
ഒരു നൂറ്റാണ്ടിലേറെയായി ലോകനയതന്ത്രരംഗത്ത് നിറഞ്ഞുനില്ക്കുന്ന സ്ഥലമാണെങ്കിലും ജനീവ വാസ്തവത്തില്‍ ഒരു ചെറിയ നഗരമാണ്. അഞ്ചുലക്ഷത്തില്‍ താഴെയേ ജനസംഖ്യയുള്ളൂ. നമ്മുടെ കൊച്ചിയേക്കാളും ചെറുത് എന്നര്‍ഥം.
പക്ഷെ, തലമുറകളായി രാജാക്കന്മാരും രാഷ്ട്രത്തലവന്മാരും മന്ത്രിമാരുമൊക്കെ ഔദ്യോഗികാവശ്യങ്ങള്‍ക്കും വിശ്രമത്തിനും വരുന്ന സ്ഥലമാണിത്. ഇവിടുത്തെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇന്ദിരാഗാന്ധി ഉള്‍പ്പടെ ഡസന്‍കണക്കിന് ലോകനേതാക്കള്‍ പഠിച്ചിട്ടുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ രാജാവും മന്ത്രിയുമൊന്നും ഇവിടെയൊരു സംഭവമല്ല. ചുവന്ന ലൈറ്റ് വച്ച് ഇവിടെ ഓടുന്നത് ആംബുലന്‍സ് മാത്രമാണ്. സ്വിസ് പ്രസിഡണ്ട് മീറ്റിങിന് വരുന്നത് പരിവാരത്തോടെയല്ല. സമയത്ത്, സാധാരണക്കാരെപ്പോലെയാണ്.
റഷ്യന്‍ സാഹിത്യകാരനായിരുന്ന ദസ്തയേവ്സ്‌കി ജനീവയില്‍ താമസിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞത് എന്റെ റഷ്യന്‍ സുഹൃത്താണ്. 'കുറ്റവും ശിക്ഷയും' എന്ന ഒറ്റ പുസ്തകം മതി അദ്ദേഹത്തിന് ലോകസാഹിത്യകാരന്മാരില്‍ സ്ഥാനം കൊടുക്കാന്‍. പക്ഷെ, വളരെ സൃഷ്ടിപരമായ ഒരു ജീവിതകാലത്ത് അദ്ദേഹം 'കരമസോവ് സഹോദരന്മാര്‍' ( The Brothers Karamazov ) ഉള്‍പ്പടെ ഏറെ പുസ്തകങ്ങളെഴുതി.
മുരളി തുമ്മാരുകുടിയുടെ പുസ്തകങ്ങള്‍ വാങ്ങാം
ഫയദോര്‍ ദൊസ്‌തൊയെവ്‌സ്‌കിയുടെ പുസ്തകങ്ങള്‍ വാങ്ങാം

തന്റെ പുസ്തകങ്ങളെക്കാള്‍ അതിശയകരമായ ഒരു ജീവിതമാണ് ദസ്തയേവ്സ്‌കി നയിച്ചിരുന്നത്. ചൂതുകളി, വിപ്ലവാശയങ്ങള്‍, ജയില്‍വാസം, തകര്‍ന്ന ദാമ്പത്യം, സാമ്പത്തികത്തകര്‍ച്ച, രോഗങ്ങള്‍ അങ്ങനെ അദ്ദേഹം നേരിടാത്ത ദുരിതങ്ങള്‍ ഇല്ല. ഭാഗ്യത്തിന് അവസാനകാലത്ത് അദ്ദേഹത്തിന്റെ ഭാര്യ പുസ്തകത്തിന്റെ പബ്ലിഷിങും നടത്തിപ്പുമൊക്കെ ഏറ്റെടുത്തു, കാര്യം രക്ഷപ്പെട്ടു.
ദസ്തയേവ്സ്‌കി ജനീവയില്‍ താമസിക്കുന്ന സമയത്ത് ദുഃഖകരമായ ഒരു സംഭവമുണ്ടായി. ജനീയിലെ തണുപ്പുകാലം, റഷ്യയിലെപ്പോലെ അത്ര കഠിനമല്ല. പക്ഷെ, തടാകത്തിന്റെ കരയിലായതിനാല്‍ ഇടക്ക് ചിലപ്പോള്‍ തണുത്ത കാറ്റടിക്കും. 'ബീസ്' എന്നാണിതിന് പേര്. ഇതു വരുമ്പോള്‍ പരമാവധി പുറത്തിറങ്ങാതെ നോക്കുകയാണ് നാട്ടുകാര്‍ ചെയ്യുക. പുറത്തിറങ്ങിയാല്‍തന്നെ കോട്ടും മഫ്‌ളറും തൊപ്പിയുമൊക്കെയായി നല്ല സംരക്ഷണത്തോടെ.
