എങ്ങനെയെങ്കിലും ഒന്ന് നാടണയണമെന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ആയിരങ്ങളുണ്ട് ഇപ്പോൾ പ്രവാസലോകത്ത്. കൊറോണക്കാലത്ത് ആധിയോടെയും ഭീതിയോടെയും ഇവിടെ കഴിയുന്നവർ കേരളം ഇപ്പോൾ നൽകുന്ന കരുതൽ അദ്‌ഭുതത്തോടെയാണ് കാണുന്നത്.
ഇവിടെ ഓരോദിവസവും കുതിച്ചുയരുന്ന രോഗത്തിന്റെയും മരണത്തിന്റെയും കണക്കുകൾ പേടിപ്പിക്കുമ്പോൾ എല്ലാവരുടെയും നോട്ടം എന്നെങ്കിലും തുറക്കുന്ന ഇന്ത്യയുടെ ആകാശ വാതിലുകളിലേക്കാണ്. സുപ്രീംകോടതിയിൽവരെ പ്രവാസികൾക്കായി ഇതിനുള്ള ഹർജികൾ എത്തി. പ്രവാസലോകത്തെ മിക്ക സംഘടനകളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. കോടതിയിലുള്ള ഹർജികളിൽ കേന്ദ്രസർക്കാരിന്റെ നിലപാട് പക്ഷേ, പ്രവാസികളെ ഇപ്പോൾ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ല എന്നാണ്. രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തും എന്നാണ് കാരണമായി പറയുന്നത്. അത് ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെയും നിരീക്ഷണം. ഒരുമാസം കഴിഞ്ഞ് നോക്കാം എന്നാണ് കോടതി കൂട്ടിച്ചേർക്കുന്നത്. അപ്പോഴും വൈകാതെതന്നെ കേന്ദ്രസർക്കാരിെന്റയോ കോടതിയുടെയോ ഇടപെടലോ എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാമെന്ന പ്രതീക്ഷയിലാണ് പ്രവാസലോകം.
യു.എ.ഇ. മുന്നറിയിപ്പ്
വിദേശപൗരന്മാരുടെ കാര്യത്തിൽ യു.എ.ഇ. കഴിഞ്ഞദിവസം നൽകിയ ചില മുന്നറിയിപ്പുകൾ ആ തരത്തിൽ ഇന്ത്യയെ കൂടി ലക്ഷ്യമിട്ടുള്ളതാണ്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സ്വന്തം പൗരന്മാരെ കൊണ്ടുപോകാൻ വിസമ്മതിക്കുന്ന രാജ്യങ്ങളുമായുള്ള തൊഴിൽ കരാറുകൾ പുനഃ പരിശോധിക്കുമെന്നാണ് യു.എ.ഇ. വ്യക്തമാക്കിയിരിക്കുന്നത്.
എല്ലാ ഗൾഫ് നാടുകളിലും കൊറോണ വൈറസ് വ്യാപിക്കുന്നുണ്ട്. പ്രതിരോധ നടപടികൾ ശക്തമായി നടക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ആശങ്കയ്ക്ക് അത് പരിഹാരമാവുന്നില്ല. വരുംനാളുകളിൽ യു.എ.ഇ.യുടെ ചുവടുപിടിച്ച് മറ്റ് ഗൾഫ് രാജ്യങ്ങളും ഇത്തരത്തിലുള്ള ചില മുന്നറിയിപ്പുകൾ നൽകിയേക്കാം. ഗൾഫ് നാടുകളിലുള്ള, നാട്ടിലേക്ക് മടങ്ങാൻ താത്‌പര്യപ്പെടുന്ന സ്വന്തം പൗരന്മാരെ ഒട്ടേറെ രാജ്യങ്ങൾ ആദ്യഘട്ടത്തിൽ തന്നെ കൊണ്ടുപോയിട്ടുണ്ട്. അതിനുവേണ്ടി ഗൾഫ് നാടുകളിലെ വിമാനങ്ങൾ, വിശേഷിച്ച് യു.എ.ഇ. വിമാനങ്ങൾ ധാരാളമായി പറന്നു. അത്തരത്തിൽ പോകുന്നവർക്ക് നൽകിയ കാർഡുകളിൽ ‘നമ്മൾ തമ്മിൽ വീണ്ടും വൈകാതെ കാണും’ എന്നും യു.എ.ഇ. സ്‌നേഹത്തോടെ മുദ്രണം ചെയ്തിരുന്നു. പക്ഷേ, ഇന്ത്യ അക്കാര്യത്തിൽ എന്തെങ്കിലും ചെയ്തിരുന്നില്ല. ആ ഘട്ടത്തിൽ ഇത്തരത്തിലൊരു അന്തരീക്ഷം ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചതുമില്ല. അതാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത്.
