വിദേശത്ത് താമസത്തിനെത്തുന്നവർക്ക് ഏറ്റവും ആദ്യം ലഭിക്കേണ്ടതും ഏറ്റവും പ്രധാനമായതുമായ രേഖയാണ് അവിടത്തെ വിസ. ഇത് താമസവിസയാകാം, തൊഴിൽവിസയാകാം, ആശ്രിതവിസയാകാം.

യു.എ.ഇ.യിൽ വിസയ്ക്ക് ഓൺലൈൻ വഴി അപേക്ഷിക്കുകയാണ് നിലവിലെ രീതി. സാധാരണഗതിയിൽ, അപേക്ഷിച്ച് രണ്ടോ മൂന്നോ പ്രവർത്തി ദിവസത്തിനുള്ളിൽ വിസ അനുവദിക്കും. എന്നാൽ വിസ അനുവദിക്കാതെ വരുന്ന ചില സന്ദർഭങ്ങളുമുണ്ട്. വിസയ്ക്ക് അപേക്ഷിക്കും മുൻപുതന്നെ ചിലകാര്യങ്ങൾ ഉറപ്പുവരുത്തിയാൽ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാം. വിസയ്ക്കാവശ്യമായ രേഖകൾ കൃത്യമായി ഹാജരാക്കുകയാണ് ആദ്യംവേണ്ടത്. പിന്നെ വിസ നിരസിക്കാനുള്ള കാരണങ്ങൾ ഏതൊക്കെയാണെന്ന് കൂടി മനസ്സിലാക്കുക.

വിസ നിരസിക്കാനുള്ള പ്രധാന കാരണങ്ങൾ

* മുൻപ് യു.എ.ഇ.യിൽ താമസിച്ചിരുന്ന, താമസവിസയുള്ള ഒരാൾ വിസ കാൻസൽ ചെയ്യാതെ നാട്ടിൽപ്പോയി, കുറേനാൾ കഴിഞ്ഞ്‌ തിരികെവരാൻ ശ്രമിച്ചാൽ വിസ നിരസിക്കപ്പെടും. ഇത്തരം സംഭവങ്ങളിൽ ഇമിേഗ്രഷനിൽ പോയി മുൻപത്തെവിസ കാൻസൽ ചെയ്തിട്ട് വേണം വീണ്ടും അപേക്ഷിക്കാൻ.

* കൈകൊണ്ടെഴുതിയ പാസ്പോർട്ടുകൾ ഹാജരാക്കുന്നവർക്ക് യു.എ.ഇ. വിസ ലഭിക്കുകയില്ല.

* യു.എ.ഇ.യിൽ െവച്ച് ക്രിമിനൽ കുറ്റകൃത്യങ്ങളിലോ, വഞ്ചനക്കേസുകളിലോ പിടിക്കപ്പെട്ടവർക്ക് വിസ അനുവദിക്കുകയില്ല

* യു.എ.ഇ.യിൽ വരാനായി ടൂറിസ്റ്റ് വിസ എടുക്കുകയും എന്നാൽ അത് ഉപയോഗപ്പെടുത്തുകയും ചെയ്യാത്തവർ വിസയ്ക്കപേക്ഷിച്ചാൽ അപേക്ഷ നിരസിക്കപ്പെടും. സ്പോൺസർ ഇമിേഗ്രഷനിൽ പോയി ടൂറിസ്റ്റ് വിസ റദ്ദാക്കിയാൽമാത്രമേ വീണ്ടും വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

* മുൻപ് യു.എ.ഇ. തൊഴിൽവിസ ലഭിക്കുകയും എന്നാൽ ഇത് ഉപയോഗിക്കാതെയിരിക്കുകയും ചെയ്തവർക്കും മേല്പറഞ്ഞപോലെ വിസ നിരസിക്കപ്പെട്ടാൽ, പഴയത് റദ്ദുചെയ്ത് വീണ്ടും അപേക്ഷിക്കേണ്ടിവരും.

* വിസയുടെ അപേക്ഷയിൽ തെറ്റുകൾ വന്നാലും വിസ നിരസിക്കപ്പെടാം. പേര്, പാസ്പോർട്ട് നമ്പർ, തൊഴിൽ വിസായാണെങ്കിൽ പ്രൊഫഷൻ കോഡ് തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്താൻ ശ്രദ്ധിക്കുക.

* അതുപോലെ ഓൺലൈൻ ആയി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, വ്യക്തതയുള്ള ഫോട്ടോ, പാസ്പോർട്ട് കോപ്പി തുടങ്ങിയ രേഖകൾ വേണം സമർപ്പിക്കാൻ. ഫോട്ടോയും രേഖകളുടെ പകർപ്പും തെളിച്ചമില്ലാത്തതോ, വ്യക്തതയില്ലാത്തതോ, മങ്ങിയതോ ഒക്കെ ആണെങ്കിൽ വിസ നിരസിക്കപ്പെടും.

രേഖകൾ സമർപ്പിക്കുമ്പോൾ

* വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ടിന്റെ കാലാവധി ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുക.

* പാസ്പോർട്ടിൽ ആവശ്യത്തിന് പേജുകളുണ്ടെന്നും ഉറപ്പ് വരുത്തണം

* പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ സ്കാൻ ചെയ്ത് ജെപെഗ് ഫോർമാറ്റിൽ സേവ് ചെയ്യണം. മറ്റു ഫോർമാറ്റുകളിൽ സേവ് ചെയ്ത രേഖകൾ പലപ്പോഴും സിസ്റ്റം നിരസിക്കാറാണ് പതിവ്

*കുട്ടികളുടെ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ജനന സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കാൻ ശ്രദ്ധിക്കണം.

Content Highlights: uae visa application