പ്രണയം മഞ്ഞില്‍  ഉറഞ്ഞു പോയ വിത്ത് പോലെയാണ്. എത്ര തന്നെ മൂടി  കിടന്നാലും ഉള്ളിലേക്ക് ഊഷ്മളമായി എത്തി നോക്കുന്ന സൂര്യനിലേക്ക് അതതിന്റെ ഹൃദയഭാഗം തുറന്നു  പിടിക്കും. സ്‌നേഹം  ഉറവ പൊട്ടുന്ന  ഇടങ്ങളില്‍ സങ്കീര്‍ണ്ണമായ എല്ലാ മതിലുകളും പൊളിച്ചു കൊണ്ട് തോട് പൊട്ടിച്ച് പ്രകാശത്തിലേക്ക് വിരല്‍  നീട്ടും. ഒറ്റ മുകുളമായ് തിരി നീട്ടുന്ന  കാലത്ത്  നിന്നും ജീവിതത്തെ ആകെമാനം തളിര്‍പ്പിക്കുന്ന തണല്‍ മരമായ് പുതിയ ആകാശത്തെ വരവേല്‍ക്കും. പ്രതീക്ഷയുടെ, അതിജീവനത്തിന്റെ ഒടുവിലത്തെ  വാക്കെന്ന പോല്‍ വരണ്ട സ്വപ്നങ്ങളിലേക്ക് ഋതുക്കളെ, നിറങ്ങളെ വരവേല്‍ക്കും. 

പ്രണയം എനിക്കൊരിക്കലും അന്യമായിരുന്നില്ല. എന്റെ മജ്ജയില്‍, മാംസത്തില്‍ ജീവന്റെ ഓരോ അണുവിലും അഗാധമായ പ്രണയമുണ്ട്. എന്റെ പ്രണയങ്ങള്‍ കടന്നു വന്ന ഓരോ വഴികളിലും നോവിന്റെ ജലനാരുകള്‍ പൊടിഞ്ഞു  കിടപ്പുണ്ട്. ഒന്നെന്നു നിനച്ച നേരങ്ങളില്‍ ഒക്കെ ആ പ്രണയങ്ങള്‍ ആ നിമിഷങ്ങളുടെ സൗന്ദര്യം കനിവ് കാണിച്ചല്ലോ എന്നോര്‍ക്കുമ്പോള്‍ ഓര്‍മ്മകളുടെ ആ സൂചിക്കുത്തുകളെ ഒരു ചെറു പുഞ്ചിരിയോടെ തന്നെ ഓര്‍ത്തെടുക്കുന്നു. ഒരു പക്ഷെ എനിക്ക് അതിജീവനം എന്നത്  പ്രണയത്തിലൂടെ മാത്രം  സാധ്യമാകുന്ന ഒന്നായിരുന്നു.

ഉടല് മുറിയാതെ കടന്നു പോയ പ്രണയങ്ങള്‍. മനസ് പിഴുതെടുത്ത് കൊണ്ട് ചിതറിയകന്ന പ്രണയരാഹിത്യങ്ങള്‍. ഒരു പൂ വിടരും പോലെ നിശബ്ദമായി കടന്നു പോയത്... ഇരുട്ടത്ത് ഭയന്ന് നില്‍ക്കുമ്പോള്‍ തണുത്ത കാറ്റായ് നെറ്റിയില്‍ ഉമ്മ വെച്ച് പോയവ... തനിച്ചല്ലെന്ന് വിശ്വസിപ്പിച്ച് ആ വിശ്വാസ്യതയെ ആവോളം ഊറ്റിയെടുത്ത് ദയയില്ലാതെ ഇരുട്ടത്തെക്ക് തൊഴിച്ചെറിഞ്ഞ കള്ളത്തരങ്ങളുടെ കണ്ണാടി മുഖങ്ങള്‍.... വെറും മുപ്പതു വെള്ളിക്കാശിന് യൂദാസ് ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത പോലെ പച്ച മാംസത്തിന്റെ ഗന്ധത്തില്‍ പ്രണയത്തെ ഒറ്റിക്കൊടുത്തത്... ഒടുവില്‍ ഉടലെന്നത് പ്രണയത്തെ പൊതിഞ്ഞു പിടിക്കുന്ന ശിരോവസ്ത്രം മാത്രമെന്ന് ബോധ്യപ്പെടുത്തുമ്പോള്‍ അതെനിക്ക് നല്‍കിയ അനുഭവങ്ങളാണ്  ഈ  മനുഷ്യകുലത്തെ കുറിച്ച്, ദ്വൈമുഖങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന അനേകായിരം കണ്ണുകളെ കുറിച്ച്,  പെണ്ണിന്റെ അകങ്ങളില്‍ നിന്നും ജാലകം തുറന്നിടാന്‍ പ്രേരിപ്പിച്ചത് എന്നോര്‍ക്കുമ്പോള്‍ ഉള്ളിലെ പഴുപ്പുകള്‍ കരിയുന്നു.

