എന്റെ കോളം സ്ഥിരമായി വായിക്കുന്ന ആളാണെങ്കില്‍ ഒരു കാര്യം നിങ്ങള്‍ ഇപ്പഴേ ഉറപ്പിച്ചിട്ടുണ്ടാകും, തലക്കെട്ടും കഥയും തമ്മില്‍ ഒരു ബന്ധവും ഉണ്ടാകില്ല.  ഇത്തവണയും കാര്യത്തില്‍ മാറ്റമില്ല. കേരളത്തിലെ കടലമാവുകൊണ്ടുള്ള ബോണ്ടയുടേയോ തമിഴ്‌നാട്ടിലെ ഉരുളക്കിഴങ്ങുമസാല നിറച്ച ബോണ്ടയുടേയോ ചരിത്രമല്ല ഇന്നത്തെ വിഷയം.

ഇത്തവണ ഞാന്‍ പറയാന്‍ പോകുന്നത് ഞങ്ങള്‍ 'ബോണ്ട' എന്നു കളിയാക്കി വിളിച്ചിരുന്ന ഒരു മനുഷ്യന്റെ കഥയാണ്. തലക്കു പുറകില്‍ ബോണ്ടയുടെ വലിപ്പത്തില്‍ ഒരു മുഴയുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരാളുടെ അംഗപരിമിതികള്‍ ഒക്കെവെച്ച് അയാളെ കളിയാക്കുന്നത് ശരിയല്ല എന്നൊന്നും ആരുമന്ന് പറഞ്ഞു തന്നില്ല (ഇപ്പോഴും നമ്മുടെ സിനിമയിലെ ഒക്കെ ഹാസ്യത്തിന്റെ വലിയ പങ്ക് ഇങ്ങനെയൊക്കെ ആണല്ലോ ഉണ്ടാക്കിയെടുക്കുന്നത്). ഏതായാലും ഈ ബോണ്ട വെങ്ങോലക്കാരനല്ല. എന്റെ കൊച്ചച്ഛന്‍ ഒരു വീടു പണിതപ്പോള്‍ അതിന്റെ മേസ്തിരിയായി വെങ്ങോലയില്‍ വന്നു. പിന്നെ വെങ്ങോലയുടെ ചരിത്രത്തിന്റെ ഭാഗമായ ഒരാളാണ്. 

ജീവിതത്തില്‍ എന്തിലും പുരോഗമന സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്ന ആളായിരുന്നു ശ്രീധരന്‍ പിള്ള കൊച്ചച്ഛന്‍. ഇലക്ട്രിസിറ്റി മുതല്‍ അത്യുല്‍പ്പാദനശേഷിയുള്ള നെല്‍വിത്തിനങ്ങള്‍ വരെ വെങ്ങോലയില്‍ എത്തിച്ചത് ഈ കൊച്ചച്ഛനാണ്. അപ്പോള്‍ അദ്ദേഹം ഒരു വീടു പണിതപ്പോള്‍ അതന്ന് നാട്ടില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കോണ്‍ക്രീറ്റ് ആയതില്‍ അത്ഭുതമില്ലല്ലോ. കോണ്‍ക്രീറ്റിന്റെ പണി അറിയാവുന്ന ആരും വെങ്ങോലയില്‍ ഇല്ല. അങ്ങനെയാണ് ബോണ്ട നാട്ടില്‍ എത്തുന്നത്. പിന്നെ അദ്ദേഹത്തിന് അവിടെ നിന്നു പോകേണ്ടി വന്നില്ല, വച്ചടി കയറ്റം തന്നെ.

ആയിരത്തിതൊള്ളായിരത്തി അറുപതുകള്‍വരെ കേരളത്തിലെ പക്കാ വീടുകള്‍ എല്ലാംതന്നെ വെട്ടുകല്ലും മരവും ഓടും ചേര്‍ന്ന് ഉണ്ടാക്കിയതായിരുന്നു.  എഴുപതുകളിലാണ് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ (വാര്‍ക്കകെട്ടിടം) കേരളത്തിലെ ചെറുകിട പട്ടണങ്ങളിലും ഗ്രാമങ്ങളിലും എത്തുന്നത്. എണ്‍പതുകള്‍ ആയതോടെ മരത്തിന്റെ മേല്‍ക്കൂരയുള്ള വീടുകളില്ലാതായി എന്നുതന്നെ പറയാം. ഇപ്പോഴത്തെ കാര്യം നിങ്ങള്‍ക്കറിയാമല്ലോ.

