kamala surayyaചില എഴുത്തുകള്‍ ഉണ്ട്. യഥാര്‍ത്ഥ ജീവിതത്തെ അനുഭവിച്ചറിയുകയും നിലപാടുകളില്‍ നില്‍ക്കുകയും സമൂഹത്തിലെ ബാലിശമായ കാഴ്ച്ചപ്പാടുകളെ മാറ്റിയെഴുതുകയും ചെയ്യുന്ന അടയാള വാക്യങ്ങള്‍ ആവുന്നവ. കരിങ്കല്ലുകളില്‍ കൊത്തിയിട്ട ആപ്തവാക്യങ്ങള്‍ പോലെ ചരിത്രങ്ങളില്‍ എക്കാലവും ഇടം നേടുന്നവ...

ചില ജീവിതങ്ങള്‍ ഉണ്ട്... കൊടുങ്കാറ്റു വന്നാലും അതിനു മുന്നില്‍ ഉലയാത്ത അഗ്‌നിപര്‍വ്വതം പോലെ നെഞ്ച് വിരിച്ചു നില്‍ക്കുന്നവ. ദുഷിച്ച ആചാരങ്ങളുടെ മേല്‍ക്കൂര തകര്‍ത്ത് ഉള്ളിലേക്ക് തീപ്പൊരി പോലെ പാറി വീഴുന്നവ. എതിര്‍ക്കാന്‍ പലരും ഭയപ്പെടുന്ന സാമൂഹ്യ നീതികെടുകളെ ഭസ്മീകരിക്കാന്‍ കെല്‍പ്പുള്ളവ... ഞാനിതൊക്കെയാണ് എന്ന് എതാള്‍ക്കൂട്ടത്തിലും തുറന്ന് പറയാന്‍ പ്രാപ്തിയുള്ളവ...

എഴുത്തൊരു അവസ്ഥയാണ്... സംഘര്‍ഷങ്ങളിലേക്കൊരു കടന്നു കയറ്റം.... ഭാവനകളെ ഉദ്വീപിപ്പിക്കുകയും സ്വപ്നങ്ങളെ പ്രവര്‍ത്തന ക്ഷമമാക്കുകയും ചെയ്യുന്ന ഒന്ന്...ഒരു പേറ്റു നോവുപോലെ ചിന്തകള്‍ ധമനികളെ വലിഞ്ഞു മുറുക്കുമ്പോള്‍ പുറന്തള്ളാന്‍ വെമ്പല്‍ കൊള്ളുന്ന ഹൃദയത്തിന്റെ അവസ്ഥാന്തരങ്ങള്‍... അറിവുകളുടെ, അനുഭവങ്ങളുടെ, ജീവിതത്തിന്റെ നാനാദേശങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന ചിന്തകളുടെ ആവിഷ്‌ക്കാരം...

എഴുത്തിന്റെ ഭാഷ തികച്ചും യാന്ത്രികമാണ്... മനസ് പറയുന്നതാണതിന്റെ ശൈലി... അനുഭവിപ്പിക്കുന്ന സാഹിത്യം അതിലൂടെ സംഭവിക്കുന്നതാണ്... എഴുത്തിനെ സൃഷ്ടിച്ചെടുക്കുകയല്ല, തികച്ചും ആകസ്മികമായി അത് പിറവിയെടുക്കുകയാണ്... ജീവിതമെഴുത്ത് പലപ്പോഴും ചരിത്രങ്ങള്‍ ആവുന്നത് അവരുടെ അനുഭവങ്ങളുടെ തീവ്രതകൊണ്ടാണ്...

