
ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയാറ് ഒക്ടോബറിലാണ് ഞാന്‍ താജ്മഹല്‍ കാണാന്‍ പോകുന്നത്. കോതമംഗലത്തെ എന്റെ ബന്ധുവായ ബാബുവും പുള്ളിയുടെ വെറെ സുഹൃത്തുക്കളും ഒക്കെയുണ്ട്.
താജ്മഹലിനെപ്പറ്റി എന്നാണ് ആദ്യം കേട്ടത്? ഓര്‍മ്മയില്ല. വെങ്ങോലയിലെ നാരായണന്റെ ബാര്‍ബര്‍ഷോപ്പില്‍ വച്ചിരുന്ന പടങ്ങളാണ് ആദ്യത്തെ ഓര്‍മ്മ. പത്തു വയസ്സിനുതാഴെ ബാര്‍ബര്‍ഷോപ്പില്‍ ചെല്ലുമ്പോള്‍ താജ്മഹലിന്റേയും സിംഗപ്പൂരിന്റേയുമൊക്കെ പടമാണല്ലോ നമ്മള്‍ ശ്രദ്ധിക്കുന്നത്. പിന്നെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ഒക്കെ താജ്മഹലിനെപ്പറ്റി പഠിച്ചു. വലിയ പ്രതീക്ഷയോടെയാണ് പോകുന്നത്.
മൂന്നു കാര്യങ്ങളാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്. ഒന്നാമത് എത്ര വൃത്തികെട്ടതായിരുന്നു ആഗ്ര നഗരം എന്നത്. റെയില്‍വേസ്റ്റേഷന്‍ മുതല്‍ താജിനു ചുറ്റുമുള്ള കെട്ടിടം വരെയുള്ള വഴി എല്ലാം മലവും മാലിന്യവും. ശബരിമല ഉള്‍പ്പടെ ഇന്ത്യയിലെ പുണ്യവും അല്ലാത്തതും ആയ സന്ദര്‍ശകകേന്ദ്രങ്ങളിലെയെല്ലാം സ്ഥിതി അക്കാലത്ത് ഇതായിരുന്നു. ത്രിവേണി സംഗമത്തില്‍ സ്‌നാനത്തിനു പോയിട്ട് അവിടുത്തെ മലിനജലത്തില്‍ ഇറങ്ങാന്‍ മടിച്ച ഞാനും തോണിക്കാരനും തമ്മില്‍ കശപിശയായി. ഇപ്പോഴതൊക്കെ മാറിക്കാണുമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
രണ്ടാമത്തെ ഓര്‍മ്മ എത്ര മനോഹരമായിട്ടാണ് താജിനു ചുറ്റുമുള്ള സ്ഥലം (ചുറ്റുമതിലിനകത്ത്) ലേഔട്ട് ചെയ്തിരിക്കുന്നത് എന്നതാണ്. വാതില്‍ തുറന്നാല്‍ ഒറ്റയടിക്ക് നാം താജ്മഹല്‍ കാണുകയല്ല. പതുക്കെപ്പതുക്കെയാണ് നാം താജിലേക്കും താജ്മഹലിലേക്കും എത്തുന്നത്. വമ്പന്‍ വാതിലുകള്‍, ഉയര്‍ന്ന മതില്‍ക്കെട്ടുകള്‍, കുറെ താഴികക്കുടങ്ങള്‍ എല്ലാം കാണുമ്പോള്‍ താജിനെപ്പറ്റി ഒരു പ്രതീക്ഷ വീണ്ടും ഉണ്ടാകുകയാണ്.