നമ്മൾ ഒരുങ്ങേണ്ടതുണ്ട്
അതെന്തായാലും ഇന്നല്ലെങ്കിൽ നാളെ ഇവിടെയുള്ള ആയിരങ്ങൾ നാട്ടിലേക്കു പോകുകതന്നെ ചെയ്യും. അപ്പോൾപ്പിന്നെ അതിനു മുമ്പുതന്നെ ഇന്ത്യയും പ്രവാസികളും ചില ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. എന്നെങ്കിലും യാത്രചെയ്യാനുള്ള അവസരം ഒത്തുവന്നാൽ ആരെയൊക്കെ ആദ്യഘട്ടത്തിൽ കൊണ്ടുപോകാം എന്നതിൽ ഇപ്പോൾത്തന്നെ അതത് രാജ്യങ്ങളിൽ ഒരു പട്ടിക തയ്യാറാക്കണം. ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും തന്നെയാണ് ഇതിന് മുൻകൈ എടുക്കേണ്ടത്. യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരിൽത്തന്നെ മുൻഗണനാടിസ്ഥാനത്തിലായിരിക്കണം ഈ പട്ടിക തയ്യാറാക്കുന്നതും. അതിനും ചില മാനദണ്ഡങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. അല്ലെങ്കിൽ പ്രത്യേകവിമാനം എത്തുമ്പോൾ സ്വാധീനമുള്ളവരെല്ലാം കുടുംബസമേതം കയറിപ്പോകും. പല ഒഴിപ്പിക്കലുകളിലും ഇത്തരം സ്വാധീനങ്ങൾ വിവാദമായതു മറക്കാനാവില്ല.
അറുപത്തഞ്ച് വയസ്സ് കഴിഞ്ഞവർ, രോഗികൾ, വിശേഷിച്ചും ഹൃദയ, വൃക്ക രോഗം പോലെ കാര്യമായ അസുഖമുള്ളവർ, ഗർഭിണികൾ, തൊഴിലില്ലാതെ കഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾ, സന്ദർശക വിസയിലെത്തിയവർ, തൊഴിൽ നഷ്ടപ്പെട്ടവർ എന്നിങ്ങനെ മുൻഗണനാക്രമത്തിൽ ഓരോ കാര്യവും കൃത്യമായി പരിശോധിച്ച് ഇപ്പോൾത്തന്നെ ഒരു പട്ടിക തയ്യാറാക്കുന്നതാവും അഭികാമ്യം. കോൺസുലേറ്റുകൾക്കും എംബസികൾക്കും ഇതിനായി പ്രത്യേക വെബ്‌സൈറ്റുകളും സജ്ജമാക്കാവുന്നതാണ്. ഇതിൽ മുൻഗണനപ്പട്ടികയിലുള്ളവരെ രോഗമില്ലെന്ന പരിശോധനാ സർട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കിയാൽ യാത്രയ്ക്ക് അനുവദിക്കുന്ന രീതിയിലാവണം നടപടികൾ. ഒഴിപ്പിക്കൽ എന്ന രീതിയിൽ തന്നെയാവണം ഇവരെ തിരിച്ചുകൊണ്ടുപോകേണ്ടത്. എയർ ഇന്ത്യ തന്നെ ഇതിന് മുൻകൈയെടുക്കണം.
ഇന്ത്യയിലേക്കും പാകിസ്താനിലേക്കും പ്രത്യേക സർവീസ് നടത്താൻ നേരത്തേ തന്നെ യു.എ.ഇ.യിലെ വിമാനക്കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കും നെടുമ്പാശ്ശേരിയിലേക്കും നിത്യവും രണ്ട് സർവീസുകളായിരുന്നു എമിറേറ്റ്‌സ് ആസൂത്രണം ചെയ്തത്. എന്നാൽ, ഇന്ത്യയുടെ അനുമതി ലഭിക്കാത്തതിനാൽ അവർ പിൻവാങ്ങി. ഫ്ളൈ ദുബായിയും ഇതുപോലെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചെങ്കിലും പെട്ടെന്ന് തന്നെ റദ്ദാക്കി. മേയ് ആദ്യം മുതൽ ഇന്ത്യയിലേക്ക് സർവീസ് ഉണ്ടാവുമെന്ന് കാണിച്ച് ഇന്ത്യയിലെ ചില സ്വകാര്യ വിമാനക്കമ്പനികൾ ബുക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അതും ഇന്ത്യയുടെ നിലപാടിന് അനുസരിച്ചായിരിക്കും.
