യു.എ.ഇ.യിൽ ജോലിക്കെത്തുന്ന പ്രവാസികളിലധികവും തൊഴിൽ നേടുന്നത് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളാണ്. പൊതു-സ്വകാര്യ മേഖലകളിലെ തൊഴിൽ നിയമങ്ങൾ ഏറക്കുറെ ഒരു പോലെയാണെങ്കിലും ചില കാര്യങ്ങളിൽ വ്യത്യാസമുണ്ട്.

* യു.എ.ഇ.യിൽ ജോലിക്കെത്തും മുൻപ് തൊഴിൽവിസ, തൊഴിൽ കരാർ എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം.

* വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുൻപ് വൈദ്യപരിശോധന നിർബന്ധമാണ്. ഇപ്പോൾ ഇന്ത്യയിലെ പല സ്ഥലങ്ങളിൽ നിന്നും ഇത് ചെയ്യാൻ സൗകര്യമുണ്ട്. എച്ച്.ഐ.വി, ടി.ബി. രോഗബാധയുള്ളവർക്ക് വിസ ലഭിക്കുകയില്ല.

* ജോലിക്കെത്തുന്നതിനു മുൻപ് എല്ലാ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിലും യു. എ.ഇ. എംബസിയിൽ നിന്നും സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തണം.

* മെഡിക്കൽ രംഗത്തും മറ്റും ജോലിക്കെത്തുന്നവർക്ക് ഇവിടെയെത്തിയാൽ ആരോഗ്യമന്ത്രാലയത്തിന്റെ പരീക്ഷകൾ പാസ്സാവുകയും പ്രത്യേക ലൈസൻസ് ലഭ്യമാക്കുകയും വേണം.

* ഫ്രീ സോണുകളിൽ ജോലി ചെയ്യുന്നവരുടെ സ്പോൺസർ ഫ്രീ സോൺ അതോറിറ്റി തന്നെയാണ്. ഓരോ ഫ്രീസോണുകളുടെയും തൊഴിൽ നിയമങ്ങളിൽ വ്യത്യാസമുണ്ട്. പൊതുവിൽ യു.എ.ഇ. തൊഴിൽ നിയമങ്ങൾക്ക് അനുസൃതമായാണെങ്കിലും ഫ്രീ സോണിന്റെ സ്വഭാവം അനുസരിച്ച് നിയമങ്ങളിൽ മാറ്റമുണ്ടാകും. അതാത് ഫ്രീ സോണുകളുടെ വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.

അറിയേണ്ട നിയമങ്ങൾ 1 . താമസവിസ ലഭിച്ചു കഴിഞ്ഞാൽ പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള പ്രധാന രേഖകൾ സൂക്ഷിക്കാനുള്ള അവകാശം തൊഴിലാളിക്ക് തന്നെയാണ്.

2. യു.എ.ഇ. മാനവവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത വിധമാണ് തൊഴിൽകരാർ തയ്യാറാക്കിയിരിക്കുന്നതെങ്കിൽ ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് ചെയ്യുക. കരാർ തൊഴിലാളിക്ക് ഗുണകരമായ വിധത്തിലാണെങ്കിൽ പോലും അത്തരം കരാറുകൾക്ക് നിയമസാധുത ഉണ്ടാകുകയില്ല.

3. ചട്ടങ്ങൾ വ്യക്തമാക്കുന്ന കൃത്യമായ തൊഴിൽ കരാർ ലഭിക്കാൻ തൊഴിലാളിക്ക് മാനവവിഭവശേഷി -സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ സഹായം തേടാം.

4 . ഒരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുമ്പോൾ മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് പോകുന്നത് നിയമലംഘനമാണ്. അതിന് മന്ത്രാലയത്തിന്റെയും തൊഴിലുടമയുടെയും അനുമതി നിർബന്ധമാണ്.