പരസ്പരം ബന്ധമില്ലാത്ത രണ്ടു കാരണങ്ങള്‍ കൊണ്ടാണ് കേരളത്തില്‍ മരത്തിന്റെ വീടുപണി കുറഞ്ഞുവന്നത്. വനസംരക്ഷണ നിയമങ്ങള്‍ കര്‍ശനമായതോടെ കേരളത്തില്‍ കൂപ്പ് നിര്‍ത്തലാക്കി. മരത്തിന്റെ വില ഏറെ കൂടി. രണ്ടാമത് കേരളത്തിലെ ആശാരിപ്പണി പാരമ്പര്യവൃത്തിയായിരുന്നു. ഗള്‍ഫിലെ തൊഴിലവസരങ്ങള്‍ വന്നതോടെ കേരളത്തിലെ പാരമ്പര്യമായ പല തൊഴിലുകളിലും (ഉദാഹരണം ബാര്‍ബര്‍) പുതിയ തലമുറ അതുപേക്ഷിച്ചു. അതോടെ മരപ്പണി അറിയാവുന്ന ആശാരിമാരെ കിട്ടാനില്ലാതായി. അപ്പോള്‍ മരത്തിന്റെ വില ഒരുവശത്ത് ആശാരിയുടെ ക്ഷാമം മറുവശത്ത്....മരത്തിന്റെ പണി കഴിഞ്ഞു.

കോണ്‍ക്രീറ്റിന് മറ്റു പല ഗുണങ്ങളുമുണ്ടായിരുന്നു. ഒന്നാമത് 'കെട്ടുറപ്പ്'. കോണ്‍ക്രീറ്റിലുണ്ടാക്കിയ വീടു കണ്ടാല്‍ അത് അടുത്ത ആയിരം കൊല്ലത്തേക്ക് നില്‍ക്കും എന്നു തോന്നും. ഓടിന്റെ മേല്‍ക്കൂരപോലെ തേങ്ങ വീണാലൊന്നും പൊട്ടിപ്പോകില്ല. കഴുക്കോല്‍ ദ്രവിക്കില്ല. അഞ്ചോ പത്തോ വര്‍ഷം കൂടുമ്പോള്‍ ഇറക്കി മേയേണ്ട എന്നിങ്ങനെ ഗുണങ്ങള്‍ ഒരു വശത്ത്. ആശാരിപ്പണിപോലെ സൂക്ഷ്മമായ കണക്കും കൃത്യതയുമൊന്നും വേണ്ട എന്നത് മറുവശത്ത്. തട്ടടിക്കുന്നതിലും കമ്പി കെട്ടുന്നതിലും കോണ്‍ക്രീറ്റ് മിക്‌സ് ചെയ്യുന്നതിലുമൊക്കെ വലിയ പരിചയം ഇല്ലാത്തവര്‍ ചെയ്താല്‍പോലും അതെല്ലാം കോണ്‍ക്രീറ്റ് സെറ്റായിക്കഴിഞ്ഞാല്‍ പിന്നെ ആരും അറിയില്ല. മരപ്പണി അങ്ങനെയല്ല. കഴുക്കോല്‍ എല്ലാം കിറുകൃത്യം അല്ലെങ്കില്‍ കൂടം പിടിക്കില്ല, വള കയറുകയുമില്ല. ആശാരിയുടെ 'റെപ്യൂട്ടേഷന്‍' അപ്പോഴേ പോകും.

സത്യം പറഞ്ഞാല്‍ ഇതേ കാരണം കൊണ്ടാണ് യൂറോപ്പിലും കോണ്‍ക്രീറ്റ് പ്രചാരത്തില്‍ വന്നത്. ആയിരക്കണക്കിന് വര്‍ഷം മുന്‍പേ കണ്ടുപിടിച്ച വസ്തുവാണിത്. കോണ്‍ക്രീറ്റ് കണ്ടുപിടിച്ചത് ജോര്‍ഡാനിലെ മരുഭൂമിയിലെ ബെഡുവിന്‍ വംശക്കാരാണ്. കുമ്മായവും ചെറുകല്ലുമൊക്കെ ചേര്‍ത്ത് മിശ്രിതമാക്കി ഉറപ്പിച്ചു കഴിഞ്ഞാല്‍ വെള്ളം സംഭരിച്ചുവക്കാന്‍ പറ്റുന്ന അറകളുണ്ടാക്കാം എന്നവര്‍ കണ്ടുപിടിച്ചു. മരുഭൂമിയില്‍ വെള്ളം സംഭരിച്ചുവക്കാന്‍ കഴിയുന്നവന്‍ രാജാവണല്ലോ.  