ഒരു ബീസ് കാറ്റിന്റെ കാലത്ത് ദസ്തയേവ്സ്‌കിയുടെ ചെറിയ മകള്‍ക്ക് ന്യുമോണിയ പിടിപെട്ടു. അക്കാലത്ത് ഇതിനൊന്നും വലിയ ചികിത്സയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കുട്ടി മരിച്ചു. വീട്ടില്‍ അലമുറയായി. അയല്‍ക്കാരും കൂട്ടുകാരുമൊക്കെ വന്ന് ആശ്വസിപ്പിച്ചു. പക്ഷെ, രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ അയല്‍ക്കാര്‍ വന്നു പറഞ്ഞു.
'ഇനി നാളെ രാവിലെ കരയാം, ഞങ്ങള്‍ക്ക് ഉറങ്ങാനുള്ള സമയമായി!'
ജനീവയിലെ നിയമങ്ങള്‍ അങ്ങനെയൊക്കെയാണ്. രാത്രി പതിനൊന്നുമണി കഴിഞ്ഞാല്‍ ജനീവ വിമാനത്താവളത്തില്‍ ഒരു വിമാനത്തിനുപോലും ഇറങ്ങാന്‍ അനുമതിയില്ല. പത്തുമണി കഴിഞ്ഞാല്‍ കക്കൂസില്‍ ഫ്‌ളഷ് ചെയ്യാന്‍ പാടില്ലെന്നും നിയമമുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ സത്യമാണോ എന്നു പരിശോധിച്ചിട്ടില്ല. കാരണം ജനീവയിലെ നിയമങ്ങളുടെ ഒരു പ്രത്യേകത അത് നിര്‍മ്മിക്കുന്നത് അത് പാലിക്കാന്‍ വേണ്ടിയാണ് എന്നതാണ്.
നിയമനിര്‍മ്മാണത്തില്‍ ജനങ്ങള്‍ക്ക് നേരിട്ട് പങ്കാളിത്തമുള്ള ഏക രാജ്യമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. അതുകൊണ്ടുതന്നെ ഏതു പുതിയ നിയമം ഉണ്ടാകുമ്പോഴും ജനം അറിയും. അത് നടപ്പിലാക്കാന്‍ അവര്‍ നേരിട്ട് ഇടപെടുകയും ചെയ്യും.
ലോകത്തെ തന്നെ ഏറ്റവും പുരോഗതി പ്രാപിച്ച ജനാധിപത്യസംവിധാനം ആണ് സ്വിറ്റ്‌സര്‍ലന്‍ഡിലേത്. നമ്മുടെപോലെ അവര്‍ക്കും ഒരു പാര്‍ലമെന്റൊക്കെയുണ്ട്. പക്ഷെ, എംപി എന്നത് നാട്ടിലെപ്പോലെ മുഴുവന്‍ സമയ പണിയല്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസമേ പാര്‍ലമെന്റും നിയമനിര്‍മ്മാണവും ഒക്കെയുള്ളൂ. ബാക്കിയുള്ള സമയത്ത് അരി മേടിക്കണമെങ്കില്‍ വേറെ പണിയെന്തെങ്കിലും ചെയ്യണം. പാലം പണിയുന്നതും കലുങ്ക് ഉദ്ഘാടനം ചെയ്യുന്നതുമൊന്നും അവരുടെ പണിയല്ല.

