2018 ജനുവരി ഒന്ന് ഗൾഫ് രാജ്യങ്ങളെ സംബന്ധിച്ച് പുതുവർഷപ്പുലരി എന്നതിലപ്പുറം പുതിയ സാന്പത്തിക വർഷത്തിന്റെ തുടക്കംകൂടിയാണ്. മേഖലയിലെ പ്രധാന രാജ്യങ്ങളായ സൗദി അറേബ്യയിലും യു.എ.ഇ.യിലും ജനുവരി ഒന്നുമുതൽ മൂല്യവർധിത നികുതി (വാറ്റ്) നിലവിൽവരും. കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ 2018-ൽ തന്നെ വാറ്റ് നടപ്പാക്കും. 2019 ജനുവരി ഒന്നുമുതൽ വാറ്റ് നടപ്പാക്കുമെന്ന് ഒമാൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

ചരക്ക്-സേവന നികുതി, വാറ്റ് ഇവയൊക്കെ എന്താണെന്നത് നമ്മൾ മലയാളികളെ പറഞ്ഞുപഠിപ്പിക്കേണ്ട ആവശ്യമില്ല. എന്നാൽ, നികുതികൾ ബജറ്റിന്റെ ഭാഗമല്ലാത്ത ഗൾഫ് മേഖലയിലെ ഭൂരിഭാഗം ജനങ്ങൾക്കും ഇവയൊക്കെ അപരിചിതമാണ്. കോർപ്പറേറ്റുകൾ നേരിട്ടൊടുക്കുന്ന കോർപ്പറേറ്റ് നികുതിയല്ലാതെ മറ്റൊരു നികുതിയും പരിചയമില്ലാത്ത ഗൾഫിലെ ജനങ്ങൾക്ക് വാറ്റ് എന്നത് തികച്ചും പുതിയ അനുഭവമായിരിക്കും.

ഇടിയുന്ന എണ്ണവില

ഉടച്ചുവാർക്കലിന്റെ പാതയിലാണ് ഗൾഫ് രാജ്യങ്ങൾ. ഗൾഫ് രാജ്യങ്ങളുടെ ആഭ്യന്തര ഉത്പാദനത്തിൽ 50 മുതൽ 90 ശതമാനംവരെ സംഭാവനചെയ്യുന്ന എണ്ണയുത്പാദനം വെല്ലുവിളിനേരിടുന്ന ഘട്ടത്തിലാണ് പുതിയ പരിഷ്കരണങ്ങളുമായി ഗൾഫ് രാജ്യങ്ങൾ മുന്നോട്ടുപോകുന്നത്. എണ്ണവിലയിലുണ്ടായ ഇടിവ് ഖനന മേഖലയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരിക്കുന്ന രാജ്യത്തെ മറ്റ് മേഖലകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

എണ്ണക്കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തിലൂന്നിയാണ് ഗൾഫ് രാജ്യങ്ങളുടെ ഇതുവരെയുണ്ടായിരുന്ന നിലനിൽപ്പ്. എന്നാൽ, 2014 മുതൽ ഖനനമേഖല പ്രതിസന്ധിയിലായിത്തുടങ്ങി. 2008-ൽ ബാരലിന് 147 ഡോളറായി ഉയർന്ന എണ്ണവില 2016 ഫെബ്രുവരിയായപ്പോഴേക്കും റെക്കോഡ് താഴ്ചയായ 25 ഡോളറിലെത്തിയിരുന്നു. രാജ്യങ്ങൾക്ക് നൽകുന്ന ക്രെഡിറ്റ് റേറ്റിങ് ഉൾപ്പെടെയുള്ളവയിൽ താഴേക്ക് പോകാതിരിക്കാനും തങ്ങളുടെ സമ്പദ്‍വ്യവസ്ഥയെ തിരിച്ചടിയിൽനിന്ന് കരകയറ്റാനുമായി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) മറ്റ് മാർഗങ്ങൾ തേടിത്തുടങ്ങി. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ചില ഗൾഫ് രാജ്യങ്ങളുടെയെങ്കിലും റേറ്റിങ് താഴേക്കുപോയിട്ടുണ്ട്. ധനക്കമ്മിയിലും വ്യാപാരക്കമ്മിയിലും തുടർച്ചയായ വർധനയാണ് രേഖപ്പെടുത്തുന്നത്.

