അമേരിക്കയോടുള്ള എതിര്‍പ്പും വിദ്വേഷവും കൂടുന്നു എന്നത് മാത്രമല്ല, അറബ് മനസ്സിലേക്ക് പതിയെ റഷ്യ ആധിപത്യം സ്ഥാപിക്കുന്നു എന്ന യാഥാര്‍ഥ്യമാണ് അസ്ദാ സര്‍വേ പങ്കുവെയ്ക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ സൗദി പര്യടനം പ്രഖ്യാപിക്കപ്പെട്ടവേളയില്‍തന്നെയാണ് അറബ് യുവത്വത്തിന്റെ ഈ മനംമാറ്റത്തിന്റെ യാഥാര്‍ഥ്യവും പുറത്തുവന്നത് എന്നതാണ് കൗതുകകരമായകാര്യം...

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ ഔദ്യോഗിക വിദേശപര്യടനത്തില്‍ സൗദി അറേബ്യയും ഉള്‍പ്പെടുന്നുണ്ട് എന്നതാണ് അറബ് മേഖലയിലെ ചര്‍ച്ചാവിഷയം.  ഈമാസം 23-ന് സൗദിയിലെത്തുന്ന ട്രംപ് സൗദി ഭരണത്തലവന്മാരും ഗള്‍ഫ് നാടുകളിലെ ഭരണാധികാരികളും ഉള്‍പ്പെടെയുള്ള മൂന്ന് ഉച്ചകോടിസമ്മേളനങ്ങളിലാണ് സംബന്ധിക്കുന്നത്.  

അമേരിക്ക സൗദി അറേബ്യയുടെ ഏറ്റവും പ്രധാനപ്പട്ട സൈനികസഖ്യകക്ഷിയാണ്. ഐ.എസ്. ഭീകരവാദത്തിനെതിരേ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമികരാജ്യങ്ങളെ അണിനിരത്തിക്കൊണ്ടുള്ള സംയുക്ത സൈനികസഖ്യത്തിന്റെ നേതാവാണ് സൗദി അറേബ്യ.  സൗദിയുടെ നിലപാടുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ് ബഹുഭൂരിപക്ഷം ഗള്‍ഫ് രാജ്യങ്ങളുടെയും നയം. സൗദിയുടെ അമേരിക്കയുമായുള്ള സൗഹൃദവും സൈനികസഖ്യവുമെല്ലാം ഇതരരാജ്യങ്ങള്‍ക്കും ഹിതകരമാണ്.

ട്രംപിന്റെ വരവും യുവാക്കളുടെ അമര്‍ഷവും

 വര്‍ഷങ്ങളായി തുടരുന്ന ഈ സഖ്യത്തിന്റെ ശക്തിക്കും പ്രാധാന്യത്തിനും കുറവൊന്നുമില്ല. എന്നാല്‍, അറബ് യുവത്വത്തിന്റെ മനസ്സില്‍ അമേരിക്കയുടെ സ്ഥാനം പതിയെ കുറഞ്ഞുവരുന്നു എന്നതാണ് യാഥാര്‍ഥ്യം. ലോകപ്രശസ്തമായ പബ്ലിക് റിലേഷന്‍സ് കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ അസ്ദാ ബര്‍സണ്‍ മാര്‍സ്ടെല്ലര്‍ നടത്തിയ ഒമ്പതാമത് അറബ് യൂത്ത് സര്‍വേയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍ ഇതായിരുന്നു. അമേരിക്കയോടുള്ള എതിര്‍പ്പും വിദ്വേഷവും കൂടുന്നു എന്നത് മാത്രമല്ല, അറബ് മനസ്സിലേക്ക് പതിയെ റഷ്യ ആധിപത്യം സ്ഥാപിക്കുന്നു എന്ന യാഥാര്‍ഥ്യംകൂടി സര്‍വേ പങ്കുവെയ്ക്കുന്നുണ്ട്. 