പില്‍ക്കാലത്ത് റോമക്കാരും ഫിന്‍ലന്‍ഡുകാരുമൊക്കെ കോണ്‍ക്രീറ്റിന്റെ രഹസ്യം തനിയെ കണ്ടുപിടിച്ചു. ഒട്ടേറെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. പക്ഷെ പതിനെട്ടാം നൂറ്റാണ്ടുവരെ കോണ്‍ക്രീറ്റ് അത്ര പ്രചാരത്തില്‍ എത്തിയിരുന്നില്ല. കോണ്‍ക്രീറ്റിന്റെ രണ്ടാംവരവിലും കോണ്‍ക്രീറ്റ് അത്ര പ്രചാരം നേടിയില്ല. പക്ഷെ സിവില്‍ എന്‍ജിനീയറിംഗിലെ ശാസ്ത്രത്തിന്റെ വളര്‍ച്ച, ഇരുമ്പുകമ്പി വച്ച് ദൃഢീകരിച്ചാല്‍ ( reinforce ) കോണ്‍ക്രീറ്റ്‌കൊണ്ട് പാലവും പലനില കെട്ടിടങ്ങളുമുണ്ടാക്കാമെന്ന അറിവ്, കോണ്‍ക്രീറ്റിനെ വീണ്ടും എന്‍ജിനീയര്‍മാരുടെ ഇഷ്ടവസ്തുവാക്കി.

Habitat
ആര്‍ക്കിടെക്ട് ശങ്കറിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ ഹാബിറ്റാറ്റ് കെട്ടിടങ്ങളിലൊന്ന്. ചിത്രം കടപ്പാട്: habitatonweb.com

 

ഇരുപതാം നൂറ്റാണ്ടാണ് കോണ്‍ക്രീറ്റിന്റെ സുവര്‍ണ്ണകാലം. ഒന്നാം ലോകമഹായുദ്ധം ദശലക്ഷക്കണക്കിന് ആളുകളെ യൂറോപ്പില്‍ കൊന്നൊടുക്കി. ഇവരില്‍ കല്ലും മരവും ഒക്കെയുപയോഗിച്ച് കെട്ടിടം പണിയാന്‍ അറിയാവുന്നവര്‍ ഏറെയുണ്ടായിരുന്നു. അതേസമയം യുദ്ധാനന്തരം ലക്ഷക്കണക്കിനാളുകള്‍ നഗരങ്ങളിലേക്ക് കുടിയേറി. വന്‍നഗരങ്ങളിലെല്ലാം ചേരികളായി. അപ്പോള്‍ അവര്‍ക്കായി വേഗത്തില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണ്ടി വന്നു. എന്നാല്‍ പഴയതുപോലെ രണ്ടോ മൂന്നോ നിലയുള്ള വീടുകള്‍ മരവും കല്ലും ഓടും ഉപയോഗിച്ചു നന്നായി പണിയാന്‍ സ്ഥലവുമില്ല, പണിക്കാരുമില്ല എന്ന സ്ഥിതി വന്നു. 

അവിടെയാണ് ഇപ്പോള്‍ ലോകത്തെങ്ങും പരിചിതമായ ഫ്‌ളാറ്റ് അല്ലെങ്കില്‍ അപ്പാര്‍ട്ട്‌മെന്റ് ജന്മമെടുക്കുന്നത്. രൂപഭംഗിയോ ആത്മാവോ ഇല്ലാത്ത ചതുരപ്പെട്ടി പോലെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍. അതിനകത്തെ മുറികളും തഥൈവ. ലോകത്തെ ഏത് നിര്‍മ്മാണ പരമ്പരയില്‍ നിര്‍മിക്കപ്പെട്ട വീടുകളിലായാലും  താമസിച്ചിട്ടുള്ളവര്‍ക്ക് ആദ്യകാലത്തെ അപ്പാര്‍ട്ട്‌മെന്റ് കണ്ടപ്പോള്‍ വെറുപ്പ് തോന്നിക്കാണണം. നിലത്തുള്ള വീട്ടില്‍ ജനിച്ചു ജീവിച്ചത് കൊണ്ടാകണം എനിക്കിപ്പോഴും ഫ്ളാറ്റിനെ വീടായി കാണാന്‍ പറ്റാത്തത്.