വരുമാനം കണ്ടെത്താൻ ജി.സി.സി.

എണ്ണക്കയറ്റുമതിയിലുണ്ടായ കുറവിൽനിന്നുള്ള നഷ്ടത്തെ മറികടക്കാനും വികസനപദ്ധതികൾ നടപ്പാക്കാനുമായി, പദ്ധതിച്ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനുപുറമേ കൂടുതൽ കടം വാങ്ങുകയെന്ന മാർഗമാണ് ചില രാജ്യങ്ങൾ അവലംബിച്ചത്. വരവും ചെലവും തമ്മിലുള്ള അന്തരം പരിഹരിക്കാനായി സബ്സിഡികൾ കുറയ്ക്കുകയും വെള്ളം, വൈദ്യുതി എന്നിവയ്ക്കുള്ള വില കൂട്ടുകയും ചെയ്തു. ഇതോടെ പതുക്കെയാണെങ്കിലും ഗൾഫ് മേഖലയിൽ ജീവിതച്ചെലവ് ഉയർന്നുകൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയിലുണ്ടായ മാറ്റത്തിലൂടെ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിച്ചുള്ള ഗതാഗതസംവിധാനത്തിൽനിന്ന് രാജ്യങ്ങൾ മാറിച്ചിന്തിക്കാനാരംഭിച്ചതോടെ ഭാവിയിൽ പണ്ടത്തെപ്പോലെത്തന്നെ എണ്ണവില ആകാശം തൊടുമെന്ന പ്രതീക്ഷ വെച്ചുപുലർത്തുന്നതിൽ അർഥമില്ല.

ചുരുങ്ങിയ കാലത്തിനുള്ളിൽ എണ്ണ വർധിക്കുമെന്നുപോലും പ്രവചിക്കാനാവില്ല. എന്തുതന്നെയായാലും ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ വരുമാനത്തിന്റെ (പണത്തിന്റെ) കടുത്ത ആവശ്യത്തിലാണ്. ഇക്കാരണങ്ങൾകൊണ്ടാണ് 2015 നവംബറിൽ നടന്ന ജി.സി.സി. രാജ്യങ്ങളിലെ കേന്ദ്രബാങ്ക് ഗവർണർമാരുടെ യോഗം ഉപഭോഗാടിസ്ഥാനത്തിലുള്ള നികുതി കൊണ്ടുവരണമെന്ന അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.)യുടെ നിർദേശം അംഗീകരിക്കാൻ തീരുമാനിച്ചത്. ചെറിയശതമാനം നികുതി ചുമത്തുന്നത് രാജ്യത്തിന്റെ വരുമാനത്തിൽ വലിയ വർധനയുണ്ടാക്കുമെന്ന് ബോധ്യപ്പെട്ടതോടെയാണ് വാറ്റ് നടപ്പാക്കാൻ ജി.സി.സി. തീരുമാനിക്കുന്നത്. അടുത്ത രണ്ടുവർഷത്തിനുള്ളിൽ ആഭ്യന്തര ഉത്പാദനത്തിന്റെ 1.5 ശതമാനംമുതൽ രണ്ട് ശതമാനംവരെ വാറ്റ് സംഭാവന ചെയ്യുമെന്നാണ് ജി.സി.സി.യുടെ പ്രതീക്ഷ.

