റ്റം അച്ചടിച്ചു വന്നിട്ടുണ്ട്, വായിച്ചില്ലെങ്കിലും ലൈക്കടിക്കണം. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രിയ സുഹൃത്തിന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ, എന്റെ ആദ്യ പുസ്തകം പുറത്തിറങ്ങുന്നു. അഭിപ്രായം അറിയിക്കണം. അതിന് വായിക്കണം. വായിക്കണമെങ്കില്‍ വാങ്ങണം. പിന്നെയും ഏതാനും വരികളുണ്ട്. എല്ലാം പ്രസക്തം. സമകാലീന എഫ്.ബി പ്രവണതകളിലേക്ക് കൃത്യമായി വിരല്‍ ചൂണ്ടുന്ന കുറിപ്പ്. അദ്ദേഹം പറഞ്ഞത് നൂറു ശതമാനം ശരിയാണ്. പുസ്തകത്തിന്റെ കവര്‍ പോസ്റ്റ് ചെയ്താല്‍ ലൈക്കുകളുടെ പ്രവാഹം. പുസ്തകം പുറത്തിറങ്ങിയ വിവരം അറിയിച്ചാലും ലൈക്ക്. 

വായിച്ച് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടാല്‍ കടുത്ത മൗനം. വളരെ അപൂര്‍വം ചിലര്‍ ചില കമന്റുകള്‍ പോസ്റ്റ് ചെയ്യും. അവര്‍ വായിച്ചവരോ അല്ലാത്തവരോ ആകാം. ഇതു പോലെ ഒരു പോസ്റ്റ് വേറെയും കണ്ടു. അതും അറിയപ്പെടുന്ന ഒരു എഴുത്തുകാരന്റേതാണ്. പ്രിയപ്പെട്ടവരെ എന്റെ ഒരു ഐറ്റം അച്ചടിച്ചു വന്നിട്ടുണ്ട്. (പ്രസിദ്ധീകരണത്തിന്റെ പേരു സഹിതമാണ് കുറിപ്പ്) അത് ഇവിടെ പോസ്റ്റുന്നു. വായിച്ചില്ലെങ്കിലും ലൈക്ക് അടിക്കാന്‍ മറക്കരുത്. ഇതിനും ലൈക്കുകളുടെ വന്‍ പ്രവാഹമായിരുന്നു. ആക്ഷേപ ഹാസ്യത്തിന്റെ മുനയില്‍ കോര്‍ത്തെടുത്ത ഒരു പോസ്റ്റായിരുന്നു ഇത്. എത്ര പേര്‍ക്ക് മനസിലായെന്നറിയില്ല. ഇനി മനസിലായാലും പ്രതികരിക്കില്ല. 

എഫ്.ബി യും വാട്‌സ്ആപ്പും വരുന്നതിനു മുമ്പ് ഒരു ഐറ്റം വന്നാല്‍ ചിലരെ ഫോണില്‍ വിളിച്ചു പറയാറുണ്ടായിരുന്ന കാലം. അന്ന് മറുപടി ഇങ്ങനെ ഐറ്റം കണ്ടു. വായിച്ചെന്ന് അപ്പോഴും പറയില്ല. ഐറ്റത്തിനും സ്റ്റോറിക്കും മുമ്പ് സാധനം അച്ചടിച്ചു വന്നിട്ടുണ്ടെന്ന ഒരു പറച്ചിലും ഉണ്ടായിരുന്നു. എഴുത്തുകാരന്‍ തന്നെ തന്റെ സൃഷ്ടിയെ സാധനമെന്ന് വിളിച്ച് പരിചയപ്പെടുത്തും. ഉടനെ മറുപടി കിട്ടും. സാധനം കണ്ടു. അപ്പോഴും സാധനം കണ്ടു വായിച്ചെന്ന് പറയില്ല. ഇപ്പോള്‍ ഏതു പ്രസിദ്ധീകരണത്തില്‍ കഥ വന്നാലും കവിത വന്നാലും ലേഖനം വന്നാലും ഞാന്‍ ഉള്‍പ്പടെ ഏതാണ്ട് എല്ലാവരും അത് എഫ്.ബി യില്‍ പോസ്റ്റ് ചെയ്യും. വാട്‌സ്ആപ്പ് വഴി പരമാവധി പ്രചരിപ്പിക്കും. ഇത് എഴുത്തുകാരന്‍ നിര്‍വഹിക്കുന്ന സ്വയം പി.ആര്‍ ആണ്. വേറെ വഴിയില്ല. ഇത് ചെയ്‌തെ മതിയാകു. അച്ചടിച്ചു വന്നത് പോസ്റ്റ് ചെയ്യാന്‍ സുഹൃത്തുക്കളെ ഏല്‍പിച്ച് അതിനു താഴെ ഒരു കുറിപ്പും എഴുതണമെന്ന് ഞാന്‍ ആവശ്യപ്പെട്ടത് ഈ അടുത്താണ്. 

