് യാത്രചെയ്യുന്ന പത്താംതരംവരെ മാത്രം വിദ്യാഭ്യാസമുള്ള നമ്മുടെ പൗരന്മാരെ  തൊഴിൽ ചൂഷണങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനും എമിഗ്രേഷൻ നടപടികളോടെ അവരുടെ യാത്ര സുഗമമാക്കുക എന്ന ലക്ഷ്യവുമാണ് ഇതിനുപിറകിൽ.

അഫ്ഗാനിസ്താൻ, മലേഷ്യ തുടങ്ങി യു.എ.ഇ. ഉൾപ്പെടെയുള്ള 17 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായാണ് പ്രധാനമായും ഈ തരംതിരിവ്. പാസ്പോർട്ടിന്റെ അവസാന പേജിലാണ് ഇ.സി.ആർ. സ്റ്റാറ്റസ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ ശുപാർശയനുസരിച്ച്‌ അവസാന പേജ് ഇല്ലാതാകുന്നതോടെ ഇ.സി.ആർ. പാസ്പോർട്ട്‌ തിരിച്ചറിയാനാണ് ഓറഞ്ചു നിറത്തിലുള്ള പുതിയ പരിഷ്കാരമെന്നാണ്  വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഈ പരിഷ്കാരം നിലവിൽ വരുന്നതോടെ ഒരു രാജ്യം ഒരൊറ്റ ജനത എന്ന സങ്കല്പമാണ് ഇല്ലാതാവുക. രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതാണ് ഈ നടപടി.


വിദേശത്തുപോകുന്ന ഓരോ പൗരന്റെയും കൃത്യമായ വിവരങ്ങൾ   മനസ്സിലാക്കാൻ മാർഗങ്ങളുണ്ട്‌. ഓരോ എയർപോർട്ടിലും പ്രത്യേക രജിസ്റ്റർ സ്ഥാപിച്ച്‌ യാത്രചെയ്യുന്ന ആളുടെ പാസ്പോർട്ട് ബാർ കോഡ്/ ക്യു. ആർ.കോഡ് വഴി ബന്ധിപ്പിക്കുക. ഏത് രാജ്യത്തേക്കാണ് യാത്ര ചെയ്യുന്നത്‌ എങ്കിൽ ആ രാജ്യത്തെ ഇന്ത്യൻ എംബസിയെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നമ്മുടെ രാജ്യത്തെ എയർപോർട്ടുകളിൽ സ്ഥാപിച്ച ഇത്തരം രജിസ്റ്ററുകളുമായി ബന്ധിപ്പിക്കുക. ഇത് മോണിറ്റർ ചെയ്യാൻ വിദേശ കാര്യമന്ത്രാലയത്തിൽ പ്രത്യേക സെൽ രൂപവത്‌കരിക്കുകയും ചെയ്താൽ വിവരങ്ങളറിയാം. അതല്ലാതെ പാസ്പോർട്ടിന്റെ പുറംചട്ടയുടെ നിറവ്യത്യാസത്തിൽ അവനെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത്. നിറവ്യത്യാസം വരുത്തുന്നത് പാസ്പോർട്ട് ഉടമയ്ക്ക് യാതൊരു തരത്തിലുള്ള നേട്ടങ്ങളും ഉണ്ടാക്കില്ലെന്നു മാത്രമല്ല, അന്താരാഷ്ട്ര വിസാ നിയമങ്ങൾ പ്രകാരം എഴുപത്തിരണ്ടാം സ്ഥാനത്തുള്ള നമ്മുടെ പാസ്പോർട്ടിന് ഒരു തരത്തിലുള്ള വ്യത്യാസവും വരാൻ പോകുന്നുമില്ല.


അവസാനപേജിലെ വിവരങ്ങൾ എടുത്തുകളയുന്നതോടുകൂടി ആധികാരികമായ തിരിച്ചറിയൽ രേഖ എന്ന നിലയിൽ പാസ്പോർട്ട് ഉപയോഗിക്കാൻ കഴിയില്ല . വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇത് വലിയ തിരിച്ചടിയാണ്. എമിഗ്രേഷൻ ഉപയോഗത്തിന് പുറമേ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടാക്കുന്നതിനും ജനന, വിവാഹ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്നതിനുമാണ് പ്രവാസികൾ പാസ്പോർട്ട്‌ ഉപയോഗിക്കാറ്. പുതിയ നിയമം നിലവിൽവന്നാൽ യാത്രകൾക്കൊഴികെ മറ്റൊന്നിനും പാസ്പോർട്ട് ഉപയോഗിക്കാൻ കഴിയാതെ വരും.

 വിദ്യാഭ്യാസം എന്നത് മാനദണ്ഡമാക്കേണ്ടത് ഉദ്യോഗങ്ങൾക്കും മറ്റുമാണ്, ഒരു രാജ്യത്തെ ഒന്നാംനിര പൗരനാകാൻ വിദ്യാഭ്യാസം അളവുകോലാക്കുന്നതിനെ ബുദ്ധിശൂന്യത എന്നല്ലാതെ മറ്റൊന്നും വിളിക്കാനാകില്ല. നമ്മുടെ രാജ്യത്തിന്റെ അവസ്ഥയിൽ കുടുംബപശ്ചാത്തലവും പ്രത്യേക സാഹചര്യവുംമൂലം പലർക്കും  പലപ്പോഴും വിദ്യാഭ്യാസം പൂർത്തിയാക്കാതെ സ്കൂൾ വിട്ടിറങ്ങേണ്ടിവരാറുണ്ട്. അവരാരും തന്നെ ബുദ്ധിപരമായി പിറകിൽ നിൽക്കുന്നവരോ, മോശക്കാരോ അല്ല.

 നമ്മുടെ ഭരണഘടനയുടെ വകുപ്പുകൾ 14, 15, 16, തുടങ്ങിയവയുടെ ശക്തമായ ലംഘനമാണ് ഈ പുതിയ നിയമം. ഓരോ പൗരനും തുല്യനാണെന്നും വിവേചനത്തിനതീതനാണെന്നും വാഗ്ദാനം ചെയ്യുന്ന ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടാണ് മൂന്നു ഉദ്യോഗസ്ഥർ ഇത്തരമൊരു ശുപാർശയുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ, വലിയ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഈ വിഷയം  പാർലമെന്റിൽ ചർച്ചപോലും ചെയ്യാതെ നിലവിൽ വരുന്നു എന്ന വിരോധാഭാസവും ഇവിടെയുണ്ട്.

  
ഇതിനെതിരേ ശബ്ദിക്കേണ്ട കേന്ദ്രസർക്കാരോ, വിദേശ കാര്യമന്ത്രാലയമോ യാതൊരു പ്രതികരണവും നടത്താൻ തയ്യാറാകാത്തത് കുറ്റകരമായ അനാസ്ഥയാണ്. ഇന്നാട്ടിലെ സാധാരണക്കാരും തൊഴിലാളികളും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഇതിനെതിരേ രംഗത്തുവരേണ്ടതുണ്ട്. തുല്യ നീതിയും തുല്യ അവസരവും ഉറപ്പുവരുത്തേണ്ട ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യത്തിന്റെ വിശാല കാഴ്ചപ്പാട് ഉൾക്കൊള്ളാത്ത ഓറഞ്ച് പാസ്പോർട്ട് തീരുമാനം പിൻവലിച്ചേ മതിയാവൂ.

മുൻമുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമാണ്‌ ലേഖകൻ