ഓരോ രാജ്യത്തെയും നിയമങ്ങളും ജീവിത സാഹചര്യവും അറിഞ്ഞുവേണം തൊഴിൽ തേടിയെത്തുന്ന വിദേശികൾ ജീവിക്കാൻ. ഇവിടെ തൊഴിൽ തേടിയെത്തുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികൾ യു.എ.ഇ.യിലെ പ്രധാന നിയമങ്ങളെല്ലാം നിർബന്ധമായും മനസ്സിലാക്കിയിരിക്കണം. കാരണം നിയമത്തെക്കുറിച്ചുള്ള അജ്ഞത പോലീസിനോ കോടതിക്കോ മുന്നിൽെവക്കാവുന്ന ഒരു ഒഴിവുകഴിവല്ല. മാത്രമല്ല തൊഴിലിലും സാമൂഹിക ജീവിതത്തിലും ഇവിടെ താമസിക്കുന്ന വിദേശിയെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തത്തോടൊപ്പം അവകാശങ്ങളും തിരിച്ചറിയാൻ ഇത് സഹായിക്കുകയും ചെയ്യും.

ഇത് തൊഴിലാളികൾക്ക് മാത്രമല്ല തൊഴിലുടമയ്ക്കും ബാധകമാണ്. വിദേശ തൊഴിലാളിയെ സ്പോൺസർ ചെയ്യേണ്ടത് തൊഴിലുടമയാണ്. തൊഴിലുടമയെന്നത് ഒരുവ്യക്തിയോ സ്ഥാപനമോ ആകാം. രാജ്യത്തെത്തുന്ന വിദേശ തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധനക്ക് ശേഷം താമസവിസയും ഒപ്പം എമിറേറ്റ്‌സ് ഐ.ഡി.യും ലഭിക്കും. രാജ്യത്ത് താമസിക്കുന്ന വിദേശതൊഴിലാളികൾ എമിറേറ്റ്‌സ് ഐ.ഡി. എപ്പോഴും കൈയിൽ കരുതണം

അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ

* രാജ്യത്ത് ജോലി ചെയ്യുന്ന ഓരോ വിദേശതൊഴിലാളിയും ഫെഡറൽ നിയമമനുസരിച്ച് മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിൽനിന്ന് തൊഴിൽ അനുമതി (വർക്ക് പെർമിറ്റ്) നേടണം.

* തൊഴിലാളിയുടെ നിയമനം സംബന്ധിച്ചുള്ള സകല നടപടികളുടെയും ചെലവ് വഹിക്കേണ്ടത് തൊഴിലുടമയാണ്. താമസ വിസ, വർക്ക് പെർമിറ്റ് തുടങ്ങിയവയ്ക്കും ഇത് ബാധകമാണ് .

* തൊഴിൽ കരാറിനനുസരിച്ചുള്ള ശമ്പളം എല്ലാമാസവും രാജ്യത്തെ വേതന സംരക്ഷണ നിയമനുസരിച്ച് ബാങ്കുകളോ മറ്റു ധനകാര്യസ്ഥാപനങ്ങളോ വഴി തൊഴിലുടമ തൊഴിലാളിക്ക് നൽകണം

* ഒരുദിവസം എട്ടുമണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ എന്നതാണ് ജോലി സമയത്തിന്റെ കണക്ക്. ഹോട്ടലുകൾ, സെക്യൂരിറ്റി സേവനം തുടങ്ങി ചില മേഖലകളിൽ മാത്രം തൊഴിൽ സമയത്തിൽ മാറ്റമുണ്ട്.

* പ്രൊബേഷൻ കാലാവധി ആറ് മാസത്തിൽ കൂടരുത്. ആഴ്ചയിൽ ഒരു ദിവസം തൊഴിലാളിക്ക് നിർബന്ധമായും അവധി നൽകണം.

*അവധി ദിവസങ്ങളിലോ പ്രവർത്തി ദിവസങ്ങളിൽ തൊഴിൽ സമയത്തിന് പുറമെയോ ജോലി ചെയ്യുകയാണെങ്കിൽ സമയം കണക്കാക്കി അധികസമയവേതനം നല്കാൻ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്.

* രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങളിൽ തൊഴിലാളിക്ക് വേതനത്തോട് കൂടിയ അവധി നൽകണം. കൂടാതെ എല്ലാ വർഷവും മുപ്പതുദിവസത്തെ വാർഷിക അവധിയും വിദേശതൊഴിലാളികൾക്ക് നിയമം അനുവദിച്ചിരിക്കുന്ന ആനുകൂല്യമാണ്.

ഉത്തരവാദിത്തത്തോടെ പെരുമാറാം

* മതത്തിന്റെ പേരിലോ വംശീയതയുടെ പേരിലോ വാക്കാലോ പ്രവർത്തിയാലോ ആരെയും അധിക്ഷേപിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്യരുത്. നിയമം കർശനമായും ഇത് വിലക്കിയിട്ടുണ്ട്.

* രാജ്യത്തിന് അപകീർത്തികരമായതോ, മറ്റുവ്യക്തികളെ അപമാനിക്കുന്ന രീതിയിലോ സമൂഹികമാധ്യമങ്ങളിലൂടെ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമായ നടപടിയാണ്. സമൂഹികമാധ്യമങ്ങൾ ഗുണപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം.

* പൊതുസ്ഥലത്ത് മാന്യമായി വസ്ത്രം ധരിച്ചുവേണം പോകാൻ. പൊതുസ്ഥലങ്ങളിൽ സ്നേഹപ്രകടനങ്ങൾ അതിരുവിടുന്നതും പിഴയടക്കമുള്ള ശിക്ഷ ക്ഷണിച്ചു വരുത്തും.

* റംസാൻ മാസത്തിൽ പൊതുഇടങ്ങളിൽ െവച്ച് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്.

* രാജ്യത്ത് ലൈസൻസില്ലാതെ മദ്യം കൊണ്ട് നടക്കുന്നതും കൈവശം െവക്കുന്നതും കുറ്റകരമാണ്. മാത്രമല്ല പൊതുസ്ഥലത്തുെവച്ച് മദ്യം കഴിക്കുന്നതും മദ്യലഹരിയിൽ പൊതുസ്ഥലങ്ങളിൽ എത്തുന്നതും നിയമം വിലക്കിയിട്ടുണ്ട്.

* രക്തബന്ധമില്ലാത്ത എതിർലിംഗത്തിൽ പെട്ടവരുമായി താമസസ്ഥലം പങ്കുെവക്കുന്നതും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതും തടവും പിഴയും നേടിത്തരുന്ന കുറ്റമാണ് .

കുറ്റവും ശിക്ഷയും

1. തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരുസ്ഥാപനത്തിനോ വ്യക്തിക്കോ വേണ്ടി ജോലി ചെയ്താൽ- പിഴ 50,000 ദിർഹം

2. താമസവിസ കാലാവധി കഴിഞ്ഞാൽ- ആദ്യ ആറ് മാസം പ്രതിദിനം 25 ദിർഹം വീതം. അത് കഴിഞ്ഞാൽ 50 ദിർഹം വീതം. ഒരുകൊല്ലം കഴിഞ്ഞാൽ പ്രതിദിനം 1000 ദിർഹം വീതവും പിഴ നൽകണം

3. മയക്കുമരുന്ന് കടത്ത്, കൊലപാതകം- ജീവപര്യന്തം തടവ്

4. മോഷണം-മൂന്ന് വർഷത്തിൽ കൂടാത്ത തടവ്

5. വിശ്വാസവഞ്ചന-മൂന്ന് വർഷത്തെ തടവും പിഴയും

6. ചൂതുകളി-രണ്ടുവർഷം തടവും 20,000 ദിർഹം പിഴയും

7. വഞ്ചനയും തട്ടിപ്പും-മൂന്ന് വർഷം തടവ്

8. രേഖകളിൽ കൃത്രിമം കാണിച്ചാൽ-10 വർഷംവരെ തടവ്

9. കൈക്കൂലി വാങ്ങിച്ചാൽ-10 വർഷം വരെ തടവ്

10. കൈക്കൂലി വാഗ്‌ധാനം ചെയ്താൽ- അഞ്ചുവർഷംവരെ തടവ്

11. തെറ്റായ ആരോപണം ഉന്നയിച്ചാൽ- ആറ് മാസം തടവും 3000 ദിർഹം പിഴയും