യു.എ.ഇ. ഉൾപ്പെടെ 18 രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് എമിഗ്രേഷൻ രജിസ്‌ട്രേഷൻ കേന്ദ്രസർക്കാർ നിർബന്ധമാക്കി. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാവും. തൊഴിൽസുരക്ഷ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ.സി.എൻ.ആർ. പാസ്‌പോർട്ടുള്ളവരെയും ഇ-മൈഗ്രേറ്റ് പോർട്ടലിനുകീഴിൽ കൊണ്ടുവരുന്നത്. വിദേശരാജ്യങ്ങളിൽ തട്ടിപ്പിനും ചൂഷണത്തിനും ഇരയാകുന്നത് തടയാനും അവർക്ക് അനുയോജ്യമായ തൊഴിൽസാഹചര്യങ്ങൾ ഒരുക്കാനും പുതിയ പരിഷ്കാരം സഹായമാകും.

യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, അഫ്ഗാനിസ്താൻ, മലേഷ്യ, ലെബനൻ, ഇറാഖ്, ജോർദാൻ, തായ്‌ലാൻഡ്, യെമെൻ, ലിബിയ, ഇൻഡൊനീഷ്യ, സുഡാൻ, സൗത്ത് സുഡാൻ, സിറിയ എന്നീ 18 രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കും തൊഴിൽ വിസയിൽ പോകുന്നവർക്കുമാണ് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്.

വിശദാംശങ്ങൾ

* യു.എ.ഇ. ഉൾപ്പെടെ 18 രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി

* www.emigrate.gov.in വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

* ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാകും

* എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത ഇ.സി.എൻ.ആർ. പാസ്‌പോർട്ട് ഉടമകൾക്കും ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ഇ.സി.ആർ പാസ്സ്‌പോർട്ടുകൾ ഉള്ളവർക്ക് നേരത്തെ മുതൽ ഇത് ബാധകമായിരുന്നു.

*നിലവിൽ ഈ രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർ നാട്ടിൽപോകുമ്പോൾ തിരിച്ചുവരുന്നതിനുമുമ്പ് രജിസ്റ്റർ ചെയ്യണം

* തിരിച്ചുവരുന്നതിന് 21 ദിവസം മുമ്പു മുതൽ 24 മണിക്കൂർമുമ്പുവരെ രജിസ്‌ട്രേഷന് സമയമുണ്ട്.

*വ്യക്തിപരമായ വിവരങ്ങൾ, തൊഴിലുടമയുടെ വിവരങ്ങൾ, വിസ സംബന്ധിച്ച വിശദാംശങ്ങൾ, വിദേശത്തെ വിലാസം എന്നിവയെല്ലാം രജിസ്‌ട്രേഷൻസമയത്ത് നൽകണം.

* രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ അറിയിപ്പായി അപേക്ഷകന് എസ്.എം.എസ്., ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കും. ഇത് വിമാനത്താവളത്തിൽ കാണിച്ചാൽമാത്രമേ വിമാനത്തിൽ കയറാൻ സാധിക്കുകയുള്ളു.

*വിസ പുതുക്കുമ്പോൾ രജിസ്‌ട്രേഷൻ പുതുക്കേണ്ടതില്ല.

*എന്നാൽ വിദേശരാജ്യത്തെ തൊഴിൽസ്ഥാപനം മാറുമ്പോൾ രജിസ്‌ട്രേഷൻ പുതുക്കുകയും വേണം.

*ഇന്ത്യയിൽനിന്ന് പുറപ്പെടുന്നതിന് 24 മണിക്കൂർമുമ്പ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.

Content Highlights: Pravasi, Online Registration