ഐഐടി യില്‍ എന്റെ സഹപാഠിയായിരുന്ന സലിം ജീവിതത്തില്‍ എന്റെ 'ബാലന്‍' ആണ്. ജീവിതത്തില്‍ എനിക്ക് സലിം ചെയ്തുതന്ന സഹായത്തിന് കണക്കില്ല. പക്ഷെ, ഏറെ അന്തര്‍മുഖന്‍ ആയതിനാല്‍ വ്യത്യസ്തനായ സലിമിനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല. 

ആയിരത്തിഎണ്ണൂറു രൂപയാണ് അന്ന് സ്‌റ്റൈപന്റ്. അന്നത്തെ ആയിരത്തിഎണ്ണൂറു രൂപ എന്നു പറഞ്ഞാല്‍ വെറും ആയിരത്തിഎണ്ണൂറു രൂപയേയുള്ളൂ. അത്യാവശ്യമൊക്കെ നടന്നുപോകും എന്നല്ലാതെ മാസത്തില്‍ രണ്ടു സിനിമ കാണാനുള്ള ബാലന്‍സ് പോലും തികയില്ല. മാസാവസാനം ആകുമ്പോള്‍ എല്ലാവരുടേയും കീശ കാലിയാകും, രണ്ടുപോരുടെ ഒഴിച്ച്.

ഒന്ന് എന്റെ, രണ്ട് സലിമിന്റേത്. ഇക്കാര്യം എന്റെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവസാന ആഴ്ചയില്‍ എനിക്ക് വലിയ ഡിമാന്റാണ്. ഇരുപതും അന്‍പതുമൊക്കെ രൂപ കടം വാങ്ങാനായിട്ട് കൂട്ടുകാര്‍ എന്റെയടുത്തു വരും.

പക്ഷെ, അവര്‍ക്കറിയാതിരുന്ന ഒരു കാര്യമുണ്ട്. അവസാനത്തെ ആഴ്ചക്കു മുമ്പേ എന്റെ കീശ കാലിയാകും. പിന്നെ ഞാന്‍ നേരെ സലിമിന്റെയടുത്തു പോകും.  ഒരു അഞ്ഞൂറുരൂപ കടം വാങ്ങും. അതുംവച്ച് മുതലാളിയായി വിലസും! 

ജീവിതത്തില്‍ ഞാന്‍ പഠിച്ചിട്ടുള്ള അടിസ്ഥാനപാഠങ്ങളില്‍ ഒന്നാണിത്. നമ്മുടെ കഷ്ടപ്പാടുകള്‍ മൊത്തം ആളുകളെ അറിയിക്കരുത്. അറിയിക്കുന്നവര്‍ നമ്മെ മൊത്തമായി സഹായിക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കുകയും വേണം. മറ്റുള്ള 'പാവങ്ങളുടെ' അടുത്ത് നമുക്ക് ഒരു പ്രശ്‌നവും ഇല്ലാത്ത 'പണക്കാരന്‍' ആയി അഭിനയിക്കാം.

കാശിന്റെ കാര്യത്തില്‍ മാത്രമല്ല വായനയുടെ കാര്യത്തിലും സലിം ഒരു ധനാഢ്യനായിരുന്നു. ഐസക് അസിമോവ് മുതല്‍ റിച്ചാര്‍ഡ് ഹോക്കിങ് വരെ, ജെബിഎസ് ഹാല്‍സേന്‍ മുതല്‍ ഫെയിന്‍മാന്‍ വരെ ശാസ്ത്രസാഹിത്യത്തില്‍ ഒരു അതോറിറ്റിയായിരുന്നു സലിം. സാധാരണ വായനയിലും പുറകിലല്ല.

