യമെൻ മുതൽ ഇസ്രായേൽ വരെ നീളുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലാണ് സൗദി അറേബ്യയും യു.എ.ഇ.യും ജനുവരി മുതൽ മൂല്യവർധിത നികുതി  (വാറ്റ്‌) എന്ന പുതിയ സാമ്പത്തിക നടപടികളിലേക്കും നീങ്ങാൻപോകുന്നത് എല്ലാ അർഥത്തിലും രാഷ്ട്രീയപ്രതിസന്ധി   നേരിടുകയാണ് ഗൾഫ് രാജ്യങ്ങൾ. മേഖലയുടെ സുരക്ഷ മുതൽ സാമ്പത്തിക താത്‌പര്യങ്ങൾ വരെ  പ്രതിസന്ധി നേരിടുന്നു. ദിനംപ്രതി രൂപപ്പെടുന്ന  പുതിയ പ്രശ്നങ്ങളാകട്ടെ പശ്ചിമേഷ്യയുടെ തന്നെ സ്വാസ്ഥ്യം കെടുത്തുകയാണിപ്പോൾ. 

പ്രശ്നങ്ങൾ ഒട്ടേറെ

െയമെനിൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിനെതിരേയുള്ള  സൗദി സഖ്യത്തിന്റെ സൈനികനീക്കങ്ങൾ, െയമെനിലെ   മുൻ പ്രസിഡന്റ്‌  സ്വാലിഹിന്റെ കൊല,  ഖത്തറിന് എതിരേയുള്ള ഉപരോധം, ഒരു ദിവസം കൊണ്ടുതന്നെ  അവസാനിപ്പിക്കേണ്ടിവന്ന ഗൾഫ് സഹകരണ ഉച്ചകോടി.  പ്രശ്നങ്ങൾ ഒന്നൊന്നായി നിരന്നുനിൽക്കുന്നതിനിടയിലാണ് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ ഇസ്രയേൽ അനുകൂല പ്രഖ്യാപനവും വന്നത്. അമേരിക്കയുമായി ഏറെ ചേർന്നുനിൽക്കുന്ന സൗദി അറേബ്യക്കാണ് സമ്പത്തുകൊണ്ടും ഭൂവിസ്തൃതി കൊണ്ടും ഗൾഫ് രാജ്യങ്ങളിൽ ഒന്നാംസ്ഥാനം. ജി.സി.സി.യിൽ  സൗദിയുടെ വാക്കുകൾക്ക് വലിയ വിലയുണ്ട്. ഇപ്പോഴും ആ അപ്രമാദിത്തത്തിന് കുറവൊന്നുമില്ല.

 പാളിയ ഉച്ചകോടി

എന്നാൽ, ഖത്തർ വിഷയത്തിൽ ഒമാനും കുവൈത്തും സൗദി സഖ്യത്തിനൊപ്പം നിന്നില്ല എന്നതാണ് ഗൾഫ് സഹകരണ കൗൺസിലിന്റെ  പ്രസക്തിയെ ചോദ്യം ചെയ്യുന്നത്. ഖത്തറിന് എതിരായ ഉപരോധം ജൂൺ അഞ്ചിനായിരുന്നു ആരംഭിച്ചത്. അതിനുശേഷം മധ്യസ്ഥതയുമായി കുവൈത്ത് അമീറും ഒമാനും ഏറെ പ്രയത്നിച്ചു. ഏറ്റവും ഒടുവിൽ കുവൈത്ത് സിറ്റിയിൽ ഡിസംബർ അഞ്ചിന് ചേർന്ന 38-ാമത് ജി.സി.സി. ഉച്ചകോടിയിൽ ചില നല്ല തീരുമാനങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, ബന്ധപ്പെട്ട രാഷ്ട്രനേതാക്കൾ പലരും എത്താഞ്ഞതിനെത്തുടർന്ന് പെട്ടെന്നുതന്നെ യോഗം പിരിഞ്ഞതായി കുവൈത്ത് അമീർ പ്രഖ്യാപിക്കുകയായിരുന്നു.

