'ഇനി ഒന്നും വ്യാഖ്യാനിക്കാനില്ല, 
ഇനി ഒന്നും പറയാനുമില്ല. 
എല്ലാം അവസാനിച്ചിരിക്കുന്നു, 
വിപിനത്തിന്റെ വാതിലുകള്‍ അടഞ്ഞിരിക്കുന്നു. 
സൂര്യന്‍ ഇലകള്‍ വിരിയിച്ചു ചുറ്റിക്കറങ്ങുന്നു, 
ചന്ദ്രന്‍ വെളുത്ത ഒരു പഴംപോലെ ഉദിച്ചുയരുന്നു. 
മനുഷ്യന്‍ സ്വന്തം ഭാഗധേയത്തിനു വഴങ്ങുന്നു'

പാബ്ലോ നെരൂദ... വായന ഭ്രാന്തായി മാറിയ കൗമാര കാലത്ത് ഏറ്റവും അധികം തിരഞ്ഞു പിടിച്ചു വായിച്ചിട്ടുള്ള, കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റുകാരനുമായ മനുഷ്യന്‍. നെരൂദയുടെ ജീവിതത്തിലും എഴുത്തിലെ വിഷാദം നിഴലിച്ചിരുന്നു. നെരൂദ ജനിച്ച അതേ വര്‍ഷം അമ്മ മരിച്ചു. ക്ഷയരോഗമായിരുന്നു. എല്ലാവരും കളിച്ചു നടക്കുന്ന കുട്ടിക്കാലത്ത് അദ്ദേഹം തന്റെ പത്താമത്തെ വയസ്സില്‍ കവിത എഴുതി തുടങ്ങി. ചിലിയിലെ പുരോഗമന ആശയങ്ങളില്‍ നെരൂദയുടെ കവിതകള്‍ വഹിച്ച പങ്ക് മഹത്തരമാണ്. 

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ കാലത്ത് കവിതകള്‍ അതിന്റെ വിപ്ലവവീര്യം കര്‍ക്കശമായി ഉയര്‍ത്തിക്കൊണ്ടു വന്നു. വിമര്‍ശനങ്ങള്‍ ഭരണകൂടത്തെ തന്നെ വെല്ലുവിളിച്ചു.1948 ഇല്‍ അറസ്റ്റ് വാറണ്ട് വന്നതിനെ തുടര്‍ന്ന് അദേഹം ചിലിയില്‍ നിന്നും നാട് വിട്ടു. അര്‍ജന്റീനയിലും മെക്‌സിക്കോയിലും പരീസിലുമൊക്കെയായുള്ള പിന്നെ ജീവിതവും എഴുത്തും.1958 ല്‍ ചിലിയിലേക്ക് മടക്കം. രാഷ്ട്രീയത്തില്‍ സജീവം. ധീരനായ വിപ്ലവകാരി. ഭയം അദ്ദേഹത്തെ തൊട്ടതേയില്ല. 

''സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന
സര്‍വാലങ്കാരഭൂഷിതരായ കീടങ്ങള്‍ക്ക്
ഞങ്ങളുടെ ആര്‍ജ്ജവം കെടുത്താനാവില്ല
ഞങ്ങള്‍ക്കു വേണ്ടത് ഒരു പാറക്കെട്ട്
അവരുടെ തോക്കുകള്‍, വെടിയുണ്ടകള്‍, അത്രമാത്രം.''

ലോകോത്തര ബഹുമതികളുടെ ഒരു നീണ്ട നിര തന്നെ നെരൂദയുടെ ലിസ്റ്റില്‍ ഉണ്ട്. 1971 ഇല്‍ നോബല്‍ പുരസ്‌ക്കാരത്തിനും അര്‍ഹനായി.  ചിലിയില്‍ 1973, സെപ്തംബര്‍ 23 ന് ഹൃദയാഘാതം വന്ന് അന്ത്യം. 
ജീവിതം തന്നെ വിപ്ലവമായിരുന്നു. അക്ഷരങ്ങളില്‍ പലപ്പോഴും വിപ്ലവത്തിന്റെ തീ പാറി. ചിലി എന്ന സ്വന്തം നാടിന്റെ സകലമാന സൗന്ദര്യങ്ങളും പ്രക്ഷോഭങ്ങളും കവിതകളില്‍ നിറഞ്ഞാടുന്ന അപൂര്‍വമായ കാഴ്ച. അതിന് ഒരു ഉദാഹരണമാണ് ഈ കവിത. 

