'പുറത്തായി' എന്നാണ് അമ്മ പറയാറ്. അത് സത്യവുമാണ്. മാസമുറയുടെ ദിവസങ്ങളില്‍ അമ്മ അക്കാലത്ത് അടുക്കളയില്‍ നിന്നും പുറത്താണ്. ശരിയായാലും തെറ്റായാലും അന്നത്തെ ആചാരം അതാണ്.

'തീണ്ടാരി ആയി' എന്നാണ് ചേച്ചിമാര്‍ പറയാറ്. വൈകിട്ട് വിളക്ക് കൊളുത്താന്‍ എന്നോട് പറയുമ്പോള്‍ അതിന്റെ കാരണം പറയുന്നതാണ്. 

'അമ്മായി വന്നു' എന്നാണ് ഭാര്യ പറയുന്നത്. ചുറ്റും ആരെങ്കിലുമുണ്ടെങ്കില്‍ തന്നെ ബുദ്ധിമുട്ടാതെ പറയാനുള്ള സൗകര്യത്തിന് കണ്ടുപിടിച്ചതാകണം. 

'ആര്‍ത്തവ കാലം' എന്നൊക്കെ വനിതാ മാസികകളിലെ ചോദ്യോത്തരത്തിലും ടിവിയിലെ ആറുബോറന്‍ ലൈംഗികവിദ്യാഭ്യാസ പരിപാടികളിലും അല്ലാതെ ഭൂമി മലയാളത്തില്‍ സംസാരഭാഷയില്‍ ആരും പറഞ്ഞു കേട്ടിട്ടില്ല. 

'മുരളി എന്താ ഇതൊക്കെ ഇപ്പൊ  പറയുന്നത്?'

'സത്യം പറയണമല്ലോ ഡോക്ടര്‍, എനിക്കെന്തോ പറ്റിയിട്ടുണ്ട്?'

'അതെന്താ മുരളിക്കിപ്പോ അങ്ങനെ തോന്നാന്‍?'

'മുപ്പതുവര്‍ഷമായി കേരളത്തിനു പുറത്ത് താമസിക്കുന്ന മലയാളിയാണ് ഞാന്‍. പക്ഷെ, കേരളത്തിലെ ആളുകളുമായി അവിടെ നടക്കുന്ന സംഭവങ്ങളുമായി സ്ഥിരം ബന്ധത്തില്‍ ഇരിക്കുന്നയാളുമാണ്'.

'എന്നിട്ട്?'

'പക്ഷെ, കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷമായിട്ട് കേരളത്തിലെ Political Correctness എവിടെയാണെന്ന് എനിക്ക് പിടികിട്ടുന്നില്ല. പുരോഗമനക്കാരും പിന്തിരിപ്പന്‍മാരും ഏതാണ്ട് ഒരുപോലെ ചിന്തിക്കുന്നതുപോലെ എനിക്കു തോന്നുന്നു. പല സംഭവത്തിലും എന്റെ അഭിപ്രായം പുറത്തു പറയാന്‍പോലും പേടിയാകുന്ന തരത്തില്‍ നാട്ടിലെ പൊതുരംഗം ചുരുങ്ങിപ്പോയതായി എനിക്കു തോന്നുന്നു. ഇതൊരു രോഗമാണോ ഡോക്ടര്‍?'

'ഇപ്പൊ ഇതൊക്കെ പെട്ടെന്നു തോന്നാന്‍ എന്തുണ്ടായി?'