പാര്‍ലമെന്റ് എന്ത് നിയമം ഉണ്ടാക്കിയിട്ടും കാര്യമില്ല. നിയമം ഉണ്ടാക്കിക്കഴിഞ്ഞാല്‍ രാജ്യത്തെ അന്‍പതിനായിരം പേരെങ്കിലും ഒപ്പിട്ട് ഒരു ഹര്‍ജി കൊടുത്താല്‍ ആ നിയമം എല്ലാ സ്വിസ് പൗരന്മാരുടേയും അഭിപ്രായ വോട്ടിന് ഇടണം. വോട്ട് വീട്ടിലിരുന്നു കമ്പ്യൂട്ടറില്‍ ചെയ്യാം. അതിന് ഒരു മാസം സമയമുണ്ട്. ബൂത്തില്‍ പോകേണ്ട, ക്യൂ നില്‍ക്കേണ്ട. ഈ അഭിപ്രായവോട്ടില്‍ കേവലഭൂരിപക്ഷം നിയമത്തെ എതിര്‍ക്കുന്നവര്‍ക്കായാല്‍ പിന്നെ ആ നിയമം ഇല്ല.
പാര്‍ലമെന്റ് ഉണ്ടാക്കുന്ന നിയമം തള്ളിക്കളയാന്‍ മാത്രമല്ല അവരെക്കൊണ്ട് പുതിയ നിയമം ഉണ്ടാക്കിക്കാനും ജനങ്ങള്‍ക്ക് കഴിയും. പക്ഷെ, കുറെക്കൂടെ ജനപിന്തുണ വേണം. ഒരു ലക്ഷം പേരെങ്കിലും ഒപ്പിട്ട് ഏതെങ്കിലും ഒരു വിഷയത്തില്‍ നിയമം ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന് ആ നിയമം വോട്ടിനിട്ടേ പറ്റൂ. ഭൂരിഭാഗം പേരും വോട്ടുചെയ്താല്‍ അതും നിയമം ആയി. എംപിമാര്‍ പിന്നെ ബുദ്ധിമുട്ടേണ്ട.
ഭരണം കേന്ദ്രം, സംസ്ഥാനം ( Canton ), ഗ്രാമം ( Commune ) എന്നിങ്ങനെ മൂന്നു തലത്തിലാണ്. അതിലോരോന്നിലും ഇതേ അഭിപ്രായവോട്ടെടുപ്പുണ്ട്. അപ്പോള്‍ ഓരോ സ്വിസ്പൗരനും ഓരോ വര്‍ഷവും പല പ്രാവശ്യം വോട്ട് ചെയ്യേണ്ടിവരും. ഇത് എയര്‍ഫോഴ്‌സിന് പുതിയ വിമാനം വാങ്ങണോ എന്നതു മുതല്‍ ജനീവ തടാകത്തിന്റെ അടിയിലൂടെ ഹൈവേ ഉണ്ടാക്കണോ എന്നിങ്ങനെ എന്തുമാകാം.
അടുത്തയാഴ്ച സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു അഭിപ്രായവോട്ടെടുപ്പ് നടക്കുകയാണ്. അതിലെ വിഷയം ലോകശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. ഓരോ സ്വിസ്പൗരനും മാസം സുഖമായി ജീവിക്കാന്‍ ഒരു നിശ്ചത തുക-തല്‍ക്കാലത്തെ കണക്കനുസരിച്ച് രണ്ടായിരത്തി അഞ്ഞൂറ് ഫ്രാങ്ക് (ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ))-സര്‍ക്കാര്‍ ചുമ്മാ കൊടുക്കണം എന്നതാണ് ഒരു കൂട്ടം ആളുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികള്‍ ഉള്ളവര്‍ക്ക് ഒരു കുട്ടിക്ക് അറുനൂറ്റി ഇരുപത്തിയഞ്ച് ഫ്രാങ്ക് വച്ച് വേറെയും!
ഇത് തൊഴിലില്ലായ്മവേതനം ഒന്നുമല്ല. ഒരു മാസം അഭിമാനത്തോടെ സ്വിറ്റ്‌സര്‍ലാന്റില്‍ ജീവിക്കാന്‍ 2500 ഫ്രാങ്ക് വേണം എന്നതാണ് നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അപ്പോള്‍ ഓരോ സ്വിസ് പൗരനും അതു കൊടുക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തം ആണ്. സിമ്പിള്‍!
