മറ്റുള്ളവര്‍ക്ക് സംഭവിക്കുമ്പോളും നമുക്കൊരിക്കലുമുണ്ടാകില്ലെന്ന്  ഓരോരുത്തരും വിശ്വസിക്കുന്ന പ്രതിഭാസമാണ് മരണം. യു .എ.ഇ.യില്‍  പെട്ടെന്ന്  മരണം തട്ടിയെടുക്കുന്ന പല പ്രവാസികളുടെയും കുടുംബങ്ങള്‍ വഴിയാധാരമാക്കുന്ന സ്ഥിരം കാഴ്ചയാകുകയാണ് . ആവശ്യമായ സമ്പത്തില്ലാത്തതല്ല  നിയമപരമായ തടസങ്ങളാണ് പലപ്പോഴും  ഇതിനു കാരണമാകുന്നത്. 

അത് കൊണ്ട് തന്നെ ഇവിടെ താമസിക്കുന്ന ഓരോ പ്രവാസിയും ഓര്‍ത്തിരിക്കേണ്ട, നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട  ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് വില്‍പത്രം തയ്യാറാക്കുക എന്നത്, പ്രത്യേകിച്ചും അമുസ്ലിമുകള്‍ക്ക് . മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി , മരണത്തെത്തുടര്‍ന്ന് സ്വത്ത് കൂടെ ജീവിക്കുന്ന പങ്കാളിക്ക് നല്‍കണം എന്ന് ഇവിടുത്തെ നിയമം അനുശാസിക്കുന്നില്ല. 

പിന്നീട് സ്വാഭാവികമായും ഷാരിയ നിയമപ്രകാരണമാണ് സമ്പാദ്യം വീതിച്ചു നല്‍കുന്നത്. എന്നാല്‍ ഒരു വില്‍പത്രം ഉണ്ടെങ്കില്‍ യു .എ.ഇ.യുടെ സിവില്‍ ട്രാന്‍സാക്ഷന്‍സ് നിയമത്തിന്റെ കീഴില്‍ ഇതിനു അംഗീകാരം ലഭിക്കും. സ്വന്തം  സംരംഭങ്ങള്‍ നടത്തുന്ന പലരുടെയും പെട്ടന്നുള്ള മരണത്തെത്തുടര്‍ന്ന് പങ്കാളിക്ക് അവകാശമില്ലാത്തതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ വരെ അടച്ചു പൂട്ടേണ്ടി വരുന്നത് സാധാരണമാകുകയാണ് .

വില്‍പത്രം രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ മരണം സംഭവിച്ചാല്‍ 

* ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും 
* ആശ്രിത വിസ റദ്ദാക്കും, അതായതു കുടുംബത്തിന്റെ വിസ ക്യാന്‌സലാകും 
* സമ്പാദ്യം പലപ്പോഴും നമ്മളാഗ്രഹിക്കുന്ന കുടുംബാംഗങ്ങള്‍ക്കാകില്ല ലഭിക്കുന്നത് 
* പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണവും നമ്മള്‍ഗ്രഹിക്കുന്നവര്‍ക്കാകില്ല ചിലപ്പോള്‍ ലഭിക്കുക 
* ലൈഫ് ഇന്‍ഷുറന്‍സ് തുക കട ബാധ്യതകള്‍  തീര്‍ക്കാന്‍ വിനിയോഗിക്കും, അല്ലാത്ത  പക്ഷം കോടതിയുടെ തീരുമാനത്തിന് വിടും 
* സമ്പാദ്യത്തിലെ ഭൂരിഭാഗവും കുടുംബത്തിലെ പല അംഗങ്ങള്‍ക്കുമായി വീതിച്ചു പോകും. 

എല്ലാ പ്രവാസികളും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ 

* വില്‍പത്രം തയ്യാറാക്കി രജിസ്റ്റര്‍ ചെയ്യണം 

* ഏറ്റവുമടുത്ത കുടുംബാംഗങ്ങളോട് സമ്പാദ്യത്തിന്റെയും, ബാധ്യതകളുടെയും വിവരങ്ങള്‍ കൃത്യമായി രേഖകള്‍ സഹിതം പങ്കു വക്കുക 

* സ്വത്തുവിവരങ്ങളുടെ പട്ടിക തയ്യാറാക്കി വക്കുക. ഇതില്‍ വീട്, സ്ഥലം, ബാങ്ക് ഡിപ്പോസിറ്റ്, ഇന്‍ഷുറന്‍സ്, സ്വര്‍ണ്ണം , മറ്റു ആസ്തികള്‍ തുടങ്ങി എല്ലാം ഉള്‍പ്പെടുത്തണം. 