'കഴിഞ്ഞയാഴ്ച കേരളത്തിലെ ഏതോ ഒരു കോളേജ് മാസികയില്‍ 'കാമ്പസ് ഭാഷ' എന്ന പേരില്‍ ഒരു പദാവലി പ്രസിദ്ധീകരിച്ചിരുന്നു. ആര്‍ത്തവം മുതല്‍ ആസനം വരെയുള്ള പദങ്ങള്‍ക്ക് അതില്‍ കാമ്പസ് പരിഭാഷ ഉണ്ടായിരുന്നു. ആര്‍ത്തവത്തിനു 'ആന്റി വന്നു' എന്നായിരുന്നു പരിഭാഷ. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച പിള്ളേര്‍ 'അമ്മായി'യെ 'ആന്റി' ആക്കിയതാവണം. കാര്യം കാമ്പസില്‍ ഇതുപോലെയുള്ള പദങ്ങള്‍ കാലാകാലമായിട്ട് ഉണ്ടായിരുന്നെങ്കിലും ആദ്യമായിട്ടാണ് ഇത് ക്രോഡീകരിക്കാന്‍ ഒരു ശ്രമം നടന്നത്'. 

'എന്നിട്ട്?'

'എന്നിട്ടെന്താവാന്‍, പദാവലി സ്ത്രീവിരുദ്ധമാണെന്നു പറഞ്ഞ് മാസിക പിന്‍വലിച്ചു. എഡിറ്ററെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു'. 

'അതുപിന്നെ പെണ്‍കുട്ടികളെ 'പീസ്' എന്നും നിതംബത്തെ 'ബംബര്‍' എന്നൊക്കെ എഴുതിവച്ചാല്‍ ചുമ്മാ വിടാന്‍ പറ്റുമോ?'

'ഡോക്ടര്‍ അത് എഴുതിവച്ചയാള്‍ പുതിയതായി കണ്ടുപിടിച്ചതോ നിര്‍മ്മിച്ചതോ ഒന്നുമല്ലല്ലോ? നമ്മുടെ കാമ്പസുകളില്‍ കാലാകാലങ്ങളായി ഉണ്ടായിരുന്ന ഭാഷയാണ്.  ഇക്കണക്കിന് ശബ്ദതാരാവലിയില്‍ വന്ന അശ്ലീലവാക്കുകളുടെ പേരില്‍ എഡിറ്ററെ പിടിച്ച് ജയിലിലിടുമല്ലോ?'

'ഡോക്ടറേ, ഈ ഭാഷ നമ്മെ അലര്‍ട്ട് ചെയ്യേണ്ടിയിരുന്നത് നമ്മുടെ കാമ്പസുകളില്‍ പുരുഷമേധാവിത്വവും സ്ത്രീവിരുദ്ധതയും ഉണ്ടെന്ന വസ്തുതയെക്കുറിച്ചാണ്. കാമ്പസിലെ ഭാഷയില്‍ സ്ത്രീകളെ ലൈംഗികവസ്തുക്കള്‍ ആയി കാണുന്ന പ്രവണത അതിന്റെ പ്രതിഫലനമാണ്. കാമ്പസിലെ ഭാഷ കുട്ടികളെ സ്ത്രീവിരുദ്ധരാക്കുകയല്ല മറിച്ച് കാമ്പസിലെ സ്ത്രീവിരുദ്ധത അവിടുത്തെ ഭാഷയെ സ്വാധീനിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ പരിഹാരം ഭാഷയെ സെന്‍സര്‍ ചെയ്യുകയല്ല'. 

കാമ്പസുകളില്‍ പഠിച്ചു വളര്‍ന്ന എല്ലാ മലയാളികള്‍ക്കും നമ്മുടെ കാമ്പസിലെ പുരുഷമേധാവിത്വം പരിചയം കാണും. ഒരു പുരുഷകേന്ദ്രിത സമൂഹത്തില്‍നിന്നും വരുന്നതിനാല്‍ പലപ്പോഴും അതിലെ സ്ത്രീവിരുദ്ധത കുട്ടികള്‍ക്ക് മനസ്സിലാകാറു കൂടിയില്ല. പുരുഷമേധാവിത്വം പതുക്കെ ക്രമാനുഗതമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന പരിശീലനക്കളരിയായി മാറുന്നു കാമ്പസുകള്‍.