ഒരിക്കല്‍ സലിം ഒരു മലയാള പുസ്തകത്തെപ്പറ്റി പറഞ്ഞു (പയ്യപ്പള്ളി ബാലന്റെ 'ജയിലിലെ ഓര്‍മ്മകള്‍' ആണെന്നാണ് ഓര്‍മ്മ, ശരിയാകണമെന്നില്ല). ഏതാണെങ്കിലും, ജയില്‍വാസകാലത്ത് ഒരു കൊലപാതകിയെ ജയിലില്‍ എത്തിക്കുന്നതാണ് രംഗം. പേരുകേട്ട തെമ്മാടിയാണ് ഈ പുള്ളി. ജയിലില്‍ പണ്ടും കിടന്നിട്ടുണ്ടായിരുന്നതിനാല്‍ അവിടെ പല സുഹൃത്തുക്കളുമുണ്ട്. അവരെ കണ്ടവഴി ഏറെ അഭിമാനപൂര്‍വ്വം അയാള്‍ ചോദിച്ചുവത്രെ -

'എന്റെ കുത്തെങ്ങനെ?'

രാജമാണിക്യത്തില്‍ ക്വിന്റല്‍ വര്‍ക്കിച്ചന്‍ പറയുന്നതുപോലെ തെമ്മാടികളുടെ ഇടയില്‍ ഒറ്റ കുത്തിന് കാര്യങ്ങള്‍ ശരിയാക്കുന്നതില്‍ മത്സരവും അഭിമാനവുമൊക്കെ ഉണ്ടായിരുന്നിരിക്കാം. ചുമ്മാ മൊട്ടയില്‍നിന്നു വിരിയാത്ത ഇപ്പോഴത്തെ പിള്ളേര്‍ ക്വട്ടേഷന്‍ എടുക്കുന്നതുകൊണ്ടാണ് തലങ്ങുംവിലങ്ങുമൊക്കെ വെട്ടേണ്ടിവരുന്നതെന്ന് അവര്‍ പരിതപിക്കുന്നുണ്ടാകാം.

ഞാനിതെല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. ഒരാളെ ഒറ്റക്കുത്തിന് ശരിയാക്കാന്‍ പറ്റുമോ എന്ന ഗവേഷണത്തിലാണ് ഞാന്‍. കുത്തിയാല്‍ മാത്രം, ആളു ശരി ആവണം, കുത്തുന്നയാള്‍ ആരുമറിയാതെ സ്ഥലം വിടുകയും വേണം.

'അല്ല, സാറിനി നയതന്ത്രം ഉപേക്ഷിച്ച് ക്വട്ടേഷന്‍ പണിക്ക് പോവുകയാണോ' 

ഏയ്, അതൊന്നുമല്ല ഞാന്‍ കഴിഞ്ഞ ദിവസം ബിബിസിയുടെ ഷെര്‍ലോക് എന്ന പുതിയ സീരീസിലെ ഒരു ഷോ കാണുകയായിരുന്നു. പഴയ ഷെര്‍ലോക് ഹോംസിനെ പുതിയ സാഹചര്യത്തില്‍ അവതരിപ്പിക്കുന്നതാണീ സീരീസ്. കുതിരവണ്ടിയും ഗ്യാസ്‌വിളക്കുകളും ഒക്കെയായിരുന്ന ലണ്ടന്‍ മാറി ഡബിള്‍ ഡക്കര്‍ ബസും അംബരചുംബികളുമുള്ള ലണ്ടന്‍. തൊപ്പിക്കും വടിക്കും പകരം ടാബ്‌ലറ്റും മൊബൈലുമായി നടക്കുന്ന ഷെര്‍ലോക്. പഴയ കാലത്തെ പഴയ കുറ്റങ്ങള്‍ മാറി പുതിയ നൂറ്റാണ്ടിലെ പുതിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഷെര്‍ലോക്കും വാട്‌സനും. 

ബിബിസിയുടെ 'ഷെര്‍ലോക്' പരമ്പരയില്‍ നിന്നുള്ള രംഗം

 

പഴയ ഹോംസ് ഫാന്‍ ആയതിനാല്‍ ഞാന്‍ ഏറെ നാള്‍ പുതിയ സീരീസ് കണ്ടില്ല. പക്ഷെ, കണ്ടുകഴിഞ്ഞപ്പോള്‍ അതിന്റെ ഫാന്‍ ആയി. പുതിയ സീരീസും വരുന്നതു നോക്കിയിരിക്കുകയാണ് ഞാന്‍.

