കത്തെ ഹാളില്‍ ഫോറിന്‍ പായ വിരിക്കുന്ന ഗന്ധം. മനസ്സ് വീണ്ടും അറിയാതെ സ്വപ്നങ്ങളിലേക്ക് യാത്രപോയി. എന്നും അങ്ങനെയാണ്. ഉപ്പ ഗള്‍ഫില്‍ നിന്ന് വരുന്ന അത്തര്‍ ഗന്ധം. കാത്തിരിപ്പിന്റെ ഒരുപാട് വര്‍ഷങ്ങള്‍ ചേര്‍ന്നിരിക്കണം ആ ഗന്ധമൊന്ന് നേരിട്ടറിയാന്‍. കാത്തിരിപ്പിന്റെ വേപഥുവെന്തെന്ന് മനസ്സില്‍ പകര്‍ന്നുതന്നത് ഉമ്മയുടെ മുഖമാണ്. മാസങ്ങള്‍ നീളുന്ന നെടുവീര്‍പ്പുകളുടെ ഉഷ്ണമാണ് ഉമ്മയുടെ കാത്തിരിപ്പുകള്‍ക്ക്. ഉമ്മയ്ക്ക് കൂട്ടായി ഞങ്ങളുടെ നാലു കണ്ണുകളും.

അതുപോലൊരു കാത്തിരിപ്പിന്റെ അന്ത്യത്തില്‍ ഉമ്മറവഴിയില്‍ കറുപ്പും മഞ്ഞയും ചായം പൂശിയ ടാക്‌സി കാറ് വന്ന് നിന്നു. കാറിന് മുകളില്‍ കാറിനേക്കാള്‍ വലുപ്പത്തില്‍ വലിച്ചുകെട്ടിയ ചെക്കുപെട്ടികള്‍. മനസ്സ് അപ്പോള്‍ അതിവേഗം തുള്ളിക്കളിച്ചു. നുരയുന്ന ആഹ്ലാദത്തോടെ ഉപ്പയെ കാണാന്‍ തിടുക്കം കൂട്ടി. അത്തര്‍ മണമുള്ള ഉപ്പ കാറില്‍ നിന്നിറങ്ങി എന്റെയും ഇത്താത്തയുടെയും കൈപിടിച്ച്, മേലോട് ചേര്‍ത്തണച്ച്, എന്താ വിശേഷം എന്ന് തിരക്കി...നാണം പിടിക്കുന്ന മുഖത്തിന്റെ ജാള്യം മറയ്ക്കാന്‍ വാതില്‍പടിക്കല്‍ നിന്ന് ഉമ്മ സാഹസപ്പെട്ടു. ജനല്‍ കമ്പിവിടവിലൂടെ പുരികത്തിന് വട്ടം പിടിച്ച് വല്ല്യുമ്മയുടെ കൂര്‍പ്പിച്ച നോട്ടം.
ഒരു അദ്ഭുതമനുഷ്യനെ കാണാനെന്നോണം അയല്‍പക്കത്തുള്ളവരുടെ എത്തിനോട്ടം.
 ഫോറിന്‍ കാറിന് അരികിലെത്തി എല്ലാം വീക്ഷിക്കുന്ന കളിക്കൂട്ടുകാര്‍. ഉപ്പ ഗള്‍ഫില്‍ നിന്നെത്തിയ സന്തോഷം അവരോട് പറയാതെ പറയാനുള്ള മനപ്പെരുക്കമായിരുന്നു അപ്പോള്‍. ഉപ്പയുടെ കൈ പിടിച്ച്, ലോകം നേടിയ കുഞ്ഞഹങ്കാരത്തോടെ വീട്ടിനകത്തേക്ക്... ഉപ്പയുടെ വരവ് പ്രമാണിച്ച് അന്ന് കരിമീന്‍ വാങ്ങി പൊരിച്ചതിന്റെയും വെച്ചതിന്റെയും കൊതിഗന്ധത്തിലേക്ക്.. ഉപ്പ ഇനി കുളിച്ച് ഫ്രഷായി വരുന്നത് വരെ കാത്തിരിക്കണം...

ചുവപ്പിലും പച്ചയിലുമായി വീതിയേറിയ കറുത്തവരകളുള്ള ചെക്കുപെട്ടികള്‍. ഉള്ളില്‍ എന്തൊക്കെയാവാം... ആവോ! എന്ന് വെറുതെ ആലോചിച്ചും പെട്ടിയെ തലോടിയും ആഹ്‌ളാദത്തിലും ആകാംക്ഷയിലും സമയം കളഞ്ഞു. ഉപ്പയുടെ വരവറിഞ്ഞ് ആളുകള്‍ വന്നു തുടങ്ങിയിരിക്കുന്നു. ബന്ധുക്കളും അയല്‍ക്കാരുമായ വീട്ടുകാരും മക്കളും... അപ്പോഴേക്കും ഉപ്പ കുളികഴിഞ്ഞ് വന്നിരിക്കുന്നു... അശീവീ എന്ന് ഉപ്പയുടെ നീട്ടിയ വിളി... അടുക്കളയില്‍ ഉപ്പക്കുള്ള വിഭവങ്ങള്‍ ഒരുക്കുന്നിടത്ത് നിന്ന് ഉമ്മ പാഞ്ഞെത്തി.