സാധാരണ തൊഴിലില്ലായ്മ വേതനം കൊടുക്കുംബോള്‍ എന്തെങ്കിലും തൊഴില്‍ കണ്ടുപിടിക്കാന്‍ ആളുകള്‍ ശ്രമിക്കണമെന്നും, അതിനു വേണ്ടി പഠിക്കണമെന്നും ഒക്കെ നിബന്ധന ഉണ്ട്. കുറച്ചുനാള്‍ കഴിഞ്ഞാല്‍ തൊഴിലില്ലായ്മ വേതനത്തിന്റെ അളവ് കുറഞ്ഞു വരും. ഇതങ്ങനെ അല്ല. തൊഴിലെടുക്കണോ വേണ്ടയോ എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം. അത്യാവശ്യം സുഖമായി ജീവിക്കാനുള്ള തുക സര്‍ക്കാര്‍ മാസാമാസം നല്‍കണം!

ആളുകള്‍ക്ക് അങ്ങനെ ചുമ്മാ പണം കൊടുത്താല്‍ അവര്‍ പിന്നെ പണിയെടുക്കാന്‍ പോകുമോ എന്നാണ് എതിര്‍കക്ഷികളുടെ ചോദ്യം. നാടുനീളെ മടിയന്മാരായിപോകില്ലേ?
ഇതിന് നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്ന ഉത്തരം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ച കാരണം എല്ലാ രംഗത്തും തൊഴിലാളികളുടെ ആവശ്യം കുറഞ്ഞുവരികയാണ്. പണ്ടത്തേതിന്റെ പത്തിലൊന്ന് ആളുകള്‍ വേണ്ട കൃഷി ചെയ്യാന്‍, കാര്‍ഫാക്ടറിയില്‍ നൂറിലൊന്നുപോലും വേണ്ട. പത്തുവര്‍ഷത്തിനകം ട്രക്കുകളും ട്രെയിനും പ്ലെയിനും ഒക്കെ തനിയെ ഓടും. അപ്പോള്‍ എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കുക എന്നത് സ്വിറ്റ്‌സര്‍ലന്‍ഡിനെപ്പോലെ ഇപ്പോള്‍ ലോകത്ത് ഏറ്റവും കുറച്ചു തൊഴിലില്ലായ്മ ഉള്ള രാജ്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടാകും. ഇന്ത്യയും ചൈനയും ഒന്നും ചിന്തിക്കുകകൂടി വേണ്ട.
അപ്പോള്‍ ഈ നാട്ടുകാരെ മുഴുവന്‍ എഞ്ചിനീയറും ഡോക്ടറും ഡ്രൈവറുമൊക്കെയായി പരിശീലിപ്പിച്ച് വച്ചിട്ട് അവര്‍ക്ക് കൊടുക്കാന്‍ തൊഴിലില്ലാതായാല്‍ നാട്ടില്‍ അസംതൃപ്തി പെരുകും. അതിനു പകരം നാട്ടില്‍ തൊഴില്‍ വേണ്ട എന്നുവച്ച് ചുമ്മാ ഇരിക്കുന്നവര്‍ പെരുകട്ടെ. അച്ഛന്മാര്‍ മക്കളെ നോക്കിയിരിക്കട്ടെ, കാമുകിമാര്‍ കാമുകന്മാരുമായി കറങ്ങി നടക്കട്ടെ, അഭിനയിക്കാന്‍ അറിയുന്നവര്‍ ഓട്ടോമൊബൈല്‍ ഡിപ്ലോമക്ക് പോകാതിരിക്കട്ടെ. നാട്ടിലെങ്ങും സര്‍ഗ്ഗാത്മകതയും സന്തോഷവും നിറയട്ടെ.
ഇത് കൂടാതെ എന്തെങ്കിലും റിസ്‌ക് ഉള്ള പണികളും (ഉദാഹരണത്തിന് ഒരു ബിസിനസ് തുടങ്ങുന്നത്) അല്ലെങ്കില്‍ സ്വയം സേവനം, പുതിയ ചെറിയ ചെറിയ കണ്ടു പിടുത്തങ്ങള്‍, എന്തിനു ചെറുകിട കൃഷി ഇതിലെക്കെല്ലാം ആളുകള്‍ കൂടുതല്‍ തിരിയും എന്നാണ് ഇതിന്റെ പ്രയോക്താക്കള്‍ പറയുന്നത്.
