യു.എ.ഇ.യിൽ ദീർഘകാലം താമസിക്കുന്ന പ്രവാസികളെ ബാധിക്കുന്ന പ്രധാന വിഷയമാണ് നാട്ടിലുള്ള പ്രായമേറിയ മാതാപിതാക്കളുടെ സംരക്ഷണം. മാസത്തിൽ ചുരുങ്ങിയത് 20,000 ദിർഹം വരുമാനമുള്ള, രണ്ടു ബെഡ്‌റൂം അപ്പാർട്‌മെന്റുള്ളവർക്ക് സ്വന്തം മാതാപിതാക്കളെയും പങ്കാളിയുടെ മാതാപിതാക്കളെയും റെസിഡൻസ് വിസയിൽ കൊണ്ടുവരാൻ സാധിക്കും.

ഇത്തരത്തിൽ മാതാപിതാക്കൾക്ക് ലഭിക്കുന്ന വിസ വർഷത്തിലൊരിക്കൽ പുതുക്കണമെന്ന് മാത്രം. മാതാപിതാക്കൾ രണ്ടു പേരും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ രണ്ടു പേരെയും ഒരുമിച്ച് സ്പോൺസർ ചെയ്യണം. ഒരാൾക്ക് മാത്രമായി താമസാനുമതി ലഭിക്കില്ല. അവർ വിവാഹ മോചിതരാണെങ്കിൽ അത് സാക്ഷ്യപ്പെടുത്തുന്ന രേഖകൾ അപേക്ഷക്കൊപ്പം നൽകണം. അത് പോലെ മാതാപിതാക്കളിലൊരാൾ ജീവിച്ചിരിപ്പില്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ മരണസർട്ടിഫിക്കറ്റും ഹാജരാക്കണം.

ആദ്യം എൻട്രി വിസ

മാതാപിതാക്കൾക്ക് താമസാനുമതി ലഭിക്കാൻ ആദ്യം എൻട്രി വിസ എടുക്കണം. എൻട്രി വിസയെടുത്തു രാജ്യത്തു വന്ന് 60 ദിവസത്തിനകം താമസ വിസയെടുക്കണമെന്നാണ് നിയമം. അംഗീകൃത ടൈപ്പിങ് സെന്ററിൽ നിന്ന് ഇതിനായുള്ള അപേക്ഷ ലഭ്യമാക്കുക. സ്പോൺസർ ചെയ്യുന്നയാളുടെയും മാതാപിതാക്കളുടെയും ഒറിജിനൽ പാസ്പോർട്ടും ഫോട്ടോയും വേണം. സ്പോൺസർ ചെയ്യുന്നയാളുടെ കമ്പനിയിൽ നിന്ന് തൊഴിൽ കരാറിന്റെ കോപ്പിയും ആവശ്യമാണ്. രക്ഷിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ഏകാവകാശിയാണെന്നും ബോധ്യപ്പെടുത്തുന്ന ബന്ധം തെളിയിക്കുന്ന സാക്ഷ്യപത്രം എംബസിയിൽ നിന്ന് ഹാജരാക്കണം.

* മേൽപറഞ്ഞ രേഖകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിൽ സമർപ്പിക്കുക. അപേക്ഷ സ്വീകരിച്ചാലും നിരസിച്ചാലും അപ്രൂവൽ കമ്മിറ്റി രണ്ടാഴ്ചക്കുള്ളിൽ വിവരം അറിയിക്കും

* പിന്നീട് ഫീസ് അടച്ച ശേഷം ഒരു അംഗീകൃത ടൈപ്പിങ് സെന്റർ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക

* താമസകുടിയേറ്റ വകുപ്പിലെത്തി അപേക്ഷയോടൊപ്പം രേഖകളും സമർപ്പിക്കുകയാണ് തുടർന്ന് ചെയ്യേണ്ടത്

* 48 മണിക്കൂറിനുള്ളിൽ എൻട്രി വിസ എംപോസ്റ്റ് വഴി ലഭിക്കും. അതല്ല അടിയന്തര സേവനത്തിനാണ് അപേക്ഷ നൽകിയിരിക്കുന്നതെങ്കിൽ എൻട്രി വിസ അപ്പോൾത്തന്നെ കൗണ്ടറിൽ നിന്ന് ലഭിക്കും

* 2000 ദിർഹം ഡിപ്പോസിറ്റായി കെട്ടി വെക്കണം. താമസവിസയെടുക്കുമ്പോൾ ഡിപ്പോസിറ്റ് നൽകിയതിന്റെ രശീതി അപേക്ഷയോടൊപ്പം നൽകണം. വിസ ക്യാൻസലാക്കുമ്പോൾ ഇത് തിരിച്ചു ലഭിക്കും. അപേക്ഷയോടൊപ്പം നൽകേണ്ട തുക 110 ദിർഹമാണ്.

താമസവിസ ലഭിക്കാൻ

എൻട്രി വിസ ലഭിച്ചാൽ 60 ദിവസത്തിനകം താമസവിസയ്ക്കുള്ള നടപടികൾ പൂർത്തിയാക്കണം. അപേക്ഷ ഫോമിനൊപ്പം മാതാപിതാക്കളുടെ മൂന്ന് ഫോട്ടോ, മാതാപിതാക്കളുടെയും സ്പോൺസർ ചെയ്യുന്നയാളുടെയും ഒറിജിനൽ പാസ്പോർട്ട്, ഒറിജിനൽ എൻട്രി വിസ, മാതാപിതാക്കളുടെ ഹെൽത്ത് കാർഡ്, ഡിപ്പോസിറ്റ് നൽകിയതിന്റെ രശീതി, സ്പോൺസർ ചെയ്യുന്നയാളുടെ തൊഴിൽകരാർ അല്ലെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് എന്നിവയാണ് ഹാജരാക്കേണ്ട രേഖകൾ.

* ആദ്യം വൈദ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് എടുക്കണം

* മേൽപറഞ്ഞ രേഖകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിൽ സമർപ്പിക്കുക. അംഗീകൃത ടൈപ്പിങ് സെന്റർ വഴി പൂരിപ്പിച്ച അപേക്ഷയും ഫീസടച്ച ശേഷം നൽകണം

* താമസവിസ സ്റ്റാമ്പ് ചെയ്ത പാസ്പോർട്ട് എംപോസ്റ്റ് വഴി ലഭിക്കും

* ഇതോടൊപ്പം മാതാപിതാക്കൾക്ക് അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാക്കണമെന്നത് നിർബന്ധമാണ്

* താമസ വിസയ്ക്കുള്ള ഫീസ് 110 ദിർഹമാണ്. എംപോസ്റ്റിന്റെ ഫീസ് 10 ദിർഹവും.