ജി.സി.സി. ഉച്ചകോടിക്ക് തലേന്ന്  യു.എ.ഇ.യും സൗദിയും തമ്മിൽ ഒരു സഹകരണകരാർ ഒപ്പുവെച്ചിരുന്നു. ഇത് ജി.സി.സി. ഉച്ചകോടിയെ സ്വാധീനിച്ചിരിക്കാം. പതിനഞ്ച് മിനിറ്റ്‌ നീണ്ടുനിന്ന കുവൈത്ത് അമീറിന്റെ സ്വാഗതഭാഷണത്തിൽ ജി.സി.സി.യുടെ രൂപം പുനഃക്രമീകരിക്കേണ്ടിവരുമെന്ന സൂചനകളുണ്ടായിരുന്നു. പ്രസംഗത്തിന് തൊട്ടുപിന്നാലെ ഉച്ചകോടി അവസാനിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.

ഉപരോധത്തിന്റെ രാഷ്ട്രീയം

ജി.സി.സി.യുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നതിനിടയിലായിരുന്നു െയെമനിലെ മുൻ പ്രസിഡന്റ്‌ അലി അബ്ദുള്ള സ്വാലിഹ് ഹൂതികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. മൂന്നര പതിറ്റാണ്ടോളം െയമെൻ ഭരിച്ച സ്വാലിഹ് ആഭ്യന്തരപ്രക്ഷോഭങ്ങളെ തുടർന്നാണ് അധികാരം ഉപേക്ഷിക്കാൻ നിർബന്ധിതനായത്. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികൾ െയമെനിൽ പോരാട്ടം കനപ്പിക്കുന്നത്. െയമെനിൽ ഹാദിയാണ് പ്രസിഡന്റ്‌ എങ്കിലും സനാ മേഖലയിൽ ഇപ്പോഴും ഹൂതികൾക്ക് തന്നെയാണ് മേധാവിത്വം. അവരിൽനിന്ന് സനായെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ്  സൗദിസഖ്യം ഇപ്പോഴും. അതിനിടയിലാണ് ഹൂതികളുടെ കൈകളാൽ സ്വാലിഹ് കൊല്ലപ്പെടുന്നത്. ഇതോടെ െയമെനിലെ രാഷ്ട്രീയചിത്രം കൂടുതൽ കലങ്ങിമറിയുകയാണ്.

ഖത്തറിന് എതിരായ ഉപരോധം  അവസാനമില്ലാതെ നീണ്ടുപോവുന്നതാണ് ഗൾഫ് മേഖല നേരിടുന്ന മറ്റൊരു പ്രതിസന്ധി. സൗദി അറേബ്യ, യു. എ.ഇ., ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ ഉപരോധം ശക്തമായി  തുടരുകയാണ്. എന്നാൽ, സൗദിയുടെ നിത്യവൈരികളായ ഇറാനുമായിച്ചേർന്ന് ഉപരോധത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് ഖത്തർ. തുർക്കിയും ഖത്തറിന് സഹായവുമായി രംഗത്തുണ്ട്. സഹോദരരാജ്യങ്ങൾ തമ്മിലുള്ള ചെറിയ പിണക്കമായി തുടങ്ങിയ ഉപരോധ നടപടികൾ ഇപ്പോൾ മറുപക്ഷത്ത് ഇറാൻ അണിനിരന്നതോടെ കൂടുതൽ കലുഷമായി.

