മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ...
 
തൊരു മലയാളിയുടെയും മനസ്സില്‍ പാടിപ്പതിഞ്ഞ ഈരടികള്‍. ഓണത്തെക്കുറിച്ചുള്ള മനോഹരമായ സങ്കല്‍പ്പങ്ങളിലൊന്ന് ഈ വരികളിലുണ്ട്. തുടര്‍ന്നുളള വരികളും സമത്വം നിറഞ്ഞ കാപട്യമേതുമില്ലാത്ത ലോകത്തെയും മനുഷ്യരെയുമാണ് കൊണ്ടാടുന്നത്. പ്രവാസഭൂമിയിലെ ഓണാഘോഷങ്ങള്‍ എപ്പോഴും അത്തരം ഓര്‍മ്മകളിലേക്കാണ് നമ്മളെ കൊണ്ടുപോകുന്നത്.
 
ഓഫീസിലും അപ്പാര്‍ട്മെന്റുകളിലും വലിയ ഹാളുകളിലുമെല്ലാമായി മാസങ്ങളോളം നീളുന്ന ആഘോഷങ്ങളുടെ സംഘാടകരെല്ലാം മലയാളികളായിരിക്കാം. പക്ഷെ പരിചയത്തിലുള്ള എല്ലാ നാട്ടുകാരെയും അത്തരം ആഘോഷങ്ങളില്‍ പങ്കാളികളാക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട് എന്നതാണ് ഗള്‍ഫ് നാടുകളിലെ ഓണാഘോഷത്തിന്റെ തിളക്കം കൂട്ടുന്നത്. അതിഥികളായെത്തുന്ന അറബ് വംശജരുള്‍പ്പെടെയുള്ള വിദേശികള്‍ക്കും ഇപ്പോള്‍ ഓണം അവരുടെത് കൂടിയായ ആഘോഷം പോലെ ചിരപരിചിതമായിരിക്കുന്നു. തൂശനിലയില്‍ നിന്ന് അച്ചാറും പപ്പടവും പായസവുമൊക്കെ രുചിക്കുന്ന ചൈനക്കാരനും പാകിസ്ഥാനിയും  ഫിലിപ്പിനിയും വെള്ളക്കാരനുമെല്ലാം ഗള്‍ഫിലെ ഓണത്തിന്റെ സ്ഥിരം കാഴ്ചയാണ്. 
 
യു.എ.ഇ യിലെ മിക്ക ഓഫീസുകളിലും ഓണത്തിന്റെ ഭാഗമായി സദ്യ ഒരുക്കുന്ന ഏര്‍പ്പാടുകളുണ്ട്. ഓഫീസ് മേധാവികളും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം അതില്‍ പങ്കുചേരുന്നു. ഷോപ്പിങ് മാളുകള്‍ ഓണത്തിനായി ഒരുങ്ങിനില്‍ക്കുന്നു. അവിടെയും സ്വദേശി- വിദേശി വ്യത്യാസങ്ങളില്ല. ആദ്യം തന്നെ ഓണത്തിന്റെ വരവറിയിക്കുന്നത് മലയാളികള്‍ ഏറെയെത്തുന്ന വ്യാപാരകേന്ദ്രങ്ങളാണ്.  കസവ് സാരികളും പുതുവസ്ത്രങ്ങളും പുത്തന്‍ ആഭരണങ്ങളുമെല്ലാം  അവിടെ അണിനിരക്കുന്നു. പച്ചക്കറികള്‍ ലോകത്തിന്റെ വിവിധ നഗരങ്ങളില്‍ നിന്നായി എത്തുന്നു. പൂക്കളുമായി വിമാനങ്ങള്‍ വന്നിറങ്ങുന്നു. അങ്ങിനെ ഓണവിപണി കൊഴുക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് ആഘോഷങ്ങളുടെ പെരുമ്പറ മുഴങ്ങും. കലാമേളകളില്‍ നാടന്‍ കലകളും ഓണപ്പാട്ടുകളുമെല്ലാം സുലഭം. നല്ല കുടവയറുള്ളവര്‍ക്കും ഡിമാണ്ടുള്ള നാളുകളാണ് ഇനി ഗള്‍ഫ് നാടുകളില്‍. കുടവയറുള്ള ദേഹത്ത് ആടയാഭരണങ്ങള്‍ ചാര്‍ത്തി തലയിലൊരു കിരീടവും വെച്ച് മഹാബലി വേഷക്കാര്‍ അരങ്ങ് തകര്‍ക്കും. വേദിയിലെ പ്രധാന ഇരിപ്പിടം മാവേലിക്കാണ്. സമ്മേളനം കഴിഞ്ഞാല്‍ കലാപരിപാടികള്‍ക്കിടയില്‍ സദസ്സിലും സദ്യ നടക്കുന്ന ഹാളിലുമൊക്കെയായി മഹാബലി കറങ്ങിനടക്കും. മാവേലിയോടൊപ്പെം സെല്‍ഫിയെടുക്കാന്‍ ജനം ക്യൂ നില്‍ക്കും. പിന്നെ അത് സോഷ്യല്‍ മീഡിയിയലൂടെ ഒഴുകിപ്പരക്കും.
 
ഇത്തവണ ഓണം നാട്ടില്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പുമായി ആയിരക്കണക്കിന് കുടുംബങ്ങള്‍ പോയിട്ടുണ്ട്. അവിടെ വീട്ടുകാരോടൊപ്പം ഓണമുണ്ടശേഷം അവര്‍ പറന്നെത്തും. പെരുന്നാള്‍ അവധിയും സ്‌കൂള്‍ അവധിയുമെല്ലാം കണക്കുകൂട്ടിയാണ് പലരും നാട്ടിലേക്ക് യാത്രപോയത്. ഇനി അവര്‍ കൂടി എത്തിയാല്‍ ഇവിടെ  ഓണം കുറെക്കൂടി ആവേശത്തോടെ  പൊടിപൊടിക്കും .അത് ക്രിസ്മസ് വരെ തുടരുമെന്നതാണ് ഇന്നത്തെ  നില.  നാട്ടിലുള്ളതിനേക്കാള്‍ ആവേശമുണ്ട് പ്രവാസലോകത്തെ ഓരോ ആഘോഷത്തിനും. എല്ലാം മറന്നുള്ള കൂടിച്ചേരലാണ് ഈ ആഘോഷങ്ങള്‍. ഓണം എന്നത് ലോകത്തിന്റെ പൊതുവായ ആഘോഷവും ഉല്‍സവവുമാണെന്ന് തെളിയിക്കുന്നുണ്ട് ഗള്‍ഫ് നാടിലെ ഓരോ കൂട്ടായ്മയും. അത് തന്നെയാണ് ഓണത്തിന്റെ സന്ദേശവും.