എല്ലാവർഷവും ആയിരക്കണക്കിന് ആളുകളാണ് ദുബായിലേക്ക് എത്തുന്നത്. സന്ദർശനത്തിനും സ്ഥിരതാമസത്തിനായും ഒട്ടേറെ അപേക്ഷകളാണ് അധികൃതർക്ക് ലഭിക്കുന്നത്. പല കാരണങ്ങളാലും നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ദുബായിലേക്കുള്ള വിസ നിരസിക്കപ്പെട്ടതായുള്ള വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. ചെറിയ അശ്രദ്ധകൊണ്ടോ, ബന്ധപ്പെട്ട രേഖകളുടെ കുറവുകൊണ്ടോ എല്ലാം വിസ ലഭിക്കാതിരിക്കാൻ സാധ്യതയുണ്ട്. വിസ നടപടിക്രമങ്ങൾ അനിശ്ചിതമായി നീണ്ടുപോകാനുള്ള സാഹചര്യങ്ങളും ഉണ്ടാകാം.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വിസ നടപടികൾക്കായി ചെയ്യേണ്ട മാർഗനിർദേശങ്ങൾ ഇമിഗ്രേഷൻ വകുപ്പ് പലതവണകളായി പുറത്തുവിടാറുണ്ട്.

* വിസാ അപേക്ഷകളിൽ വ്യക്തമായ മേൽവിലാസം ആയിരിക്കണം നൽകേണ്ടത്.

* അമർ സെന്ററുകൾ മുഖേന ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് സമർപ്പിക്കുന്ന രേഖകളിൽ ശരിയായ മേൽവിലാസങ്ങൾ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, മറ്റ് വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.

* ശരിയായ വിവരങ്ങളിൽ അപാകം സംഭവിക്കുന്നത് തുടർ നടപടികൾക്ക് തടസ്സമുണ്ടാക്കും.

* കയ്യെഴുത്ത് പാസ്പോർട്ടുകൾ യു.എ.ഇ. ഇമിഗ്രേഷൻ തള്ളിക്കളയും.

* സന്ദർശകവിസയോ തൊഴിൽവിസയോ ആയാലും അപേക്ഷ പൂരിപ്പിച്ച് പാസ്‌പോർട്ടിന്റെ സ്കാൻ ചെയ്ത പകർപ്പുകൾ, തിരികെ പോകാനുള്ള ടിക്കറ്റ് (ടൂറിസ്റ്റ് വിസക്ക്) എന്നിവ നൽകണം.

* നേരത്തേ താമസവിസ ഉണ്ടായിരുന്നയാൾ അത് റദ്ദാക്കാതെ രാജ്യം വിട്ടാൽ പിന്നീട് വരുമ്പോൾ പുതിയ വിസ നിരസിക്കപ്പെടും. വീണ്ടും വിസ ലഭിക്കാൻ ഇമിഗ്രേഷനിൽ താമസവിസ നടപടികൾ ക്ലിയർ ചെയ്യണം.

* നേരത്തേ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷ നൽകിയതിനുശേഷം രാജ്യത്തേക്ക് വരാതിരുന്നവരുടെ അപേക്ഷ നിരസിക്കപ്പെടും. വീണ്ടും അംഗീകാരം ലഭിക്കാൻ ട്രാവൽ ഏജൻസിയോ സ്പോൺസറോ ഇമിഗ്രേഷനിൽപോയി നേരത്തെ നൽകിയ വിസ അപേക്ഷ ക്ലിയർ ചെയ്യണം. * ദുബായിൽ മുൻകാലങ്ങളിൽ ക്രിമിനൽ, വഞ്ചന കുറ്റങ്ങൾ ചെയ്തിട്ടുള്ളവരുടെ വിസ അപേക്ഷ സ്വീകരിക്കില്ല.

* യു.എ.ഇയിലെ എമിഗ്രേഷനിലൂടെ നൽകുന്ന അപേക്ഷയിലെ ഫോട്ടോയോ പാസ്പോർട്ടിന്റെ പകർപ്പിനോ തെളിച്ചക്കുറവുണ്ടെങ്കിൽ അംഗീകാരം വൈകാനോ വിസ അപേക്ഷ നിരസിക്കാനോ സാധ്യതയുണ്ട്.