യു.എ.ഇ.യിൽ കുടുംബത്തെ കൊണ്ടുവരാനുള്ള സ്പോൺസർഷിപ്പ് നിയമം പരിഷ്കരിച്ചു. പുതിയ നിയമപ്രകാരം എല്ലാ തൊഴിൽ മേഖലയിലുള്ളവർക്കും കുടുംബത്തെ യു.എ.ഇ.യിൽ താമാസവിസയിൽ കൊണ്ടുവരാം. ശമ്പളം 4000 ദിർഹമോ അല്ലെങ്കിൽ 3000 ദിർഹവും താമസസൗകര്യമോ ഉണ്ടായാൽ മതി. യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ് പുതിയ സ്പോൺസർഷിപ്പ് നിയമം പ്രഖ്യാപിച്ചത്. ജൂലായ് 14-ന് പുതിയ നിയമം പ്രാബല്യത്തിൽ വന്നു.

താമസവിസയിൽ കുടുംബത്തെ യു.എ.ഇ.യിൽ കൊണ്ടുവരുന്നത് വലിയ കടമ്പയായിരുന്ന കാലമുണ്ടായിരുന്നു. ജോലിയുടെ പദവിക്കനുസരിച്ച് മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്. അതിനാൽ താഴേക്കിടയിൽ ജോലിയെടുക്കുന്നവർക്ക് കുടുംബമായി യു.എ.ഇ.യിൽ കഴിയുകയെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ജോലിയുടെ വകഭേദങ്ങൾ കുടുംബത്തെ താമസവിസയിൽ യു.എ.ഇ.യിൽ കൊണ്ടുവരുന്നതിന് ബുദ്ധിമുട്ടുണ്ടാക്കില്ല. പുതിയനിയമം പ്രവാസികളുടെ ജീവിതം യു.എ.ഇ.യിൽ സുസ്ഥിരമാക്കാൻ ഏറെ സഹായകരമാകും.

പ്രത്യേകതകൾ

* കുറഞ്ഞത് 4000 ദിർഹം ശമ്പളമുള്ളവർക്കാണ് സ്വന്തം സ്പോൺസർഷിപ്പിൽ കുടുംബത്തെ കൊണ്ടുവരാനാകുന്നത്. അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും കമ്പനി നൽകുന്ന കുടുംബ താമസസൗകര്യവും വേണമെന്നാണ് നിബന്ധന. പുതിയ നിയമനുസരിച്ച് നിശ്ചിത വരുമാനമുള്ള ആർക്കും കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള അനുമതി ലഭിക്കും

* പ്രവാസികൾക്ക് കുടുംബാംഗങ്ങളെ യു.എ.ഇ.യിലേക്ക് കൊണ്ടുവരുന്നതിന് ഇനിമുതൽ വരുമാനമായിരിക്കും മാനദണ്ഡം. ഇതുവരെ പ്രവാസിയുടെ തൊഴിലായിരുന്നു അടിസ്ഥാനം

* കുടുംബമായി കഴിയുന്ന മുഴുവൻ ആളുകൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.

* എമിറേറ്റ്‌സ് ഐഡി, ജനസംഖ്യാ പട്ടികയടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളിൽ ഇവരുടെ വിവരങ്ങൾ രേഖപ്പെടുത്തും

* സ്പോൺസറുടെ താമസവിസാ കാലാവധിയുള്ളകാലം വരെ ആശ്രിതർക്ക് യു.എ.ഇ.യിൽ താമസിക്കാം

* വിദഗ്ധ തൊഴിലാളികൾക്ക് കൂടുതൽ സാധ്യതകൾ തുറന്നിടും

വിസയ്ക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

* വിവാഹ സർട്ടിഫിക്കറ്റ് (അറബിയിലേക്ക് മൊഴിമാറ്റം ചെയ്തത്)

* കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് (അറബിയിലേക്ക് മൊഴിമാറ്റം ചെയ്തത്)

* പൊതുമേഖലയിലുള്ളവരാണെകിൽ ശമ്പള സർട്ടിഫിക്കറ്റ്

* സ്വകാര്യമേഖലയിലുള്ളവർക്ക് തൊഴിൽ രേഖയും മൂന്നുമാസത്തെ ശമ്പള സർട്ടിഫിക്കറ്റും

അപേക്ഷിക്കുന്നത് സ്ത്രീയാണെകിൽ

* ഭർത്താവിൽനിന്നുള്ള എഴുതപ്പെട്ട അനുമതിപത്രം

* മരണസർട്ടിഫിക്കറ്റോ, വിവാഹമോചന സർട്ടിഫിക്കറ്റോ ഹാജരാക്കി ഭർത്താവ് മരിച്ചവർക്കും വിവാഹമോചനം നേടിയ സ്ത്രീക്കും കുടുംബത്തെ സ്പോൺസർ ചെയ്യാം

* കുട്ടികളുണ്ടെങ്കിൽ അവരുടെ രേഖകൾ

Content Highlights: uae new sponsorship rule for families