മാധവിക്കുട്ടി ഇതു രണ്ടും ആയിരുന്നു... ചെന്തീയില്‍ വിടര്‍ന്ന ചെന്താമര. നീര്‍മാതളം പൂത്ത വഴികളിലൂടെ ബാല്യത്തിന്റെ വേവലാതികളും പ്രതീക്ഷകളുമായ് അടിവെച്ചടിവെച്ച് അക്ഷരങ്ങളുടെ വിശാല യൗവ്വനത്തിലേക്ക് നടന്നടുക്കുമ്പോള്‍ മലയാളിയുടെ ഇടുങ്ങിയ ചിന്തകളില്‍ അവര്‍ തീപ്പൊരി തെറിപ്പിക്കുക തന്നെ ചെയ്തു...

പ്രണയം നിഷിദ്ധമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയില്‍ പ്രണയത്തിന്റെയും രതിയുടെയും ദേശങ്ങള്‍ എഴുതി ചേര്‍ക്കാന്‍ മാധവിക്കുട്ടിയെന്ന എഴുത്തുകാരി ധൈര്യം കാണിച്ചപ്പോള്‍ മലയാളിയുടെ ഉള്ളിലെ കപടത വിഷം ചീറ്റുക തന്നെ ചെയ്തു. സ്ത്രീ... അവള്‍ എന്താണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ ഏറ്റവും തന്റേടിയായ എഴുത്തുകാരി മാധവിക്കുട്ടി ആണെന്ന് തന്നെ പറയാം. അവര്‍ അവശേഷിപ്പിച്ചു പോയ അത്മധൈര്യത്തിന്റെ , ഏറ്റു പറചിലുകളുടെ, പച്ചയായ ജീവിതത്തിന്റെ തിണര്‍ത്ത അടയാളങ്ങള്‍ വരും തലമുറയിലെ സ്ത്രീകള്‍ക്ക് എഴുത്തിലും ജീവിതത്തിലും കരുത്തു പകര്‍ന്നിട്ടുണ്ട് എന്ന് തീര്‍ച്ച...

പൂ പോലെയുള്ള ശരീരത്തില്‍ തുടിക്കുന്ന ആത്മാവിന്റെ സ്വപ്നങ്ങളെ കുറിച്ച് എത്ര മനോഹരമായാണവര്‍ എഴുതിയത്... എന്റെ പ്രണയം കാട്ടുതേന്‍ പോലെയാണ് അതില്‍വസന്തങ്ങള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.'' എന്നവര്‍ പറയുമ്പോള്‍ അതില്‍ സ്‌നേഹത്തിന്റെ സുതാര്യമായ എല്ലാ ഭാവങ്ങളുമുണ്ട്.

ആര്‍ഷ ഭാരത സംസ്‌ക്കാരം പറഞ്ഞ് എഴുത്തില്‍ വിഷയങ്ങള്‍ക്ക് പോലും സദാചാര ലംഘന മുദ്ര കുത്തി സ്ത്രീകളെ മാറ്റി നിര്‍ത്തിയ ഒരു കാലത്തിന്റെ നടുവിലേക്ക് മാധവിക്കുട്ടിയെന്ന എഴുത്തുകാരി തൊടുത്തു വിട്ട ആയുധം ശക്തവും സ്വതന്ത്രവുമായ അവരുടെ ചിന്തകളും അക്ഷരങ്ങളും തന്നെ ആയിരുന്നു.  കുറ്റപ്പെടുത്തിയവര്‍ക്കിടയിലേക്ക് വാക്കുകളുടെ തീപ്പന്തങ്ങള്‍ എറിയാന്‍
അവര്‍ക്ക് സാധിച്ചു...

സമൂഹം കല്ലെറിഞ്ഞതിന്റെ പേരില്‍ അത്മാഹുതിയില്‍ ജീവിതം പറിച്ചെറിയാന്‍അവര്‍ ശ്രമിച്ചില്ല. ചങ്കുറപ്പോടെ നേരിട്ടു. സമൂഹത്തെ അവര്‍ ഭയപ്പെട്ടില്ല. ആത്മപീഡ എഴുത്തിലേക്ക് സന്നിവേശിപ്പിക്കയും മനസിനെ ഇരുട്ടറയില്‍ തനിച്ചു നിര്‍ത്താതെ അവര്‍ ആഗ്രഹിച്ച വഴികളിലൂടെ സഞ്ചരിപ്പിക്കാനും ശ്രമിച്ചു എന്നത് തന്നെയാണ് മാധവിക്കുട്ടി എന്ന സ്ത്രീത്വത്തെ സംബന്ധിച്ച് അവരുടെ വിജയം.

