യു.എ.ഇ.യിൽ എത്തുന്ന ഭൂരിഭാഗം വിദേശികളുടെയും സ്വപ്നമാണ് സ്വന്തമായി ഒരു സംരംഭം. എന്തെങ്കിലും ബിസിനസ്സ് തുടങ്ങണമെന്ന് ആഗ്രഹമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ദുബായ്. നിക്ഷേപസൗഹൃദ നഗരമെന്ന നിലയിൽ എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന നടപടിക്രമങ്ങളും അതിവേഗ സേവനങ്ങളുമാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. നിയമപരമായ രേഖകൾ എല്ലാം തയ്യാറാണെങ്കിൽ സ്വന്തം ബിസിനസ്സ് തുടങ്ങാൻ ഒരാഴ്ച സമയമാണ് പരമാവധി വേണ്ടത്. എന്നാൽ നിയമപരമായ ഔപചാരികതകൾ ആരംഭിക്കുന്നതിനുമുമ്പ്, ആവശ്യമായ ചില ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്

1. എന്തുതരം ബിസിനസ്സാണ് തുടങ്ങാനുദ്ദേശിക്കുന്നത് എന്നുള്ളത് പ്രധാനമാണ്. അതനുസരിച്ചാണ് ലൈസൻസ് ഏതു വേണമെന്ന് നിർണയിക്കുന്നത്. വാണിജ്യം, വ്യാവസായികം, പ്രൊഫഷണൽ എന്നിങ്ങനെ പല തരത്തിലുള്ള ലൈസൻസ് ഉണ്ട്. ഇതിൽ പലതിനും (ഉദാ:- ഭക്ഷ്യവ്യാപാരം, വെറ്ററിനറി സേവനം, ജൂവലറി) മറ്റു പല സർക്കാർ വകുപ്പുകളിൽനിന്നുകൂടി അംഗീകാരം ലഭിക്കേണ്ടതുണ്ട്. ദുബായ് സാമ്പത്തിക വികസന വകുപ്പിന് കീഴിൽ (ഡി.ഇ.ഡി.) ലൈസൻസ് ആവശ്യമുള്ള 2100 പ്രവർത്തനങ്ങളുടെ പട്ടികയുണ്ട്. ഇതിൽ തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തിന് അനുയോജ്യമായ ലൈസൻസ് ലഭ്യമാക്കണം. ഈ പട്ടികയിൽ ഇല്ലാത്തതരം സംരംഭമാണെങ്കിൽ നേരിട്ട് വകുപ്പുമായി ബന്ധപ്പെടാം.

2. ബിസിനസ്സിന്റെ ഉടമസ്ഥാവകാശമാണ് രണ്ടാമതായി ശ്രദ്ധിക്കേണ്ട വിഷയം. വിദേശികൾക്ക് തങ്ങളുടെ സംരംഭത്തിന്റെ 100 ശതമാനം ഉടമസ്ഥാവകാശവും വേണമെന്നുണ്ടെങ്കിൽ രാജ്യത്തെ ഫ്രീ സോണുകളിൽ ബിസിനസ്സ് തുടങ്ങുന്നതാണ് ഉചിതം. 45 ഫ്രീസോണുകളാണ് യു.എ.ഇ.യിൽ ഉള്ളത്. അതല്ല പ്രാദേശികമായ ലൈസൻസ് ആണ് വേണ്ടതെങ്കിൽ ഉടമസ്ഥാവകാശത്തിൽ നിയന്ത്രണങ്ങളോടെ ഡി.ഇ.ഡി. ലൈസൻസ് അനുവദിക്കും.

3. ബിസിനസ്സിനായി തിരഞ്ഞെടുക്കുന്ന സ്ഥലവും ബിസിനസ്സിന്റെ രീതിയും അനുസരിച്ച് സ്ഥാപനം തുറക്കാനുള്ള നിയമവും മാറും. ഉദാഹരണത്തിന് ഒരു നിയമ കൺസൾട്ടൻസിയാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇത് ഒരു കമ്പനിയായി മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുള്ളു. അതായതു മറ്റു ശാഖകൾ പാടില്ല. മാത്രമല്ല ഒന്നിലധികം പേർ ഉടമകളായി വേണമെന്നും നിയമമുണ്ട്. ഇത്തരത്തിൽ കമ്പനിയുടെ ഘടനയെക്കുറിച്ച് ഓരോ ഫ്രീ സോണിലും നിയന്ത്രണങ്ങൾ ഉണ്ട്. അതതു സോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇവ കാണാൻ കഴിയും.

4. ബിസിനസ്സിന്റെ ട്രേഡ് നെയിം അഥവാ വ്യാപാര നാമം വളരെ പ്രധാനമാണ്. ഇത് സംബന്ധിച്ചും പല നിർദേശങ്ങൾ സാമ്പത്തിക വകുപ്പ് നൽകുന്നുണ്ട്. കമ്പനിയുടെ പേര് ബിസിനസ്സിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നതായിരിക്കണം.