'മൂന്നിന്റെ ചിഹ്നം' എന്ന കഥയിലെ 'നിണമണിഞ്ഞ കാവല്‍ക്കാരന്‍' ( 'Bloody Guardsman' ) എന്നതാണ് കഥ. തന്നെ ആരോ പിന്‍തുടരുന്നതായി തോന്നുന്ന ഒരു കാവല്‍ക്കാരന്‍ ഷെര്‍ലോക്കിന്റെ സഹായം തേടുന്നു. അതന്വേഷിക്കാന്‍ പട്ടാളക്കാരുടെ ബാരക്കില്‍ എത്തുന്ന ഷെര്‍ലോക് കാണുന്നത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കാവല്‍ക്കാരനെയാണ്. അദ്ദേഹം കുളിമുറിക്കുള്ളിലാണ്. മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയുമാണ്. പിന്നെ അക്രമി എങ്ങനെ അകത്തുകയറി? ഇതാണ് പ്രശ്‌നം.

വരിഞ്ഞുമുറുക്കിയ വസ്ത്രം അണിഞ്ഞുനില്‍ക്കുന്നവരെ നേരിയ കത്തികൊണ്ട് കുത്തിയാല്‍ ആന്തരിക രക്തസ്രാവമുണ്ടായി മരണം വരെ സംഭവിക്കാമെന്നും പക്ഷെ, ഏറെ നേരത്തേക്ക് കുത്തുകൊണ്ടവര്‍പോലും ഇതറിയില്ല എന്നതുമാണ് കഥ പറയുന്നത്. പിന്നെ മുറുകിയ വസ്ത്രം അഴിക്കുമ്പോഴാണ് രക്തം ഒഴുകുന്നതും മരണം സംഭവിക്കുന്നതും. അതുകൊണ്ടുതന്നെ കുത്തിയ ആള്‍ക്ക് രക്ഷപെടാന്‍ സമയം ഉണ്ട്. 

'ഇതൊക്കെ കഥയല്ലേ, വല്ലതും നടക്കുന്ന കാര്യമാണോ ചേട്ടാ?'

അതുതന്നെയാണ് എന്റെയും ചോദ്യം. ഇങ്ങനെയൊക്കെ നടക്കുമായിരുന്നെങ്കില്‍ നമ്മള്‍ ആര്‍ക്കൊക്കെയിട്ട് പണ്ടേ കുത്തിയേനേ?

പണ്ടുകാലത്തായിരുന്നെങ്കില്‍ കഥയില്‍ ചോദ്യമില്ല എന്ന ലോജിക് വച്ച് ഈ കഥ ഞാന്‍ ഇവിടെ അവസാനിപ്പിച്ചേനേ. പക്ഷെ മിസ്റ്റര്‍ ഗൂഗിള്‍ ഉള്ളപ്പോള്‍ എന്തിനും ഉത്തരമുണ്ട്. അല്‍പ്പം തിരയണം എന്നുമാത്രം.

ഈ കഥയുടെ ഉത്തരം വാസ്തവത്തില്‍ കിടക്കുന്നത് എന്റെ വീടിന്റെ തൊട്ടടുത്താണ്. ജനീവതടാകത്തിന്റെ കരയില്‍ അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഒരു പ്രതിമയുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലുതും സമ്പന്നവും പ്രശസ്തവും ആയിരുന്ന ആസ്‌ട്രോഹംഗേറിയന്‍ സാമ്രാജ്യത്തിലെ റാണിയായിരുന്ന എലിസബത്തിന്റെ (സിസ്സി  എന്ന് വിളിപ്പേര്, 1854 മുതല്‍ 1898 വരെ മഹാറാണി ആയിരുന്നു) പ്രതിമയാണിത്. അതീവ സുന്ദരിയും കാരുണ്യവതിയും അതിനൊക്കെ ഉപരി രാജകീയപ്രൗഢികളില്‍ വിശ്വസിക്കാത്ത ആളുമായിരുന്നു ഈ രാജ്ഞി.

എലിസബത്ത് രാജ്ഞിയുടെ (സിസ്സിയുടെ) ചിത്രം. ചിത്രകാരനായ ഫ്രാന്‍സ് സെവ്യര്‍ വിന്റര്‍ഹള്‍ട്ടര്‍ 1865 ല്‍ വരച്ചത് 

 

'ഈ രാജ്ഞിയും കുത്തുമായി എന്തു ബന്ധം?'

