ഏതാനും മാസംമുൻപ്‌ ചില വിഭാഗം ഉത്‌പന്നങ്ങൾക്ക് എക്സൈസ് നികുതി വന്നപ്പോൾതന്നെ പ്രവാസികളിൽ അങ്കലാപ്പ് തുടങ്ങിയിരുന്നു. 
ജനുവരി ഒന്നുമുതൽ വരാൻപോകുന്ന മൂല്യവർധിത നികുതിയെക്കുറിച്ചായി പിന്നെ ചർച്ചകളെല്ലാം. അതിനിടയിൽതന്നെയാണ് പുതിയൊരു നികുതികൂടി അധികം വൈകാതെ വരുമെന്നൊരു പ്രഖ്യാപനംകൂടി യു.എ.ഇ. സാമ്പത്തിക മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നുണ്ടായത്. അത് ഏതുരീതിയിലായിരിക്കുമെന്ന രഹസ്യം അവർ പുറത്തുവിട്ടിട്ടില്ല. എന്നാലും വലുതെന്തോ വരാനിരിക്കുന്നു എന്നൊരു തോന്നൽ എല്ലാ വിഭാഗം പ്രവാസികളിലുമുണ്ട്, സമ്പന്നരിൽ പ്രത്യേകിച്ചും. 
 
ഇതുവരെ നികുതിയുടെ വലക്കണ്ണികളെക്കുറിച്ച് ഗൾഫ് നാടുകളിലെ പ്രവാസികളാരും ആലോചിച്ച് തലപുണ്ണാക്കിയിരുന്നില്ല. എന്നാൽ, പുതുവർഷാരംഭംമുതൽ നടപ്പാവാൻപോകുന്ന വാറ്റ് എന്നത്  നിത്യജീവിതത്തെ ബാധിക്കുമെന്നകാര്യത്തിൽ എല്ലാവരും ഇതിനകംതന്നെ സ്വയം ബോധ്യപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.
 
ഇതുവരെ നികുതിയുടെ വലക്കണ്ണികളെക്കുറിച്ച് ഗൾഫ് നാടുകളിലെ പ്രവാസികളാരും ആലോചിച്ച് തലപുണ്ണാക്കിയിരുന്നില്ല. എന്നാൽ, പുതുവർഷാരംഭംമുതൽ നടപ്പാവാൻപോകുന്ന വാറ്റ് എന്നത്  നിത്യജീവിതത്തെ ബാധിക്കുമെന്നകാര്യത്തിൽ എല്ലാവരും ഇതിനകംതന്നെ സ്വയം ബോധ്യപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. 
ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യയും യു.എ.ഇ.യുമാണ് ജനുവരി ഒന്നിന് വാറ്റ് നടപ്പാക്കുന്നത്‌.
 
രണ്ടുവർഷം മുൻപുതന്നെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) ഇതുസംബന്ധിച്ച ധാരണയിലെത്തിയതാണ്. എന്നാൽ, ജൂണിൽ ഖത്തറിനെതിരേ സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഉപരോധം കൊണ്ടുവന്നതോടെ ജി.സി.സി.യിലെ ഐക്യത്തിൽ വിള്ളൽവീണു. ഒമാനും കുവൈത്തും വിഷയത്തിൽ സമദൂരം പാലിച്ചപ്പോൾ വിള്ളൽ കൂടുതൽ പ്രത്യക്ഷമായി. മധ്യസ്ഥശ്രമങ്ങളുമായി കുവൈത്ത് അമീറും ഒമാനും നടത്തിയ ചർച്ചകളൊന്നും എവിടെയുമെത്തിയില്ല.
 
ഇതിനിടയിൽ ഉപരോധം മറികടക്കാൻ ഖത്തർ, സൗദി സഖ്യത്തിന്റെ മുഖ്യശത്രുവായ ഇറാനുമായി കൈകോർത്തത് പ്രശ്നം കൂടുതൽ വഷളാക്കാനും കാരണമായി. ഇതോടെ ഖത്തർ വാറ്റിനെക്കുറിച്ച് മൗനംപാലിച്ചുതുടങ്ങി. മറ്റു രാജ്യങ്ങൾ 2018-ൽ വാറ്റ് നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എന്നാൽ, ഇതെല്ലാം ഗൾഫ് വിപണിയിൽ എന്ത് പ്രത്യാഘാതമാണ് ഭാവിയിൽ സൃഷ്ടിക്കാൻപോകുന്നത് എന്നൊരു ആശങ്ക വൻകിട കമ്പനികളും വാണിജ്യകേന്ദ്രങ്ങളും വെച്ചുപുലർത്തുന്നു.
 