അമേരിക്കയും ഡൊണാൾഡ് ട്രംപും നടത്തിയ മിന്നലാക്രമണമാണ് ഇതിനെയെല്ലാം അപ്രസക്തമാക്കുന്നവിധം ഇപ്പോൾ പശ്ചിമേഷ്യയെയും ഗൾഫ് രാജ്യങ്ങളെയും ഉലയ്ക്കുന്നത്.   ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം സൗദിയെയാണ് ഏറെ ഉലച്ചത്. ഏറെ വിഷമത്തോടെയാണ് ഈ തീരുമാനം കേട്ടതെന്ന് വിവരിച്ച സൗദി റോയൽ കോർട്ട് ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പും നൽകുന്നു. സൗദിയുടെ എതിർചേരിയിൽ നിൽക്കുന്ന ഖത്തറും ഈ വിഷയത്തിൽ അമേരിക്കയെ എതിർക്കുന്നു.  

ഇസ്രയേലിനെതിരേ സൈനിക നടപടികളുമായി നീങ്ങാറുള്ള ഹമാസ് രണ്ടാം സൈനികമുന്നേറ്റത്തിന് (ഇത്തിഫദ) ആഹ്വാനം നൽകിക്കഴിഞ്ഞു. ഇനിയും അമേരിക്കയ്ക്ക് മധ്യസ്ഥവേഷം അഭിനയിക്കാനാവില്ലെന്ന് മിക്ക ഇസ്‌ലാമിക രാഷ്ട്രങ്ങളും അഭിപ്രായപ്പെടുന്നു.  വിഷയം ചർച്ച ചെയ്യാൻ അറബ് ലീഗിലെ വിദേശകാര്യമന്ത്രിമാരുടെ അടിയന്തര യോഗം കയ്‌റോയിൽ വിളിച്ചുചേർത്തിരുന്നു. മറ്റ് വേദികളിലും ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നുണ്ട്. 

ഗൾഫിലെ സമ്പന്നരാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.). ജറുസലേം  വിഷയത്തിൽ ഈ രാജ്യങ്ങളെല്ലാം അമേരിക്കയ്ക്ക് എതിരേ നിലയുറപ്പിച്ചിട്ടുണ്ട്.  ഈ നടപടിയിൽനിന്ന് പിന്തിരിയാൻ  അമേരിക്കയോട്  എല്ലാവരും ആവശ്യപ്പെട്ടിട്ടുണ്ട്.  

വാറ്റിൽ കുറുമുന്നണി

 െയമെൻ മുതൽ ഇസ്രയേൽ വരെ നീളുന്ന ഇത്തരം പ്രശ്നങ്ങൾക്കിടയിലാണ് സൗദി അറേബ്യയും യു.എ.ഇ.യും ജനുവരി മുതൽ മൂല്യവർധിതനികുതി(വാറ്റ്‌) എന്ന പുതിയ സാമ്പത്തികനടപടികളിലേക്കും നീങ്ങാൻ പോകുന്നത്. ജി.സി.സി.യിലെ മറ്റ് രാജ്യങ്ങളൊന്നും വാറ്റ് നടപ്പാക്കുന്ന തീയതികളുടെ കാര്യത്തിൽ സമവായത്തിലെത്തിയിട്ടില്ല.  ഇവിടെയാണ്  യു.എ.ഇ.യും  സൗദിഅറേബ്യയും തമ്മിലുള്ള  സംയുക്തസഹകരണകമ്മിറ്റി രൂപവത്കരണം പ്രസക്തമാവുന്നത്.

യു .എ.ഇ. പ്രസിഡന്റ്‌ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവ് പ്രകാരം  വിവിധ മേഖലകളിൽ യു.എ.ഇ.യും സൗദിയും തമ്മിൽ സഹകരിച്ചു പ്രവർത്തിക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. സൈനിക, രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര, സാംസ്കാരിക മേഖലകളിൽ ഇരു രാജ്യങ്ങളും  തമ്മിലുള്ള സഹകരണത്തിനും ഏകോപനത്തിനും കമ്മിറ്റിയെ നിയോഗിക്കും.  ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്  ആവശ്യമായ എല്ലാ അധികാരങ്ങളും കമ്മറ്റിക്ക്‌  ഉണ്ടായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.