ജോലിസമയത്തെക്കുറിച്ച് കൃത്യമായി യു.എ.ഇ. തൊഴിൽനിയമം വ്യക്തമാക്കുന്നുണ്ട്. ഇതു പ്രകാരം സ്വകാര്യസ്ഥാപനങ്ങളിലെ ജോലി സമയം ദിവസം എട്ടു മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ്. ഹോട്ടലുകൾപോലുള്ള ചില പ്രത്യേക തൊഴിലിടങ്ങളിൽ ഇതിൽ വ്യവസ്ഥകളോടെ മാറ്റംവരുത്താൻ മന്ത്രാലയം അനുവദിക്കുന്നുണ്ട്. വിശുദ്ധ റംസാൻ മാസത്തിൽ സാധാരണ ജോലിസമയത്തേക്കാൾ രണ്ടുമണിക്കൂർ കുറവ് ജോലി ചെയ്താൽ മതി. സാധാരണ പ്രവർത്തിസമയത്തിൽപ്പോലും അഞ്ചു മണിക്കൂറിലധികം വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് നിയമം വിലക്കുന്നുണ്ട്. അഞ്ചു മണിക്കൂറിനുള്ളിൽ ജീവനക്കാർ ഒരു ഇടവേള നിർബന്ധമായി എടുക്കണം.

നിയമപ്രകാരമുള്ള സമയത്തിന് പുറമെ ജോലി ചെയ്യുകയാണെങ്കിൽ ഇതിന് ഓവർ ടൈമിന്റെ ആനുകൂല്യങ്ങളും ശമ്പളവും നൽകണമെന്നാണ് നിയമം പറയുന്നത്. എന്നാൽ പലയിടങ്ങളിലും പ്രത്യേകിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ സ്ഥിരമായല്ലെങ്കിൽ പോലും ജീവനക്കാർക്ക് എട്ട് മണിക്കൂറിലധികം ജോലി ചെയ്യേണ്ടതായി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഓവർടൈം വേതനത്തിന് ജീവനക്കാർ അർഹരാണ്. ഇത് വർഷത്തിലൊരിക്കൽ 30 ദിവസത്തെ ശമ്പളത്തോടുകൂടിയ വാർഷിക അവധിയെ ബാധിക്കാനും പാടില്ല.

ഓവർ ടൈം ആനുകൂല്യം

* യു.എ.ഇ.യിൽ ഓവർടൈം ജോലിചെയ്യിച്ചവർക്ക് അധികവേതനം നൽകിയില്ലെങ്കിൽ തൊഴിലുടമകൾ കുടുങ്ങും. രാത്രി 9-ന് മുൻപ് ഓവർടൈം അവസാനിച്ചിട്ടുണ്ടെങ്കിൽ 25 ശതമാനം ആണ് ആണ് അധിക വേതനം നൽകേണ്ടത്.

* രാത്രി ഒൻപതിനും പുലർച്ചെ നാലിനും മദ്ധ്യേയാണ് അധിക സമയ ജോലിയെങ്കിൽ 50 ശതമാനം വേതനം അധികമായി നൽകണം

* അധിക ജോലി ചെയ്ത സാധാരണ ദിവസങ്ങൾ, ഔദ്യോഗിക അവധി ദിനങ്ങൾ, വാരാന്ത്യ അവധി ദിനങ്ങൾ, രാത്രി സമയം എന്നിവയ്‌ക്കെല്ലാം അനുസരിച്ച് വേതന മാനദണ്ഡങ്ങളും മാറും. സാധാരണ പ്രവർത്തി ദിവസത്തിലെ സാധാരണ സമയത്താണ് ഓവർടൈം ജോലി ചെയ്തതെങ്കിൽ മാസ ശമ്പളം അടിസ്ഥാനമാക്കി ഒന്നേകാൽ മണിക്കൂറിന്റെ വേതനമാണുനൽകേണ്ടത്.

* മറ്റു സമയത്താണ് ജോലിയെങ്കിൽ മൊത്തം വേതനത്തിന്റെ ഒന്നര മണിക്കൂർ വേതനം കണക്കാക്കി നൽകണം.

* അതുപോലെ നിയമപ്രകാരം സ്വകാര്യ മേഖലയ്ക്ക് പ്രഖ്യാപിക്കുന്ന ഔദ്യോഗിക അവധി ദിനങ്ങളിൽ തൊഴിലാളിക്ക് നിർബന്ധമായും അവധി നൽകണം. അല്ലാത്തപക്ഷം മറ്റൊരു ദിവസം അവധിയും, അവധിദിവസം ജോലി ചെയ്തതിന്‌ സാധാരണയെക്കാൾ 50 ശതമാനം അധികം ശമ്പളവും നൽകണം.

* ഓവർടൈം വേതനം നൽകുമ്പോൾ അടിസ്ഥാനവേതനം മാത്രമല്ല അവലംബിക്കേണ്ടത്. തൊഴിലാളിക്ക് കരാർ പ്രകാരം നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ കൂടി കണക്കിലെടുക്കണം.

* ദിവസം രണ്ടുമണിക്കൂറിൽ കൂടുതൽ ഓവർ ടൈം നൽകരുതെന്നും നിർദേശമുണ്ട്. എന്നാൽ അടിയന്തര തൊഴിൽസാഹചര്യങ്ങൾ ഉണ്ടായാൽ ഇതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.