'തോക്കില്‍ കേറി വെടിവക്കല്ലേ ചേട്ടാ, ഞാന്‍ കഥ പറഞ്ഞുവരികയല്ലേ'

ലോകത്തിലെ സമ്പന്ന വിഹാരകേന്ദ്രമാണ് അന്നുമിന്നും സ്വിറ്റ്‌സര്‍ലാന്റ്.  ജനീവതടാകത്തിന്റെ കരയില്‍ വര്‍ഷത്തില്‍ ഏതു ദിവസവും വൈകിട്ട് നടക്കാന്‍ പോയാല്‍ ഒരു രാജാവോ, രാജകുമാരിയോ, പ്രധാനമന്ത്രിയോ, ഹോളിവുഡ്താരമോ മറ്റു ഷേക്കുമാരോ ശതകോടീശ്വരന്മാരോ സമ്പന്നരോ ഒക്കെ ഉണ്ടാകാം, അതാരും ശ്രദ്ധിക്കുന്നു പോലുമില്ല. നല്ല കാലാവസ്ഥ, സുരക്ഷിതത്വം, അധികമാരും അവരെ തിരിച്ചറിയില്ല, അറിഞ്ഞാലും പുറകെ ക്യാമറയുമായി പോകില്ല എന്നിങ്ങനെ പല കാരണങ്ങള്‍ ഉണ്ടിതിന്.

ഈ തടാകത്തിന്റെ കരയിലെ ഹോട്ടലില്‍ ഒരു അവധിക്കാലം ആഘോഷിക്കാനായി രാജ്ഞി എത്തി. പക്ഷെ, മുമ്പു പറഞ്ഞപോലെ രാജകീയസ്വീകരണമൊന്നും രാജ്ഞിക്ക് ഇഷ്ടമല്ല. അതുകൊണ്ടുതന്നെ താന്‍ രാജ്ഞിയാണെന്ന് അധികമാരോടും പറഞ്ഞിട്ടില്ല. വമ്പന്‍ പരിവാരങ്ങള്‍ ഒന്നും കൂടെയുമില്ല (അക്കാലത്ത് രാജ്ഞി ഔദ്യോഗികമായി സഞ്ചരിക്കുമ്പോള്‍ ആയിരം പേര്‍ പോലും കൂടെ പോകുന്നത് അപൂര്‍വം അല്ല. അപ്പോള്‍ ലോകത്തെ ഏറ്റവും വലിയ, സമ്പന്നമായ സാമ്രാജ്യത്തിലെ രാജ്ഞിയാവുമ്പോള്‍ ഏതുവിധ സൗകര്യങ്ങളാണ് ഉണ്ടാകാമായിരുന്നത്, അല്ലെങ്കില്‍ ഒഴിവാക്കിയത് എന്ന് ഊഹിച്ചാല്‍ മതി). 

ജനീവ തടാകം

 

ഡയാന രാജകുമാരിയെയൊക്കെ പിന്‍തുടര്‍ന്ന പാപ്പരാസി എന്ന വര്‍ഗം അന്ന് യൂറോപ്പില്‍ സജീവമാണ്. രാജാക്കന്‍മാരുടെ ജീവിതരീതി, അവരുടെ കൊച്ചുവിശേഷങ്ങള്‍, കുശുമ്പുകള്‍, ഗോസിപ്പുകള്‍ ഇതെല്ലാം പ്രസിദ്ധീകരിക്കാന്‍ അന്ന് മാസികകള്‍വരെ ഉണ്ട്. അവരിലൊരാള്‍, ജനീവയില്‍ 'ഹോഹെനെമ്പിലെ പ്രഭ്വി' എന്ന പേരില്‍ ഒളിച്ചു താമസിക്കുന്നത് സിസ്സി രാജ്ഞിയാണെന്ന വിവരം ചോര്‍ത്തിയെടുത്തു. 