പ്രണയ ഗന്ധങ്ങളെ ഓരോന്നും ഓരോ  അറകളില്‍ വിനാഗിരിയിലിട്ടു സൂക്ഷിക്കുന്നു. എകാന്തമാകുന്ന ഇടങ്ങളില്‍ ആര്‍ത്തു പെയ്യുന്ന മഴയില്‍  നിന്നും ഓടിക്കയറി വരുന്ന പൂച്ചക്കുട്ടിയെ പോലെ തൊട്ടും ഉരുമ്മിയും നഖം കൊണ്ട് പോറിയും ഓര്‍മ്മകളിലേക്ക് ചേര്‍ന്ന് കിടക്കുന്നു.

കൗമാരം കവിതയുടെ ചിറകു വിരിച്ചു തുടങ്ങിയ കാലത്താണ് പ്രണയം വസന്തത്തെ ആകമാനം നീറ്റിയെടുത്ത വീര്യമേറിയ വീഞ്ഞ് പോലെ ചിന്തകളെ ലഹരി പിടിപ്പിച്ചു തുടങ്ങുന്നത്. ഏകാന്തവും ഒറ്റപ്പെട്ടതുമായ നഗര ജീവിതത്തിന്റെ ആദര്‍ശ തലങ്ങളില്‍ വായനയും എഴുത്തുമല്ലാതെ യാതൊന്നും നിര്‍ബന്ധം പിടിക്കാത്ത ഇരുട്ടിയ ഇടവഴിയിലേക്ക് പുതു മഴയ്ക്ക് മുന്നേ വീശുന്നൊരു മന്ധസമീറന്‍ പോലെ ബഹളങ്ങളില്ലാതെ കടന്നു വന്ന പ്രണയം. 

സ്‌നേഹത്തിന്റെ കരുതലും കരുണയും നിറഞ്ഞ ആ നോട്ടങ്ങളിലേക്ക് പരിഭ്രമമോ ആധിയോ എന്നറിയാതെ പതുങ്ങി പതുങ്ങിയാണ് ചേര്‍ന്ന് നിന്നത്. എന്റെ കുട്ടിത്തവും കുണുങ്ങലും വാശിയും പിണക്കവും എല്ലാം രുചി മാറി അവിടേക്ക് കടന്നു വന്നിരുന്നു. കുറുമ്പ് കാട്ടുന്നൊരു കുഞ്ഞിനോടെന്നപോലെ അയാള്‍ അതിനെ ആശ്ലേഷിച്ചിരുന്നു. 

ഓര്‍മ്മയുണ്ട്. അന്ന് നല്ല മഴയായിരുന്നു. നഗരം അലച്ചു കുത്തി സകലമാന മാലിന്യങ്ങളെയും പേറി റോഡും ഫൂട്ട് പാത്തും ഒന്നാക്കി നിറഞ്ഞൊഴുകിയിരുന്നു. എനിക്ക്  മീതെയാകാശം അന്നത്തെ എന്റെ  മുഷിയലുകളെ മൊത്തമായ് പേറി കൊണ്ട് കറുത്തിരുണ്ടിരുന്നു. ഓര്‍ക്കാപ്പുറത്ത് പെയ്ത ആ മഴയ്‌ക്കൊപ്പമാണ് അയാളും നേര്‍ത്ത ചാറ്റല്‍  മഴ പോലെ കാഴ്ച്ചകള്‍ക്ക് മുന്നിലേക്ക് വന്നു നില്‍ക്കുന്നത്. മഴയപ്പോള്‍ അലറി പെയ്യുകയായിരുന്നു. ആര്‍ത്തലയ്ക്കുന്ന മഴയ്ക്കും ഓട്ടോ കാത്തു നില്‍ക്കുന്ന ഓഫീസിലെ സ്റ്റാഫുകള്‍ക്കും ഇടയില്‍ നിന്ന എന്റെനേര്‍ക്ക് അയാള്‍ നടന്നു വന്നത് പേരറിയാത്ത ഏതോ ആര്‍ദ്ര വികാരത്തിന്റെ ഈറനുമായാണ്.