സാഹചര്യങ്ങളും സമ്മർദങ്ങളും
പ്രവാസലോകത്തുള്ള എല്ലാവരും ഒറ്റയടിക്ക് നാട്ടിലേക്ക് മടങ്ങാൻ പോകുന്നില്ല. പക്ഷേ, ഇവിടെ ഒറ്റപ്പെട്ടു പോയവർക്ക് അങ്ങോട്ടേക്ക് പോയേതീരൂ. താമസ വിസയുള്ളവരിൽ വലിയൊരു വിഭാഗം അങ്ങനെ പെട്ടെന്ന് ഓടിരക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും ചുറ്റുപാടുമുള്ള സാഹചര്യങ്ങൾ നാട്ടിലേക്ക് പോകാൻ അവരെ പ്രേരിപ്പിക്കുന്നുണ്ട്. ഏതാണ്ട് കോവിഡ് മുക്തമായ രീതിയിലേക്ക് കേരളം മുന്നോട്ടുപോകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്നല്ലെങ്കിൽ നാളെ തിരിച്ചെത്തുന്ന പ്രവാസികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ കേരളവും ഇപ്പോൾത്തന്നെ മുന്നൊരുക്കം നടത്തേണ്ടതുണ്ട്.
അരുത് പകൽക്കൊള്ള നേരത്തേ പ്രത്യേക വിമാനസർവീസുകൾ പ്രഖ്യാപിച്ച വിമാനക്കമ്പനികൾ പല വ്യവസ്ഥകളും മുന്നോട്ടുവെച്ചിരുന്നു. ഏഴ് കിലോ കൈയിൽ കരുതാവുന്ന സാധനം മാത്രമാണ് ഒരു വ്യവസ്ഥ. പതിവുള്ള മുപ്പതും മുപ്പത്തഞ്ചും കിലോ ബാഗേജ് ഉണ്ടാവില്ലെന്ന് സാരം.
ഈ സാഹചര്യത്തിൽ പാലിക്കേണ്ട ആരോഗ്യനില സംബന്ധിയായ നിയമവ്യവസ്ഥകൾ വേറെയും. മടക്കയാത്ര ഇല്ലാതെതന്നെ 1500 ദിർഹം മുതലാണ് ദുബായിൽനിന്ന് കൊച്ചിയിലേക്ക് അടിസ്ഥാന നിരക്കായി കാണിക്കുന്നത്. ആവശ്യക്കാർ ഏറുമ്പോൾ ഇത് മുകളിലേക്ക് കുതിക്കും. പലരും പണിയില്ലാതെ നട്ടംതിരിയുന്ന കാലമാണിത്.
സന്ദർശക വിസയിലെത്തി ഇവിടെ കുടുങ്ങിപ്പോയവരും കൈയിൽ പണമില്ലാതെ ദുരിതത്തിലാണ്. ദേശീയ വിമാനക്കമ്പനികളെങ്കിലും ഇക്കാര്യത്തിൽ ചില മാനദണ്ഡങ്ങൾ നടപ്പിൽ കൊണ്ടുവരണം. അത് വിപണിയെ പിടിച്ചുനിർത്താൻ സഹായിക്കും.
എതിർവാദങ്ങൾ
രോഗം വ്യാപിച്ചുനിൽക്കുന്ന ഈ ഘട്ടത്തിൽ വിമാനയാത്ര നടത്തുന്നത് ശരിയല്ലെന്ന വാദവും ഒരു ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. യാത്രക്കാരിൽ ആരെങ്കിലും ഒരാൾക്ക് രോഗലക്ഷണമുണ്ടെങ്കിൽ മറ്റു യാത്രക്കാരെയും അത് ബാധിക്കാനിടയുണ്ടെന്നാണ് ഈവിഭാഗം ഉന്നയിക്കുന്നത്. വിമാനത്തിനകത്തെ വായുസഞ്ചാരത്തിന്റെ കാര്യം പറഞ്ഞാണ് അവർ ഈ വാദം ഉയർത്തുന്നത്.
ഇതിന് ശാസ്ത്രീയമായ അടിസ്ഥാനമുണ്ടോ എന്ന കാര്യത്തിൽ അവസാനവാക്ക് പറയേണ്ടത് ആരോഗ്യരംഗത്തെ വിദഗ്‌ധരാണ്. എന്നാൽ, ഈ ദിവസങ്ങളിലെല്ലാം യൂറോപ്യൻ നഗരങ്ങളിലേക്ക് ഉൾപ്പെടെ ഇപ്പോഴും ധാരാളം വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. വുഹാനിൽനിന്നുവരെ എയർഇന്ത്യ അവിടെ കുടുങ്ങിപ്പോയവരെ കൊണ്ടുവന്നിട്ടുണ്ടല്ലോ എന്ന് പറഞ്ഞ് ഈ വാദത്തെ ചോദ്യം ചെയ്യുന്നവരും സാമൂഹികമാധ്യമങ്ങളിൽ ധാരാളം.
(അവസാനിച്ചു)