രാജ്ഞിയുടെ കഷ്ടകാലത്തിന് ഇതേ സമയത്ത്, രാജവാഴ്ചക്കെതിരെ ആശയസമരം നടത്തുന്ന 'അനാര്‍ക്കിസ്റ്റ്' (അരാജകവാദി) ആയ, ലൂയിജി ലുച്ചിനി എന്ന ഇറ്റലിക്കാരനും ജനീവയിലുണ്ട്. ജനീവയിലെത്തുന്ന ഏതെങ്കിലും രാജാവിനെ കൊല്ലണം എന്നതാണ് അയാളുടെ ലക്ഷ്യം. പ്രത്യേകിച്ച് ഏതെങ്കിലും രാജാവിനോടുള്ള വിരോധമല്ല, ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ രാജാക്കന്‍മാര്‍ സുഖിക്കുന്നു എന്ന ചിന്തയില്‍നിന്നും വന്നതാണ്. റഷ്യന്‍വിപ്ലവമൊന്നും നടന്നിട്ടില്ല.  രാജാക്കന്‍മാര്‍ക്ക് എതിരെ ഇതുപോലുള്ള ഒറ്റപ്പെട്ട ഒച്ചയേ ഉള്ളൂ.

കുറെ നാളായി നടന്നിട്ടും ഇറ്റലിക്കാരന് ഒരു രാജാവിനേയും ഒത്തുകിട്ടിയില്ല. ഫ്രാന്‍സിലെ കിരീടാവകാശിയായി ചമഞ്ഞുനടന്ന ആളെയാണ് അവസാനമായി നോട്ടമിട്ടത്. പുള്ളിയും സ്ഥലം വിട്ടു. അപ്പോഴാണ് സിസ്സി മഹാറാണി സ്ഥലത്തുണ്ടെന്ന് അയാള്‍ അറിയുന്നത്. സിസ്സി മഹാറാണി രാജവംശത്തിലെ അപൂര്‍വ ഇനമാണെന്നോ പ്രജകളോട് അടുത്ത് നില്ക്കുന്നതാണെന്നോ ഒന്നും അയാള്‍ക്ക് അറിയില്ല. ഏതെങ്കിലും ഒരു രാജരക്തം വീഴ്ത്തിയാല്‍ അത്രയുമായി എന്നയാള്‍.

ജനീവ തടാകക്കരയില്‍ ഉള്ള ബോരീവാജ് ഹോട്ടലില്‍നിന്ന് ബോട്ടുകയറി മോണ്‍ട്രോയിലേക്ക് പോകാന്‍ ബോട്ടുജട്ടിയിലേക്ക് നടക്കുകയായിരുന്നു രാജ്ഞി. ഒറ്റക്കാണ് നടക്കുന്നത്. ബോട്ടുകാര്‍ക്കാണെങ്കില്‍ രാജ്ഞിയാണെന്ന് അറിയുകയുമില്ല. ആകപ്പാടെ അകമ്പടി ഉള്ളത് ഒരു തോഴിയാണ്. അവര്‍ അല്‍പ്പം പിന്നിലാണ്.

തടാകക്കരയില്‍വച്ച് ലൂയിജി രാജ്ഞിയെ സമീപിച്ചു. കൂര്‍പ്പിച്ച ഒരു അരംകൊണ്ട് നെഞ്ചത്ത് ഒരു കുത്തുകുത്തി. രാജ്ഞി മറഞ്ഞുവീണു, പക്ഷെ എന്തോ പറ്റിയതല്ലാതെ കൊലപാതകശ്രമം ആണെന്നൊന്നും രാജ്ഞി അറിഞ്ഞില്ല. എഴുന്നേറ്റ് തോഴിയുടെ കയ്യും പിടിച്ച് വേച്ചുവേച്ച് രാജ്ഞി ബോട്ടിലെത്തി.

