''ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിന് വിധേയമാവാന്‍ ആരും തയാറല്ലതാനും.''.  ടോള്‍സ്റ്റോയ് 

ഭിന്നലിംഗക്കാരെ, സ്വവര്‍ഗ്ഗ അനുരാഗികളെ ഏറ്റവും അധികം കണ്ടിട്ടുള്ളത് ബാംഗ്ലൂര്‍ നഗരജീവിതതിലായിരുന്നു. ഇത്തരം വിവേചനങ്ങള്‍ ഒന്നും അത്രകണ്ട് പരിചിതമല്ലാത്ത കണ്ണൂരിന്റെ പരിസര ജീവിതത്തില്‍ നിന്നും നഗരത്തിലേക്ക് ജീവിതം അതിന്റെ പുതിയ സാധ്യതതകളെ അന്യേഷിച്ചു നടന്ന അക്കാലത്ത് ഈ വക ബ്രാക്കറ്റ് ചെയ്യപ്പെടലുകളെ കുറിച്ച് വ്യക്തമായ ബോധമൊന്നും ഉണ്ടായിരുന്നില്ല. 

ഹോസ്റ്റലില്‍ നിറയെ പല ദേശക്കാര്‍, ഭാഷക്കാര്‍. രണ്ടു പേര്‍ മാത്രമുള്ള എന്റെ മുറിയിലെ അന്തേവാസി പഠനം അവസാനിച്ച് തിരിച്ചു പോയപ്പോള്‍ രൂപത്തിലും പെരുമാറ്റത്തിലും അത്രകണ്ട് ശീലമില്ലാത്ത പുതിയ ഒരാള്‍ എത്തി. ബിന്ദു എന്നായിരുന്നു പേര്. ഊട്ടിയില്‍ ജനിച്ചു വളര്‍ന്ന മലയാളി പെണ്‍കുട്ടി. 

നീണ്ടമീശയും താടി രോമങ്ങളും ഉള്ള അവളെ ആദ്യമാദ്യം ഇത്തിരി ആശങ്കയോടെയാണ് നോക്കിക്കണ്ടത്. അവിടെയൊരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ എം. ബി. എ കഴിഞ്ഞു പ്രോജക്ട് ചെയ്യാന്‍ വേണ്ടി വന്നതായിരുന്നു അവള്‍. 

ഹോസ്റ്റലില്‍ അവളോട് സംസാരിക്കുന്ന പെണ്‍കുട്ടികള്‍ കുറവായിരുന്നു. ആണുങ്ങളുടെ ശബ്ദമായിരുന്നു ബിന്ദുവിന്. ഒരപരിഷ്‌കൃത ജീവിയെ പോലെ മറ്റു പെണ്‍കുട്ടികള്‍ക്കിടയില്‍, മെസ് ഹോളിലും പ്രാര്‍ഥനാ മുറിയിലും എല്ലാം അവള്‍ മാറ്റി നിര്‍ത്തപ്പെട്ടു. ഞാനടക്കം വളരെ ചുരുക്കം പെണ്‍കുട്ടികള്‍ മാത്രമേ അന്ന് ആ ഹോസ്റ്റലില്‍ ജോലിയുള്ള താമസക്കാരായി ഉണ്ടായിരുന്നുള്ളൂ. ഏറെയും വിദ്യാര്‍ഥികള്‍ ആയിരുന്നു. 

ഡിന്നര്‍ സമയങ്ങളില്‍ പലപ്പോഴും ഞാന്‍ ഓഫീസ് കഴിഞ്ഞു എത്തിപ്പെടാറുമില്ല. ആകസ്മികമായി നേരത്തെ എത്തുന്ന ദിവസങ്ങളില്‍ കാണാം നിറയെ ബഹളമുള്ള, കുട്ടികള്‍ ഒപ്പം ചേര്‍ന്നിരിക്കുന്ന മേശകളില്‍ നിന്നും മാറി തനിയെ ഇരുന്നു ഭക്ഷണം കഴിക്കുന്ന ബിന്ദുവിനെ. 