ഇതൊന്നും ഞാന്‍ ചുമ്മാ മുപ്പതുവര്‍ഷം മുന്‍പത്തെ ഓര്‍മ്മയും പരിചയവും വച്ചുപറയുന്നതല്ല. കേരളത്തിലെ കാമ്പസുകളിലെ ലിംഗനീതി (Gender Justice) യെപ്പറ്റി പ്രൊഫസര്‍ മീനാക്ഷി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കഴിഞ്ഞമാസം റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതിലെ കണ്ടെത്തലുകള്‍ ഒരു സംസ്‌കൃത സമൂഹമായി അഹങ്കരിക്കുന്ന നമ്മെ ഞെട്ടിക്കേണ്ടതും നാണിപ്പിക്കേണ്ടതുമാണ്.

കേരളത്തിലെ കാമ്പസുകളില്‍ സ്ത്രീകള്‍ക്കു നേരെ (വിദ്യാര്‍ത്ഥിനികള്‍, വനിതാ ഗവേഷകര്‍, സ്ത്രീ അധ്യാപകര്‍) വാക്കുകൊണ്ടും പ്രവര്‍ത്തി കൊണ്ടുമുള്ള അതിക്രമങ്ങള്‍ മുതല്‍ ലൈംഗിക അതിക്രമങ്ങള്‍ വരെ നടക്കുന്നു. 

കേരളത്തിലെ കാമ്പസുകളില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര ആരോഗ്യസുരക്ഷ സംവിധാനങ്ങളില്ല.

അതേസമയം സുരക്ഷയുടെ പേരില്‍ സ്ത്രീകള്‍ക്ക് സഞ്ചാരത്തിനും വസ്ത്രത്തിനുമൊക്കെ ഏറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

Gender Justice on Kerala Campuses

കാമ്പസിലെ ലിംഗപ്രശ്‌നങ്ങളെപ്പറ്റി പരാതിപ്പെടാന്‍ വ്യക്തമായ ഒരു സംവിധാനവുമില്ല. പരാതിപ്പെട്ടാല്‍ കൃത്യമായ നടപടി ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ അത് സഹിക്കുകയാണ് കൂടുതല്‍ സ്ത്രീകളും ചെയ്യുന്നത്.

പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പോന്ന ഒരു വിഷയവും അധ്യയനപദ്ധതിയില്‍ പഠനപദ്ധതിയുടെ ഭാഗമായിട്ടോ അല്ലാതെയോ ഇല്ല.

ക്ലാസ്മുറിയിലെ വെവ്വേറെയുള്ള ഇരിപ്പിടങ്ങളും ഇരിപ്പിടങ്ങളും മറ്റു പെരുമാറ്റങ്ങളുമെല്ലാം ആധുനിക ലിംഗനീതി സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ല. പക്ഷെ അതുറപ്പാക്കാന്‍ അദ്ധ്യാപകരും മാനേജ്‌മെന്റുമെല്ലാം ശക്തമായി ഇടപെടുന്നു.

ചുരുക്കി പറഞ്ഞാല്‍ പുറത്തെ സമൂഹത്തിലെ പുരുഷകേന്ദ്രിത സ്വഭാവങ്ങളും പ്രവണതകളും ഊട്ടിയുറപ്പിക്കുന്ന നയങ്ങളാണ് കാമ്പസിനകത്ത് സ്വീകരിക്കപ്പെടുന്നത്. അതിനാല്‍ സ്ത്രീസമത്വത്തെപ്പറ്റി കൂടുതല്‍ അറിവും പരിചയവും കാഴ്ചപ്പാടുമുള്ള ഒരു തലമുറ ഈ വിദ്യാഭ്യാസപദ്ധതിയില്‍ നിന്നും ഉണ്ടാകാന്‍ വഴിയില്ല എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

