''അല്ലാഹു ഏറ്റവും വലിയവന്‍.
  അല്ലാഹു ഏറ്റവും വലിയവന്‍.
  ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ല.
  അല്ലാഹു ഏറ്റവും വലിയവന്‍.
  സര്‍വ്വ സ്തുതിയും അല്ലാഹുവിനാകുന്നു.''


തൊരാഘോഷങ്ങളുമായി മാറ്റുരച്ചാലും, ഈദുല്‍ ഫിത്തര്‍ അഥവാ ചെറിയ പെരുന്നാളിന് മറ്റെന്തിലും പ്രാധാന്യമേറുന്നത്, അതിന്റെ വിശുദ്ധിയ്ക്കും മേല്‍ ഉയര്‍ന്നിരിക്കുന്ന 'മാനവികത' യുടെ തലം കൊണ്ടാണ്. ജീവിതം കൊണ്ട് മാതൃക കാട്ടിയ പ്രവാചകന്‍ കല്പിച്ചു നല്‍കിയ രണ്ടാഘോഷങ്ങളില്‍ ഒന്നിന് അങ്ങിനെയാവാതെ തരമില്ല. 

പ്രവാസത്തിലിരിക്കുന്നവര്‍ക്കാണ്, ഈദ് മുന്നോട്ടുവയ്ക്കുന്ന വിശ്വമാനവികത എന്ന വലിയ സന്ദേശം ഏറ്റവും എളുപ്പം മനസ്സിലാവുക എന്ന് എനിക്ക് തോന്നാറുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള, നാനാവിധങ്ങളായ മത വിശ്വാസികള്‍ ഒന്നിച്ച് ജോലി ചെയ്യുകയും, താമസിക്കുകയും ചെയ്യുന്ന യു.എ.ഇ പോലൊരു രാജ്യത്ത്, നോമ്പെടുക്കുന്ന വിശ്വാസിയോട് ചേര്‍ന്ന് താദാത്മ്യപ്പെട്ട് നോമ്പു നോക്കുന്ന അന്യമത വിശ്വാസികളെ കാണാം. കൂടെ ജോലി ചെയ്യുന്നവരെ ഇഫ്താറിലും, പെരുന്നാളാഘോഷങ്ങളിലും പങ്കാളിയാക്കുന്ന, ഒന്നിച്ചിരുന്ന് പെരുന്നാള്‍ സദ്യയുണ്ണുന്ന അവര്‍ക്ക് ഈദ് ആശംസകള്‍ നേരുന്ന നോമ്പുകാരെ കാണാം. ലേബര്‍ ക്യാമ്പുകളിലും, മറ്റും ഇഫ്താര്‍ വിരുന്നുകളൊരുക്കാന്‍ മുന്നിട്ടിറങ്ങുന്നത് ഏറെയും മറ്റ് മതസ്ഥരായ ആളുകളും, സംഘടനകളുമാണെന്നതും റമദാന്‍ നോമ്പിന്റെ സാഹോദര്യതലം വെളിവാക്കുന്നു.

പാപത്തിന്റെ ഇരുളില്‍ ഉഴറിയിരുന്ന ലോകജനതയ്ക്ക്, അറിവിന്റെ, പാപമോചനത്തിന്റെ, നാഥന്റെ സ്‌നേഹത്തിന്റെ വെളിച്ചവുമായി വി:ഖുറാന്‍ അവതരിച്ച മാസം കൂടിയാണ് റമദാന്‍. ഹിജ്‌റ വര്‍ഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസം. ഒരു മാസത്തെ കഠിന വ്രതം അവസാനിച്ചെന്നറിയിച്ച് പശ്ചിമാകാശത്ത് ഈദുല്‍ ഫിത്ര്‍ അമ്പിളിയുടെ പൊന്‍കതിര്‍ ഉദിക്കുന്നു.'ഈദ് ' എന്നാല്‍ ആഘോഷം എന്നും, 'ഫിത്തര്‍' എന്നാല്‍ നോമ്പു തുറക്കല്‍ എന്നുമാണര്‍ത്ഥം എന്ന് പ്രിയപ്പെട്ടവരാരോ പറഞ്ഞൊരോര്‍മ്മയുണ്ട്.