''ചതിയന്മാരായ സേനാധിപന്മാരേ:
എന്റെ മരിച്ച വീടു കാണൂ
തകര്‍ന്നുപോയ സ്‌പെയിനിനെ നോക്കൂ:
എന്നാലോരോ പുരയില്‍ നിന്നും പൂക്കളല്ല
ഉരുകിയ ലോഹമൊഴുകുന്നു
സ്‌പെയിനിലെ ഓരോ കുഴിയില്‍ നിന്നും
സ്‌പെയിന്‍ പുറത്തുവരുന്നു,
മരിച്ച ഓരോ കുട്ടിയില്‍ നിന്നും
കണ്ണുകളുള്ള ഒരു തോക്ക്,
ഓരോ പാതകത്തില്‍ നിന്നും വെടിയുണ്ടകള്‍,
ഒരുനാളവ നിങ്ങളുടെ നെഞ്ചത്തുന്നം കാണും .
നിങ്ങള്‍ ചോദിക്കും:
എന്തുകൊണ്ടു തന്റെ കവിത ഉറക്കത്തെയും,ഇലകളെയും,
തന്റെ നാട്ടിലെ കൂറ്റന്‍ അഗ്‌നിപര്‍വതങ്ങളെയും കുറിച്ചു
ഞങ്ങളോടു പറയുന്നില്ല?
തെരുവുകളിലെ രക്തം വന്നുകാണൂ,
തെരുവുകളിലെ രക്തം
വന്നുകാണൂ,
തെരുവുകളിലെ
രക്തം വന്നുകാണൂ!''

കാലത്തിനൊപ്പം അക്ഷരങ്ങളെ പുതിക്കി പണിയുന്നവനായിരിക്കണം എഴുത്തുകാരന്‍ എന്ന വിശ്വാസങ്ങള്‍ക്ക് ഏറ്റവും അധികം ശക്തി പകര്‍ന്നത് അദേഹത്തിന്റെ ഈ വരികള്‍ ആണ്. 

ചുറ്റുപാടുകളില്‍ ചോര ഗന്ധം പടരുമ്പോള്‍, തെരുവില്‍ കലാപക്കെടുതികളുടെ അവശിഷ്ടങ്ങള്‍ ദുരന്ത ചിത്രങ്ങള്‍ ചൂണ്ടിക്കാടുമ്പോള്‍ ഇലകളെയും പൂക്കള്‍ക്കും പിറകെയല്ല ഞാനീ മനുഷ്യരുടെ ചോരയ്ക്കും കണ്ണീരിനും ഒപ്പമാണെന്ന് ഇത്രമേല്‍ വിപ്ലവാത്മകമായി എഴുതാന്‍ മറ്റാര്‍ക്കാണ് സാധിച്ചിട്ടുള്ളത്...? അനീതിക്കെതിരെയുള്ള കടുത്ത പ്രഹരങ്ങളായി അദേഹത്തിന്റെ കവിതകള്‍ പലപ്പോഴും മാറി. അക്ഷരങ്ങള്‍ മാത്രമല്ല, ജീവിതവും അതിനെ ശരി വെച്ചു.

സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ എല്ലാം തന്നെ ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. 
അദ്ദേഹത്തിന്റെ വിലാപയാത്ര പോലും ചിലിയിലെ സൈനിക ഭരണകൂടത്തിന് എതിരെയുള്ള പ്രതിഷേധമായി മാറിയതില്‍ അല്‍ഭുതമില്ല. 