ശരീരം വല്ലാതെ വിയര്‍ക്കുന്ന പ്രകൃതമായിരുന്നു ബിന്ദുവിന്റേത്. മുഖത്തെയും കഴുത്തിലെയും വിയര്‍പ്പു തുടയ്ക്കാന്‍ എപ്പോഴും ഒരു തൂവാല കയ്യില്‍ കരുതിയിട്ടുണ്ടാകും. ഇത് മറ്റുകുട്ടികളില്‍ പലപ്പോഴും അസഹ്യതയുണ്ടാക്കി. ഒരു ദിവസം ആര്‍ത്തവ വേദന കൂടി കട്ടിലില്‍ കിടന്നു ഞെരിപിരി കൊള്ളുമ്പോള്‍ ആണ് ചൂട് വെള്ളം നിറച്ച ബാഗുമായ് ബിന്ദു എന്റെ അരികെ വന്നിരിക്കുന്നത്. ആ രാത്രി മുഴുവന്‍ വയറ്റത്തും നടുവിനും ചൂട് വെച്ച് തന്ന് ബിന്ദു കൂട്ടിരുന്നു. 'ഈ കുരിപ്പ്' പെണ്ണുങ്ങള്‍ക്ക് മാത്രം എന്തിനാണാവോ ദൈവം തന്നിരിക്കുന്നത്, അടിവയറ്റിലെ ഞരമ്പുകള്‍ കൊളുത്തി വലിക്കുമ്പോഴൊക്കെ ഞാന്‍ എന്നിലെ ജൈവ പ്രക്രീയയെ പ്രാകിക്കൊണ്ടിരുന്നു. 

''അങ്ങനെ പറയരുത്. അതില്ലാത്തവരുടെ വേദന ഇതിനേക്കാള്‍ കൂടുതലാണ്...'' ബിന്ദു എന്നെ തിരുത്തി. വേദന തെല്ലൊന്നു കുറഞ്ഞപ്പോള്‍ ആ തിരുത്തലിനെ ഞാന്‍ ചോദ്യം ചെയ്തു. 'അതെന്താ... ബിന്ദു അങ്ങനെ പറഞ്ഞത്? തനിക്ക് വേദനയില്ലേ'
അവള്‍ ഒരു നിമിഷം എന്നെ തന്നെ നോക്കി. ' എനിക്ക് ആര്‍ത്തവം ആവാറില്ല. ദൈവം പടച്ചു വിട്ടിരിക്കുന്നത് അത്തരത്തില്‍ ആണ്. ആണും പെണ്ണുമല്ലാത്ത രീതിയില്‍'.

ഞാനൊന്ന് ഞെട്ടുക തന്നെ ചെയ്തു. ഞെട്ടാന്‍ മാത്രമുള്ള ബോധമേ അന്നുണ്ടായിരുന്നുമുള്ളൂ. അവളുടെമീശയ്ക്കും താടിയ്ക്കും പിന്നില്‍ ഇങ്ങനൊരു കഥ കൂടി ഉണ്ട് എന്ന യാഥാര്‍ത്ഥ്യം പക്ഷേ എന്തുകൊണ്ടോ ഉള്ളില്‍ സഹതാപം ഉണ്ടാക്കി.
 
''ഇങ്ങനെയുള്ളവരും ഭൂമിയില്‍ ഉണ്ട്. യാതൊരു തെറ്റും ചെയ്യാഞ്ഞിട്ടും ജൈവീകമായ പരാജയങ്ങളുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്നവര്‍. എം ബി എ റാങ്ക് ഹോള്‍ഡര്‍ ആയിരുന്നു കോളേജില്‍ എന്നിട്ടും മാനുഷികമായ അവഗണനകള്‍ക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. ബന്ധുക്കള്‍ക്കിടയില്‍, പൊതു ഇടങ്ങളില്‍ പരിഹസിക്കപ്പെട്ട എത്ര അവസരങ്ങള്‍. എന്റെ അച്ഛനും അമ്മയും എന്നെ ഓര്‍ത്തു ഒരുപാട് വേദനിക്കുന്നുണ്ട്. അവര്‍ക്ക് ഞാന്‍ ഏക മകളാണ്. അവരെന്റെ ഒരിഷ്ട്ങ്ങള്‍ക്കും എതിര് നില്‍ക്കാറില്ല. ഞാന്‍ അര്‍ഹിക്കുന്ന ഇടങ്ങളില്‍ നിന്ന് പോലും എന്നെ മാറ്റി നിര്‍ത്തുന്നത് സമൂഹമാണ്.'' ഞാന്‍ യാതൊന്നും മറുത്തു പറഞ്ഞില്ല. 