വിശുദ്ധ റമദാന്‍ അനുഗ്രഹത്തിന്റെ മാസമാണ്. ചെയ്ത പാപങ്ങളുടെ, തിന്മകളുടെ, സങ്കടക്കടലുകളുടെ  കറുത്ത ദിവസങ്ങളുടെ ജീര്‍ണ്ണതയില്‍നിന്നും വെളിച്ചത്തിലേക്കുള്ള  'തഖ് വ' അണിഞ്ഞ്, ജീവിതത്തെ തിരിച്ചറിവുകളുടെ പ്രകാശത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന പുണ്യദിനങ്ങള്‍.  

ആത്മീയത ധ്യാനമായ് നെഞ്ചിലേറ്റുന്ന അസാധാരണമായ പോസിറ്റീവ്‌നെസ്സ് ചുറ്റുപാടുകളില്‍ നിന്ന് നമുക്കനുഭവിക്കാന്‍ സാധിക്കും.  'സുബഹി' മുതല്‍  'മഗ് രിബ്'  വരേയും വിശപ്പോ ദാഹമോ ഗൗനിക്കാതെ  പ്രാര്‍ത്ഥനാമന്ത്രങ്ങരുവിട്ടു നില്‍ക്കുന്ന ലക്ഷോപക്ഷം പ്രവാസികള്‍ക്കൊപ്പം നോമ്പുതുറയില്‍ പലപ്പോഴായി പങ്കെടുത്തിട്ടുള്ള അനുഭവങ്ങളെല്ലാം മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന ഏറ്റവും മഹത്തായ സന്ദര്‍ഭങ്ങളായി മാറുന്നു. 

ചിന്തകള്‍ ചൈതന്യമുള്ളതാവുന്നു. ശവ്വാല്‍ ' പിറവിയോടെ വ്രതശുദ്ധിയുള്ള ദിനങ്ങള്‍ അവസാനിക്കും. ഉള്ളവന്‍ ഇല്ലാത്തവന് സക്കാത്ത് നല്‍കി തങ്ങള്‍ക്കൊപ്പം ചേര്‍ത്തു നിര്‍ത്തും. ഈദ് മഹത്തരമാവുന്നത് പങ്കുവെയ്ക്കപ്പെടലുകള്‍ കൊണ്ടാണ്. ചെറിയ പെരുന്നാള്‍ ആരംഭിക്കുന്നത് മനസിന്റെ, ചിന്തകളുടെ നവീകരണത്തിലൂടെ ആവും. ഈ നവീകരണം അന്നമില്ലാത്തവന്ന് അന്നദാതാവായി മാറുമ്പോള്‍ വിശുദ്ധ ഖുറാന്‍ മുന്നോട്ടു വെയ്ക്കുന്ന നന്‍മങ്ങള്‍ക്ക് തിളക്കമേറുന്നു. കാലം പുതിയ വിഭാതങ്ങളെ കൂടുതല്‍ മൊഞ്ചുള്ളതാക്കുന്നു. 

  കഴിഞ്ഞൊരു വ്രതകാലം നല്‍കിയ പുണ്യവുമായി, ഇന്ദ്രിയങ്ങളെ കീഴടക്കിയ വിശുദ്ധിയുടെ തൂവെണ്‍മയുമായി നമ്മുക്ക് ചെറിയ പെരുന്നാളിനെ വരവേല്‍ക്കാം. സക്കാത്തിന്റെ നന്‍മകളെ ചുറ്റുമുള്ള സഹോദരങ്ങള്‍ക്ക് പകര്‍ന്നു നല്‍കാം. അയല്‍വാസിക്ക് വിശക്കുമ്പോള്‍ വയര്‍ നിറച്ച് ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവരല്ലെന്ന് പഠിപ്പിച്ച പ്രവാചകന്റെ പാതയിലൂടെ നമ്മുക്കൊരല്‍പ്പം നടക്കാം. 

 ''തകബല്ലാഹു മിന്നാ വ മിന്കും'
 'അല്ലാഹു എന്നില്‍ നിന്നും നിന്നില്‍ നിന്നും സ്വീകരിക്കട്ടെ.'
  ' May Allah accept it from us and from you'