ഡിഗ്രി രണ്ടാംവര്‍ഷത്തിനു പഠിക്കുന്ന കാലത്താണ് ഒ ലെവലിനു കൂടി ഞാന്‍ അഡ്മിഷന്‍ എടുക്കുന്നത്. അന്ന് കേരളത്തില്‍ ആകെ മൂന്ന് എക്‌സാം സെന്ററുകളേ ഡിഒഇഎസിസിക്കു ഉണ്ടായിരുന്നുള്ളൂ. അതില്‍ ഒന്ന് കോഴിക്കോട് ആര്‍ഇസിയും. ഒ ലെവലിനു  ഞാനൊഴികെ എല്ലാ കുട്ടികളും ചേര്‍ന്നത് ഡിഗ്രി ഫസ്റ്റ് ഇയര്‍ സമയത്താണ്. കാരണം ഡിഗ്രി അവസാനവര്‍ഷമാകുമ്പോഴേക്കും കോഴ്‌സ് പൂര്‍ത്തിയാകും. അതല്ല എങ്കില്‍ ഫൈനല്‍ പരീക്ഷയും ഒ ലെവല്‍ പരീക്ഷയും കൂടി കുഴഞ്ഞ് ഭാരം താങ്ങാതെ മൂക്കടിച്ചു വീഴും. 

ആദ്യത്തെ കൊല്ലം കോഴ്‌സിനു ചേരാന്‍ ഏറെ ശ്രമിച്ചിട്ടും സാമ്പത്തിക പരാദീനതകളാല്‍ നടന്നില്ല. രണ്ടാം വര്‍ഷം ചേര്‍ന്നു കഴിഞ്ഞപ്പോ പരീക്ഷ അടുത്തു വരുമ്പോള്‍ ബി.കോം പല ക്ലാസുകളും കട്ട് ചെയ്ത് കമ്പ്യൂട്ടര്‍ ക്ലാസില്‍ പോയിരിക്കേണ്ട അവസ്ഥയുമായി. രാവിലെ മിക്ക ദിവസവും കോ- ഓപ്പറേഷന്റെ ക്ലാസാവും. അതെടുക്കുന്ന ശ്രീജിത്ത് മാഷിന് എന്നെ കാണുമ്പോ കാള ചോപ്പു കണ്ട പോലോത്ത മുഖഭാവാണ്. അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവം എനിക്ക് തീരെ പിടിക്കാറില്ല. പലപ്പോഴും ക്ലാസ്സില്‍ നേര്‍ക്ക് നേര്‍ വാക് പയറ്റു നടന്നു. അങ്ങനെ ഞാന്‍ ശ്രീജിത്ത് മാഷിന്റെ കണ്ണിലെ കരടായി. 

മാഷിന്റെ ക്ലാസില്‍ ഞാനധികം ഇരിക്കാറില്ല. തിയറി ക്ലാസണല്ലോ... സെക്ഷനും ക്ലോസും കാണാപ്പാഠം പഠിക്കയല്ലാതെ വേറെ ഒന്നും സ്വന്തം തല വെച്ച് എഴുതി ചേര്‍ക്കാനും പറ്റില്ല. ആ പിരീഡില്‍ ആണ് കമ്പ്യൂട്ടര്‍ ക്ലാസില്‍ പോയിരിക്കുന്നത്. ഇത് മാഷിന്റെ അരിശം നന്നായി കൂട്ടി. 'രണ്ടും കൂടെടുത്ത് തലേ വെച്ച് കക്ഷത്തിലിരിക്കുന്നത് പോകേം ചെയ്യും ഉത്തരത്തിലിരിക്കുന്നത് നിനക്ക് കിട്ടേമില്ല. കണ്ടോ'..വരാന്തയിലൂടെന്റെ നിഴല്‍ വെട്ടം കണ്ടാല്‍ മാഷ് പ്രാകി തുടങ്ങി. 