ആ വിഷയത്തെ കുറിച്ച് പിന്നീടൊരിക്കലും ഞാനോ അവളോ സംസാരിച്ചതേയില്ല. ഞങ്ങള്‍ കൂട്ടുകാരായി. നന്നായി വായിക്കുന്ന, ഇംഗ്ലീഷ് ഭാഷ നന്നായി  കൈകാര്യം ചെയ്യുന്ന ആ പെണ്‍കുട്ടി ഇതിലൊന്നും അത്ര മിടുക്കി അല്ലാതിരുന്ന എനിക്ക് അറിവിന്റെ പുതിയ ആകാശങ്ങള്‍ തുറന്നിട്ടു തന്നു. നിരവധി പുസ്തകങ്ങള്‍ നിര്‍ദേശിച്ച് തന്നു. 

പഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോയിരുന്ന എനിക്ക് പഠിക്കാന്‍ വേണ്ട നിരവധി സഹായങ്ങള്‍ ചെയ്തു തന്നു. ബിന്ദു എന്ന ഒറ്റ മുറിവിനെ ഞാനെന്റെ സുഹൃത്തായി കൂടെ കൂട്ടി. ഡിന്നര്‍ മേശകള്‍ക്കിരുപുറങ്ങളില്‍ ഞങ്ങള്‍ നല്ല സിനിമകളെ കുറിച്ച്, വായനകളെ കുറിച്ച് സംസാരിച്ചു. അടുത്ത മേശകളിലെ പരിഷ്‌കൃത വിഭാഗങ്ങള്‍ അതുകണ്ട് മുഖം ചുളിച്ചു. രണ്ടു മാസത്തെ പ്രോജക്റ്റ് പൂര്‍ത്തിയാക്കി ബിന്ദു ഊട്ടിയിലേക്ക് മടങ്ങുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ നഷ്ട്‌പ്പെട്ടതിന്റെ സങ്കടം ഉള്ളിലുണ്ടായി. 

പിന്നീട് നഗര ജീവിതത്തിന്റെ തിക്കിലും തിരക്കിലും അതുപോലെ അനേകം മുഖങ്ങള്‍ ഞാന്‍ കണ്ടു. ട്രാഫിക് ബ്ലോക്കില്‍, ഹോട്ടലില്‍, ഇരുട്ടില്‍ ലോഡ്ജുകള്‍ക്ക് സമീപമുള്ള വഴികളില്‍. ഏകദേശം ആറു വര്‍ഷത്തോളം കോര്‍പ്പറേറ്റ്  സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടും അതുപോലെയുള്ള ഒരാളെ പോലും എനിക്കവിടങ്ങളില്‍ കണ്ടെത്താനായില്ല. 

ജൈവികമായ ന്യൂനതകളുടെ പേരില്‍ സമൂഹം അന്നും ഇന്നും അവരെ മാറ്റി നിര്‍ത്താന്‍ കാണിക്കുന്ന വ്യഗ്രത നമ്മുടെ നാട്ടില്‍ ട്രാന്‍സ്‌ജെണ്ടേഴ്‌സ് ആക്രമിക്കപ്പെടുന്നതിന്റെ പിന്നില്‍ കാണാതെ പോവരുത്. നമുക്കിടയില്‍ നമ്മളെ പോലെ തന്നെ ജീവിക്കാന്‍ അര്‍ഹതയും അവകാശവുമുള്ള മനുഷ്യര്‍ ആണ് അവരെന്ന് പലപ്പോഴും വിവേകമുണ്ട് എന്ന് അഹങ്കരിക്കുന്ന ഒരു വലിയ ജനത മറന്നു പോകുമ്പോഴാണ് ' നമ്മള്‍ ഒരു തോറ്റ ജനതയാണ് ' എന്ന് വേദനയോടെ ഉറക്കെ പറയേണ്ടി വരുന്നത്.