ഗാർഹികത്തൊഴിലാളികൾക്ക് ശക്തമായ നിയമപരിരക്ഷ നൽകുന്ന രാജ്യമാണ് യു .എ.ഇ. നിയമങ്ങൾ നവീകരിച്ചും, സുതാര്യമായ സംവിധാനങ്ങളിലൂടെയും രാജ്യത്തിന്റെ നിയമസംവിധാനം ഇത് ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്. ഗവണ്മെന്റിന്റെ മേൽനോട്ടത്തിലുള്ള തദ്ബീറിലൂടെ തൊഴിലാളികളെ നിയമിക്കുക വഴി തൊഴിലാളികളുടെ നിയമനം, വേതനം, തൊഴിൽ കരാർ, ഉത്തരവാദിത്വങ്ങൾ, അവധി ദിവസങ്ങൾ, തർക്കങ്ങൾക്കുള്ള പരിഹാരങ്ങൾ തുടങ്ങിയവയെല്ലാം കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും ഉറപ്പ് വരുത്താൻ സാധിക്കുന്നുണ്ട്. ഇത് ഒരേസമയം തൊഴിലാളികൾക്കും തൊഴിൽ ദാതാക്കൾക്കും ഗുണകരമാണ്.

ഫെഡറൽ നിയമം അനുസരിച്ച് 19 വിഭാഗങ്ങളിലെ തൊഴിലാളികളെയാണ് ഗാർഹിക തൊഴിലാളികളായി കണക്കാക്കുന്നത്. വീട്ടുവേലക്കാർ, കാവൽക്കാരൻ അല്ലെങ്കിൽ സെക്യൂരിറ്റി ഗാർഡ്, ഡ്രൈവർ, വീട്ടിലെ മൃഗങ്ങളെ പരിപാലിക്കുന്നവർ, പരിശീലകൻ, വീട്ടിലെ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ, നാനി, പാചകക്കാരൻ പൂന്തോട്ടം സംരക്ഷിക്കുന്നവർ തുടങ്ങിയവരാണ് ഇതിൽ പ്രധാനം. bbനിയമം പറയുന്നത്bb* 18 വയസ്സിന്‌ താഴെയുള്ളവരെ ഗാർഹിക തൊഴിലാളിയായി രാജ്യത്തേക്ക് കൊണ്ടുവരാൻ പറ്റില്ല.

* വർഗം, നിറം, ലിംഗഭേദം, മതം എന്നിവയെ അടിസ്ഥാനമാക്കി തൊഴിലാളികളോട് വിവേചനത്തോടെ പെരുമാറുന്നത് കുറ്റകരമാണ്

* ശാരീരികമോ, മാനസികമോ, ലൈംഗികമോ ആയ പീഡനങ്ങൾ കുറ്റകരമായി കണക്കാക്കും.

*തൊഴിൽ കരാറിൽ ഉൾപ്പെടാത്ത ജോലികൾ ചെയ്യാൻ തൊഴിലാളിയെ നിർബന്ധിക്കാനും തൊഴിലുടമക്ക് അവകാശമില്ല.

* നിശ്ചയിച്ച ശമ്പള ദിവസം കഴിഞ്ഞ് പരമാവധി പത്ത് ദിവസത്തിനകമെങ്കിലും ശമ്പളം നല്കണമെന്ന് ഗാർഹിക തൊഴിലാളി നിയമം അനുശാസിക്കുന്നു.

* ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോടു കൂടിയ അവധി വേണം

* ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി നല്കാൻ പാടില്ല. തൊഴിലാളിക്ക് 12 മണിക്കൂർ വിശ്രമം വേണം. ഇതിൽ എട്ടു മണിക്കൂർ തുടർച്ചയായ വിശ്രമവും നൽകിയിരിക്കണം

* 30 ദിവസത്തെ വാർഷിക അവധിക്കും 30 ദിവസത്തെ മെഡിക്കൽ അവധിക്കും തൊഴിലാളിക്ക് അവകാശമുണ്ട്.

* ഗാർഹിക തൊഴിലാളിക്ക് തൊഴിലുടമ ആരോഗ്യ പരിരക്ഷ നിർബന്ധമായും ലഭ്യമാക്കണം.

* രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ പോയി വരാനുള്ള വിമാനടിക്കറ്റ് നൽകേണ്ടതും തൊഴിലുടമയുടെ ബാധ്യതയാണ്.

* നല്ല ഭക്ഷണവും , താമസസൗകര്യവും തൊഴിലാളിക്ക് നൽകണം.

* പാസ്‌പോർട്ട് , എമിറേറ്റ്‌സ് ഐഡി തുടങ്ങിയ വ്യക്തിഗതരേഖകൾ സൂക്ഷിക്കാനുള്ള അവകാശം തൊഴിലാളിക്കാണ്.

* തർക്കങ്ങൾ മാനവ വിഭവശേഷി- സ്വദേശിവത്‌കരണ മന്ത്രലയം വഴി പരിഹരിക്കണം. രണ്ടാഴ്ചക്കകം തീർപ്പുണ്ടായില്ലെങ്കിൽ വിഷയം കോടതിയിലെത്തും.

bbതൊഴിൽ കരാർ പാലിക്കണംbb മിനിമം വേതന വ്യവസ്ഥ ഇല്ലാത്തതിനാൽ കരാർ തൊഴിലാളി മനസ്സിലാക്കിയെന്ന് ഉറപ്പു വരുത്തണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. തൊഴിൽകരാറിന്റെ കോപ്പി നിയമന ഏജൻസി തൊഴിലാളി സ്വദേശത്ത്നിന്ന്‌ പുറപ്പെടുന്നതിനു മുൻപ് തന്നെ നൽകണം. ഈ കരാറിന് മാനവ വിഭവശേഷി - സ്വദേശിവത്‌കരണ മന്ത്രാലയത്തിന്റെ അംഗീകാരം വേണമെന്നതും നിർബന്ധമാണ്. കരാറിലെ നിബന്ധനകൾ, ജോലിയുടെ സ്വഭാവം, ശമ്പളം, ജോലി സമയം എന്നിവയെക്കുറിച്ച് രാജ്യത്തെത്തുന്നതിന് മുൻപ് തന്നെ തൊഴിലാളിക്ക് പറഞ്ഞു കൊടുക്കണമെന്നും നിയമം അനുശാസിക്കുന്നു. എതിർ കക്ഷി ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ തൊഴിലാളിക്കും തൊഴിലുടമക്കും കരാർ റദ്ദാക്കാൻ അവസരമുണ്ട്.