മൂന്നാമത്തേത് ക്ലൈമാക്‌സ് ആണ്. പടിയാറും കടന്ന് താജ് കാണുമ്പോള്‍ വാസ്തവത്തില്‍ ആദ്യം തോന്നിയത് നിരാശയാണ്. പറഞ്ഞുകേട്ടതും ചുറ്റും കണ്ടതും വച്ചുള്ള വമ്പന്‍ പ്രതീക്ഷക്കൊത്ത വലുപ്പമോ ഭംഗിയോ ഒന്നും ആദ്യത്തെ കാഴ്ചയില്‍ താജ്മഹലിനില്ല. പിന്നെ പൂന്തോട്ടമൊക്കെ കഴിഞ്ഞ് താജ് നില്‍ക്കുന്ന പ്ലാറ്റ്‌ഫോം കയറി താജിനകത്തെ പ്രധാന താഴികക്കുടത്തിന്റെ താഴെനിന്ന് മേലോട്ട് നോക്കുമ്പോള്‍ ആണ് താജ് വീണ്ടും നമ്മെ അതിശയിപ്പിക്കുന്നത്. പക്ഷെ അവിടെ അധികനേരം നില്‍ക്കാനോ ആസ്വദിക്കാനോ ഒന്നും പറ്റില്ല. ആയിരക്കണക്കിനാളുകള്‍ ആണ് എപ്പോഴും താജിനകത്തും പുറത്തും.
'നല്ല ദീര്‍ഘദൃഷ്ടിയുള്ള രാജാവായിരുന്നു' - ബാബുവിന്റെ സുഹൃത്ത് റോയി പറഞ്ഞു.
'അതെന്താ' - ഞാന്‍ ചോദിച്ചു. എനിക്ക് ഈ രാജാക്കന്‍മാരെ ആരെങ്കിലും പുകഴ്ത്തിപ്പറയുന്നത് അന്നേ ഇഷ്ടമല്ല.
'അല്ല എത്ര ആയിരം ആളുകളാണ് ദിവസവും വരുന്നത്. അതില്‍നിന്നുതന്നെ സര്‍ക്കാരിന് എന്തു വരുമാനം കിട്ടും. അന്നുണ്ടാക്കിയിട്ടതുകൊണ്ടല്ലേ?'
'എന്റെ റോയി, നീ ഇത്ര പൊട്ടനായിപ്പോയല്ലോ' (അന്നു ഞാന്‍ ഡിപ്ലോമാറ്റ് ഒന്നും ആയിട്ടില്ല. മനസ്സില്‍ തോന്നുന്നത് പറയും).
'അതെന്താ?'
'നാട്ടുകാരെ കാണിക്കാനൊന്നുമല്ല രാജാക്കാന്‍മാരും ചക്രവര്‍ത്തിമാരും കെട്ടിടവും കൊട്ടാരവും ഉണ്ടാക്കുന്നത്. കൊട്ടാരത്തിന്റെ നാലയല്‍വക്കത്ത് വരാനുള്ള അവകാശംപോലും സാധാരണക്കാര്‍ക്ക് ഇല്ല. സമ്പത്ത് കുമിഞ്ഞുകൂടുമ്പോള്‍ സ്വന്തം സുഖത്തിനും ആഡംബരത്തിനും പൊങ്ങച്ചം കാണിക്കുവാനും ഒക്കെയാണ് അന്നും ഇന്നും രാജാക്കന്‍മാര്‍ ശ്രമിക്കുന്നത്. ദീര്‍ഘവീക്ഷണമുള്ള രാജാവായിരുന്നെങ്കില്‍ കാശെടുത്ത് ഒരു സര്‍വകലാശാലയോ ആശുപത്രിയോ ഒക്കെ ഉണ്ടാക്കിയേനെ'.
താജ്മഹല്‍ പണിത രാജാവിന് ദീര്‍ഘദൃഷ്ടി പോയിട്ട് ഹൃസ്വദൃഷ്ടിപോലും ഉണ്ടായിരുന്നില്ല എന്ന് ചരിത്രം പഠിച്ചവര്‍ക്കെല്ലാം അറിയാമല്ലോ. കെട്ടിടം പണിയൊക്കെ നടത്തി സമ്പത്ത് ധൂര്‍ത്തടിച്ചതുകൊണ്ടുകൂടെയാണ് പുള്ളിയെപ്പിടിച്ച് മൂലക്കിരുത്തി മകന്‍ ഭരണം തുടങ്ങിയത്.