പിന്നീടങ്ങോട്ട് പ്രണയത്തിന്റെ ആഷാഢം തകര്‍ത്തു പെയ്തു... ഒരുമിച്ചു കാറ്റായ്, മഴയായ് ഇടിമിന്നലായ് അനാഥത്വത്തിന്റെ തരിശുനിലത്തേക്ക് പതഞ്ഞോഴുകി... മരങ്ങള്‍ പെയ്യുമ്പോള്‍  കീഴിലേക്ക് ഒരുമിച്ചു പതുങ്ങി... ഉദ്യാനനഗരിയിലെ തിക്കിനും തിരക്കിനുമിടയില്‍ ആരുടേയും വാക്കുകളുടെ ചാട്ടുളി ഏല്‍പ്പിക്കാതെ, ആരുടേയും ഭീഷണികളുടെ കോമ്പസ് നോട്ടങ്ങള്‍ പതിപ്പിക്കാതെ സുരക്ഷിതതമായി ചേര്‍ത്ത് പിടിച്ച് വസന്തത്തിന്റെ നൂറു വര്‍ണ്ണ വിസ്മയങ്ങള്‍ എനിക്കയാള്‍ കാണിച്ചു തന്നു. 

വാത്സല്യം തോന്നുമ്പോള്‍ ഒരാട്ടിന്‍ കുഞ്ഞിനെ പോലെ ചെവിയനക്കി, വാശി കാണിക്കുമ്പോള്‍ പതുക്കനെ പൂച്ചക്കുഞ്ഞിനെ പോലെ ഒച്ച വെച്ച്, പിണങ്ങിയിരിക്കുമ്പോള്‍ പിഞ്ചു കുഞ്ഞിനെ പോലെ കണ്ണ് നിറച്ച് കറയില്ലാത്ത ഞാന്‍ അയാളുടെ ലോകത്തേക്ക് മാത്രമായ് ചുരുങ്ങുമ്പോള്‍ ലോകം എനിക്ക് മുന്നില്‍ ഏറ്റവും സുന്ദരമായിരുന്നു. റെസിഡെന്‍ഷ്യല്‍ ഏരിയയിലെ വാക മരങ്ങള്‍ ഞങ്ങളുടെ പ്രണയത്തിന് തണല്‍ വിരിച്ചു നിന്നു. സന്ധ്യക്ക് അള്‍സൂര്‍ ലേക്കിലെ പാര്‍ക്കില്‍ വിരലുകള്‍ കൊരുത്തിരുന്നു.

അയാളെ ഞാന്‍ ആദ്യം കാണുന്നത് ഹോസ്പിറ്റലില്‍ വെച്ചാണ്. ഒരു അപകടം സംഭവിച്ച് അഡ്മിറ്റ് ആയപ്പോ. ആ മുറിവിന്റെ വലിയ പാടിന്നും ഓര്‍മ്മകളെ ഉപേക്ഷിക്കാതിരിക്കാന്‍ എന്ന പോലെ കൈത്തണ്ടയില്‍ വീര്‍ത്തു കിടപ്പുണ്ട്.. ഹോസ്പിറ്റലില്‍ അയാള്‍ പതിവ് സന്ദര്‍ശകനായി. 
പ്രണയത്തിന്റെ ഏറ്റവും സുതാര്യമായ യാത്ര തുടങ്ങിയത് അയാളില്‍ അവിടം മുതല്‍ക്കാവണം. പക്ഷേ എനിക്ക് വീണ്ടും ഒരു വര്‍ഷകാലമെടുത്തു അയാളിലേക്ക് നടന്നെത്താന്‍. 

കണ്ടു മറന്ന ആണ്‍മുഖങ്ങള്‍ക്കെല്ലാം ഭയപ്പെടുത്തുന്ന നോട്ടങ്ങളുള്ള കണ്ണുകളായിരുന്നു എന്ന ചിന്തയാവണം പ്രണയിക്കാന്‍ ഭയപ്പെട്ടിരുന്ന കാലമായിരുന്നു അത്. അരക്ഷിതമായ കുടുംബ പശ്ചാത്തലത്തില്‍ എന്റെ സുരക്ഷിതത്വം നോക്കേണ്ട ചുമതല എനിക്ക് മാത്രം ആയതുകൊണ്ടാവണം പുരുഷ വര്‍ഗ്ഗത്തിന്റെ ഓരോ നോട്ടത്തെയും അന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് ഇണങ്ങിയും പിണങ്ങിയും കൈകള്‍ ചേര്‍ത്ത് പിടിച്ചും തോളുരുമ്മിയും വര്‍ഷവും വേനലും ഒരുമിച്ചു നനഞ്ഞും വിയര്‍ത്തും കൂടെയുള്ള നടത്തങ്ങള്‍.