കാലത്തിനു മുന്നിലൂടെ മുഖം മറച്ചുകൊണ്ട് നീങ്ങാന്‍ മാധവിക്കുട്ടി തയാറായിരുന്നില്ല. കരുത്തുറ്റ പ്രമേയങ്ങളും സുന്ദരമായ വ്യാഖ്യാന ശൈലിയും കൊണ്ട് വായനക്കാരന്റെ അനുഭവങ്ങളിലേക്ക്പെയ്തിറങ്ങിയ നീലാംബരി ആയിരുന്നു മാധവിക്കുട്ടി.... ഭയം അവര്‍ക്ക് നിശാവസ്ത്രമായിരുന്നു. ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മറ്റുള്ള സ്ത്രീകള്‍ അവരെ അവഞ്ജയോടെ നോക്കുമ്പോഴും അതുള്ളില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളെ ഒന്നുറങ്ങി എണീക്കുമ്പോള്‍ ഊരി മാറ്റുന്ന നിശാവസ്ത്രം പോലെ അവര്‍ ഊരിയെറിഞ്ഞു... മീരയെ പോലെ കൃഷ്ണ ഭക്തയായിരുന്നു മാധവിക്കുട്ടി എങ്കിലും അവരുടെ ഭക്തി കൃഷ്ണനിലെ സൗന്ദര്യത്തോടായിരുന്നു...

അയഞ്ഞുപോയൊരു ആലിംഗനം പോലെ അവര്‍ സ്വപ്നം കണ്ടിരുന്ന ജീവിതം വഴിമാറിയപ്പോള്‍ ചെറുത്തു നില്‍പ്പിന് ഏറ്റവും സുന്ദരവും തെളിച്ചമുള്ളതുമായ ഒന്നായി മാറി അവര്‍ക്ക് പ്രണയം... പുരുഷന്‍ ഒരു മരമായും പ്രണയം അതിന്റെ ചില്ലയായ് മാറുന്നതും തനിക്കു സ്വപ്നം കാണുവാനും തലചായ്ച്ചുറങ്ങുവാനും ആ ചില്ലകളുടെ ഊഷ്മളതയെ അവര്‍ കണ്ടെടുത്തെങ്കില്‍ അതില്‍ വൈമനസ്യപ്പെടേണ്ട കാര്യം സമൂഹത്തിനില്ല...

നമ്മുടെ അസാനിധ്യത്തില്‍ നമ്മള്‍ ചിലര്‍ക്ക് കഥകളായ് മാറും. സത്യത്തെ വെല്ലുന്ന നുണകളായ് മാറും... ആ നുണകള്‍ ആരാധകരൊക്കെ യുഗ്മഗാനങ്ങളായ് ഏറ്റുപാടും... മനോഹരമായ് എഴുതി തിട്ടപ്പെടുത്തിയ ഒരു തിരക്കഥ പോലെ പരിചിതമല്ലാത്ത കഥാപാത്രങ്ങളോടൊപ്പം നമ്മള്‍ ചര്‍ച്ച ചെയ്യപ്പെടും... ആഘോഷിക്കപ്പെടും... കണ്ടിരിക്കുന്നവര്‍ കയ്യടിക്കും... ദുരന്തത്തില്‍ എത്തിക്കുന്ന ക്ലൈമാക്‌സില്‍ കഥയെഴുതിയവനെ ഞെട്ടിപ്പിക്കുന്ന രീതിയില്‍ ഒരു ട്വിസ്റ്റ് കൊണ്ട് വന്ന് ജീവിതത്തിലേക്ക് തിരിച്ചു കയറണമെങ്കില്‍ കേള്‍വികളെ ബഹിഷ്‌ക്കരിക്കുന്ന ഒരു കഥാപാത്രമായ് നമുക്ക് മാറേണ്ടി വരും...
അങ്ങനെ ഒരാളായിരുന്നു മാധവിക്കുട്ടി.