ചെലവ്‌ ചുരുക്കേണ്ടിവരും
 
താമസച്ചെലവും വിദ്യാഭ്യാസവുമാണ് ഒരു ശരാശരി ഗൾഫ് മലയാളിയുടെ ഏറ്റവും വലിയ ചെലവിനം. ഇത് മറികടക്കാനായി ശരാശരിക്കാരായ ആയിരക്കണക്കിനാളുകൾ ഇതിനകംതന്നെ കുടുംബത്തെ നാട്ടിലേക്കയച്ച് ചെലവ് കുറയ്ക്കാനുള്ള ശ്രമം നേരത്തേതന്നെ തുടങ്ങിയിരുന്നു. വാറ്റിന്റെ വരവോടെ ഇത്തരത്തിൽ ചിന്തിക്കുന്നവരുടെ എണ്ണം ഇനിയും കൂടും. അടുത്ത അധ്യയനവർഷത്തോടെ ഇത്തരത്തിലുള്ള തിരിച്ചൊഴുക്കിന് വേഗംകൂടുമെന്നാണ് പ്രവാസി സംഘടനകൾതന്നെ സാക്ഷ്യപ്പെടുത്തുന്നത്.
 
ഇതിനെല്ലാം പുറമേയാണ് തൊഴിൽവിപണിയിലെ പ്രശ്നങ്ങൾ. സാമ്പത്തികരംഗം ക്രമപ്പെടുത്താനായി കൂടുതൽ അച്ചടക്കനടപടികളിലാണ് മിക്ക കമ്പനികളും. ജീവനക്കാരെ കുറച്ചും ആഡംബരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും ചെലവുചുരുക്കാനുള്ള ശ്രമം നേരത്തേതന്നെ പലരും തുടങ്ങിയിരുന്നു. ഇതിനുപുറമേയാണ് സ്വദേശിവത്‌കരണ പ്രക്രിയകൾക്ക് ഗൾഫ് നാടുകളിൽ വേഗംകൂടുന്നതും. നിതാഖാത്ത് എന്നപേരിൽ സൗദി അറേബ്യ മൂന്നുവർഷം മുൻപാരംഭിച്ച സ്വദേശിവത്‌കരണ പ്രക്രിയകൾ വിപണിയിലെ ഓരോ മേഖലയിലേക്കായി കടന്നുകയറുകയാണ്. പുതുവർഷംമുതൽ അവിടെ സ്ത്രീകൾക്കും ഡ്രൈവിങ്‌ ലൈസൻസ് നൽകുന്നതോടെ ആയിരക്കണക്കിന് വിദേശികളുടെ ഡ്രൈവർ ജോലിയിൽ പ്രതിസന്ധി ഉറപ്പാകും.
 
സ്വദേശി വനിതകൾക്ക് മാത്രമായി ടാക്സി കാറുകൾ ഓടിക്കുന്നതിനും അനുമതിയായിക്കഴിഞ്ഞു. ഇതെല്ലാം പലപല തലങ്ങളിലായി എല്ലാ ഗൾഫ് നാടുകളിലേക്കും കടന്നുവരികയാണ്. വാറ്റ് മൂലമുള്ള  അധികച്ചെലവും സ്വദേശിവത്‌കരണം മൂലമുള്ള തൊഴിൽ സുരക്ഷിതത്വഭീഷണിയും പ്രവാസികളിലാണ് ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. മറ്റ് അറബുനാടുകളിൽനിന്നും ഏഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ളവരുടെ കുത്തൊഴുക്കും ഇന്ത്യയിൽനിന്നുളള  പ്രവാസികൾക്ക്  തൊഴിൽവിപണിയിൽ  വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
 
ആ ഒഴുക്ക് ഇനിയും തുടരും.  ഇതിനെയെല്ലാം അതിജീവിക്കാനാവും ഇനി പ്രവാസിയുടെ ശ്രമങ്ങൾ. അതേസമയം വരുംവർഷങ്ങളിൽ കൂടുതൽ സേവനങ്ങളും ഉത്‌പന്നങ്ങളും  വാറ്റിന്റെ പരിധിയിൽ വന്നേക്കാം എന്നു സംശയിക്കുന്നവർ ഏറെയാണ്. അതിനിടയിലാണ് യു.എ.ഇ.യിൽ പുതിയൊരു നികുതികൂടി വന്നേക്കുമെന്ന പ്രഖ്യാപനം. ആഡംബരവാഹനങ്ങളുടെ ഉടമകൾക്കാണോ അതല്ല, നാട്ടിലേക്കയക്കുന്ന പണത്തിനാണോ ഇത് വരിക എന്നാലോചിച്ച് തലപുകയ്ക്കുന്നുണ്ട് പലരും. 
 
എന്തായാലും ഒരു കാര്യം ഉറപ്പ്. നികുതിയില്ലാത്ത പറുദീസ എന്ന വിശേഷണം ഗൾഫ് നാടുകളുടെ ആകർഷണമാകില്ല ഇനിയൊരിക്കലും. നികുതിയുടെ വലക്കണ്ണികൾ അധികം കുരുക്കാകാതെനിൽക്കുമോ എന്നതിനെക്കുറിച്ച് മാത്രമേ ഇനി ആലോചിക്കാനുള്ളൂ.