പ്രണയമെന്നത് സ്ത്രീക്ക് ബഹുമാനം കലര്‍ന്ന പരിരക്ഷയാണെന്ന് തിരിച്ചറിഞ്ഞത് അവനിലൂടെയാണ്. തനിച്ചു നടക്കാന്‍ അനുവദിക്കാതെ എപ്പോഴും കൂടെയുണ്ടായിരുന്നു. ഹോസ്റ്റലില്‍ ലോക്കല്‍ ഗാര്‍ഡിയന്‍ ആയി അയാളുടെ പേര് ചേര്‍ക്കപ്പെട്ടു. ഉണ്ടോ ഉറങ്ങിയോ എന്ന് മറക്കാതെ ചോദിക്കാന്‍ ഒരാള്‍ ഉണ്ടായി. ഫോണ്‍കോളിനകലെ ആ ശബ്ദത്തിലേക്ക് ഞാനുറങ്ങുകയും ഉണരുകയും ചെയ്തു. അയാള്‍ എനിക്ക് മീതെ സമാധാനത്തിന്റെ, സുരക്ഷിതത്വത്തിന്റെ മുഗ്ദമായ സ്‌നേഹത്തിന്റെ പച്ചിലകള്‍ വിരിച്ചു നില്‍ക്കുന്ന ആല്‍മരമായി. ഞാനാവട്ടെ അതിനു കീഴെ ഈറന്‍ കാറ്റേല്‍ക്കാതെ നില്‍ക്കുന്ന മുയല്‍ക്കുട്ടിയും. 

മഞ്ഞുരുകും പോലെ ഇടയ്‌ക്കൊക്കെ ഞങ്ങള്‍ക്കിടയില്‍ ദേഷ്യങ്ങള്‍ ഉരുകി. എങ്കിലും ഒന്നെന്നു വിയര്‍ത്ത പനിക്കാലം ഉണ്ടായില്ല. ഉടലുകള്‍ ഒന്നായി ഉരുകിയില്ല. പുരുഷന്‍ എന്ന സങ്കല്‍പ്പം മഹത്തരമാണെന്ന് ആദ്യമായി തോന്നിത്തുടങ്ങിയത് അയാളിലൂടെയാണ്. പൂന്തോട്ടങ്ങള്‍ക്കും തടാകങ്ങള്‍ക്കും ഇരുവശങ്ങളിലേക്കും ചിറകു താഴ്ത്തി നില്‍ക്കുന്ന ഗുല്‍മോഹറുകള്‍ക്കിടയിലും പ്രണയമന്ദാരങ്ങള്‍ സ്വപ്നം കണ്ടു. പക്ഷേ ആകസ്മികമായി ആഞ്ഞു വീശിയൊരു തിരയാല്‍ തിരസ്‌ക്കാരത്തിന്റെ കടല്‍ദൂരങ്ങളിലെക്കയാള്‍ ഒഴുകിയകന്നു  പോകുമ്പോള്‍ വഴി നഷ്ട്ടപ്പെട്ട്, ദിശ നഷ്ട്‌പ്പെട്ട് ജീവിതത്തിന്റെ കറുത്ത പെട്ടിക്കുള്ളില്‍ ഞാന്‍ തനിച്ചാക്കപ്പെട്ടിരുന്നു.

പ്രണയം അതെത്ര മാത്രം നമ്മളെ ഉയര്‍ത്തിപ്പിടിക്കുമെന്ന തിരിച്ചറിവില്‍ നിന്ന് ഉപേക്ഷിക്കപ്പെടുമ്പോള്‍ എത്രയടി താഴ്ച്ചയിലേക്ക് തള്ളിയിടുമെന്നു തിരിച്ചറിയാന്‍ എളുപ്പമായിരുന്നു. തനിച്ചൊരു റോഡ് മുറിച്ചു കടക്കാന്‍ അറിയാത്ത വിധം അയാളിലേക്ക് ഞാന്‍ എത്രമാത്രം ചാഞ്ഞു നിന്നിരുന്നു എന്ന തിരിച്ചറിവ് എന്റെ കാഴ്ച്ചകളെ തന്നെ ഇരുട്ടിലാക്കി. എനിക്കൊന്നും കാണാന്‍ കഴിയാതായി. 