വെളിച്ചം അന്യാധീനമാക്കപ്പെട്ട അവസരങ്ങളില്‍ ഇരുട്ടില്‍ നിന്നും തപ്പിയെടുത്ത സ്വപ്നങ്ങള്‍ക്ക് ജീവന്‍ പകരാന്‍ കൂടെ നില്‍ക്കുന്ന ചിലരുണ്ട്... നടുക്കടലിന്റെ ചുഴികളിലേക്ക് വലിച്ചെറിയപ്പെട്ട തോണി
അടിയൊഴുക്കിന്റെ മുരള്‍ച്ചയില്‍ അതിശക്തമായ തിരകള്‍ക്കൊപ്പം ശിരസുയര്‍ത്തി വരും പോലെ കളിയാക്കി ചിരിക്കുന്ന ജീവിതത്തെ നോക്കി ഒരിളിഭ്യച്ചിരി പാസ്സാക്കി ഗര്‍വ്വോടെ അതിനെ ചെറുത്തു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ചിലര്‍...

തനിച്ചു ജീവിതത്തെ അപഗ്രഥിക്കുന്നത് കാണുമ്പോള്‍ നിനക്കീ ഗര്‍വ്വാണ് ചേരുകയെന്നു തോളത്ത് തട്ടി പറയുന്ന ചിലര്‍... ചിലരില്‍ ചിലര്‍. അനേകം ചോദ്യങ്ങള്‍ ചോദിക്കാതെ നിന്നെ ഞങ്ങള്‍ അറിയുന്നുവെന്ന് മൗനത്തിലൂടെ പോലും ഉത്തരം തരുന്ന ചിലര്‍... പാത തെറ്റാതെ ലക്ഷ്യത്തിലെത്തിയോ എന്നറിയാന്‍ നിഴലുകളെ പിറകെ അയക്കുന്നവര്‍... സുരക്ഷിതത്വം ഉറപ്പു വരുത്തി മിണ്ടാതെ പിന്തിരിഞ്ഞു നടക്കുന്ന ചിലര്‍... നോവുകളെ ഉടച്ചു വാര്‍ത്ത് ആത്മധൈര്യത്തിന്റെ മുള്‍ഭവനം സൃഷ്ടിക്കുന്നവര്‍...

മാധവിക്കുട്ടിയെന്ന എഴുത്തുകാരിയുടെ തീവ്രസാഹിത്യത്തിനു വെള്ളവും വെളിച്ചവും പകര്‍ന്നവര്‍ യഥാര്‍ത്ഥ വായനക്കാര്‍ ആയിരുന്നു... അതുകൊണ്ടാണ് പലരും അവരെ കല്ലെറിഞ്ഞപ്പോഴും യഥാര്‍ത്ഥ ജീവിതത്തിന്റെ ലവണ രസം അറിഞ്ഞവര്‍ ഒക്കെ അവരെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചത്...മരണ ശേഷവും ആ ഖബറിലെ മൈലാഞ്ചി തൈകള്‍ക്ക് വായനക്കാര്‍ സ്‌നേഹത്തിന്റെ നീരൊഴുക്കുന്നത്.

