യു.എ.ഇ. യിൽ വിസ തീർന്ന് പിഴകൊടുക്കേണ്ട അവസ്ഥയിൽ നിൽക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അതെല്ലാം ശരിയാക്കിയെടുത്ത് രാജ്യത്ത് തന്നെ തുടരാനുള്ള സാഹചര്യമുണ്ട്. യു.എ.ഇ. ഭരണകൂടവും ഉദ്യോഗസ്ഥരും അതിനുവേണ്ട മനുഷ്യത്വപരമായ എല്ലാ സഹായങ്ങളും നൽകിവരുന്നു. ഇപ്പോൾ പൊതുമാപ്പിന്റെ സമയമല്ല അല്ലെങ്കിൽ ഓവർസ്റ്റേ ചെയ്യുന്നവർക്ക് പിഴയിളവ് ചെയ്തുകൊടുക്കുന്ന ഘട്ടവുമല്ല. എങ്കിലും അത്യാവശ്യക്കാർക്കുവേണ്ടി ഇത്തരം സഹായങ്ങൾ ലഭ്യമാണ്. ഓവർസ്റ്റേയുടെ പിഴ എത്രയാണോ അതിൽ കുറവുവരുത്തി ഈ രാജ്യം നിങ്ങളെ സ്വീകരിക്കും. യു.എ.ഇ.യിൽ തന്നെ ജീവിക്കാനും തൊഴിൽ ചെയ്യാനുള്ള സാഹചര്യവുണ്ടാകും.

അറിയണം ഈ കാര്യങ്ങൾ

* വിസ ഓവർസ്റ്റേ ആയി ഒരു വിദേശത്തൊഴിലാളി രാജ്യത്ത് നിൽക്കേണ്ടിവന്നാൽ സ്വാഭാവികമായും പിഴ കൊടുത്തുവേണം ഇവിടെനിന്നും പോകാൻ.

* വൻതുക പിഴയുള്ളവർ സ്വന്തം സാഹചര്യങ്ങൾ കാണിച്ച് ഇതുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെൻറുകളിൽ അപേക്ഷ കൊടുക്കുക.

* അപേക്ഷയോടൊപ്പം സ്വന്തം പാസ്പോർട്ടിന് ആറുമാസത്തെയെങ്കിലും കാലാവധി ഉണ്ടെന്ന് ഉറപ്പുവരുത്തണം.

* ഏതെങ്കിലും തരത്തിലുള്ള സിവിൽ ക്രിമിനൽ കേസുകൾ ഏതെങ്കിലും പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടോ കോടതിയിലോ ഉണ്ടോയെന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ അതെല്ലാം ആദ്യം ക്ലിയർ ചെയ്യുക.

* പുതിയൊരു ജോലി കണ്ടുപിടിക്കുക. പുതിയൊരു വിസ കിട്ടാവുന്ന സ്പോൺസറെ കണ്ടുപിടിക്കുക. ഓഫർലെറ്ററും ലഭിച്ചിരിക്കണം.

* സ്വന്തം സാഹചര്യങ്ങൾ, നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥ, ഓവർസ്റ്റേയുമായി ബന്ധപ്പെട്ട വിവരങ്ങൾ, മറ്റൊരു തൊഴിൽ കിട്ടാനുള്ള സാഹചര്യങ്ങളും തൊഴിൽ ചെയ്യാനുള്ള സ്വന്തം മാനസികാവസ്ഥയും എല്ലാം എഴുതി രേഖകളോടൊപ്പം ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ്‌ സിറ്റിസൺഷിപ്പിൽ അപേക്ഷ നൽകുക.

Content Highlights: Overstay-What to Do to Stay in the UAE