മേഖലയിൽ ഐക്യവും സമാധാനവും സുരക്ഷയും ഉറപ്പുവരുത്താനുള്ള കരാറിൽ സൗദി അറേബ്യക്കും ഖത്തറിനും ഒപ്പം  യു.എ.ഇ.യും ബഹ്റൈനും കൂടി ചൊവ്വാഴ്ച വൈകീട്ട് ഒപ്പുവെച്ചപ്പോൾ ഗൾഫ്‌ സഹകരണത്തിൽ പുതിയ ചരിത്രമാണ് രചിക്കപ്പെട്ടത്. ഏറെ നാളായി ഇതിനായി ശ്രമിക്കുന്ന കുവൈത്തിനും ഒമാനും ഇതു സംതൃപ്തിയുടെ മുഹൂർത്തവും. ഈ കരാറോടെ ഉപരോധം പഴങ്കഥ മാത്രമാവുകയാണ്

 

ചൊവ്വാഴ്ച കാലത്ത് സൗദിമണ്ണിൽ വന്നിറങ്ങിയ ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽ താനിയെ സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ  രാജകുമാരൻ  ആശ്ളേഷിച്ചുകൊണ്ടാണ് വരവേറ്റത്. മൂന്നരവർഷത്തിലേറെയായി ഖത്തറിനുമേൽ ചുമത്തിയ ഉപരോധം സൃഷ്ടിച്ച  മുറിവുകളുടെ നീറ്റലെല്ലാം ആ ആലിംഗനത്തിൽ അലിഞ്ഞില്ലാതായി. ഗൾഫ് നാടുകളിൽ മാത്രമല്ല,  പശ്ചിമേഷ്യയിലാകെ ആശ്വാസത്തിന്റെ നെടുവീർപ്പുകൾ ഉയർന്ന നിമിഷം. മൂന്നരവർഷത്തിനുശേഷം ആദ്യമായിട്ടായിരുന്നു ഖത്തർ ഭരണാധികാരി സൗദിമണ്ണിൽ എത്തുന്നതെന്ന വിശേഷത്തോടെയാണ് ഈ സന്ദർശനത്തെ ചരിത്രം അടയാളപ്പെടുത്തുന്നത്.
 

മരുഭൂമിയിൽ മഞ്ഞുരുകുമ്പോൾ

സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന നാൽപ്പത്തിയൊന്നാമത് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുമ്പുതന്നെ മേഖലയിലെ പുതിയ ചലനങ്ങൾ ലോകമറിഞ്ഞിരുന്നു.  ഖത്തറിലേക്കുള്ള ആകാശ അതിർത്തി ഉൾപ്പെടെയുള്ളവ തുറന്നിട്ടുകൊണ്ട് മഞ്ഞുരുകലിന്റെ സൂചന നൽകിയത് ആദ്യം കുവൈത്തിന്റെ വിദേശകാര്യമന്ത്രിയായിരുന്നു. 
സൗദിതലസ്ഥാനമായ റിയാദിൽനിന്ന് രാജ്യത്തെ പുരാതന നഗരമായ അൽ ഉലയിലേക്ക് അവസാനനിമിഷമാണ് ഉച്ചകോടി മാറ്റിയത്. അമേരിക്കയുടെ മധ്യസ്ഥതയിൽ കുവൈത്ത് ഭരണാധികാരി ശൈഖ് നവാഫ് അൽ അഹമദ് അൽ സബയുടെ നേതൃത്വത്തിൽ നടന്നുവന്ന സമവായ ചർച്ചകൾക്കൊടുവിലാണ് ഖത്തറിലേക്കുള്ള അതിർത്തികൾ സൗദി അറേബ്യ തുറക്കുകയാണെന്നുള്ള പ്രഖ്യാപനമെത്തിയത്. അതിയായ സന്തോഷത്തോടെയാണ് ലോകം തിങ്കളാഴ്ച രാത്രി ഈ പ്രഖ്യാപനം ശ്രവിച്ചത്.  അൽ ഉലയിൽ നടക്കുന്ന 41-ാമത് ജി.സി.സി. ഉച്ചകോടി ഇതോടെ നിർണായകമായ പുതിയപ്രഖ്യാപനത്തിന്റെ പേരിൽ ചരിത്രത്തിൽ ഇടംപിടിക്കുമെന്നും ഉറപ്പായി.
 