സിസ്സി പ്രതിമ. ജനീവിയിലെ ഈ പ്രദേശത്തുവെച്ചാണ് എലിസബത്ത് രാജ്ഞിക്ക് കുത്തേറ്റത്‌

 

രാജ്ഞിക്ക് വൈദ്യസഹായം വേണമെന്ന് സഹായി ക്യാപ്റ്റനോട് അപേക്ഷിച്ചു. പക്ഷെ രാജ്ഞിയെ തിരിച്ചറിയാതിരുന്ന ക്യാപ്റ്റന്‍ അവരെ കപ്പലിനു മുകളില്‍ കൊണ്ടുചെന്ന് കാറ്റുകൊള്ളിക്കാന്‍ ആജ്ഞാപിക്കുകയും ബോട്ടുയാത്ര തുടങ്ങുകയും ചെയ്തു.

ബോട്ടിലുണ്ടായിരുന്ന ഒരു നേഴ്‌സും രണ്ടു മൂന്നു യാത്രക്കാരും കൂടെ രാജ്ഞിയെ കപ്പലിന്റെ മുകളില്‍ എത്തിച്ചു. രാജ്ഞിക്ക് ശ്വാസതടസം തോന്നിയതിനാല്‍ മേല്‍വസ്ത്രം ഊരി. അക്കാലത്ത് ബ്രാ ഒന്നും കണ്ടുപിടിച്ചിട്ടില്ല. ടൈറ്റാനിക്കിലെപ്പോലെ വരിഞ്ഞുമുറുക്കി കെട്ടുന്ന മാര്‍ച്ചട്ടയാണ് (കൊര്‍സേ)  വേഷം. 

അത് അഴിച്ചതും രാജ്ഞി കണ്ണുതുറന്നു. 'എനിക്ക് എന്തു സംഭവിച്ചു' എന്നു ചോദിച്ചു. പിന്നെ ബോധം കെട്ടു.

ആരാണ് ഈ യാത്രക്കാരിയെന്ന് രാജ്ഞിയുടെ തോഴി ക്യാപ്റ്റനെ അറിയിച്ചു. രാജ്ഞിയാണ് ബോട്ടിലുള്ളത് എന്നറിഞ്ഞ ക്യാപ്റ്റന്‍ ഉടന്‍ യാത്ര റദ്ദാക്കി ജനീവയിലേക്ക് തിരിച്ചു. പക്ഷെ വൈദ്യസഹായം ലഭ്യമാക്കുന്നതിനുമുന്‍പ് രാജ്ഞി മരിച്ചു. 

സമ്പത്തിന്റെ മധ്യേ ജനിച്ച്, അധികാരത്തിന്റേയും സമ്പത്തിന്റേയും ഔന്നത്യങ്ങളില്‍ എത്തിയിട്ടും സാധാരണക്കാരിയായി ജീവിക്കാന്‍ ആഗ്രഹിച്ച സിസ്സിയുടെ ചരിത്രം നമ്മെ സങ്കടപ്പെടുത്തുന്നതാണ്. അനവധി ബാലെ, നാടകം, സിനിമ, ടിവി സീരിയല്‍ എന്നിവയില്‍ക്കൂടി യൂറോപ്പിലിന്നും സിസ്സി അനശ്വര ആണ്. അതുകൊണ്ടാണ് വലിച്ചുമുറുക്കിയുള്ള വസ്ത്രമിട്ടാല്‍ ഒറ്റ കുത്തിന് ആരും അറിയാതെ ആളെ കൊല്ലാന്‍ പറ്റുമെന്നതിന് തെളിവ് തേടിയ എന്നെ ഗൂഗിള്‍ സാര്‍  രാജ്ഞിയുടെ അടുത്ത് എത്തിച്ചത്.

'ദൃശ്യം' കണ്ടിട്ട് ആളെക്കൊന്നു എന്ന് പറഞ്ഞപോലെ ഇനി എന്റെ ലേഖനം വായിച്ചിട്ട് ആളെ കുത്തി എന്ന് ആരും പറഞ്ഞേക്കരുത്. ഞാന്‍ സിസ്സിയുടെ  കഥ പറയാന്‍ വേണ്ടി അല്പം കൊഴുപ്പിച്ചതാണ്. പോരാത്തതിന് കൊര്‍സേയ്ക്കിട്ടു കുത്തുന്നപോലെ ബ്രാക്കിട്ടു കുത്തിയാല്‍ വിവരമറിയും. അതിനും എന്നെ കുറ്റം പറയരുത്. നല്ല കുത്തുവച്ചു തരും.