പണ്ടത്തെ പോലെ അച്ചടിക്കുന്നത് ഭൂരിപക്ഷം പേരും കാണില്ലെന്ന് ഒരു തോന്നലാണ്. സത്യം പറഞ്ഞാല്‍ ആത്മവിശ്വസവും കുറവ്. അപ്പോള്‍ അച്ചടിച്ചു വരുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കേണ്ടി വരും. കഥ വന്നിട്ടുണ്ടെന്നും വായിക്കണമെന്നും വളരെ പ്രമുഖരായ എഴുത്തുകാര്‍ക്ക് വരെ എഫ്.ബി വഴി വിളംബരം ചെയ്യേണ്ടി വരും. ചില മുതിര്‍ന്ന എഴുത്തുകാര്‍ അച്ചടി മാധ്യമങ്ങളില്‍ നിന്ന് മാറി എഫ്.ബി യില്‍ മാത്രം എഴുതുന്നതിനും ഈ കാലം സാക്ഷി. ഇതു തെറ്റല്ല. അങ്ങനെയൊരു കാലത്താണ് ജീവിക്കുന്നത്. ലൈക്കിന്റെയും കമന്റുകളുടെയും ഇടയില്‍ പെട്ട് പോകുന്ന നിസഹായ ജന്‍മങ്ങള്‍ എത്രയാണ് ? സുഹൃത്തും പ്രവാസ ലോകത്തെ സാംസ്‌കാരിക പരിപാടികളുടെ സംഘാടകനുമായ ഗോപിനാഥ് നെടുങ്ങാടി ഒരിക്കല്‍ ചോദിച്ചു , എഫ്.ബി യുടെ ലോകത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോകുന്നവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന്. കുറെ മാസങ്ങള്‍ക്ക് മുമ്പായിരുന്നു ചോദ്യം. പത്ത് പതിമൂന്ന് വര്‍ഷമായി എഫ്.ബി യില്‍ ഉണ്ടെങ്കിലും ഒരു കാലത്തും സജീവമല്ലാതിരുന്ന എനിക്ക് അത് പെട്ടെന്ന് പിടി കിട്ടിയില്ല. ഇപ്പോള്‍ ലേശം പിടി കിട്ടി വരുന്നു. കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാനും  ഏറെക്കുറെ സജീവമാണ്. 

വയലിനിസ്റ്റ്‌  ബാലഭാസ്‌കര്‍ മരിച്ചെന്ന്  അറിയിച്ചു കൊണ്ടുള്ള വാര്‍ത്തക്ക് താഴെ എഫ്.ബി യില്‍ ആര്‍.ഐ.പി അടിച്ചവരെ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ കണക്കിന് വിമര്‍ശിച്ചിരുന്നു. ഒരു വരി എഴുതാന്‍ വയ്യെ സുഹൃത്തെ നിങ്ങള്‍ക്ക് ? ഒരാള്‍ മരണപ്പെട്ടിരിക്കുന്നു. അതും വയലിനില്‍ തന്റെ കഴിവുകള്‍ തെളിയിച്ച ഒരാള്‍ അകാലത്തില്‍ മരണപ്പെട്ടിരിക്കുന്നു. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം വയലിന്‍ വാദനത്തെ എത്ര മാത്രം ഗൗരവത്തോടെ കണ്ടിരുന്നെന്ന് ഓര്‍മിക്കണം. 

ഷഹബാസ് പറഞ്ഞത്, ഒരു വരി കുറിക്കാന്‍ സമയമില്ലാത്തവര്‍ ദയവു ചെയ്ത് ആര്‍.ഐ. പി യെന്ന് നിസാരമായി അടിക്കരുതെന്നാണ്. വേദനയോടെയാണ് ഷഹബാസ് അതു പറഞ്ഞത്. മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു എഴുത്തുകാരന്‍ ഈ അടുത്ത കാലത്ത് അസുഖ ബാധിതനായി ആശുപത്രിയിലായി . വിവരം പങ്കു വെച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഇട്ട കുറിപ്പിനു താഴെയും കണ്ടു ലൈക്ക് ചിഹ്നങ്ങള്‍. എങ്ങോട്ടാണ് സുഹൃത്തെ ഞാനും നിങ്ങളുമൊക്കെ സന്ദര്‍ഭം നോക്കാതെ കാര്യങ്ങള്‍ ഗ്രഹിക്കാതെ ഇങ്ങനെ  ലൈക്കടിച്ച് ലൈക്കടിച്ച് നീങ്ങുന്നത് ? മരണ വീട്ടില്‍ നിന്ന് ഉച്ചത്തില്‍ മൊബൈലില്‍ സംസാരിക്കുന്നവരില്ലെ ? അതിനപ്പുറത്താണൊ ഈ ലൈക്കുകള്‍ ? ഒന്ന് പോയി പണി നോക്ക് സാറെ. ഇയാള്‍ക്ക് വേണ്ടെങ്കില്‍ എഫ്.ബി യില്‍ നിന്ന് ഇറങ്ങിക്കോളു എന്ന് ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരാള്‍.  ഇപ്പറഞ്ഞതിന് ഒരു ലൈക്ക്.