സ്വന്തം വ്യക്തിത്വത്തിനു നേരെ സമൂഹം കല്ലെറിഞ്ഞപ്പോഴും മാധവിക്കുട്ടി അതിനോട് പുഞ്ചിരിച്ചു കാണിച്ചതേ ഉള്ളൂ... കൂടുതല്‍ ശക്തിയില്‍, ഉള്ളില്‍ തട്ടി, ജീവിതത്തിന്റെ പുറംതോടുകള്‍ പൊളിച്ച് സമൂഹത്തെ കപടമുഖങ്ങളില്‍ നിന്ന് പുറത്ത് കടക്കാന്‍ പ്രേരിപ്പിച്ചതെ ഉള്ളൂ... സ്‌നേഹമായിരുന്നുഅവരുടെ മതം.

നിറഞ്ഞു തുളുമ്പുന്ന പ്രണയത്തിന്റെ, ആ പ്രണയത്തിന്റെ കീഴിലുള്ള നീര്‍മാതള തണലിനെയാണ് കമല പ്രതീക്ഷിച്ചത്... എത്ര കൊടുത്താലും ലഭിച്ചാലും മതിവരാത്ത പ്രണയത്തിന്റെ, ആത്മാവിന്റെ തുളുമ്പലുകളെ ദാഹിച്ചു വലഞ്ഞൊരു പേടമാനിന്റെ കൊതിയോടെ രുചിക്കുമ്പോഴും ഒടുക്കം അതൊക്കെ വഞ്ചനയുടെ നീറ്റലുകളായ് മാറി. എന്റെ കഥയിലെ അവര്‍ പറഞ്ഞ ജീവിതം പെണ്‍മനസിന്റെ വിഹ്വലതകളെ, സംഘര്‍ഷങ്ങളെ എടുത്തു കാണിക്കുകയാണ് അക്ഷരാര്‍ത്ഥത്തില്‍ ചെയ്യുന്നത്.... ആത്മ സമര്‍പ്പണമായിരുന്നു അവര്‍ക്ക് സ്‌നേഹം. അതിനു വേണ്ടി എന്തുംത്യജിക്കാന്‍ അവര്‍ തയാറായിരുന്നു.

സ്വന്തം സൗന്ദര്യത്തെ കുറിച്ചും ഏറെ ബോധവതിയായിരുന്നു അവര്‍. ഒരുക്കി മിനുക്കി സ്വന്തം രൂപം കണ്ണാടിയില്‍ പ്രതിഫലിച്ചു കാണുമ്പോള്‍ ഏതു മനുഷ്യനും സ്വയം അനുഭവിക്കുന്ന ഒരു സൗന്ദര്യബോധം ഉണ്ട്... അത് സമൂഹത്തിന് വേണ്ടി മാത്രമാണെന്ന് വായിച്ചെടുക്കുന്നവര്‍ ആയിരുന്നു അവരുടെ യഥാര്‍ത്ഥ ശത്രുക്കള്‍. ചന്ദനമരങ്ങളുടെ സുഗന്ധമുള്ള കഥകളില്‍, ഉഷണമേഖലകളിലേക്ക് പറക്കുന്ന പക്ഷി കണ്ട ആകാശങ്ങളില്‍ അവരിലെ ആത്മാംശം കലര്‍ന്ന് പോയെങ്കില്‍ അതില്‍ തുറന്നെഴുത്തിന്റെ കാല്പനികതയുണ്ട്...

സമൂഹം കല്‍പ്പിച്ച മൂല്യങ്ങള്‍ക്ക് വിപരീതമായി സ്വന്തം അക്ഷരങ്ങളെ ആയുധം ആക്കുമ്പോള്‍ ഭയം അവരുടെ കാഴ്ചക്കപ്പുറം ആയിരുന്നു. എഴുത്തിലും ജീവിതത്തിലും ഒരുപോലെ ആത്മ വിമര്‍ശനം നടത്തുന്നവരുടെ രചനകള്‍ ആണ് എക്കാലവും വായിക്കപ്പെട്ടിട്ടുള്ളത്... വിവാഹംഅന്യോന്യം വ്രണപ്പെടുത്താനുള്ള കളി മാത്രമാണ്, ഇതില്‍ കുടുംബജീവിതത്തിന്റെ അസ്വാരസ്യങ്ങള്‍ സൃഷ്ട്ടിക്കുന്ന നോവുകളുടെ പൊള്ളലുണ്ട്.