വാറ്റും യു.എ.ഇ.യും

വിതരണ ശൃംഖലയുടെ ഓരോ ഘട്ടത്തിലും നികുതിയീടാക്കുന്നതാണ് വാറ്റ് അഥവാ മൂല്യവർധിത നികുതിയെന്നതിനാൽ മുഴുവൻ നികുതിച്ചെലവും അന്തിമ ഉപഭോക്താവിനായിരിക്കും. എന്നാൽ, നികുതി സ്വീകരിക്കുകയും അവ അക്കൗണ്ട്ചെയ്ത് സൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ സർക്കാരിനുവേണ്ടി നികുതി സ്വീകരിക്കുന്നയാളെന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് വ്യവസായ സ്ഥാപനങ്ങൾക്ക് ചെയ്യേണ്ടിവരിക. യു.എ.ഇ.യിൽ നിലവിലുള്ള ചട്ടമനുസരിച്ച് രാജ്യത്ത് ഇറക്കുമതിചെയ്യുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും വാറ്റ് ചുമത്തും.

വിദേശ വസ്തുക്കൾക്കും സ്വദേശി ഉത്പന്നങ്ങൾക്കും തുല്യമായി പരിഗണിക്കുന്നതിന് വേണ്ടിയാണിത്. 3,75,000 ദിർഹത്തിന് (ഏകദേശം 65.6 ലക്ഷം രൂപ) മേൽ വിറ്റുവരവുള്ള കമ്പനികൾ വാറ്റ് അനുസരിച്ച് രജിസ്റ്റർ ചെയ്തിരിക്കണം. ഭൂമി സംബന്ധമായ ഇടപാടുകൾ വാണിജ്യാവശ്യത്തിനാണോ ഗാർഹികാവശ്യത്തിനാണോ എന്നത് പരിഗണിച്ചാകും നികുതി തീരുമാനിക്കുക. വാണിജ്യാടിസ്ഥാനത്തിലുള്ള ഭൂമിയിടപാടുകൾക്ക് (വിൽപ്പന/പാട്ടം) അടിസ്ഥാന വാറ്റ് നിരക്കായ അഞ്ചുശതമാനമാണ് നികുതി ചുമത്തുക.

അവശ്യവസ്തുക്കളും സേവനങ്ങളും ജി.സി.സി. അംഗരാഷ്ട്രങ്ങൾക്കുപുറമേ മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, അന്താരാഷ്ട്ര ഗതാഗതവും അനുബന്ധ പ്രവൃത്തികളും, നിർമാണം കഴിഞ്ഞ് മൂന്നുവർഷത്തിനുള്ളിൽ കൈമാറുന്ന ഗാർഹികാവശ്യത്തിനുള്ള ഭൂസ്വത്തും വസ്തുവകകളും, ചില വിദ്യാഭ്യാസ സേവനങ്ങൾ എന്നിവയെ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടെലികോം, വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയുടെ വിലയിലായിരിക്കും നികുതിയെത്തുന്നതോടെ കൂടുതൽ വർധനവരിക. പൊതുഗതാഗത സംവിധാനത്തെ പൂർണമായും നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്തകാലത്തായി ഇന്ധനം, വൈദ്യുതി, വെള്ളം എന്നിവയുടെ വിലയിൽ ജി.സി.സി. കൊണ്ടുവന്നിട്ടുള്ള വർധനയ്ക്ക് പുറമേയെത്തുന്ന നികുതി ജനങ്ങൾക്ക് കൂടുതൽ ഭാരമുണ്ടാക്കുമെന്ന കാര്യം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

നികുതി നിർണയിക്കുമ്പോൾ

ജനങ്ങളുടെ പോക്കറ്റിന് അത്ര ഭാരമാകാതെ അടിസ്ഥാനനിരക്ക് അഞ്ചുശതമാനമാക്കി നിജപ്പെടുത്തിയത് ആശ്വാസം നൽകുന്ന വസ്തുതയാണ്. എന്നാൽ, ഓരോ വ്യക്തിയുടെയും ഉപഭോഗ സ്വഭാവമാകും അവരൊടുക്കേണ്ട നികുതിയെത്രയെന്ന് നിർണയിക്കുക. എന്നാൽ, ഗൾഫിൽ ജോലിചെയ്യുന്ന അന്യരാജ്യക്കാർ നാട്ടിലേക്ക് പണമയയ്ക്കുമ്പോൾ സേവനനിരക്കിന്റെ അഞ്ചുശതമാനം വാറ്റായി നൽകേണ്ടിവരും. നിലവിൽ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് പ്രത്യേക ഇളവുകൾ നൽകിയിട്ടില്ല.