ആരായാലും പ്രാകി പോവും. മാഷിന്റെ ക്ലാസിന് പുല്ലു വില കൊടുക്കണന്നത് പോലെയായിരുന്നു ഞാനാ ക്ലാസുകളില്‍ ചെല്ലാതിരുന്നത്. പ്രാകലുകള്‍ക്കൊന്നും വല്യ വളക്കൂറുള്ള തൊലിപ്പുറമല്ലായിരുന്നു എന്റെ ജീവിതം എന്നിരിക്കെ ഇത്തരം ആശീര്‍വാദങ്ങളൊന്നും അന്നുമിന്നും എന്റെ ഉള്ളില്‍ ക്ലച്ചു പിടിക്കാറില്ല. 

ഒ ലെവലിനു പരീക്ഷയടുത്തു. പ്രോഗ്രാമിംഗ് ആയിരുന്നു ആ സെമസ്റ്ററില്‍ എഴുതേണ്ടിയിരുന്നത്. എല്ലാര്‍ക്കും പരീക്ഷാപ്പനി. ഭീതി. ഓരോ പേപ്പറിനും ഫീസുണ്ട്. യാത്രാചിലവുകള്‍, താമസചിലവുകള്‍. തോറ്റിട്ടെങ്ങാനും വന്നാല്‍ അച്ഛന്‍ കാലു തല്ലിയൊടിക്കും. ആ കാര്യത്തില്‍ നൂറു ശതമാനം ഉറപ്പാണ്. മുന്നോട്ടേക്കുള്ള പഠനവും ഒരു ദാക്ഷിണ്യവും കൂടാതെ അവസാനിപ്പിക്കും. ജയിച്ചേ ഒക്കൂ... 
ഞാന്‍ കമ്പ്യൂട്ടറിനു മുന്നില്‍ തലകുത്തി മറിഞ്ഞിട്ടും ചെയ്യുന്ന പ്രോഗ്രാമിംഗ് ഒക്കെ മഞ്ഞവെട്ടത്തില്‍ കീ കീ അടിച്ച് ഇറര്‍ കാണിച്ചുകൊണ്ടേയിരുന്നു. 

അന്ന് കൂട്ടത്തില്‍ മിടുക്കന്‍ അനൂപ് ആയിരുന്നു. ടാലി ക്ലാസിലും ഓ ലെവല്‍ ക്ലാസിലും ഞാന്‍ അവനൊപ്പമാണ് ഇരിക്കുക. രണ്ടുപേര്‍ക്ക് ഒരു കമ്പ്യൂട്ടര്‍ എന്നതാണ് കണക്ക്. അല്ലെങ്കിലും പെണ്‍കുട്ടികളേക്കാള്‍ പഠനത്തില്‍ കുശുമ്പ് കുറഞ്ഞവര്‍ ആണ്‍കുട്ടികള്‍ തന്നെയായിരുന്നു പഠനകാലങ്ങളില്‍. അനൂപിന് എന്നോടൊരു പ്രത്യേക അലിവും ഫാന്റസിയും നിലനിന്നിരുന്നതിനാല്‍ എന്നെ പ്രോഗ്രാമിംഗ് പഠിപ്പിച്ചെടുക്കാന്‍ അവന്‍ കുറെ പണിപ്പെട്ടിരുന്നു. 

ഇറര്‍ മെസ്സെജിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ പിന്നില്‍ ജ്യോതി മാഷിന്റെ ഡയലോഗ് വരും. 'കിണീ.. നിന്റെ സിസ്റ്റത്തില്‍ മാത്രേ അടിക്കടി ഈ ഒച്ചപ്പാടുള്ളൂ. ഈ പോക്ക് പോയാല്‍ പത്ത് പ്രാവശ്യം പരീക്ഷ എഴുതേണ്ടി വരും'. 

