: യു.എ.ഇ.യിൽ എത്തുന്നതിന് മുൻപുതന്നെ ഗാർഹിക തൊഴിലാളികൾ അവർക്കുള്ള നിയമങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. അവർക്ക് നിയമങ്ങളിൽ കൃത്യമായ അവബോധം നൽകേണ്ടത് റിക്രൂട്ട്‌മെന്റ് ഏജൻസികളാണ്. അതേസമയംതന്നെ ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷണവും യു.എ.ഇ. സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. ഗാർഹികതൊഴിലാളികൾക്കുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതിനോടൊപ്പം ഒരു പുതിയ നിയമംകൂടി രാജ്യം നടപ്പാക്കുന്നു. 60 വയസ്സ് കഴിഞ്ഞാലും ആരോഗ്യമുണ്ടെങ്കിൽ ഗാർഹിക തൊഴിലാളികൾക്ക് ഇനിമുതൽ യു.എ.ഇയിൽ ജോലിയിൽ തുടരാം. സ്ഥിരതാമസവിസയും വിരമിക്കൽ വിസയുമടക്കം താമസ നിയമങ്ങളിലെ ഭേദഗതിയുടെ ഭാഗമായാണ് 60 കഴിഞ്ഞാലും വീട്ടുജോലി തുടരാമെന്ന നിയമം യു.എ.ഇ. നടപ്പാക്കുന്നത്.

അറിഞ്ഞിരിക്കണം നിബന്ധനകൾ

* മെഡിക്കൽ പരിശോധന പാസായിരിക്കണം.

* യു.എ.ഇ.യിലെ അവരുടെ സർവചികിത്സാ ചെലവും തൊഴിലുടമ വഹിക്കണം.

* താമസവിസ ദീർഘിപ്പിച്ച് അധികൃതരിൽനിന്നുള്ള രേഖ ഹാജരാക്കണം.

* സർക്കാരിൽനിന്നുള്ള ഔദ്യോഗിക അംഗീകാരം ലഭിക്കണം.

ഓർമയിലേക്ക് ഇക്കാര്യങ്ങൾകൂടി

ദീർഘകാലത്തേക്ക് വീട്ടുജോലിക്കാരെ ജോലിയിൽ നിർത്തണമെന്ന് ആഗ്രഹിക്കുകയും പ്രായം അവരുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് കരുതുന്നവരുമായ വീട്ടുടമകളുടെ ആവശ്യം പരിഗണിച്ചാണ് യു.എ.ഇ. മാനവവിഭവശേഷി, ഇമിറാറ്റൈസേഷൻ മന്ത്രാലയത്തിന്റെ തീരുമാനം. പൊതുവേ യു.എ.ഇ.യിൽ 60 വയസ്സ് എന്നത് പ്രവാസികളുടെ വിരമിക്കൽ പ്രായമായാണ് കണക്കപ്പെടുന്നത്. എന്നാൽ പ്രൊഫഷണലുകൾക്കും യു.എ.ഇ.യിൽ താമസമാക്കിയവർക്കും 60 കഴിഞ്ഞും വിസ നേടാവുന്നതാണ്.