ദുബായ്: യു.എ.ഇ.യിലെ ഇന്ത്യൻ പ്രവാസികളുടെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞാൽ ഇവിടെനിന്നുതന്നെ പുതുക്കാനുള്ള സൗകര്യപ്രദമായ സംവിധാനങ്ങൾ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പിച്ചാൽ വെറും അഞ്ച്‌ പ്രവൃത്തിദിവസങ്ങൾക്കുള്ളിൽത്തന്നെ പുതുക്കിയ പാസ്പോർട്ട് ലഭിക്കുകയും ചെയ്യും. മുൻപൊക്കെ ഒരു മാസം മുതൽ 40 ദിവസം വരെയെടുത്തിരുന്നു നടപടികൾ പൂർത്തിയാക്കി പുതിയ പാസ്പോർട്ട് ലഭിക്കാൻ. 2016 മുതലാണ് ഏതു തരം പാസ്പോർട്ടാണെങ്കിലും പുതുക്കുന്നതിന് അഞ്ചു ദിവസം മതിയെന്ന സംവിധാനം നിലവിൽ വന്നത്. ബി.എൽ.എസ് സേവനകേന്ദ്രങ്ങൾ വഴിയാണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.

ആവശ്യമായ രേഖകൾ

* ഇ.എ.പി ഫോം -1 , ഇത് ബി.എൽ.എസിന്റെയും കോൺസുലേറ്റിന്റെയും വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

*ഫോട്ടോ പതിപ്പിച്ച പേർസണൽ പർട്ടിക്കുലേഴ്‌സ് ഫോം . ഇതും മേൽപ്പറഞ്ഞ വെബൈറ്റുകളിൽ നിന്ന് ലഭ്യമാണ്.

* 6 പുതിയ ഫോട്ടോ. 51x51 ആകണം വലുപ്പം. വെളുത്ത പശ്ചാത്തലത്തിൽ ഇരുണ്ട നിറമുള്ള വസ്ത്രം ധരിച്ച് ചെവികളടക്കം മുഖം മുഴുവൻ കാണത്തക്കരീതിയിൽ എടുക്കണം.

* നിലവിലുള്ള ഒറിജിനൽ പാസ്പോർട്ടും വിസ പേജ് ഉൾപ്പെടെ അതിന്റെ ഫോട്ടോ കോപ്പിയും

* ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ. എമിറേറ്റ്‌സ് ഐഡി, ഡ്രൈവിങ് ലൈസൻസ്, ലേബർ കാർഡ് തുടങ്ങി എന്തുമാകാം .

* അപേക്ഷകൻ നേരിട്ട് ഹാജരായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അറിയാം, ഈ നിയമങ്ങൾ

1.വിസാകാലാവധി കഴിഞ്ഞ് ഗ്രേസ് പീരിഡിൽ ഇരിക്കുന്നവർക്ക് പാസ്പോർട്ട് പുതുക്കണമെങ്കിൽ കമ്പനിയിൽനിന്ന് ഫോട്ടോ പതിപ്പിച്ച അപേക്ഷയും കമ്പനിയുടെ ട്രേഡ് ലൈസൻസ് കോപ്പിയും ഹാജരാക്കണം. ആശ്രിത വിസയിൽ ഉള്ളവർക്കാണെങ്കിൽ സ്പോൺസറുടെ ഫോട്ടോ പതിപ്പിച്ച അപേക്ഷയും പാസ്പോർട്ട് കോപ്പിയും സമർപ്പിക്കണം.

2 .വിസയും ഗ്രേസ് പിരീഡും കഴിഞ്ഞവർ പാസ്പോർട്ട് പുതുക്കാൻ അപേക്ഷ നൽകുകയാണെങ്കിൽ , ഇതിന്റെ സാഹചര്യം വ്യക്തമാക്കുന്ന വിശദീകരണം അപേക്ഷയോടൊപ്പം സമർപ്പിക്കണം.

3 . സ്ത്രീകൾ അപേക്ഷിക്കുമ്പോൾ, വിസയിൽ ’ ഹൗസ് വൈഫ് ’ എന്നും എന്നാൽ സ്‌പോൺസറുടെ പേര് പാസ്പോർട്ടിലെ ഭർത്താവിന്റെ പേരല്ല എന്നുണ്ടെങ്കിലും സ്പോൺസറുടെ എൻ.ഒ.സി.യും, പാസ്പോർട്ട് കോപ്പിയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

4 . പാസ്പോർട്ട് കാലാവധി തീർന്നിട്ട് ആറുമാസം കഴിഞ്ഞിട്ടുണ്ടെങ്കിൽ പുതുക്കാൻ വൈകിയതിന്റെ വിശദീകരണം നൽകണം. പാസ്പോർട്ട് കാലാവധി കഴിഞ്ഞ് ഒരു വർഷത്തിന് അധികമായി എന്നുണ്ടെങ്കിൽ വിശദീകരണവും കോൺസുലേറ്റ് ജനറലിന്റെ മുൻകൂർ സമ്മതപത്രവും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

5 . അബുദാബിയിലെയോ അൽ ഐനിലെയോ വിസയുള്ളവർ ദുബായിലാണ് പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ അവരുടെ താമസരേഖ തെളിയിക്കുന്ന ഇലക്ട്രിസിറ്റി ബില്ലിന്റെയോ വാടകക്കരാറിന്റെയോ കോപ്പിക്കൂടി സമർപ്പിക്കണം.

6 . അപേക്ഷകന്റെ ഒപ്പാണെങ്കിലും വിരലടയാളമാണെങ്കിലും അപേക്ഷയിലെ ബോക്സിൽ കറുത്ത മഷികൊണ്ട് വശങ്ങളിൽ തൊടാത്ത രീതിയിൽ വേണം ചെയ്യാൻ. പാസ്പോർട്ട് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് ഒപ്പിടേണ്ടത്. നിലവിലുള്ള പാസ്പോർട്ടിലെ ഒപ്പ് തന്നെയാകണം അപേക്ഷയിലും നൽകേണ്ടത്.

ഫീസ്

36 പേജുകളുള്ള പാസ്പോർട്ടിന് -285 ദിർഹം, തത്കാൽ സേവനത്തിന് - 855 ദിർഹം

60 പേജുള്ള ജംബോ പാസ്പോർട്ടിന് - 380 ദിർഹം, തത്കാൽ സേവനത്തിന് - 950 ദിർഹം

സർവീസ് ചാർജ് - 9 ദിർഹം

ഇന്ത്യൻ കമ്യൂണിറ്റ് വെൽഫെയർ ഫണ്ട് - 8 ദിർഹം