പരീക്ഷയായി. കണ്ണൂര്‍ നിന്ന് കോഴിക്കോടെത്തണം. ഒരു ദിവസം മുന്‍പേ പുറപ്പെടുന്നതാണ് കോളേജിലെ രീതി. കോഴിക്കോട് താമസ സൗകര്യം ഒരുക്കും. പരീക്ഷയുടെ തലേ ദിവസം ഏകദേശം അമ്പതോളം കുട്ടികള്‍ ബാഗും തൂക്കി പരീക്ഷക്ക് പോകാനായി കോളേജില്‍ വന്നു നില്‍പ്പുണ്ട്. ബഹളങ്ങള്‍ കുറവാണ്. എ ലെവല്‍ ബുദ്ധിജീവികള്‍ കാരണം എന്നെ പോലുള്ള അലമ്പുകള്‍ക്ക് ഒച്ചത്തിലൊന്ന് മിണ്ടാന്‍ പോലും പറ്റാത്ത അവസ്ഥ. അവരൊക്കെ പി.ജി ക്കൊപ്പം എ ലെവല്‍ ചെയ്യുന്നവരാണ്. 

ഞങ്ങള്‍ക്ക് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന... മിക്ക കുട്ടികളുടെ കയ്യിലും കൊന്തമാലകള്‍, ബൈബിളുകള്‍. ഞങ്ങളുടെ കൂട്ടത്തില്‍ ഒരു മോനിഷയുണ്ട്. സിനിമാ നടി മോനിഷയെ തന്നെ വളരെ സുന്ദരിയായ, എള്ളിന്‍ നിറമുള്ള, മുട്ടോളം ചുരുണ്ട മുടിയുള്ള, തുടുത്ത ചുണ്ടും വടിവൊത്ത ശരീരവുമുള്ള പെണ്‍കുട്ടി. ജ്യോതി മാഷ് അവളെ നോക്കി വെച്ചിരുന്നു. ആ നോട്ടത്തിന്  മോനിഷ സമ്മതം മൂളിയിരുന്നു എന്ന് മിക്കവാറും എല്ലാവരും അറിഞ്ഞിരുന്നതിനാല്‍ മറ്റു ആണ്‍കുട്ടികള്‍ക്ക് ജ്യോതി മാഷ് ഒരു വിലങ്ങു തടിയായി.

ഞാനും ധന്യയും ആര്‍.ഇ.സി യില്‍ പരീക്ഷയ്ക്ക് പോകുന്നത് തന്നെ മോനിഷയുടെ ചുരിദാറുകള്‍ മാറി മാറി ഇട്ടു ഫോട്ടോ എടുക്കാനാണ്. അത്രമാത്രം ഡ്രസ്സുകള്‍ ഉണ്ടായിരുന്നു മോനിഷയ്ക്ക്. അമ്മ വീട്ടില്‍ നിന്നാണ് മോനിഷ കോളേജില്‍ വന്നിരുന്നത്. അവളുടെ അമ്മയ്ക്ക് കുറെ ആങ്ങളമാരുണ്ട് ഈ അമ്മാവന്മാരെല്ലാം അതേ വീട്ടിലാണ് താമസം. മോനിഷയുടെ അമ്മ ഒരേയൊരു പെങ്ങള്‍ ആണ്. അതുകൊണ്ട് ഓണം വന്നാലും വിഷു വന്നാലും ഇനി ഒന്നും വന്നില്ലെങ്കിലും മോനിഷയ്ക്ക് അമ്മാവന്മാരുടെ വക വസ്ത്രങ്ങള്‍ കുറെ കിട്ടും. 

അന്ന് ഞങ്ങളുടെ കൂട്ടത്തില്‍ ക്യാമറ ഉള്ളത് ആശയ്ക്കാന്. ബാങ്ക് മാനേജരുടെ മകളായ ആശയാണ് ആദ്യമായി ഞങ്ങളുടെ കോളേജില്‍ മൊബൈല്‍ കൊണ്ട് വരുന്നത്. ആര്‍ഇസിക്കടുത്ത് ഡി പോള്‍ മാനേജ്‌മെന്റ് വക ഒരു കോണ്‍വെന്റിലാണ് പരീക്ഷക്ക് പോകുമ്പോള്‍ ഞങ്ങളുടെ താമസം. 