ഓഫീസില്‍ നിന്നും ഹോസ്റ്റലിലേക്കുള്ള ബസ് യാത്രയില്‍ മനോരോഗിയെ പോലെ ഞാന്‍ ഏതൊക്കെയോ സ്റ്റോപ്പുകളില്‍ വഴി തെറ്റിയിറങ്ങി. എങ്ങോട്ടെന്നില്ലാതെ ഇരുട്ടില്‍ ലക്ഷ്യമില്ലാതെ നടന്നു. വഴി തെറ്റിയെന്ന് തിരിച്ചറിവുണ്ടായപ്പോള്‍ ഭയന്ന് അലമുറയിട്ടു. അടച്ചിട്ട മുറിക്കുള്ളില്‍ ഇരുന്നു ഞാന്‍ ഉറക്കെയുറക്കെ നിലവിളിച്ചു. ആ മുറി എന്റെ സമുദ്രനോവുകളെ, അലര്‍ച്ചകളെ വീണ്ടും വീണ്ടും പ്രകമ്പനം കൊള്ളിച്ചു. റൂമിലെ ഗോവക്കാരി പെണ്‍കുട്ടികള്‍ ആ ദിവസങ്ങളിലൊക്കെ എന്നെ അവരോടു ചേര്‍ത്ത് പിടിച്ചു കിടത്തി. കോണ്‍വെന്റിലെ ചാപ്പലില്‍ ഇരുട്ടത്ത് കമിഴ്ന്നു കിടന്ന് പുലരുവോളം ഞാന്‍ കണ്ണീരൊഴുക്കി. പ്രണയം നഷ്ട്‌പ്പെടുകയെന്നാല്‍ മരണമാണ് എന്ന് ചിന്തിച്ചു തുടങ്ങി. 

മറ്റൊരു പെണ്‍കുട്ടിയുടെ ഭര്‍ത്താവായി ആയാള്‍ മടങ്ങി വരുമ്പോള്‍ ഞാന്‍ എന്നെ മറ്റൊരാളായി തര്‍ജ്ജമ ചെയ്തു തുടങ്ങിയിരുന്നു.. മാനോനില നഷ്ടപ്പെട്ട രോഗിയായി അയാള്‍ ഒരു ദിവസം എനിക്ക് മുന്നില്‍ വന്നു നിന്ന് പൊട്ടിക്കരഞ്ഞു. കൈകള്‍ കൂട്ടിപ്പിടിച്ചു മാപ്പ് പറഞ്ഞു. എന്റെ മെലിഞ്ഞ വിരലുകള്‍ക്കിടയിലേക്ക്, കരച്ചിലുകള്‍ക്കൊടുവില്‍ ഒരു കുമ്പിള്‍ ചോര എന്റെ ദേഹത്തേക്ക് ശര്‍ദ്ധിച്ചു. എന്റെ ഉള്ളിലെ കനല്‍ ഉരുകി. നിഷ്‌ക്കളങ്കനായ ഒരു കുഞ്ഞിനെ പോലെ അയാള്‍ വായില്‍ നിന്നൊലിക്കുന്ന ചോരയുമായി എങ്ങിക്കരഞ്ഞു. ജീവിതത്തിലെ ഏറ്റവും വല്യ നിര്‍ണ്ണായക ഘട്ടത്തില്‍ ഒരിക്കല്‍ അയാള്‍ കാണിച്ച അധൈര്യത്തോട് എനിക്കപ്പോള്‍  പകയോ വെറുപ്പോ തോന്നിയില്ല. 

ചുണ്ടുകളിലൂടെ ചോരയോളിപ്പിച്ച് അഭയമെന്നവണ്ണം അയാള്‍ എന്നെ കണ്ണീരിന് ഇടയിലൂടെ നോക്കുമ്പോള്‍ ഒരു രോഗിയോടുള്ള സഹതാപമോ അലിവോ അല്ലാതെ പ്രണയത്തിന്റെ ഒരിതള്‍ പോലും എന്റെ ഉള്ളില്‍  സുഗന്ധം പരത്തിയില്ല. അയാളെ നഷ്ട്‌പ്പെട്ട ആ കാലത്തിനിടയില്‍ ജീവിതത്തിലെ എല്ലാ സൗന്ദര്യങ്ങളെയും ഉപേക്ഷിച്ച് ഒറ്റപ്പെട്ടവളായി എന്റെ പതനത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക് പതിയെ ഞാന്‍ ചുവടു വെച്ച് തുടങ്ങിയിരുന്നു. അയാളെ ചേര്‍ത്ത് പിടിച്ചു. ഒരു ഓട്ടോയിലേക്ക് കയറ്റിയിരുത്തി. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗത്തില്‍ അയാളെയും കൊണ്ട് ഞാന്‍ ഇരുന്നു. 