അറബ് യൂത്ത് സര്‍വേ അറബ് മേഖലയിലെയും ഗള്‍ഫ് നാടുകളിലെയും ഭരണാധികാരികള്‍വരെ ഏറെ ഗൗരവത്തോടെ കാണുന്നതാണ്.  ഇത്തവണ സര്‍വേയില്‍ പങ്കെടുത്ത അറബ് യുവാക്കളില്‍  മൂന്നിലൊരാളെക്കാള്‍ കൂടുതല്‍പേര്‍ ജീവിക്കാന്‍പറ്റിയ ഏറ്റവും മികച്ച രാജ്യം യു.എ.ഇ.യാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ സര്‍വേഫലം പുറത്തുവന്ന ഉടനെ ആ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ. എല്ലാവരുടെയും രാജ്യം എന്നാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രതികരിച്ചത്. അറബ് യൂത്ത് സര്‍വേ എത്രമാത്രം ശ്രദ്ധേയമാണ് എന്നത് ഈ പ്രതികരണംതന്നെ വെളിപ്പെടുത്തുന്നു.

അമേരിക്കയുടെ പ്രസിഡന്റായി ട്രംപ് വന്നതോടെയാണ് അറബ് മേഖലയില്‍ അമേരിക്കയ്‌ക്കെതിരായ വികാരം ശക്തമായത്. കടുത്ത മുസ്ലിം വിരോധിയാണ് ട്രംപ് എന്നാണ് ഭൂരിപക്ഷം അറബ് യുവജനങ്ങളും കരുതുന്നത്. അതുതന്നെയാണ് ഇപ്പോള്‍ അമേരിക്കയോടുള്ള എതിര്‍പ്പിനുള്ള പ്രധാനകാരണവും. 

ട്രംപ് അധികാരമേറ്റതിന് പിന്നാലെയായിരുന്നു സര്‍വേയും നടന്നത്. അറബ്‌മേഖലയിലെയും വടക്കന്‍ ആഫ്രിക്കയിലെയും 3500 അറബ് യുവാക്കള്‍ക്കിടയിലായിരുന്നു സര്‍വേ. ഇതില്‍ 83 ശതമാനവും ട്രംപിന് എതിരായാണ് പ്രതികരിച്ചത്. നേരത്തേ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിനെതിരേ ഇത് 77-ഉം ബരാക് ഒബാമയ്‌ക്കെതിരേ 52-ഉം ശതമാനമായിരുന്നു ഈ എതിര്‍പ്പ് എന്ന കണക്കുകൂടി ഓര്‍ക്കണം.

ഇവരില്‍ 70 ശതമാനവും ട്രംപ് മുസ്ലിം വിരുദ്ധനാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇസ്ലാമികരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസാ നിയന്ത്രണം കൊണ്ടുവന്ന ട്രംപ് ആ നിലപാട് തുടര്‍ന്നാല്‍  ഇസ്ലാമിക  ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റിന് ആക്കംകൂട്ടുമെന്ന് 49 ശതമാനം പേരും കണക്കുകൂട്ടുന്നു. ട്രംപിന്റെ മുസ്ലിംവിരുദ്ധ നടപടികള്‍ ഇസ്ലാമിക ഭീകരവാദപ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്ന് കരുതുന്നവരും ധാരാളം. 

അമേരിക്കയുടെ പ്രസിഡന്റായി  ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതാണ് അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള മധ്യപൂര്‍വമേഖലയുടെ ഭാവിനിര്‍ണയിക്കുന്ന പ്രധാനഘടകമായി സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടത്. എണ്ണവില കുറയുന്നതായിരുന്നു ഇക്കാലമത്രയും അറബ്, ഗള്‍ഫ് രാജ്യങ്ങളെ അലട്ടിയിരുന്ന പ്രധാനപ്രശ്‌നം. എന്നാല്‍, സര്‍വേയില്‍ അതിനെ മറികടന്നാണ് ട്രംപ് കയറിവന്നിരിക്കുന്നത്.  