ഉപരോധത്തിന്റെ നാളുകൾ

അറബ് മേഖലയിൽ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഉൾപ്പെടെയുള്ള തീവ്രവാദപ്രസ്ഥാനങ്ങൾക്ക് പിന്തുണയും സാമ്പത്തികസഹായവും നൽകുന്നതിന്റെ പേരിലായിരുന്നു 2017 ജൂൺ അഞ്ചിന് പുലർച്ചെ സൗദി അറേബ്യ ഖത്തറിനുനേരെ ഉപരോധം പ്രഖ്യാപിച്ചത്. ബഹ്‌റൈൻ, യു.എ.ഇ., ഈജിപ്ത്, യെമെൻ, ലിബിയ തുടങ്ങി ഇരുപതോളം രാജ്യങ്ങൾ ഖത്തറിനെതിരേ നിലപാടെടുത്തു. നയതന്ത്രബന്ധങ്ങൾ വിച്ഛേദിച്ചും ഖത്തറിലേക്കുള്ള യാത്രകൾ നിരോധിച്ചും വ്യാപാര-വാണിജ്യ  ഇടപാടുകൾ നിർത്തലാക്കിയും ഉപരോധം കനത്തതോടെ  അറബ് മേഖലയിൽ, വിശേഷിച്ച് ഗൾഫ് നാടുകളിൽ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തത്. 

സൗദിക്കും സഖ്യരാഷ്ട്രങ്ങൾക്കും മുന്നിൽ തലകുനിക്കാതെ തന്നെയാണ് ഖത്തർ ഇതുവരെ നിലകൊണ്ടത്. ഖത്തറില്ലാതെയും ഗൾഫ് സഹകരണ കൗൺസിലിന് മുന്നോട്ടുപോകാനാവുമെന്ന് സൗദിസഖ്യവും തെളിയിച്ചു. കുവൈത്തും ഒമാനും ഇതിനിടയിൽ സമവായത്തിന്റെ സന്ദേശങ്ങളുമായി ഇരുപക്ഷത്തിനും സ്വീകാര്യരായി നിലകൊണ്ടു. എന്നാൽ, ഇതിനിടയിൽ പശ്ചിമേഷ്യയിൽ പതിയെ രൂപംകൊണ്ട പുതിയ രാഷ്ട്രീയസമവാക്യങ്ങളാണ് സൗദിസഖ്യത്തെയും മധ്യസ്ഥരെയും കൂടുതൽ അലോസരപ്പെടുത്തിയത്. ഖത്തറിന് പിന്തുണയുമായി ഇറാനും തുർക്കിയും രംഗത്തുവന്നതും ആ സൗഹാർദപ്രകടനത്തെ ഖത്തർ ഹൃദയപൂർവം സ്വീകരിച്ചതും അറബ് മേഖലയിൽ സൗദിയുടെ മേധാവിത്വത്തിനുമുള്ള വെല്ലുവിളികൂടിയായിരുന്നു. ഇതിനിടയിൽ സൗദിയും യു.എ.ഇ.യും ചേർന്ന് പുതിയൊരു സഹകരണ കൗൺസിലിന് രൂപംകൊടുത്തതോടെ ജി.സി.സി.യിൽനിന്ന് ഖത്തർ പുറത്താകുമെന്നുവരെ സന്ദേഹമുയർന്നു.
 

അമേരിക്കൻ ഇടപെടലുകൾ

എന്നാൽ, ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് യു.എസ്. പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ കാലത്തുനടന്ന മധ്യസ്ഥശ്രമങ്ങൾ ഏറെ നിർണായകമായിരുന്നു.  അറബ് രാജ്യങ്ങളുടെ എതിർപ്പിനിടയിൽത്തന്നെയാണ്  ഇസ്രയേലിലെ നയതന്ത്രകാര്യാലയം യു.എസ്. ജറുസലേമിലേക്ക് മാറ്റിയത്. വൈകാതെ, യു.എ.ഇ.യും  ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനും ട്രംപിന്റെ ഇടപെടലിലൂടെ സാധ്യമായി. ബഹ്‌റൈനും ഇതേ പാത പിന്തുടർന്നു. ഇപ്പോൾ യു.എ.ഇ.യും ഇസ്രയേലും തമ്മിൽ നയതന്ത്രബന്ധം മാത്രമല്ല, ശക്തമായ വ്യാപാരബന്ധവും ഉടലെടുത്തു. വിമാനസർവീസുകളും ഇരുരാജ്യങ്ങൾക്കും ഇടയിൽ യാഥാർഥ്യമായി. ഒരുകാലത്ത് അസാധ്യമെന്ന് എല്ലാവരും കരുതിയ നീക്കങ്ങളായിരുന്നു ഇതെല്ലാം. പശ്ചിമേഷ്യയിൽ ഇസ്രയേലുമായുള്ള നിതാന്ത ശത്രുത ചർച്ചകളിലേക്കും സൗഹാർദത്തിലേക്കും മാറുന്നതിന്റെ സൂചനകളായി ഇവ. 
തീവ്രവാദപ്രസ്ഥാനങ്ങൾക്കെതിരേ നിലയുറപ്പിക്കാനും അവയെ ഒറ്റപ്പെടുത്താനുമുള്ള ശ്രമത്തിലാണ് സൗദിസഖ്യം. മേഖലയുടെ സുരക്ഷിതത്വവും സമാധാനവും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളിലാണ് അവർ. ഇന്ത്യ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളുമായുണ്ടാക്കിയ ഉടമ്പടികൾ ഇതിന്റെ ഭാഗമാണ്. മുസ്‌ലിം ബ്രദർഹുഡിൽ തുടങ്ങി ഐ.എസ്. വരെ നീളുന്ന തീവ്രവാദപ്രസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളാണ് ഖത്തറിനെതിരായ നിലപാടുകൾ കർശനമാക്കാൻ സൗദിയെ പ്രേരിപ്പിച്ചത്. പുതിയ മധ്യസ്ഥ, സമവായ ചർച്ചകളിൽ ഇതിനെല്ലാമുള്ള ഉത്തരങ്ങൾ രൂപപ്പെട്ടുവന്നേക്കാം. എന്തായാലും അൽ ഉലയിലെ ജി.സി.സി. സമ്മേളനം ഖത്തറിനോടുള്ള പുതിയ സഹകരണത്തിന്റെ പേരിലാവും ഇനി അറിയപ്പെടാൻപോകുന്നത്. അതാകട്ടെ പശ്ചിമേഷ്യയിലെ പുതിയപ്രഭാതത്തിന്റെ ഉദയംകൂടിയാവുന്നു. 