കേരളത്തിലെ കാമ്പസില്‍ പഠിച്ചതിനാലും കാമ്പസില്‍ പഠിച്ച നാലു സഹോദരിമാരുടെ ആങ്ങള ആയതിനാലും മുന്‍പറഞ്ഞതൊന്നും എന്നെ അതിശയപ്പെടുത്തിയില്ല. പക്ഷെ, കേരളത്തിലെ ചില കോളേജുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നടക്കാന്‍ വേറെ ഇടനാഴികളും കയറാന്‍ വേറെ വേറെ ലിഫ്റ്റുകളും ഉണ്ടെന്നത് എനിക്ക് പുതിയ അറിവായിരുന്നു. മധ്യപൂര്‍വ്വ (Middle East) ദേശങ്ങളില്‍ ജീവിച്ചതിനാല്‍ അത്തരം കാമ്പസുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇത് നമ്മുടെ കേരളത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഉണ്ടെന്നുള്ളത് എന്നെ ഞെട്ടിച്ചു. നാം എങ്ങോട്ടാണ് പുരോഗമിക്കുന്നത്!

എന്താണ് അടുത്ത പടി? ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഇടക്ക് കര്‍ട്ടന്‍? ആണ്‍ പെണ്‍കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്ന ആണ്‍ അധ്യാപകര്‍ പെണ്‍കുട്ടികളെ കാണാതിരിക്കാന്‍ വീഡിയോ കൊണ്‍ഫറന്‍സ് വഴി മാത്രം ക്ലാസ്? അല്ല, അങ്ങനെയുള്ള ലോകവുമുണ്ടേ!

മീനാക്ഷി ഗോപിനാഥിന്റെ റിപ്പോര്‍ട്ട് കേരളത്തിലെ കാമ്പസുകളിലെ സ്ത്രീശാക്തീകരണത്തിന് അടിസ്ഥാനമിടേണ്ടതാണ്. അതിനെപ്പറ്റി ചര്‍ച്ചകള്‍ വരേണ്ടതാണ്. പക്ഷെ, അതുണ്ടായില്ല. റിപ്പോര്‍ട്ട് പരിഗണിച്ച ഉന്നത വിദ്യാഭ്യാസത്തലവന്‍മാര്‍ ഇതു പെരുപ്പിച്ചു കാട്ടിയതാണെന്നു പറഞ്ഞു തലയൂരി.

അതിനു അതിശയം വിചാരിക്കേണ്ട കാര്യമില്ല. റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ആര്‍ട്‌സ് കോളേജുകളില്‍ ഇപ്പോള്‍ 73 ശതമാനം വിദ്യാര്‍ത്ഥിനികളാണ്. 43 ശതമാനം സ്ത്രീ അധ്യാപകരും. പക്ഷെ ഉന്നതവിദ്യാഭ്യാസരംഗത്തെ നയങ്ങള്‍ തീരുമാനിക്കുന്ന സ്ഥലങ്ങളില്‍ (സെനറ്റ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, സിന്‍ഡിക്കേറ്റ്, വൈസ് ചാന്‍സലര്‍മാര്‍) സ്ത്രീസാന്നിധ്യം തീരെ കുറവും. കേരളത്തില്‍ ഒരു വനിത വിദ്യാഭ്യാസമന്ത്രി ആയിട്ടില്ല എന്ന് തന്നെ തോന്നുന്നു. പഞ്ചായത്തിലുള്ളപോലെ 50 ശതമാനമെങ്കിലും സ്ത്രീസാന്നിധ്യം ഇവിടെയും അടിച്ചേല്‍പ്പിക്കേണ്ട കാലം എന്നേ കഴിഞ്ഞു.

കാമ്പസിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ പൂജ്യം സഹിഷ്ണുത ( zero tolerance ) എടുക്കണമെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. പക്ഷെ, കാമ്പസിനു നേരെ പിടിച്ച കണ്ണാടി അടിച്ചുടച്ചാല്‍ തീരുന്നതല്ല നമ്മുടെ കാമ്പസിലെ ലിംഗനീതിയുടെ പ്രശ്‌നങ്ങള്‍. അക്കാര്യത്തില്‍ വിദ്യാര്‍ഥി സംഘടനകളും പുരോഗമന ചിന്താഗതിക്കാരും മുന്നോട്ടു വരണം എന്നാണെന്റെ ആഗ്രഹം.

അത് തെറ്റാണോ ഡോക്ടര്‍?