എന്നെയല്ലാതെ മറ്റൊന്നിനെയും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയാതെ അയാള്‍ എന്തൊക്കെയോ പുലമ്പി. ഏറെ മാസങ്ങള്‍ക്ക് ശേഷം ശേഷം അയാളെ ഞാന്‍ വീണ്ടും കാണുന്നത് അന്നാണ്. സൈക്യാട്രിസ്റ്റിനു മുന്നില്‍ അദേഹം ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ വ്യക്തമല്ലാത്ത ഉത്തരങ്ങള്‍ അയാള്‍ നല്‍കി. ഒരിക്കല്‍ എനിക്ക് ജീവിതത്തിന്റെ എല്ലാ നിറങ്ങളും ചൂണ്ടിക്കാണിച്ച ആ മനുഷ്യന്റെ തകര്‍ച്ചയെ ഞാന്‍ കണ്‍മുന്നില്‍ കാണുകയായിരുന്നു. നഷ്ട്‌ബോധത്തില്‍ നിന്നുള്ള എന്റെ അതിജീവനം അവിടം മുതല്‍ക്കാണ് തുടങ്ങുന്നത്. 

കഥ മുഴുവന്‍ ഞാന്‍ ഡോക്ടറോട് വിവരിച്ചു. എല്ലാം കേട്ട് കഴിഞ്ഞു അദ്ദേഹം പറഞ്ഞു. ' നിങ്ങള്‍ക്ക് അയാളെ നഷ്ട്ടപ്പെട്ടുവെന്ന വെറുപ്പോടെ അയാളെ നിങ്ങള്‍ ഒരിക്കലും സമീപിക്കരുത്. അയാള്‍ക്കത് താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. പ്രാണന്‍ തന്നെ അപകടത്തില്‍ ആയേക്കും. ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. '. മരുന്നുകളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ഡോക്ടര്‍ സംസാരിച്ചു തുടങ്ങി. 

ആറുമാസം തുടര്‍ച്ചയായി കഴിക്കേണ്ട വീര്യം കൂടിയ മരുന്നുകള്‍. പല്ലുകള്‍ തന്നെ പൊടിഞ്ഞു പോകാന്‍ തക്ക വീര്യം കൂടിയവ. സ്‌ട്രോക്ക് വരാന്‍ സാധ്യതയുള്ളവ. പുരുഷന്‍ എന്ന ഗര്‍വ്വിനെ ഉടച്ചു കളയാന്‍ പ്രാപ്തിയുള്ളവ. വലതു കൈക്ക് വിറയല്‍ അയാള്‍ക്ക് സംഭവിച്ചു തുടങ്ങിയിരുന്നു. ഡ്രൈവ് ചെയ്യരുതെന്ന നിര്‍ദേശം പ്രത്യേകിച്ച് ഡോക്ടര്‍ നല്‍കി. തലച്ചോറിലേക്കുള്ള ഏതോ ഞരമ്പ് പൊട്ടിയിരുന്നു. ഏതൊക്കെയോ ഞരമ്പുകള്‍  നിര്‍ജ്ജീവമായ അവസ്ഥയിലേക്ക് മാറി തുടങ്ങിയിരുന്നു. ആറു മാസത്തെ ഉറപ്പേ അയാളുടെ ആയുസ്സിനു ഡോക്ടര്‍ വിധിച്ചുള്ളൂ.

ഡോക്ടറുടെ റൂമില്‍ നിന്നിറങ്ങുമ്പോള്‍ പുറത്ത് പിച്ചും പേയും പുലമ്പുന്ന മനോരോഗികളെ നോക്കിയിരിക്കുന്ന അവന്റെ കണ്ണുകളിലെ നോവെന്നെ ചുട്ടു പൊള്ളിച്ചു. അഞ്ചു വയസുള്ള കുഞ്ഞിന്റെ മുഖഭാവമായിരുന്നു അപ്പോളവന്. ഞാന്‍ നിറഞ്ഞ കണ്ണുകളോടെ അടുത്ത് ചെന്ന് ചുമലില്‍ പിടിച്ചപ്പോള്‍ അയാള്‍ എന്നെ നോക്കി. ആ കണ്ണുകളില്‍ അനാഥത്വം നിഴലിക്കുന്നത് എനിക്ക് കാണാമായിരുന്നു. മരണത്തിന് അയാളെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയാറല്ലായിരുന്നു. അയാളുടെ കൈ പിടിച്ചു വാര്‍ഡില്‍ നിന്നും ഇറങ്ങി നടക്കുമ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു. അയാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരും. 

