പുതുതായി യു.എ.ഇ.യിൽ എത്തുന്ന എല്ലാവരും താമസിക്കാനൊരിടം നേടിയാൽ ആദ്യമാലോചിക്കുക ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനെപ്പറ്റിയായിരിക്കും. മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഏറെ കാര്യക്ഷമമാണെങ്കിലും സ്വയം വണ്ടിയോടിച്ച് ജോലിക്കും മറ്റിടങ്ങളിലും പോകുന്നത് തന്നെയാണ് സൗകര്യം. എന്നാൽ 200-ൽപരം രാജ്യങ്ങളിൽനിന്ന്, വിവിധ സംസ്കാരങ്ങളിൽനിന്ന്, വിഭിന്നമായ ഡ്രൈവിങ് രീതികളിൽനിന്ന് വരുന്ന യു.എ.ഇ.യിലെ പ്രവാസികൾക്ക് മികച്ച പരിശീലനത്തിനുശേഷം മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളു.

ഡ്രൈവിങ് ലൈസൻസ് ഏകീകരിക്കാനുള്ള തീരുമാനം പരിഗണനയിലുണ്ടെങ്കിലും നിലവിൽ ഏഴു എമിറേറ്റുകളും വ്യത്യസ്തമായാണ് പരിശീലനവും പരീക്ഷയും നടത്തുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കുൾപ്പെടെ 30-ലധികം രാജ്യങ്ങളിലുള്ളവർക്ക് പരിശീലനമോ ഡ്രൈവിങ് ടെസ്റ്റോ ഇല്ലാതെതന്നെ സ്വദേശത്തെ ലൈസൻസ് നേരിട്ട് യു.എ.ഇ. ലൈസൻസ് ആക്കി മാറ്റാം. ഇന്ത്യൻ പ്രവാസികൾക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.

ആവശ്യമായ രേഖകൾ

ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുംമുൻപ് ആദ്യം ഏതെങ്കിലും ക്ലിനിക്കിൽനിന്നോ ആശുപത്രിയിൽനിന്നോ കണ്ണുപരിശോധന നടത്തണം. 150 ദിർഹമാണ് ഇതിന്റെ ചെലവ്. കണ്ണുപരിശോധനയുടെ രേഖ, പാസ്പോർട്ടിന്റെ ഒറിജിനലും പകർപ്പും താമസ പെർമിറ്റിന്റെ പകർപ്പ്, സ്പോൺസറുടെ എൻ.ഒ.സി., എട്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് അപേക്ഷയ്ക്കായി സമർപ്പിക്കേണ്ട രേഖകൾ

നടപടികൾ

* ഏതെങ്കിലും അംഗീകൃത ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് വഴി ഈ രേഖകൾ സമർപ്പിച്ച് ലൈസൻസിനായി ആർ.ടി.എ.യിൽ രജിസ്റ്റർ ചെയ്യാം. ഇതിന് 870 ദിർഹമാണ് നിരക്ക്.

* തിയറി ക്ലാസുകളിലൂടെയാണ് പരിശീലനം തുടങ്ങുന്നത്. എട്ടുമണിക്കൂർ തിയറി ക്ലാസുകൾക്ക് ശേഷം തിയറി ടെസ്റ്റ് ഉണ്ടാകും. അതിനുശേഷമാണ് റോഡിലുള്ള ഡ്രൈവിങ് പരിശീലനം

* സ്വദേശത്തുനിന്ന് ലൈസൻസ് നേടിയിട്ടില്ലാത്തവർക്ക് 40 പരിശീലനക്ലാസുകൾ നിർബന്ധമാണ്. നാട്ടിലെ ലൈസൻസ് ഉള്ളവർക്ക് അതിന്റെ പഴക്കമനുസരിച്ച് 20-30 ക്ലാസുകൾ മതി. ഓരോ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടും വ്യത്യസ്ത തുകകളാണ് ഒരു ക്ലാസ്സിന് ഈടാക്കുന്നത്.

* ക്ലാസുകൾ തുടങ്ങിയാൽ ആദ്യം പാർക്കിങ് പരിശീലനമാണ് നൽകുക. അധികം താമസിയാതെ അഞ്ചു തരം പാർക്കിങ്ങുകൾ പരിശോധിക്കുന്ന പാർക്കിങ് ടെസ്റ്റുകൾ നടത്തും.

* ഇത് പാസായാൽ റോഡ് പരിശീലനത്തിന്റെ നിശ്ചിത ക്ലാസുകൾ പൂർത്തിയാക്കണം. തുടർന്നാണ് റോഡ് ടെസ്റ്റ്. ടെസ്റ്റിനുള്ള ഫീസടച്ചാൽ ആർ.ടി.എ.യിൽനിന്ന് പരീക്ഷയ്ക്കുള്ള തീയതി ലഭിക്കും

* ആർ.ടി.എ. യുടെ പരിശോധകരാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റിൽ വിജയിച്ചാൽ അതാത് ഡ്രൈവിങ് സ്കൂളിന്റെ പാസ് കൗണ്ടറിൽനിന്നുതന്നെ ലൈസൻസ് ലഭിക്കും. ഇതിന് 100 ദിർഹമാണ് നിരക്ക്

* ടെസ്റ്റിൽ വിജയിച്ചില്ലെങ്കിൽ വീണ്ടും ഡ്രൈവിങ് സ്കൂളിൽനിന്ന് എട്ടു ക്ലാസിന്റെ പരിശീലനം നേടണം. എന്നിട്ട് ഡ്രൈവിങ് ടെസ്റ്റിന് രണ്ടാമത് അപേക്ഷിക്കണം. ലൈസൻസ് ലഭിക്കുന്നതുവരെ ഇതുതന്നെ തുടരണം.

ദുബായിലെ അംഗീകൃത ഡ്രൈവിങ്‌ സ്കൂളുകൾ

അൽ അഹ്ലി ഡ്രൈവിങ് സ്കൂൾ: 04-3411500

ബെൽഹാസ ഡ്രൈവിങ് സ്‌കൂൾ: 04-3243535

ദുബായ് ഡ്രൈവിങ് സെന്റർ: 04-3455855

എമിറേറ്റ്‌സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്‌: 04-2631100

ഗലദാരി ഡ്രൈവിങ് സ്കൂൾ: 04-2676166