ഡി പോള്‍ കെയര്‍ സെന്ററിന്റെ തൊട്ടടുത്ത് ബസ് ഇറങ്ങി ഒരു ചായക്കടയ്ക്ക് മുന്നില്‍ നില്‍ക്കുകയാണ് ഞങ്ങള്‍. റോഡിന് എതിര്‍വശം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആണ്. ഞാന്‍ നോക്കി നില്‍ക്കെയാണ് സംഭവം. കണ്ണിന് മുന്നില്‍ ആ ദുരന്ത കാഴ്ച്ച. വലതു സൈഡിലെ വളവിലൂടെ നല്ല വേഗതയില്‍ വരുന്ന ബസ്. ഇടതു വശത്ത് നിന്നും അതിനു നേര്‍ക്ക് അതിനേക്കാള്‍ വേഗതയില്‍ വന്ന ഒരു ബൈക്ക് യാത്രികന്‍. ഇയാള്‍ ഇതെങ്ങോട്ടാണ് എന്ന് ഓര്‍ത്ത നിമിഷം തന്നെ ബസ്സിന് അടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി. യാത്രക്കാരന്‍ ഒരാള്‍ പൊക്കത്തില്‍ മീതേക്ക് തെറിച്ച് തല കുത്തനെ റോഡില്‍ അടിച്ച് ബസ്സിന് മുന്നില്‍.

കണ്ടവര്‍, ഞാനടക്കം ഒരുമിച്ചു നിലവിളിച്ചു. ബസ് നിന്നു. യാത്രക്കാര്‍ പുറത്തിറങ്ങി ചുറ്റും നിരന്നു. വഴിയെ പോകുന്നവര്‍ വാഹനങ്ങളില്‍ നിന്നും തലയിട്ടു നോക്കി വണ്ടികള്‍ നിര്‍ത്താതെ കടന്നു പോയി. 
ഞാന്‍ സന്തോഷ് മാഷിന്റെ കൈകളില്‍ അള്ളിപ്പിടിച്ചു.'മാഷേ... ഒന്ന് ചെന്ന് നോക്കൂ... അയാള്‍ക്ക് ജീവന്‍ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ എത്തിക്കൂ. നേരം കളയല്ലേ...' മാഷിന് പരിഭ്രമം മനസിലായി. 
'' അതിനൊക്കെ നിയമ പ്രശ്‌നങ്ങള്‍ ഉണ്ട്. പിന്നാലെ ഇറങ്ങി തിരിച്ചാല്‍ നാളെ നിങ്ങള്‍ക്ക് പരീക്ഷ എഴുതാന്‍ ആവില്ല'. പലരും അതിനെ ശരി വെച്ചു. 

വഴിയെ പോയ ഒരു ഓട്ടോക്കാരന്‍ വണ്ടി നിര്‍ത്തി. പിന്നിലുള്ള യാത്രക്കാരനും അയാളും കൂടി റോഡില്‍ അനക്കമില്ലാതെ കമിഴ്ന്നു കിടക്കുന്ന അയാളെ പൊക്കിയെടുത്ത് ഓട്ടോയില്‍ കയറ്റി. ഷര്‍ട്ട് മീതേക്ക് കയറിക്കിടക്കുകയായിരുന്നു. ബോധമില്ലാതെ കിടക്കുന്ന ആ യുവാവിനെ യാത്രക്കാരന്‍  ഓട്ടോയുടെ സീറ്റിലേക്ക് കിടത്തി തല സ്വന്തം മടിയിലേക്ക് എടുത്തു വെച്ചു. ഓട്ടോ കടന്നു പോയി.
അയാളെ എത്തി നോക്കി തിരിച്ചു വന്ന സന്തോഷ് മാഷ് പറഞ്ഞു ഖേദപൂര്‍വ്വം പറഞ്ഞു.'തലയ്ക്കു പിന്നില്‍ മുറിവുണ്ട്. ഉള്ളില്‍ നിന്നും ചോരയോലിക്കുന്നുണ്ട്'.

