രു രാത്രിയില്‍ ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ഓഫീസ് കെട്ടിടത്തിന് മുന്നിലെ നടപ്പാതയിലാണ് അയാളെ കണ്ടത്. കുലീന വേഷം ധരിച്ച സൗദി മദ്ധ്യവയസ്‌കന്‍. വെപ്രാളപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഇപ്പോള്‍ പിടിച്ചുതിന്നും എന്ന പരുക്കന്‍ ഭാവം. തിടുക്കപ്പെട്ടുള്ള ഉലാത്തലിനിടയില്‍ ആരോടോ എന്തോ ആവശ്യപ്പെടുന്നത് പോലെ പുലമ്പുന്നു. 

കൈയില്‍ പിടിച്ച വെള്ള കടലാസ് കാറ്റിലിളകുന്നു. എന്താണ് കാര്യമെന്നറിയാതെ ഞാന്‍ അന്ധാളിപ്പോടെ നോക്കിനിന്നു. അടുത്തുള്ള മലയാളി ബൂഫിയ (ലഘുഭക്ഷണ ശാല)യില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ ഓടിവന്ന് സെല്ലോ ടേപ്പിന്റെ ഒരു റോള്‍ നീട്ടി. അതോടെ മുഖം തെളിഞ്ഞ കുലീനന്‍ ധൃതിപ്പെട്ടു. 

അവിടെ നിറുത്തിയിട്ട ഒരു അറുപഴഞ്ചന്‍ കാറിന്റെ ബോണറ്റില്‍ കടലാസ് നിവര്‍ത്തിവെച്ചു. നാല് മൂലയും സെല്ലോ കൊണ്ട് ഒട്ടിച്ചുപിടിപ്പിച്ചു. ശേഷം ഒന്ന് മാറിനിന്ന് നന്നായി ഒട്ടിപ്പിടിച്ചോ എന്ന് നോക്കി. ഉറപ്പായപ്പോള്‍ തിരിഞ്ഞ് ബൂഫിയയിലെ പയ്യനെ നോക്കി ശുക്‌റന്‍ (നന്ദി) എന്ന് മന്ത്രിച്ചു. സെല്ലോ ടേപ്പിന്റെ റോള്‍ തിരികെ നീട്ടി. കാറ്റിന്റെ വേഗത്തിലായിരുന്നു എല്ലാം. 

കാറിന്റെ മുന്നില്‍ നിറുത്തിയിട്ടിരുന്ന മുന്തിയ ഇനം വാഹനത്തിന്റെ ഡോര്‍ തുറന്നതും അടഞ്ഞതും എല്ലാം നൊടിയിടയില്‍. കണ്ണ് ചിമ്മും മുമ്പ് നഗരത്തിരക്കില്‍ അതോടി  മറഞ്ഞു.  

എനിക്കാകെ കൗതുകം തോന്നി. ബോണറ്റില്‍ പതിച്ച കടലാസില്‍ പേന കൊണ്ട് അറബിയില്‍ എഴുതിയത് എന്താണെന്ന് അറിയാന്‍ അങ്ങോട്ട് നീങ്ങി. അവിടെ നിന്ന ഒന്ന് രണ്ടാളുകളുടെ സഹായത്തോടെ വായിച്ചു, 'സുഹൃത്തേ, എന്റെ വാഹനം പിന്നിലേക്കെടുക്കുമ്പോള്‍ ഉരസി താങ്കളുടെ കാറിന്റെ മുന്‍വശത്ത് ചെറിയൊരു തകരാറുണ്ടായിട്ടുണ്ട്. താങ്കളെ ഇവിടെയെല്ലാം അന്വേഷിച്ചെങ്കിലും കാണാനായില്ല. എനിക്ക് പോകാന്‍ ധൃതിയുണ്ട്. എന്റെ നമ്പറാണ് ഇത്. വിളിക്കണം. നന്നാക്കാനുള്ള പണം തരാം. കാറിന് കേടുപാടുണ്ടാക്കിയതില്‍ ഖേദിക്കുന്നു.' 

