യു.എ.ഇ.യിൽ ദീർഘകാലവിസയുമായി ബന്ധപ്പെട്ട് ധാരാളം സംശയങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അത്തരം സംശയങ്ങൾ ഇല്ലായ്മചെയ്യാനും വിസാ നടപടികൾ എളുപ്പമാക്കാനുംകൂടി സർക്കാർ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നു. നിലവിൽ താമസവിസയുള്ളവർക്കും രാജ്യത്തിന് പുറത്തുള്ളവർക്കും മാനദണ്ഡങ്ങൾക്കനുസരിച്ച് ദീർഘകാല ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.

ശ്രദ്ധിക്കുക ഇക്കാര്യങ്ങൾ

യു.എ.ഇ.യിൽ സംരംഭങ്ങൾ തുടങ്ങാനും ദീർഘകാലം കഴിയാനും ആഗ്രഹിക്കുന്നവർക്കാണ് ഗോൾഡൻ വിസ അനുവദിക്കുക.

വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് നാമനിർദേശം നൽകലാണ് ആദ്യഘട്ടം.

അപേക്ഷ പരിശോധിച്ച് യോഗ്യതയുള്ളവർക്ക് രേഖകൾ അപ്‌ലോഡ് ചെയ്യാൻ സംവിധാനം നൽകും.

സംരംഭങ്ങൾ തുടങ്ങാൻ പരിചയമുള്ളവരോ നിലവിൽ ഏതെങ്കിലും സ്ഥാപനത്തിന്റെ മുഖ്യഓഹരി പങ്കാളികളോ ആയിരിക്കണം അപേക്ഷകർ.

രേഖകൾ കൃത്യമാണെങ്കിൽ സംരംഭം തുടങ്ങുന്നത് സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ യു.എ.ഇ.ക്ക് പുറത്തുള്ളവർക്ക് ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകും. യു.എ.ഇ.യിൽ നിലവിൽ ഉള്ളവർക്ക് ഒരുമാസത്തെ താത്കാലിക വിസയും നൽകും.

സംരംഭം തുടങ്ങുന്നതോടൊപ്പം താത്കാലിക വിസ ദീർഘകാല റെസിഡൻസ് വിസയാക്കി മാറ്റിയെടുക്കാം.

business.goldenvisa.ae വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങളും വെബ്‌സൈറ്റിലൂടെ അറിയാം.