യു.എ.ഇ.യില്‍ ജനിക്കുന്ന ഇന്ത്യന്‍ കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്ത് പാസ്സ്പോര്‍ട്ട് എടുക്കണമെന്നത് നിര്‍ബന്ധമാണ് . കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ ആസ്പത്രിയില്‍ നിന്ന് ലഭിക്കുന്ന ബര്‍ത്ത് നോട്ടിഫിക്കേഷന്‍ വച്ച് അതാത് എമിറേറ്റിലെ ആരോഗ്യവകുപ്പില്‍ ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്കണം. ആരോഗ്യ മന്ത്രാലയമാണ് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

അത് ലഭിച്ചു കഴിഞ്ഞാല്‍ പാസ്സ്‌പോര്‍ട്ടിന് അപേക്ഷിക്കാം. ബി.എല്‍.എസ്  വിസ ആന്‍ഡ് പാസ്സ്പോര്‍ട്ട് സേവനകേന്ദ്രം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആദ്യം കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ബി.എല്‍..എസ് സേവനകേന്ദ്രം വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. https://indiancitizenshiponline.nic.in/ എന്ന ലിങ്ക് വഴിയാണ് അപേക്ഷ നല്‌കേണ്ടത്.  

ആവശ്യമായ രേഖകള്‍ 

* പാസ്സ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിച്ചു കൊണ്ടുള്ള  EAP -1  ഫോം പൂരിപ്പിക്കണം. (ബി.എല്‍.എസ് സേവനകേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും).

* യു.എ.ഇ ആരോഗ്യമന്ത്രാലയവും , വിദേശകാര്യമന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും , അതിന്റെ കോപ്പിയും, ജനന സര്‍ട്ടിഫിക്കറ്റിന്റെ ഇംഗ്ലീഷ് പരിഭാഷയും വേണം. 

*കുട്ടിയുടെ നാല് ഫോട്ടോ (51 mm* 51mm) . ഇരുചെവികളും, നെറ്റിയും, താടിയും നന്നായി കാണുന്ന വിധത്തില്‍, കുട്ടി കണ്ണ് ശരിക്കും തുറന്നിരിക്കുന്ന ഫോട്ടോയാണ് സമര്‍പ്പിക്കേണ്ടത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഫോട്ടോയുടെ ബാക്ക് ഗ്രൗണ്ട്  വെള്ളനിറത്തിലായിരിക്കണം. കുട്ടിയെ  കറുത്തതോ അല്ലെങ്കില്‍ ഇരുണ്ട നിറമുള്ള വസ്ത്രങ്ങളോ ധരിപ്പിച്ച് വേണം ഫോട്ടോയെടുക്കാന്‍ . മാത്രമല്ല  മുഖത്ത് കരിമഷിയുടെയോ മറ്റടയാളങ്ങളോ പാടില്ല . 

* മാതാപിതാക്കളുടെ എമിറേറ്റ്‌സ് ഐഡിയുടെ ഫോട്ടോകോപ്പിയും, വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും  നിര്ബന്ധമാണ്. 

* രക്ഷിതാക്കള്‍ രണ്ടു പേരും നേരിട്ട് ഹാജരാകണം.  നവജാത ശിശുവിന്റെ പാസ്സ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളില്‍ ഒരാളുടെയെങ്കിലും പാസ്സ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ത്തിരിക്കണമെന്നത് നിര്‍ബന്ധമാണ്. അതില്ലെങ്കില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപെട്ടു പേര് ചേര്‍ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. 

* മാതാപിതാക്കളുടെ പാസ്സ്‌പോര്‍ട്ടുകളില്‍ വിലാസം വ്യത്യസ്തമാണെങ്കില്‍ , ഏതെങ്കിലും ഒരാളുടെ  എന്‍.ഒ.സി നല്‍കണം. പിതാവിന്റെ വിലാസമാണ് കുട്ടിയുടെ പാസ്സ്‌പോര്‍ട്ടില്‍ വരേണ്ടതെങ്കില്‍ മാതാവിന്റെ എന്‍.ഓ.സി വേണം, തിരിച്ചെങ്കില്‍ പിതാവിന്റെ എന്‍.ഓ.സി നല്‍കണം. 

*ഒരു വര്‍ഷത്തിലധികമായി യു .എ.ഇ.യില്‍ താമസിക്കുന്നവരാണ് മാതാപിതാക്കളെങ്കില്‍ , യു .എ.ഇ.യിലെ വിലാസവും ഒപ്പം രജിസ്റ്റര്‍ ചെയ്ത വാടകക്കരാറും നല്‍കണം. 

* മാതാപിതാക്കളുടെ ഒറിജിനല്‍ പാസ്സ്‌പോര്‍ട്ടുകളും ,ഇരുവരുടെയും  പാസ്സ്‌പോര്‍ട്ടിന്റെ ആദ്യ രണ്ടു പേജ്, അവസാന രണ്ടു പേജ്, വിസ പേജ് എന്നിവയുടെ ഫോട്ടോകോപ്പിയും ആവശ്യമാണ്. 

ഫീസ് 

* ജനന രജിസ്ട്രേഷന്‍ - 95 ദിര്‍ഹം 
*പാസ്സ്പോര്‍ട്ട് ഫീസ് -171 ദിര്‍ഹം 
*സര്‍വീസ് ചാര്‍ജ്ജ് - 9 ദിര്‍ഹം 
*ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് - 8 ദിര്‍ഹം 

സാധാരണഗതിയില്‍ അഞ്ച് പ്രവര്‍ത്തിദിവസങ്ങള്‍ക്കുള്ളില്‍ കുട്ടിയുടെ പാസ്സ്പോര്‍ട്ട് ലഭിക്കും.