പക്ഷെ റോയി പറഞ്ഞതില്‍ ഒരു കാര്യം ഉണ്ട്. സ്വാര്‍ത്ഥതകൊണ്ടോ സൗന്ദര്യബോധംകൊണ്ടോ സ്‌നേഹംകൊണ്ടോ എന്തൊക്കെയായാലും പുള്ളി പണിതിട്ടതു നന്നായി. ഇന്ന് ലോകത്തില്‍ ഏറ്റവും അറിയപ്പെടുന്ന ഇന്ത്യയിലെ കെട്ടിടം താജ്മഹല്‍ ആണ്. ലോകത്തെവിടെ നിന്നും പ്രസിഡണ്ടുമാരും സിനിമാതാരങ്ങളും മാത്രമല്ല കയ്യില്‍ കാശുള്ളവരെല്ലാം ആയുസ്സില്‍ ഒരിക്കലെങ്കിലും താജ് കാണാന്‍ ആഗ്രഹിക്കുന്നു. അവര്‍ അങ്ങോട്ട് ടിക്കറ്റെടുക്കുന്നു, ഹോട്ടലില്‍ താമസിക്കുന്നു, റിക്ഷാ വിളിക്കുന്നു, ഭക്ഷണം കഴിക്കുന്നു, പ്രവേശനഫീസ് കൊടുക്കുന്നു. സര്‍ക്കാരിനും നാട്ടുകാര്‍ക്കും ഒരു കറവപ്പശുത്തന്നെയാണ് ഇന്ന് താജ്മഹല്‍.
നമ്മുടെ രാജ്യം ഭരിച്ച പൊന്നുതമ്പുരാന്‍മാര്‍ ഒന്നും പക്ഷെ, ഇതുപോലത്തെ സ്ഥാപനങ്ങള്‍ ഒന്നും ഉണ്ടാക്കിവച്ചില്ല. മൂന്നു രാജവംശങ്ങളും അനവധി കോവിലകങ്ങളും ഒക്കെ ഉണ്ടായിരുന്നിട്ടും കേരളത്തിന്റെ പ്രധാന ആകര്‍ഷണം ഇപ്പോഴും നമ്മുടെ പ്രകൃതിയാണ്. സംശയമുള്ളവര്‍ക്ക് കേരള ടൂറിസം എന്നും ഉത്തര്‍പ്രദേശ് ടൂറിസം എന്നും ഗൂഗിളില്‍ ഇമേജ് സെര്‍ച്ച് ചെയ്യാവുന്നതാണ്. യു.പി. ടൂറിസത്തിന്റെ സെര്‍ച്ചില്‍ താജും കോട്ടകളും കെട്ടിടങ്ങളും നിറയുമ്പോള്‍ കേരള ടൂറിസത്തില്‍ ഹൗസ്‌ബോട്ടും ആനയും വള്ളംകളികളും തേയിലത്തോട്ടവും ഒക്കെയാണ്.

ഇതൊക്കെ നാം ചെറിയ രാജ്യം ആയിരുന്നതുകൊണ്ടും മുഗളന്‍മാരെപോലെ നമ്മുടെ കയ്യില്‍ പൈസ ഇല്ലാതെ ഇരുന്നതുകൊണ്ടും ഒക്കെയാണെന്നാണ് ഞാന്‍ പണ്ടൊക്കെ കരുതിയിരുന്നത്. 'റോമാ സാമ്രാജ്യത്തിലെ സ്വര്‍ണ്ണമെല്ലാം ആഡംബര വസ്തുക്കള്‍ക്കായി ഇന്ത്യയിലേക്ക് പോയി' എന്ന് റോമിലെ ടോളമി ചക്രവര്‍ത്തി പരാതി പറഞ്ഞു എന്നൊക്കെ ചരിത്രത്തില്‍ വായിച്ച ഞാന്‍ അന്നൊക്കെ അന്തംവിട്ടിരുന്നു.