ഇന്ത്യക്കാർക്ക് ആശ്വാസം

മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഖത്തർ ഉപരോധത്തെത്തുടർന്ന് പ്രതിസന്ധിയിലായത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ വ്യാപാര-വ്യവസായ സംരംഭങ്ങളുള്ള ഒട്ടേറെപ്പേരുണ്ട്. അവരിൽ പലരുടെയും ഖത്തറിലെ സംരംഭങ്ങൾ  പെട്ടെന്നുള്ള ഉപരോധംകാരണം പ്രയാസത്തിലായി. യു.എ.ഇ. യിലും സൗദിയിലുമിരുന്ന് വ്യാപാരം നിയന്ത്രിച്ചിരുന്നവരും ആഴ്ചതോറും തൊഴിൽപരമായ കാര്യങ്ങളാൽ യാത്രചെയ്തിരുന്നവരുമെല്ലാം കഴിഞ്ഞ മൂന്നരവർഷമായി ഏറെ പ്രയാസത്തിലായിരുന്നു. ഖത്തറിലെ ബാങ്കുകളുമായുള്ള ഇടപാടുകൾവരെ പ്രതിസന്ധിയിലായത് പണമിടപാടുകളെയും ബാധിച്ചു. ദുബായിൽനിന്ന് ഒരു മണിക്കൂർകൊണ്ട് ദോഹയിലെത്താമായിരുന്നത് അത്യാവശ്യക്കാർക്ക്‌ ഒമാൻ വഴിയാക്കി മാറ്റേണ്ടിവന്നു. മണിക്കൂറുകൾ നീളുന്നതായിരുന്നു ഈ യാത്ര.  ഇതിനൊപ്പം കൊറോണകാരണം അതിർത്തികളിൽ വ്യവസ്ഥ കർശനമായതോടെ അത്തരം യാത്രകളും ക്ലേശകരമായിരുന്നു.  അവർക്കുപുറമേ സന്ദർശകവിസയിൽ യു.എ.ഇ.യിലും ഖത്തറിലുമെല്ലാം പോയി തൊഴിൽ തേടുന്നവർക്കും ഉപരോധത്തിലെ ഇളവുകൾ ആശ്വാസകരമാണ്.

ദുബായിൽ വരുന്ന ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന  ആറുമാസം നീളുന്ന ലോകപ്രദർശനമായ എക്സ്‌പോ 2020, ദോഹ ആതിഥേയത്വം വഹിക്കുന്ന  2022-ലെ ലോകകപ്പ് ഫുട്‌ബോൾമേള എന്നിവയ്ക്കൊക്കെ ആയിരങ്ങൾ ഗൾഫ് നാടുകളിൽനിന്ന് പോയിവരേണ്ടതുണ്ട്. പുതിയ നീക്കങ്ങൾ അവർക്കെല്ലാം ആശ്വാസകരമാവും. ആതിഥേയർക്കും സന്ദർശകരുടെ കാര്യത്തിലുള്ള ആശങ്കകൾ നീങ്ങുകയാണ്. 

Content Highlights: Saudi Arabia, Qatar to sign U.S.-brokered deal to ease Gulf crisis