5. കരാർ റദ്ദാക്കുമ്പോഴോ അവസാനിപ്പിക്കുമ്പോഴോ അത് തൊഴിൽ കരാറിലെ വ്യവസ്ഥകൾ പാലിച്ചു കൊണ്ടും ഇരു കൂട്ടരുടെയും സമ്മതത്തോടെയും ആകണം. അല്ലാത്ത പക്ഷം തൊഴിലാളിക്ക് പരാതി നൽകാം.

6. ജോലിസ്ഥലത്തെ ഏതു തരം പരാതികളും അറിയിക്കാൻ മന്ത്രാലയത്തിന്റെ 800-66473 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.

7.ജോലിസ്ഥലത്തെ അപകടങ്ങളും മരണം പോലുള്ള ദുരന്തങ്ങളും 24 മണിക്കൂറിനുള്ളിൽ മന്ത്രാലയത്തിൽ അറിയിക്കണം.

8. വേതന സംരക്ഷണ സംവിധാനം അനുസരിച്ച് ബാങ്കുകൾ വഴിയോ മറ്റ് അംഗീകൃത സ്ഥാപനങ്ങൾ വഴിയോ ആണ് തൊഴിലാളികൾക്ക് ശമ്പളം നൽകേണ്ടത്.

9.തൊഴിലാളിക്ക് ആരോഗ്യ പരിരക്ഷ നൽകേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും നിയമം അനുശാസിക്കുന്നുണ്ട്.

10. മിനിമം വേതനം എന്ന സംവിധാനം രാജ്യത്ത് പ്രാബല്യത്തിലില്ല. ഇരുകൂട്ടരുടെയും സമ്മതപ്രകാരം തൊഴിൽ കരാറിൽ സൂചിപ്പിക്കുന്നതാകും ശമ്പളം. ഇത് സംബന്ധിച്ചുള്ള തർക്കങ്ങളുണ്ടായാൽ അധികൃതരെ സമീപിക്കാംbbജോലി സമയംbbസ്വകാര്യ സ്ഥാപനങ്ങളിലെ ജോലി സമയം ദിവസം എട്ടു മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണെന്ന് യു.എ.ഇ. തൊഴിൽ നിയമം അനുശാസിക്കുന്നുണ്ട്. ഹോട്ടലുകൾ പോലുള്ള ചില പ്രത്യേക തൊഴിലിടങ്ങളിൽ ഇതിൽ വ്യവസ്ഥകളോടെ മാറ്റം വരുത്താൻ മന്ത്രാലയം അനുവദിക്കുന്നുണ്ട്. നിയമപ്രകാരം വിശുദ്ധ റംസാൻ മാസത്തിൽ സാധാരണ ജോലിസമയത്തേക്കാൾ രണ്ടു മണിക്കൂർ കുറവ് ജോലി ചെയ്താൽ മതി. നിയമപ്രകാരമുള്ള സമയത്തിന് പുറമെ ജോലി ചെയ്യുകയാണെങ്കിൽ ഇതിന് ഓവർ ടൈമിന്റെ ആനുകൂല്യങ്ങളും ശമ്പളവും നൽകണമെന്നാണ് നിയമം പറയുന്നത്.

സ്വകാര്യമേഖലയ്ക്ക് പ്രഖ്യാപിക്കുന്ന ഔദ്യോഗിക അവധി ദിനങ്ങളിൽ തൊഴിലാളിക്ക് നിർബന്ധമായും അവധി നൽകണം. അല്ലാത്ത പക്ഷം മറ്റൊരു ദിവസം അവധിയും അവധി ദിവസം ജോലി ചെയ്തതിനു സാധാരണയെക്കാൾ 50 ശതമാനം അധികം ശമ്പളവും നൽകണം. ഇത് കൂടാതെ വർഷത്തിലൊരിക്കൽ 30 ദിവസത്തെ ശമ്പളത്തോട് കൂടിയ വാർഷിക അവധിക്കും തൊഴിലാളിക്ക് അവകാശമുണ്ട്.

Content Highlights: uae, labor laws,private sector