വിദേശത്തുനിന്നുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും നികുതി ചുമത്തുന്നതോടെ ഇറക്കുമതി ചെലവേറിയതാകുമെന്നതിൽ സംശയമില്ല. ഗൾഫ് ജനതയുടെ ഗാർഹികച്ചെലവിൽ വാറ്റ് 1.5 ശതമാനത്തിന്റെ വർധനയുണ്ടാക്കുമെന്നാണ് കരുതുന്നത്. കൃത്യമായ കണക്കുകൾ സൂക്ഷിക്കാത്ത ചെറുകിട-ഇടത്തരം കച്ചവടക്കാർ ഇനിമുതൽ കണക്ക് സൂക്ഷിക്കേണ്ടിവരും. വാറ്റെത്തുന്നതോടെ നികുതിക്ക്‌ ആനുപാതികമായി പണപ്പെരുപ്പനിരക്ക് ഉയരില്ലെന്നാണ് കരുതാനാവുക. എന്നാൽ, പുതിയ നികുതി സമ്പ്രദായമെത്തുന്നതോടെ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിലെ തുടർച്ച നിലനിർത്തുകയെന്നതാണ് ജി.സി.സി.യുടെ മുന്നിലെ പ്രധാന വെല്ലുവിളി.

കേരളത്തിന് കൂടുതൽ തൊഴിലവസരങ്ങൾ

സർക്കാരിന്റെ 2016 ഡിസംബറിലെ കണക്കനുസരിച്ച് 3.08 കോടി വിദേശ ഇന്ത്യക്കാരിൽ 1.3 കോടിപ്പേർ പ്രവാസികളാണ്. പ്രവാസി ഇന്ത്യക്കാരിൽ 65 ശതമാനം അതായത്, 84.28 ലക്ഷം പേർ ഗൾഫ് രാജ്യങ്ങളിലാണുള്ളത്. ഇതിലേറിയപങ്കും കേരളീയരാണ്. കേരളത്തിന്റെ ജി.ഡി.പി.യിൽ 35 ശതമാനവും സംഭാവനചെയ്യുന്നത് ഗൾഫ് പണവും. പുതിയ നികുതിസമ്പ്രദായം ഗൾഫിൽനിന്നുള്ള വരുമാനത്തിൽ ചെറിയ പ്രഹരമേൽപ്പിക്കുമെന്നുറപ്പ്. എന്നാൽ, താരതമ്യേന കുറഞ്ഞനികുതിനിരക്ക് കേരളത്തിന്റെ വരുമാനത്തിൽ വലിയ പ്രതിഫലനമുണ്ടാക്കില്ല. 

എന്നാൽ, ഗൾഫ് രാജ്യങ്ങൾ വാറ്റ് നടപ്പാക്കുന്നതോടെ കേരളത്തിന് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്നത് തീർച്ചയാണ്. നികുതി ഉദ്യോഗസ്ഥർ, അക്കൗണ്ടന്റ് എന്നീ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നുറപ്പ്. ഇത് കേരളത്തിലെ കൊമേഴ്സ്, അക്കൗണ്ടിങ് ബിരുദധാരികൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നിടും. 

കേരളത്തിലെ എൻജിനീയറിങ് കോളേജുകളിൽ കുറച്ചെണ്ണത്തെ കൃത്യമായ സിലബസ് അനുസരിച്ച് കൊമേഴ്സ് ഡിപ്ലോമ നൽകുന്ന കൊമേഴ്സ് കോളേജുകളാക്കി മാറ്റിയാൽ അതൊരു മോശം തീരുമാനമാവില്ല. എല്ലാ മാറ്റങ്ങളും ഓരോ അവസരങ്ങളാണ്. ഇത്തരം മാറ്റങ്ങളിൽനിന്ന് അവസരങ്ങളുൾക്കൊള്ളാൻ നമ്മൾ തയ്യാറാണോയെന്നത് മാത്രമാണ് ചോദ്യം.