ബിംബങ്ങളും രൂപകങ്ങളും കാല്‍പ്പനികത ചോര്‍ന്നു പോവാതെ ഭാവതീവ്രതയുടെ പരമമായ അവസ്ഥയിലേക്ക് എത്തിക്കാന്‍ അദേഹത്തിന്റെ മാന്ത്രിക അക്ഷരങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. 
''കിളിവാതിലില്‍ 
മന്ദശാരദാകാശത്തിലെ 
ശോണശാഖയില്‍ മിന്നും 
സ്ഫടികചന്ദ്രിക നോക്കിനില്‍ക്കുമ്പോള്‍ 
നേരിപ്പോടിനരികെ 
നറുവെണ്ണീറില്‍ 
ചുരുണ്ടുചൂളും ചുള്ളിയില്‍ തൊടുമ്പോള്‍ 
നിന്നിലേയ്‌ക്കെത്തുന്നു ഞാന്‍ ' 
പ്രണയത്തിന്റെ ഊഷ്മളത മുഴുവനായും പകര്‍ത്തിയ വരികള്‍. നാട്ടിലെ ലൈബ്രറിയില്‍ നിന്നും ഏറെ തിരഞ്ഞ് പൊടി തട്ടി എടുത്ത പുസ്തകങ്ങള്‍. രാത്രിയുടെ ഏകാന്തതയില്‍, നീറിപ്പെയ്യുന്ന വിഷാദത്തിലേക്ക് ഇളം ചായങ്ങളാല്‍ അദേഹത്തിന്റെ കവിതകള്‍ വരച്ചിട്ട എത്രയെത്ര ചിത്രങ്ങള്‍.

''എന്റെ പ്രണയം 
നിന്റെ പ്രണയത്തിന്റെ ഇന്ധനം'' 
എന്നിങ്ങനെ സത്യസന്ധമായി പറയാന്‍ പുതുകാല കവിതയ്ക്ക് സാധിക്കുമോ എന്ന് സംശയമാണ്.   പ്രപഞ്ചം മുഴുവന്‍ അദേഹത്തിന്റെ കവിതകളില്‍ വന്നു പോയി.  
''ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന
നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍
അവമതികളെ തുടച്ചു തൂത്തുകളഞ്ഞ്
നമുക്കു പോവുക.
ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍
മരണത്തിന്നുമപ്പുറത്തേക്ക് നാം നിറയൊഴിക്കും.'' 

മരണത്തിനപ്പുറത്തേക്ക് നിറയൊഴിച്ച് കൊണ്ട് കടന്നു പോയ നെരൂദ പലപ്പോഴും ഉറക്കത്തിലേക്കു ഒരു കുതിരപ്പുറത്ത് അക്ഷരങ്ങളുടെ തോക്കും ചൂണ്ടി കടന്നു വരാറുണ്ട്. അക്രമങ്ങള്‍ നിറഞ്ഞാടുന്ന തെരുവുകളിലേക്ക് പ്രതിഷേധങ്ങളുടെ ശരം തൊടുത്തു വിടാറുണ്ട്. സമൂഹം വര്‍ഗീയതകൊണ്ട് മലിനമാവുന്ന സാഹചര്യത്തിലേക്ക് കൂപ്പു കുത്തുമ്പോള്‍ എഴുത്തിലെ ഈ വിപ്ലവകാരി ഒരിക്കല്‍ കൂടി നമുക്കിടയിലേക്ക് വന്നു പോയെങ്കിലെന്നു വെറുതേ ആഗ്രഹിക്കാറുണ്ട്. 
''ജീവനുള്ളതൊക്കെയുമാവിധമാവുന്നതെനിക്കു  ജീവിക്കാനായി:
അകലെയ്ക്കു പോകാതെതന്നെ കാണാമെനിക്കെല്ലാം:
നിന്റെ ജീവനില്‍ ഞാന്‍ കാണുന്നു ജീവനോടുള്ള സര്‍വ്വതും.''