തക്കാലം ഈ നിയമം പാസാവാന്‍ സാധ്യത ഇല്ലെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഈ ആശയം പ്രചരിക്കാന്‍ തുടങ്ങുന്നതേ ഉള്ളൂ, ഇതിന് ആരാധകര്‍ കൂടി വരും. കാരണം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വളര്‍ച്ചയുടെ ഒരു കുഴപ്പം അത് 'ജോലി ഉണ്ടാക്കാത്ത വളര്‍ച്ച' ( jobless growth ) ആണെന്നെതാണ്. ഉദാഹരണത്തിന് ഇന്ത്യയില്‍ ജനസംഖ്യ കൂടുന്നത് ശരാശരി ഒരു വര്‍ഷം രണ്ടു കോടിയുടെ അടുത്താണ്. പണ്ടെല്ലാം കൃഷിയാണ് ഇതില്‍ വലിയ ശതമാനത്തിനു തൊഴില്‍ നല്‍കിക്കൊണ്ടിരുന്നത്. പക്ഷെ കൃഷി ആദായകരം ആകണമെങ്കില്‍ അതില്‍ യന്ത്രവല്‍ക്കരണം വന്നേ പറ്റൂ.
ഉത്പാദനപ്രക്രിയയിലും ഇതേ പ്രശ്‌നമുണ്ട്. പണ്ടത്തെ റിഫൈനറിയുടെ അന്‍പതില്‍ ഒന്നാള്‍ മതി ഇപ്പോള്‍ ഒരു റിഫൈനറി നടത്താന്‍. സേവനമേഖലയിലും ഓട്ടോമേഷന്‍ വരുന്നതോടെ അവിടെയും തൊഴില്‍സാധ്യത കുറയും. വര്‍ഷാവര്‍ഷം ഉണ്ടാകുന്ന രണ്ടുകോടി ഇന്ത്യക്കാര്‍ക്ക് കൊടുക്കാന്‍ ഇവിടെ പണിയൊന്നുമില്ല. അതുണ്ടാക്കാം എന്നൊക്കെ മേനി പറയാമെങ്കിലും നടക്കുന്ന കാര്യമല്ല. ഇതേ പ്രശ്‌നങ്ങളെല്ലാം ലോകത്ത് മറ്റെല്ലായിടാത്തും ഉണ്ട്. അപ്പോള്‍ ഇവിടെ അധികം ഉള്ളവര്‍ക്ക് മറുനാട്ടില്‍ ജോലി ഉണ്ടാകുമെന്നും കരുതേണ്ട.
ഇതിനെ പഴയതുപോലെ പ്രതിരോധിക്കാന്‍ പോയാല്‍ (അതായത് ഒട്ടൊമേഷനെ എതിര്‍ത്ത് തൊഴിലെല്ലാം മനുഷ്യര്‍ ചെയ്യണം എന്ന് നിര്‍ബന്ധം പിടിച്ചാല്‍) നമ്മുടെ സാമ്പത്തിക മേഖല തകരും എന്നല്ലാതെ ലോകത്തിന്റെ ഗതി മാറാന്‍ പോകുന്നില്ല.
അപ്പോള്‍ ജോലി കിട്ടാന്‍ വേണ്ടി മാത്രം എന്തെങ്കിലും പഠിച്ച്, പഠിക്കാത്ത എന്തെങ്കിലും കാര്യത്തില്‍ ജോലിചെയ്തു, അസംതൃപ്തരായി ജീവിക്കുന്നതിലും നല്ലത് മിനിമം കാശ് മേടിച്ച് ഇഷ്ടമുള്ള കാര്യങ്ങള്‍ തോന്നുമ്പോള്‍ മാത്രം ചെയ്തു സുഖമായി ജീവിക്കുന്നതാണെന്ന ചിന്ത മനുഷ്യരില്‍ ഉണ്ടാക്കിയെടുക്കണം. അത് മോശമല്ല എന്ന തോന്നല്‍ സമൂഹത്തിലും.
മാമ്പഴ പുളിശ്ശേരിയും കഴിച്ച്, ഉണ്ട്, ഉച്ചക്കുറങ്ങി രാത്രി കഥകളിയും കണ്ട് അല്പം ചുറ്റിക്കളിയും ഒക്കെയായി ജീവിക്കാന്‍ പറ്റുന്ന ഒരു കാലം ഈ നൂറ്റാണ്ടില്‍ വന്നേ പറ്റൂ.
മുരളി തുമ്മാരുകുടിയുടെ പുസ്തകങ്ങള്‍ വാങ്ങാം
ഫയദോര്‍ ദൊസ്‌തൊയെവ്‌സ്‌കിയുടെ പുസ്തകങ്ങള്‍ വാങ്ങാം