ദുരിതമനുഭവിക്കുന്നവർക്കും സാമ്പത്തിക തകർച്ച നേരിടുന്നവർക്കും എന്നും താങ്ങും തണലുമാകുന്ന ഒട്ടേറെ നിയമങ്ങൾ യു.എ.ഇ. സർക്കാർ നടപ്പാക്കാറുണ്ട്. ഈ സഹിഷ്ണുതാ വർഷത്തിൽ കാരുണ്യത്തിന്റെ കൈനീട്ടമാണ് യു.എ.ഇ. ജനങ്ങൾക്ക് നൽകുന്നത്. കടങ്ങളും ബാധ്യതയുംമൂലം ജീവിതം വഴിമുട്ടിയവർക്ക് കരുത്തുപകരുന്ന പുതിയ ഫെഡറൽ നിയമത്തിന് യു.എ.ഇ. കാബിനറ്റ് അന്തിമരൂപം നൽകി.

. നിയമത്തിന്റെപരിരക്ഷ ആർക്കൊക്കെ ലഭിക്കും എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ അറിയാം.

പുതിയ നിയമത്തിന്റെ ഗുണങ്ങൾ

* സാമ്പത്തിക തകർച്ചയുടെ വക്കിൽ നിൽക്കുന്നവർക്ക് കടങ്ങൾ വീട്ടാനും ബിസിനസ് സംരംഭങ്ങൾ പിടിച്ചുനിർത്താനും പുതിയ ഫെഡറൽ നിയമം പിന്തുണക്കുന്നു.

* വിദഗ്‌ധരുടെ ഉപദേശപ്രകാരം ബിസിനസ് തുടരാൻ പുതിയ അവസരം.

* കമ്പനികൾക്കും വ്യക്തികൾക്കും പുതിയ നിയമം ഒരുപോലെ ബാധകം.

* നിയമക്കുരുക്കുകളിൽനിന്ന്‌ എളുപ്പം സംരക്ഷണം നേടാം.

* സാമ്പത്തിക കുറ്റവാളി എന്ന പട്ടികയിൽപ്പെടാതെ അഭിമാനക്ഷതമില്ലാതെ കുടുംബത്തോടൊപ്പം ജീവിക്കാം.

നിയമം എങ്ങിനെ, എപ്പോൾ

* ബാങ്ക് വായ്പ തിരിച്ചടക്കാതെയോ മറ്റൊരാൾക്ക് നൽകിയ ചെക്ക് മടങ്ങുകയോ ചെയ്ത് കടക്കെണിയിലായവരെ ബാങ്ക് തന്നെ സഹായിക്കുതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ.

* ഇതനുസരിച്ച് പാപ്പരായവർക്ക് ബാങ്കിനെ സമീപിച്ച് കടക്കെണിയിൽ നിന്ന് പുറത്തുവരാനുള്ള സഹായം തേടാം.

* ബാങ്കോ കോടതിയോ നിശ്ചയിക്കുന്ന വിദഗ്‌ധരുടെ ഉപദേശപ്രകാരം എളുപ്പത്തിൽ തുടർനടപടികൾ സാധ്യമാകും.

* കടബാധ്യത ഉള്ളവരെയും കടം നൽകിയവരെയും ഒരുമിച്ചിരുത്തി മൂന്നുവർഷം കൊണ്ട് ഒത്തുതീർപ്പിന് അനുവദിക്കുന്ന സാഹചര്യമൊരുക്കും.

* 2020 ജനുവരി മുതൽ നിയമം പ്രാബല്യത്തിലാവും.

നിയമം ദുരുപയോഗം ചെയ്താൽ

* കടക്കെണിയിൽനിന്ന്‌ ആശ്വാസമേകുന്ന നിയമം ദുരുപയോഗം ചെയ്താൽ രണ്ട് വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.

* വ്യാജ പരാതിയോ, ഇല്ലാത്ത കടം ഉണ്ടെന്ന് അവകാശപ്പെടുകയോ ചെയ്യുക, കടം പെരുപ്പിച്ച് കാണിക്കുക, കിട്ടാനുള്ള തുക കൂട്ടിപ്പറയുക, സർക്കാർ ഇടപെട്ടിട്ടും കടം തീർക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്കും ശിക്ഷയുണ്ടാകും.

* ലൈസൻസിന് വിരുദ്ധമായ ബിസിനസിൽ പണമിറക്കി നഷ്ടമുണ്ടായവരും ശേഷിക്കപ്പുറത്ത് വൻ തുക മുടക്കി ബിസിനസ് നടത്തി നഷ്ടംവന്നവരും കുറ്റക്കാരാണ്.