റഷ്യയോട് കൂടുന്ന അടുപ്പം

ഇവിടെയാണ് റഷ്യയുടെ കടന്നുവരവ് ശ്രദ്ധേയമാകുന്നത്.  സര്‍വേ റിപ്പോര്‍ട്ട് അമേരിക്കയുടെ സ്ഥാനത്തേക്ക് റഷ്യയെയാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്ന സൂചനനല്‍കുന്നു. റഷ്യക്ക് അറബ് മേഖലയിലും അറബ് ജനതയിലും കാര്യമായ സ്വാധീനമൊന്നും ഇതുവരെ ഉണ്ടായിരുന്നില്ല. 2016-ലെ സര്‍വേയില്‍ റഷ്യന്‍ അനുകൂലികള്‍ കേവലം ഒമ്പതു ശതമാനം മാത്രമായിരുന്നു. എന്നാല്‍, ഈവര്‍ഷം സര്‍വേയില്‍ പങ്കെടുത്ത 21 ശതമാനം പേര്‍ റഷ്യയെ അവരുടെ ഏറ്റവും മികച്ച സഖ്യരാഷ്ട്രമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.   

മിക്ക അറബുരാജ്യങ്ങളും സൗദി അറേബ്യയെയും യു.എ.ഇ.യെയുമാണ് അവരുടെ ഏറ്റവും മികച്ച സഖ്യകക്ഷിയായും സുഹൃദ്രാജ്യമായും കാണുന്നത്. 2015-ല്‍ യു.എ.ഇ.യുടെ ശതമാനം 28 ആയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 36 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സൗദിയുടേത് 31 ശതമാനത്തില്‍നിന്ന് 34 ആയുമായാണ് ഉയര്‍ന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ റഷ്യ നടത്തിയ മുന്നേറ്റമാണ് ശ്രദ്ധേയം. ഒമ്പതു ശതമാനത്തില്‍നിന്നാണ് അത് 21 ശതമാനത്തിലേക്ക് എത്തിയത്. അമേരിക്കയുടെ ശതമാനം 25-ല്‍നിന്ന് 17 ശതമാനത്തിലേക്ക് ഇടിയുകയും ചെയ്തു.

അറബ് പ്രതിസന്ധികളും കേരളവും

അറബ് മേഖല നേരിടുന്ന പ്രതിസന്ധികളെയും യുവത്വം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്, സര്‍വേയില്‍. 35 ശതമാനം പേരാണ് തൊഴിലില്ലായ്മയും ഇസ്ലാമിക തീവ്രവാദപ്രസ്ഥാനങ്ങളുടെ ഉദയത്തെയും അറബ് യുവത്വം നേരിടുന്ന ഏറ്റവും വലിയ പ്രയാസമായി കാണുന്നത്. 34 ശതമാനം പേര്‍ തീവ്രവാദത്തെയും പ്രധാനപ്രതിസന്ധിയായി കാണുന്നു. 27 ശതമാനം പേര്‍ ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ധനയില്‍ ആശങ്കപ്പെടുന്നുണ്ട്. 

തൊഴിലില്ലായ്മ സംബന്ധിച്ച അറബ് യുവത്വത്തിന്റെ ആശങ്ക പ്രവാസികളെ സംബന്ധിച്ചും നിര്‍ണായകമാണ്. തൊഴിലില്ലായ്മയാണ് പലയിടത്തും അസംതൃപ്തിക്ക് കാരണമാവുന്നതെന്നത് അനുഭവപാഠമാണ്. അതുതന്നെയാണ് മിക്കരാജ്യങ്ങളും സ്വദേശിവത്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സൗദി അറേബ്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സ്വദേശികള്‍ക്ക് തൊഴില്‍നല്‍കാനായി പലതരത്തിലുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ചിലരാജ്യങ്ങള്‍ ഇതിനായി പ്രത്യേക മന്ത്രാലയംതന്നെ രൂപവത്കരിച്ചിട്ടുണ്ട്.

സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുക എന്നത് ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്വം തന്നെയാണ്. എന്നാല്‍, ഓരോ മേഖലയായി ഇത്തരത്തില്‍ സ്വദേശിവത്കരണം നടപ്പാവുമ്പോള്‍ പുറന്തള്ളപ്പെടുന്നത് പ്രവാസികളാണ്. ഇത് ആത്യന്തികമായി ഏറ്റവും ദോഷംചെയ്യുന്നത് കേരളത്തിനും ഇന്ത്യക്കും തന്നെയായിരിക്കുമെന്നതും യാഥാര്‍ഥ്യമാണ്.