5. ഫ്രീസോണിലാണ് ബിസിനസ്സ് തുടങ്ങുന്നതെങ്കിൽ ഓഫീസ് തുറക്കമ്പോൾ ആവശ്യമായ വൈദ്യുതി- ഇന്റർനെറ്റ് കണക്ഷനുകൾ ലഭിക്കുന്നതിനും മറ്റു ക്രമീകരണങ്ങൾക്കും സഹായം ലഭിക്കും. കമ്പനിയുടെ രജിസ്‌ട്രേഷൻ അംഗീകൃതമാകുന്നതിനു മുൻപുതന്നെ പ്രവർത്തനച്ചുമതലയുള്ള ഒരു മാനേജരെ നിയമിക്കണമെന്നാണ് ഡി.ഇ.ഡി.യുടെ നിയമം. എന്നാൽ പല ഫ്രീസോണുകളിലും കമ്പനിയുടെ ഘടനയിലും ജീവനക്കാരുടെ നിയമനത്തിലും നിയന്ത്രണങ്ങളുണ്ട്. ഡി.ഇ.ഡി. ലൈസൻസ് ലഭിക്കാൻ ഒരു സ്വദേശി പാർട്ണർ അല്ലെങ്കിൽ സ്പോൺസർ വേണമെന്ന് നിർബന്ധമാണ്. ഡി.ഇ.ഡി.യുടെ മിക്കവാറും സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. ഫ്രീസോണുകളുടെ നിയമങ്ങളും സേവനങ്ങളും അതതു ഫ്രീസോണുകളുടെ വെബ്‌സൈറ്റിലും ലഭിക്കും.

സംരംഭകരുടെ ശ്രദ്ധയ്ക്ക്

* വിദേശത്തുള്ള കമ്പനിയുടെ ശാഖ യു.എ.ഇ.യിൽ തുറക്കാൻ കമ്പനിയുടെ സാക്ഷ്യപ്പെടുത്തിയ സമ്മതപത്രവും യു.എ.ഇ. സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ അംഗീകാരവും ലഭ്യമാക്കണം

* വിദേശികൾക്ക് പലതരം ലൈസൻസുകൾ എടുത്ത് വിവിധ സംരംഭങ്ങൾ തുടങ്ങാം. ഇതിന് നിയന്ത്രണങ്ങൾ ഒന്നുമില്ല.

* ഇതിനുപുറമെ, കമ്പനി ഏതുവിധത്തിൽ രജിസ്റ്റർ ചെയ്യണമെന്നതിനും നേരത്തേ ധാരണയുണ്ടാകണം, എൽ.എൽ.സി, പ്രൈവറ്റ് ഷെയർ ഹോൾഡിങ് കമ്പനി, പബ്ലിക് ഷെയർ ഹോൾഡിങ് കമ്പനി, പാർട്ണർഷിപ്പ് കമ്പനി, മറ്റൊരു കമ്പനിയുടെ ബ്രാഞ്ച് എന്നിങ്ങനെ പല വിഭാഗങ്ങൾ ഉണ്ട്

* കമ്പനിയുടെ ട്രേഡ് നെയിം അഥവാ വ്യാപാരനാമം ലഭിക്കാൻ ദുബായ് ആപ്പ് വഴി അപേക്ഷ സമർപ്പിക്കാം. കമ്പനി തുടങ്ങുന്നതിനു മുൻപുതന്നെ ഇഷ്ടമുള്ള പേര് രജിസ്റ്റർ ചെയ്ത് സ്വന്തമാക്കാം. ആറുമാസം കഴിയുമ്പോൾ പേരിന്റെ രജിസ്‌ട്രേഷൻ പുതുക്കാനും സാധിക്കും.

* ഡി.ഇ.ഡി.യുടെ ഓൺലൈൻ സേവനങ്ങൾ വഴി ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കാം. അതല്ലെങ്കിൽ ഓരോ വകുപ്പുകളുടെയും സേവനകേന്ദ്രങ്ങൾ വഴിയും അപേക്ഷയും രേഖകളും നൽകാം. ഡി.ഇ.ഡി.യുടെ ഹാപ്പിനെസ്സ് ലോഞ്ചു വഴി നേരിട്ട് ചെന്നും അപേക്ഷയും രേഖകളും സമർപ്പിക്കാം

* തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭം, സ്ഥലം, ഉടമസ്ഥാവകാശം തുടങ്ങിയ കാര്യങ്ങൾക്കനുസരിച്ച് നടപടികൾക്കുള്ള ഫീസും, നടപടിക്രമങ്ങളും മാറും.

Content Highlights: business rules in uae