പിന്നെടങ്ങോട്ട് യുദ്ധമായിരുന്നു. എന്നെ തളര്‍ത്തുന്ന ചിന്തകളോട്. നഷ്ടബോധത്തോട്. മരുന്ന് മണക്കുന്ന മുറികളില്‍ അയാള്‍ക്കൊപ്പം പല തവണ കയറി ചെല്ലേണ്ടി വന്നു. ആശുപത്രി വരാന്തകളില്‍ ക്യൂ നില്‍ക്കേണ്ടി വന്നു. ഫാദര്‍ മുള്ളെഴ്‌സ് മെഡിക്കല്‍ കോളേജിലെയും നിംഹാന്‍സ് മെഡിക്കല്‍ കോളേജിലെയും ട്രീറ്റ്‌മെന്റ്. എന്റെ ജോലിക്കും തിരക്കുകള്‍ക്കുമിടയില്‍ ഒരു ഫോണ്‍ കോളിന്റെ അറ്റത്തിരുന്നു അയാളുടെ കാര്യങ്ങള്‍ ഞാന്‍ നിയന്ത്രിച്ചിരുന്നു. ഒരു വരി പോലും കുത്തിക്കുറിക്കാന്‍ കഴിയാത്ത വിധം അക്ഷരങ്ങള്‍ എന്നോട് സമരം പ്രഖ്യാപിച്ചിരുന്നു. രാവും പകലും എന്റെ തലച്ചോറില്‍ വിഷാദത്തിന്റെ കറുത്ത വണ്ടുകള്‍ മൂളിപ്പറന്നു. 

അമ്മ പറഞ്ഞാല്‍ അനുസരിക്കുന്ന കൊച്ചു കുഞ്ഞിനെ പോലെ അയാള്‍ എന്റെ നിര്‍ദേശങ്ങള്‍, ശാസനകള്‍ അനുസരിച്ചിരുന്നു. ഓര്‍മ്മ അവനില്‍ നിന്ന് പലായനം ചെയ്തു തുടങ്ങിയ ദിനങ്ങളിലാണ് ഞാന്‍ ഏറെ കഷ്ട്‌പ്പെട്ടത്. ആ ദിവസങ്ങളില്‍ ഒന്നില്‍ അയാള്‍ക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടു. ഉദ്യാന നഗരിയെ ആകെ നനച്ചു കൊണ്ട് പെയ്ത മഴയുള്ള ഒരു ദിവസം ദേഹം മുഴുവന്‍ പൊട്ടി ഒലിച്ച ചൂട് കുരുക്കളുമായി അയാള്‍ വീടിന്റെ പിന്നാമ്പുറത്ത് മഴ നനഞ്ഞു കിടന്നു. യഥാര്‍ത്ഥ മനോരോഗിയായ്. ഓര്‍മ്മയിലേക്ക് പുലര്‍ച്ചെ ഉണര്‍ന്നെണീക്കുമ്പോള്‍ ഫോണില്‍ ഞാന്‍ കേള്‍ക്കുന്നതൊരു കരച്ചിലാണ്.

'ഞാനീ അസുഖത്തില്‍ നിന്ന് രക്ഷപെടില്ല, നിന്റെ ജീവിതം തകരും മുന്നേ നീ രക്ഷപെട്ടോളൂ.... ഞാന്‍ ഉലഞ്ഞു. കൊടുങ്കാറ്റില്‍ അകപ്പെട്ട ചെറുവള്ളം പോലെ എന്റെ പ്രതീക്ഷകള്‍ മുങ്ങിയും താഴ്ന്നും ഇടയ്ക്ക് നിലം തൊട്ടും പൊടുന്നനെ മേല്‍പ്പോട്ടുയര്‍ന്നും ഇളക്കി മറിച്ചു. വീണ്ടും ഒരു വര്‍ഷം വേണ്ടി വന്നു ഭ്രാന്തിന്റെ കര കാണാത്ത കടലില്‍ നിന്ന് അയാളെ രക്ഷിച്ചെടുക്കാന്‍. എല്ലാ നഷ്ട്ങ്ങളും തിരിച്ചു നല്‍കി ജീവിതത്തിന്റെ വ്യക്തമായ വെളിച്ചത്തിലേക്ക് ഞാന്‍ ജീവിതത്തിന്റെ വള്ളമടുപ്പിക്കുമ്പോള്‍ നിര്‍ബന്ധിതമായ പറിച്ചു നടലിലേക്ക് എനിക്കെന്നെ മാറ്റി നിര്‍ത്തേണ്ടി വന്നു.