* തൊഴില്‍സ്ഥലത്തെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കൃത്യമായ വിവരങ്ങള്‍ തൊഴിലുടമക്ക് കൈ മാറണം , ഇതില്‍ വ്യക്തമായി ഒരു നോമിനിയെ നിര്‍ദ്ദേശിക്കുകയാണ് ഏറ്റവും പ്രധാനം 
 
* ദമ്പതികള്‍ ബാങ്ക് അക്കൗണ്ടുകളും മറ്റ് സമ്പാദ്യങ്ങളും വെവ്വേറെ സൂക്ഷിക്കുക. അങ്ങിനെയെകുമ്പോള്‍ ഒരാളുടെ മരണത്തെത്തുടര്‍ന്ന് രണ്ടു പേരുടെയും സമ്പാദ്യം മരവിപ്പിക്കുന്നത്  ഒഴിവാക്കാന്‍ സാധിക്കും. 

വില്‍പത്രം രജിസ്റ്റര്‍ ചെയ്യാന്‍ 

വില്‍പത്രം തയ്യാറാക്കാന്‍  നിയമവിദഗ്ദ്ധരുടെ  സഹായം തേടാം. എമിറേറ്റ്‌സ് ഐഡി , പാസ്സ്പോര്‍ട്ട് എന്നിവയാണ്  വില്‍പത്രം രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍. അബുദാബിയിലാണെങ്കില്‍ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്‌മെന്റിന്റെ(എ.ഡി.ജെ.ഡി.) വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

 അപേക്ഷകന്റെ യോഗ്യത പരിശോധിച്ച ശേഷം അപേക്ഷ സ്വീകരിച്ച വിവരം എസ് .എം.എസ് വഴി അപേക്ഷകനെ അറിയിക്കും. അതല്ല അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അക്കാര്യവും അറിയിക്കും. അപേക്ഷ ഫീസും ഓണ്‍ലൈന്‍ ആയി അടക്കാം . 

പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നോണ്‍-മുസ്ലിംസ് വില്‍സ് രജിസ്ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് അപ്പോയ്ന്റ്‌മെന്റ് എടുക്കണം . അപ്പോയ്ന്റ്‌മെന്റ് ലഭിക്കുന്ന ദിവസം നേരിട്ടെത്തി ഒറിജിനല്‍ രേഖകള്‍ ഹാജരാക്കണം നടപടികള്‍ പൂര്‍ത്തിയായാല്‍ വില്‍പത്രം  നിയമവിധേയമാകും. ഇത് നോട്ടറി വകുപ്പ് സാക്ഷ്യപ്പെടുത്തുകയും ചെയ്യും. 950 ദിര്‍ഹമാണ് രജിസ്റ്റര്‍ ചെയ്യാനുള്ള നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 026513257 എന്ന നമ്പറിലോ non-muslims@ adjd.gov.ae എന്ന വിലാസത്തിലോ   ബന്ധപ്പെടാം 

ദുബായില്‍ വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യാന്‍ അംഗീകൃത പരിഭാഷാ കേന്ദ്രങ്ങള്‍ വഴി എല്ലാ രേഖകളും അറബിക്കിലേക്കു പരിഭാഷപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.  ഇതിനു ഏകദേശം 1500 ദിര്‍ഹം ചിലവ് വരും. ഈ രേഖകള്‍ ദുബായ് കോടതിയിലോ,  ഡി.ഐ.എഫ്.സി. വില്‍സ് ആന്‍ഡ് പ്രോബയ്റ്റ്  രെജിസിട്രയിലോ സമര്‍പ്പിച്ച് വില്‍പത്രം രജിസ്റ്റര്‍ ചെയ്യാം. ദുബായ് കോടതിയിലാണെങ്കില്‍ ഏകദേശം 2200 ദിര്‍ഹത്തോളം ചിലവ് വരും.  നടപടികള്‍ പൂര്‍ത്തിയായാല്‍ വില്‍പത്രം നിയമവിധേയമാകും.