എന്നിട്ട് ഈ സ്വര്‍ണ്ണമൊക്കെ എവിടെ പോയി?
'ബി' നിലവറ ഇപ്പോഴും തുറന്നിട്ടില്ലെങ്കിലും കാര്യത്തിന്റെ കിടപ്പിപ്പോള്‍ മിക്കവാറും മലയാളികള്‍ക്കെല്ലാം അറിയാം. ഏലവും ചുക്കും കുരുമുളകും ആനക്കൊമ്പും ഒക്കെ വിറ്റ് ജനം സ്വര്‍ണ്ണം ഏറെ നേടി. അതൊക്കെ നേര്‍ക്കരവും മുടിക്കരവും മുലക്കരവും ഒക്കെയായി രാജാവ് സംഭരിച്ചു. പിന്നെ അതുവച്ച് കൊട്ടാരം ഉണ്ടാക്കാനൊന്നും പോയില്ല. സ്വര്‍ണ്ണമായിത്തന്നെ എ.ബി.സി എന്നിങ്ങനെ നിലവറയില്‍അടച്ചുവച്ചു. രാജാവിനെക്കാണിക്കാതെ നാട്ടുരാജാക്കന്‍മാരും കച്ചവടക്കാരും എല്ലാം ഇതേ പണി ചെറിയ തോതില്‍ കേരളത്തില്‍ എല്ലായിടത്തും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ചിലപ്പോഴൊക്കെ മണ്ണുകുഴിക്കുമ്പോള്‍ സ്വര്‍ണ്ണം കിട്ടുന്നത്.
'അപ്പോള്‍പിന്നെ നമ്മുടെ പൂര്‍വ്വികരും രാജാക്കന്‍മാരുമൊക്കെ മണ്ടന്‍മാര്‍ ആയിരുന്നോ ചേട്ടാ?' പണിയെടുത്ത് വിളയുണ്ടാക്കി അതൊക്കെ മറ്റുള്ളവര്‍ക്ക് കൊടുത്തിട്ട് ലളിതജീവിതം നയിച്ച് സ്വര്‍ണ്ണമെല്ലാം മണ്ണിനടിയില്‍ കുഴിച്ചിടുന്നത് ശുദ്ധ വിഡ്ഢിത്തം അല്ലേ? ഒന്നുമല്ലെങ്കില്‍ അതു ചെലവാക്കി അടിപൊളിയായി ജീവിക്കണം, അല്ലെങ്കില്‍ അതുകൊണ്ട് വലിയ കൊട്ടാരമോ റോഡോ ക്ഷേത്രമോ ഒക്കെ പണിയണം. വേണ്ട നാട്ടുകാര്‍ക്കുവേണ്ടി കുറേ സ്‌കൂളുകളോ ആശുപത്രിയോ ഒക്കെ ആകാമായിരുന്നില്ലേ. ഇതു ചുമ്മാ നിധി കാക്കുന്ന ഭൂതത്തെപ്പോലെ'.
താജ്മഹല്‍ സന്ദര്‍ശിക്കുമ്പോള്‍ എനിക്ക് പ്രായം ഇരുപത്തിരണ്ടാണ്. ഇപ്പോള്‍ അന്‍പത്തിരണ്ട്. അപ്പോള്‍ എല്ലാ സത്യവും അന്നത്തെ പോലെ മുഖത്തുനോക്കി പറയാന്‍ പറ്റില്ല. അതുകൊണ്ട് ഞാന്‍ വേറൊരു കാര്യം പറയാം.
'എമ്പ്രാനല്‍പ്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും' എന്നൊരു കവിതയോ പഴഞ്ചൊല്ലോ ഒക്കെയുണ്ടല്ലോ. മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് അച്ചട്ടാണ്.