പരസ്പരം രണ്ടു ദിശകളിലേക്ക് കൈകൊടുത്ത് പിരിയുമ്പോള്‍ എന്നിലോ അവനിലോ പ്രണയത്തിന്റെ മഞ്ഞോര്‍മ്മകള്‍ തണുപ്പ് വിതറിയില്ല. പിന്നീടങ്ങോട്ട് വിവാഹമെന്ന സമൂഹ നിര്‍ബന്ധിത ചതുപ്പ് ഭൂമിയിലേക്ക് കാലെടുത്തു വെയ്ക്കുമ്പോള്‍ ആ പ്രണയത്തിന്റെ ഓര്‍മ്മയെ കല്ലിട്ടു മൂടി അടക്കം ചെയ്യാന്‍ കാലത്തെ ഞാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം കുറച്ചു കാലം മുന്നേ ഞാന്‍ തിരിച്ചറിഞ്ഞു അയാള്‍ എന്നിലേക്ക് ഒരിക്കല്‍ തൊടുത്തു വിട്ട വഞ്ചനയുടെ നീലനിറങ്ങള്‍... എന്റെ വിശ്വാസ്യതയെ കടമെടുത്ത് കൊണ്ട് അയാള്‍ പടുത്ത് കെട്ടിയ ജീവിതത്തിന്റെ കുറെ ഭാഗങ്ങള്‍. പ്രണയത്തിലും അയാള്‍ മൂടി വെച്ച ഞാനറിയാത്ത എത്രയോ സ്വകാര്യങ്ങള്‍. കുറച്ചു കാലം മുന്നേ അത് കണ്‍മുന്നില്‍ വ്യക്തമായപ്പോള്‍ കുറ്റബോധമോ നിരാശയോ തെല്ലും തോന്നിയില്ല.. മൃതിയിലേക്കു മുങ്ങിതാഴുമായിരുന്ന ഒരുവനെ പിന്‍വിളിയിലൂടെ ജീവിതത്തിലേക്ക് ശ്രദ്ധതിരിപ്പിച്ച ഒരു പെണ്ണിനോടുള്ള സ്‌നേഹമാണ് എനിക്കെന്നോട് തോന്നിയത്. എന്നിലൊരു മാലാഖയുണ്ടെന്നു ഏകാന്തതകളില്‍ ഞാനെന്നോടു സ്വകാര്യം പറഞ്ഞു. 

ഓര്‍മ്മകളുടെ പഴക്കമുള്ള നിറങ്ങളെ മറവിയുടെ അടിത്തട്ടിലേക്ക് അടിച്ചു താഴ്ത്തിയിട്ടും ഏകാന്തതയില്‍ പദസ്വനം കേള്‍പ്പിക്കാതെ വഞ്ചനയുടെ നീലവെളിച്ചത്തിലേക്ക്, ഹൈഡ്രജന്‍ ബലൂണിലെക്കെന്നെ പോലെ എന്നില്‍ കുത്തി നിറച്ച ആയിരം നുണകളുടെ വലിയ ശൂന്യതയിലേക്ക് നടന്നടുത്തു ആ പ്രണയം ഓര്‍മ്മകളുടെ കുപ്പായങ്ങള്‍ തുന്നിക്കൊണ്ടിരിക്കുന്നു... ഒരാളെ മാത്രമേ പ്രണയിക്കാന്‍ സാധിക്കൂ എന്ന വലിയ നുണയെ വരഞ്ഞു കീറിക്കൊണ്ട് ഞാന്‍ പ്രണയത്തിന്റെ രാജകുമാരിയായി വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ടു... ഉള്ളിലെ പ്രണയത്തിന്റെ പൂമരം വസന്തത്തെ പൂര്‍ണ്ണമായും പൊഴിച്ചിടാതെ ഋതുക്കളുടെ അനന്ത സാധ്യതകളിലേക്ക് എന്നെ നഗ്‌നയാക്കിക്കൊണ്ടിരിക്കുന്നു...!