ബൂഫിയയിലെ മലയാളി പറഞ്ഞു. 'കടലാസും സെല്ലോടേപ്പും അന്വേഷിച്ച് വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചതാണ്. അത് പഴയ കാറല്ലേ. ചെറിയ പോറലല്ലേ ഉണ്ടായിട്ടുള്ളൂ എന്ന്, മാത്രമല്ല, ആ കാറിന്റെ ഉടമ ഈ സംഭവം കണ്ടിട്ടുമില്ല. എന്നിട്ടും എന്തിനാണ് എഴുതി ഒട്ടിക്കാന്‍ നില്‍ക്കുന്നതെന്നും ഞാന്‍ ചാദിച്ചു.'

''അദ്ദേഹം അതിന് പറഞ്ഞ മറുപടി എന്റെ വായടപ്പിച്ചു. അത്, പഴയ കാറായത് അയാള്‍ മിസ്‌കീന്‍ ആയതുകൊണ്ടല്ലേ. നന്നാക്കാനുള്ള പണം അയാളുടെ കൈയിലുണ്ടായെന്ന് വരില്ല. അയാള്‍ കണ്ടിട്ടില്ലെങ്കിലും അല്ലാഹു കണ്ടല്ലോ.'' 

ബൂഫിയക്കാരനോട് യാത്ര പറഞ്ഞ് പോരുമ്പോള്‍ ചിന്തിച്ചത് സ്വഭാവത്തിലും കുലീനനായ ആ സൗദി പൗരനെ കുറിച്ചാണ്. പുറമേക്ക് വളരെ പരുക്കനായി തോന്നിയ അദ്ദേഹത്തിന്റെ ഉള്ളിലുള്ള നന്മയുടെ നീര്‍ക്കുടത്തില്‍ നിന്നൊരു ജലത്തുള്ളി എന്നിലേക്ക് വന്നുവീണ പോലെ മനസ് കുളിര്‍ത്തു. 

പിന്നീട് റിയാദിലുള്ള ഒരു മലഞ്ചെരുവിലെ പ്രകൃതി പ്രതിഭാസമായ 'ഐന്‍ ഹീത്ത്' എന്ന ഗുഹയിലെ ജലാശയം കാണാനിടയായപ്പോള്‍ ഈ സൗദി പൗരനെ ഓര്‍മ വന്നു. രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ലാതിരുന്നിട്ടും എന്തുകൊണ്ട് അങ്ങനെ എന്ന ചിന്ത ചില സാമ്യതകള്‍ കണ്ടെത്തി. വരണ്ട മരുഭൂമിയെ പോലെ ആ പരുക്കന്‍ മനുഷ്യനും ഉള്ളില്‍ അലിവിന്റെ ജലാശയം കാത്തുസൂക്ഷിക്കുന്നു.

 വല്ലാതെ അലഞ്ഞുലഞ്ഞ ഒരു യാത്രയുടെ അന്ത്യത്തിലാണ് ഐന്‍ ഹീത്തിലെത്തിയത്. സാഹസപ്പെട്ട് തുരങ്കമിറങ്ങിയതിന്റെ ബദ്ധപ്പാട് പിന്നേയും. ആകെ തളര്‍ന്നുപോയ കണ്ണുകള്‍ ഇളം പച്ച നിറത്തില്‍ കണ്ണാടി പോലെ തെളിഞ്ഞുകിടന്ന വെള്ളം കണ്ടപ്പോഴേ തിളങ്ങി. ജലസ്പര്‍ശത്തിന്റെ കുളിര്‍മയില്‍ ഉള്ളമാകെ തളിര്‍ത്തു. ഇതുപൊലൊരു വൈകാരികാനുഭവമാണ് അന്നാ പരുക്കന്‍ മനുഷ്യനും പകര്‍ന്നതെന്ന് പെട്ടെന്നോര്‍ത്തു...