കുരുമുളക് വിറ്റുകിട്ടിയ പണം സ്വര്‍ണ്ണമാക്കിവച്ച പരിചയം കൊണ്ടാകണം, റബ്ബര്‍ വിറ്റിട്ടായാലും ഗള്‍ഫില്‍ പോയിട്ടായാലും ഉണ്ടാക്കുന്ന പണത്തിന്റെ വലിയ ഒരംശം മലയാളികള്‍ ഇപ്പോഴും സ്വര്‍ണ്ണമാക്കി മാറ്റുന്നത്. ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന സ്വര്‍ണ്ണത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം വാങ്ങിക്കൂട്ടുന്നത് ലോകജനസംഖ്യയുടെ അരശതമാനത്തില്‍ താഴെ മാത്രമുള്ള മലയാളികളാണ്.

പക്ഷെ രാജാവൊക്കെ പോവുകയും എല്ലാവര്‍ക്കും സ്ഥലംവാങ്ങാം എന്ന കാലം വരികയും ചെയ്തതോടെ മലയാളികളുടെ ആര്‍ത്തി സ്വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍ സ്ഥലത്തോടായി. സ്ഥലമാണെങ്കില്‍ പുതിയതായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നുമില്ല. മറ്റു രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യാനും പറ്റില്ല. അപ്പോള്‍ ആകെയുള്ള സ്ഥലം അങ്ങോട്ടും ഇങ്ങോട്ടും വാങ്ങുകയും വില്ക്കുകയും ചെയ്യുകയേ നിവര്‍ത്തിയുള്ളൂ.
അതുകൊണ്ടുതന്നെ കൈക്കൂലി വാങ്ങിയും കള്ളനോട്ടടിച്ചും കമ്പനി നടത്തിയും വിദേശത്തുപോയുമൊക്കെ മലയാളികള്‍ സമ്പാദിക്കുന്ന പതിനായിരക്കണക്കിന് കോടി രൂപ ഈ ഭൂമിയുടെ ക്രയവിക്രയത്തില്‍ കിടന്ന് കറങ്ങുകയാണ്. പണ്ട് പത്തുലക്ഷം രൂപ വിലയുണ്ടായിരുന്ന ഭൂമിക്ക് പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു കോടിയായത് കണ്ട മലയാളി എന്നാല്‍ അതു വിറ്റ് ഒരു ലോകസഞ്ചാരം നടത്താം എന്നു വിചാരിക്കയല്ല, മറിച്ച് ഇത്തവണ ടൂര്‍ ഒന്നും വേണ്ട രണ്ടു സെന്റ് കൂടുതല്‍ വാങ്ങിയിടാം എന്നു വിചാരിക്കുകയാണ് ചെയ്യുന്നത്.
ഇനി ഒരു മുന്നൂറു വര്‍ഷം കഴിഞ്ഞ് കേരളത്തില്‍ എത്തുന്ന സഞ്ചാരി അതിശയപ്പെടും, 'ഈ ലക്ഷക്കണക്കിന് മലയാളികള്‍ ലോകത്തെമ്പാടും നടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ കാശെല്ലാം എവിടെപ്പോയി?'
'അപ്പോ കാര്‍ന്നോമ്മാര്‍ മാത്രമല്ല, നമ്മള്‍ മലയാളികള്‍ മുഴുവന്‍ മണ്ടന്‍മാര്‍ ആണെന്നാണോ ചേട്ടന്‍ പറഞ്ഞുവരുന്നത്?'
എന്തു കാര്യവും സംസാരിക്കുന്നതിനു മുമ്പ് രണ്ടു പ്രാവശ്യം ചിന്തിക്കണം എന്നാണ് നയതന്ത്രജ്ഞര്‍ക്ക് കൊടുക്കുന്ന പരിശീലനം. രണ്ടു പ്രാവശ്യം ചിന്തിക്കുന്നപോലെ അഭിനയിച്ചിട്ട് മിണ്ടാതിരിക്കണം എന്നതാണ് ഞങ്ങളുടെ തന്ത്രം!