ദേ.. ആരൊക്കെ ഈ വന്നേക്കുന്നത്.. ഇച്ചിരി കട്ടന്‍ ചായ എടുക്ക്... ഊണ് കഴിക്കാന്‍ നേരത്തെന്തിന് കട്ടന്‍ചായ എന്ന് ഉമ്മ സംശയിക്കുമ്പോള്‍ വന്നവര്‍ തന്നെ ഇടപെട്ടു... ഇനിയിപ്പോ ചോറ് തിന്നാനുള്ളതല്ലേ, കട്ടനൊന്നും വേണ്ട. ഹാളില്‍ വിരിച്ച പ്ലാസ്റ്റിക് പായയില്‍ വന്നവരെല്ലാം വറുത്തതും വെച്ചതും ഉലര്‍ത്തുവിഭവങ്ങളും കൂട്ടി ചോറുണ്ടു തുടങ്ങി. അതിനിടെ ഇരിക്കാനിടത്തിനായി ഞാനും ഇത്താത്തയും പണിപ്പെട്ടു. ഏറെ ഇഷ്ടപ്പെട്ട കരിമീന്‍ വറുത്തത് തീരാറായിരിക്കുന്നു. തീനി കഴിഞ്ഞ് എല്ലാവരും നാവുനുണഞ്ഞും വയറുതടവിയും എണീറ്റു. അടുക്കളയില്‍ നിന്ന് ഉമ്മയുടെ ശബ്ദം ഞങ്ങള്‍ക്ക് നേരെ... വേഗം തിന്നെണീക്ക്.

തിന്നിടം വീണ്ടും വൃത്തിയാക്കിയിട്ട് വീണ്ടും ഹാളില്‍ പായ വിരിച്ചു. ആരൊക്കെയോ ചേര്‍ന്ന് ചെക്കുപെട്ടികള്‍ തുറക്കാന്‍ സഹായിച്ചു. പെട്ടിയിലെ സാമാനങ്ങള്‍ ഉപ്പ പായിലേക്ക് ചൊരിഞ്ഞു. ആഹാ! എന്തൊക്കെയാ ഇത്... ഒരുപാട് സാധനങ്ങള്‍... വര്‍ണങ്ങള്‍.. കളിപ്പാട്ടങ്ങള്‍... ഫോറിന്‍ തുണികള്‍... ഉപ്പ അതൊക്കെ ഓരോന്നായി എടുത്ത് എല്ലാവര്‍ക്കും സമ്മാനിച്ചു. ഞാനും ഇത്താത്തയും സമ്മാനത്തിനായി കാത്തുനിന്നു. കളിപ്പാട്ടങ്ങളിലേക്ക് മാത്രമായിരുന്നു എന്റെ കണ്ണ്...

ചേമ്പിലയില്‍ നിന്ന് വെള്ളം തെറിച്ചുപോകുന്ന വേഗത്തില്‍ സാമാനങ്ങളെല്ലാം തീര്‍ന്നു. ത്രീഡി ചിത്രം കാണിക്കുന്ന ടെലിവിഷന്‍ പോലുള്ള കളിപ്പാട്ടം ഉപ്പ എടുത്ത് എന്റെ നേരെ കാണിച്ചു. അതെ, എനിക്കുതന്നെ അതെന്ന് മനസ്സില്‍ ആഹ്‌ളാദത്തോടെ ആഗ്രഹിച്ചു. തെല്ലിട ഒരു കുട്ടി അതവന് കിട്ടണമെന്ന് വാശികാട്ടി. ഉപ്പ ഒട്ടും സംശയിക്കാതെ അതവന് കൊടുത്തു...അന്ന് കുറേക്കഴിഞ്ഞും വിങ്ങിപ്പൊട്ടി നില്‍ക്കുന്ന എന്റെ മുഖം കണ്ടാവണം ഉപ്പ അരികില്‍ വന്ന് കാര്യം തിരക്കിയിട്ട് സ്‌നേഹത്തോടെ പറഞ്ഞു... മോന്‍ എന്റേതല്ലേ.. മോന്‍ക്ക് പിന്നെ ആയാലും ഉപ്പ തരൂലോ!