എനിക്കെന്റെ നിസ്സഹായത ഓര്‍ത്തു ലജ്ജ തോന്നി. രാത്രി ല്ലാവരും ഉറക്കമിളച്ചിരുന്ന് പഠിത്തമാണ്. ഓരോ സെക്കന്റും കൗണ്ടഡ് ആണ് പരീക്ഷക്ക്. നെഗറ്റീവ് മാര്‍ക്‌സും ഉണ്ട്. ചിന്തിച്ചിരുന്ന് ഉത്തരം കറുപ്പിക്കാനുള്ള നേരമേ കിട്ടില്ല. 100 ഒബ്ജക്ടീവ് ചോദ്യങ്ങള്‍ക്ക് ഒരു മണിക്കൂര്‍ സമയം എന്നാണെന്റെ ഓര്‍മ്മ. എനിക്കന്നു പനിച്ചു. സങ്കടം കൂടുമ്പോള്‍ അന്നുമിന്നും പനി പതിവാണ്. 

രാവിലെ പ്രഭാത ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ തലേ ദിവസം അപകടം നടന്ന അതേ സ്ഥലത്തെ ഹോട്ടലില്‍ വന്നു. മുന്നില്‍ ചായയും കടിയും വെയിറ്റര്‍ നിരത്തി. അപ്പോഴാണു സന്തോഷ് മാഷിന്റെ വക കടക്കാരനോട് ചോദ്യം.'ഇന്നലെ അപകടത്തില്‍പ്പെട്ട യുവാവിന്റെ വിവരം എന്തെങ്കിലും..'?

കടക്കാരന്‍ പത്രത്തിലെ ഒരു പേജ് എടുത്തു നീട്ടിക്കൊണ്ടു പറഞ്ഞു.'ഇന്നത്തെ പത്രത്തില്‍ വാര്‍ത്തയും ഫോട്ടോയും ഉണ്ട്. അയാള്‍ മരിച്ചു. ഹോസ്പിറ്റലില്‍ ഒരു പത്ത് മിനിറ്റ് മുന്‍പേ എത്തിച്ചിരുന്നെങ്കില്‍ രക്ഷപെട്ടെനെ എന്ന് കൂടെ പോയവര്‍ പറഞ്ഞു. അച്ഛനും അമ്മയ്ക്കും ഒറ്റ മകനാണ്...ഞാന്‍ കുടിക്കാന്‍ തുടങ്ങിയ ചായ മേശമേല്‍ വെച്ചു.

പത്രത്തിലേക്ക് നോക്കി..ഗള്‍ഫിലേക്ക് മടങ്ങേണ്ട ദിവസം യുവാവ് അപകടത്തില്‍ മരിച്ചു, പ്രശാന്ത്. 24 വയസ്സ്. കോഴിക്കോട്. പത്രക്കടലാസിലേക്ക് ചുടു കണ്ണീര്‍ അടര്‍ന്നു വീണു. ഒന്നും കഴിക്കാതെ, തിരിഞ്ഞു നോക്കാതെ ഞാന്‍ താമസ സ്ഥലത്തേക്ക് നടന്നു. മരണവീട്ടിലെ നിലവിളി പോലെന്തോ എന്റെ നെഞ്ചില്‍ കുരുങ്ങി. മനുഷ്യന്‍ ചില നേരങ്ങളില്‍ ഏറ്റവും സ്വാര്‍ത്ഥനായ ജീവിയാണ്. മൃഗങ്ങള്‍ക്കതില്ല. ആ സംഭവത്തിന് ശേഷം പ്രിയപ്പെട്ടവര്‍ ആര്‍ക്കു ബൈക്ക് ഉണ്ടെന്നു കേട്ടാലും എനിക്ക് ആധിയാണ്. എന്റെ സ്വപ്നങ്ങളിലേക്ക് ചോരമണം തെറുപ്പിച്ച് പലപ്പോഴും അവരെന്നെ ഭയപ്പെടുത്താറുണ്ട്.
'' നടുറോഡില്‍ എത്തുമ്പോള്‍ ഒരശരീരി കേള്‍ക്കുന്നു ഹേ... നില്‍ക്കൂ, ഞാനും വരുന്നു.'-എ. അയ്യപ്പന്‍.