പക്ഷെ അതൊന്നും പറഞ്ഞിരുന്നിട്ടു കാര്യമില്ല. നഗരത്തില്‍ മധ്യവര്‍ഗ്ഗത്തിനും അതിനു താഴെയുള്ളവര്‍ക്കും വേറെ വഴിയില്ല. അപ്പോള്‍ അപ്പാര്‍ട്‌മെന്റുകള്‍ക്ക് വലിയ ഡിമാന്‍ഡ് വന്നു. പിന്നെയങ്ങോട്ട് സോഷ്യലിസമൊക്കെ ഫാഷന്‍ ആകുന്ന കാലമായിരുന്നു. അപ്പോള്‍ എല്ലാവര്‍ക്കും ഒരുപോലെയുള്ള കെട്ടിടങ്ങളും അപ്പാര്‍ട്ട് മെന്റുകളുമൊക്കെ രാഷ്ട്രീയമായി ശരിയായി. 

Le Corbusier
ലെ കോര്‍ബൂസിയ. ചിത്രം കടപ്പാട്: architonic.com

 

പിന്നെ ലോകപ്രശസ്ത ആര്‍ക്കിടെക്ട് ആയ ലെ കോര്‍ബൂസിയ ഈ പെട്ടി പ്രസ്ഥാനത്തെ പിന്‍താങ്ങി രംഗത്തു വന്നതോടെ ഉയരങ്ങളിലേക്ക് വളരുന്ന നഗരത്തിന് ഒരു ബഹുമാന്യതയൊക്കെ കൈവന്നു. പക്ഷെ കോണ്‍ക്രീറ്റില്‍ തന്നെ ബഹുനില കെട്ടിടങ്ങള്‍ പണിയണമെന്നൊന്നും കോര്‍ബൂസിയ പറഞ്ഞിട്ടില്ല കേട്ടോ. മാത്രമല്ല നഗരം മുകളിലേക്ക് വളരുമ്പോള്‍ ബാക്കിവരുന്ന സ്ഥലം പാര്‍ക്ക് ആക്കണം എന്നും എന്തിന് കെട്ടിടത്തിന്റെ മുകള്‍ഭാഗത്തു പോലും കുറെ മരം വച്ചുപിടിപ്പിക്കണം എന്നുമൊക്കെ അദ്ദേഹം വിഭാവനം ചെയ്തിരുന്നു. പക്ഷെ അതൊന്നും ആരും മൈന്‍ഡ് ചെയ്തില്ല. 

കല്ലുപയോഗിച്ച് രണ്ടുനിലക്കു മുകളില്‍ കെട്ടിടം പണിയണമെങ്കില്‍ നല്ല വൈദഗ്ദ്ധ്യമുള്ള പണിക്കാര്‍ വേണം. സ്റ്റീല്‍ ഉപയോഗിച്ചു പണിയണമെങ്കില്‍ ക്രയിനും മറ്റു സംവിധാനങ്ങളുമൊക്കെ വേണം. എന്നാല്‍ കോണ്‍ക്രീറ്റ് ആകുമ്പോള്‍ മുമ്പു പറഞ്ഞതു പോലെ പ്രത്യേക വൈദഗ്ദ്ധ്യമൊന്നും വേണ്ട. ആവശ്യത്തിന് ആളുകളുണ്ടെങ്കില്‍ അമ്പതു നിലയും ഒരു യന്ത്രവുമില്ലാതെ കോണ്‍ക്രീറ്റ് കൊണ്ടു കെട്ടിപ്പൊക്കാം. ഹോങ്കോങ്ങില്‍ ഇപ്പോഴും അംബരചുംബികള്‍ക്ക് തട്ടടിക്കുന്നത് മുള വെച്ചിട്ടാണ്. അപ്പോള്‍ ഒരു പരിചയം ഇല്ലാത്ത പണിക്കാരും വലിയ ടെക്നോളജി ഒന്നും ഇല്ലാതെ തന്നെ വന്‍കിട കോണ്‍ക്രീറ്റ് അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്ക് ഉണ്ടാക്കാം. 

Construction
മുളകൊണ്ടുള്ള തട്ടടിച്ച് അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണം. ചിത്രം കടപ്പാട്: alamy.com

 

ഇങ്ങനെയാണ് യൂറോപ്പിലെങ്ങും കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉണ്ടായത്. അതനുകരിച്ച് മുംബൈയില്‍, അതുകണ്ട് കൊച്ചിയില്‍, പിന്നെ പെരുമ്പാവൂരില്‍, താമസമില്ലാതെ വെങ്ങോലയിലും. 

കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കാലാകാലം നില്‍ക്കുന്നവയല്ല എന്ന് ഇപ്പോള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിയാം. ഇരുനൂറും മുന്നൂറും കൊല്ലം പഴക്കമുള്ള, കല്ലിലും മരത്തിലും ഉള്ള കെട്ടിടങ്ങള്‍ നന്നായി അറ്റകുറ്റപ്പണി നടത്തിയാല്‍ നില നില്‍ക്കും. പക്ഷെ  കോണ്‍ക്രീറ്റ് ഫ്‌ളാറ്റുകള്‍ നൂറു വര്‍ഷത്തിനകം തന്നെ പൊളിഞ്ഞു വീഴുകയോ അല്ലെങ്കില്‍ തകര്‍ത്ത് പുതിയതുണ്ടാക്കുകയോ ആണ് ഇപ്പോള്‍ ലോകത്ത് എമ്പാടും നടക്കുന്നത്.  

ഇന്ത്യയില്‍ ആദ്യം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടായ ബോംബെയില്‍ ഒരു മഴക്കാലംപോലും ഒരു കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്ന് ആളുകള്‍ മരിക്കാതെ കടന്നുപോകുന്നില്ലല്ലോ. കേരളത്തില്‍ തൊള്ളായിരത്തി തൊണ്ണൂറുകളോടെ ആണ് ഫ്‌ളാറ്റുകള്‍ ഉണ്ടാകുന്നത്. നമ്മുടെ കാലാവസ്ഥ വച്ചുനോക്കിയാല്‍ ഒരു രണ്ടായിരത്തി മുപ്പതാകുന്നതോടെ ഒന്നാംതലമുറ ഫ്‌ളാറ്റുകള്‍ എല്ലാം 'ഫ്‌ളാറ്റ്' ആയി തുടങ്ങും.

ലോകമെമ്പാടും കോണ്‍ക്രീറ്റ് മാറി പുതിയ നിര്‍മാണ വസ്തുക്കള്‍ വന്നു കഴിഞ്ഞു. പക്ഷെ നമ്മള്‍ ഇപ്പോഴും കോണ്‍ക്രീറ്റും കെട്ടിപ്പിടിച്ചിരിപ്പാണ്. അതു നമ്മുടെ പ്രകൃതിയെ ദിനംതോറും തകര്‍ക്കുന്നു. കല്ലും മണലും വര്‍ദ്ധിച്ച അളവില്‍ വേണ്ടിവന്നതോടെ മലയും പുഴുയം അത്യധികം കുത്തിക്കുഴിച്ചു. കേരളത്തിന്റെ കാര്‍ബണ്‍ പാദമുദ്രയുടെ മൂന്നിലൊന്നും കെട്ടിടം പണിയില്‍ നിന്നാണ്.   

കെട്ടിടം പണിയിലെ നൂതന സാങ്കേതിക വിദ്യകളും വസ്തുക്കളും ഉപയോഗിക്കാന്‍ അറിയാവുന്ന ഒരു പറ്റം നിര്‍മാണ തൊഴിലാളികള്‍ ഉണ്ടായാല്‍ മാത്രമേ നമ്മുടെ പരിസ്ഥിതി രക്ഷപ്പെടുകയുള്ളൂ. കേരളത്തില്‍ നിന്നും ഗള്‍ഫില്‍ ഒക്കെ പോയ മേസ്തിരിമാര്‍ക്കൊക്കെ പുതിയ നിര്‍മാണവസ്തുക്കളും രീതികളുമൊക്കെ അറിയാം പക്ഷെ നാട്ടില്‍ അതിനിയും മാര്‍ക്കറ്റ് ആയിട്ടില്ല. പോരാത്തതിന് നമ്മുടെ എന്‍ജിനീയര്‍മാര്‍ ഒന്നും പുതിയ നിര്‍മാണ വസ്തുക്കളോ തന്ത്രങ്ങളോ ഒന്നും പരിചയിക്കുന്നും ഇല്ല പ്രചരിപ്പിക്കുന്നതും ഇല്ല.

ബോണ്ടയായാലും അല്ലെങ്കിലും ഫൈബര്‍ ബോര്‍ഡില്‍ ഒക്കെ കെട്ടിടം പണിയാന്‍ അറിയാവുന്ന ആരെങ്കിലും ഒക്കെ വെങ്ങോലയില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ഞാന്‍. എന്നിട്ടു വേണം മ്യൂസിയത്തിന്റെ പണി തുടങ്ങാന്‍.