'ഞാന്‍ നനഞ്ഞ കണ്ണുകളോടെ എത്രയെത്ര വര്‍ഷങ്ങസ്‌നേഹത്തിനു വേണ്ടി കാത്തിരുന്നു. ഒടുവില്‍ പുരുഷന്റെ വാഗ്ദാനങ്ങജലരേഖകള്‍ മാത്രമാണെന്ന് മനസിലാക്കിയപ്പോള്‍ഞാന്‍ ദൈവത്തിലേക്ക് തിരിഞ്ഞു'

'സ്‌നേഹത്തിന്റെ സ്വര്‍ഗവാതിലുകളില്‍' പറയുന്ന സ്‌നേഹത്തിനു വേണ്ടിയുള്ള ഈ കാത്തിരിപ്പില്‍ നിന്നാവണം സമുദ്രത്തെ തേടുന്ന നദിയായി മാധവിക്കുട്ടിയുടെ കവിതകള്‍ മാറിയത്... ആത്മീയമായും വൈകാരികമായുംഅനാഥയായി പോയ അവരുടെ പ്രതീക്ഷകളുടെ തോല്‍വികളില്‍ നിന്നും സ്വയം നിര്‍മ്മിച്ചെടുത്ത സ്വാതന്ത്ര്യം എഴുത്തില്‍ അനശ്വരമായി തീര്‍ന്നത്...

സ്ഥിരവും ഭദ്രവുമായ സ്‌നേഹത്തിനു വേണ്ടി ഉറച്ചു നില്‍ക്കാനുള്ള അസ്ഥിവാരത്തിനു വേണ്ടി വെമ്പുന്ന അവരുടെ സ്വപ്നങ്ങളില്‍, ചിന്തകളില്‍ തീക്കനല്‍ വാരിയെറിയാന്‍ പൊതു സമൂഹം ശ്രമിച്ചത് തന്നെ അവര്‍ സാമൂഹ്യ വ്യവസ്ഥിതികളോട് എഴുത്തിലൂടെ കലഹിച്ചിരുന്നു എന്നത് തന്നെയാണ്...സമൂഹത്തിന്റെ അനാചാര പ്രക്രിയകളെ അവര്‍ എന്നും എഴുത്തിലൂടെ ചോദ്യം ചെയ്തിരുന്നു... ബലിഷ്ടമായ ചിന്തകളായിരുന്നു അവരുടെ എഴുത്തിന്റ സൗന്ദര്യം.

സ്‌നേഹത്തെ കാമമായി തെറ്റിദ്ധരിക്കുകയും തിരിച്ചറിവ് വരുമ്പോള്‍ വൈകിപ്പോകുകയും ചെയ്യുന്നുവെന്ന് 'എന്റെ കഥ' യില്‍ അവര്‍ പറയുമ്പോള്‍ തിരിച്ചറിയാതെ പോയ സ്‌നേഹത്തിന്റെ പേരില്‍ നിരാശയനുഭവിക്കുന്ന പെണ്‍മനത്തിന്റെ വിതുമ്പല്‍ അതിലുടനീളം വായനക്കാരന് ദര്‍ശിക്കാന്‍ കഴിയും...

എനിക്ക് വഴി തെറ്റി എങ്കിലും എന്റെ ലക്ഷ്യ സ്ഥാനത്തിന്റെ മേല്‍വിലാസം ഞാന്‍ മറന്നിട്ടില്ല എന്ന് എഴുത്തുകാരി തുറന്ന് സമ്മതിക്കുമ്പോള്‍ ആ ലക്ഷ്യമാണ് ഇന്ന് മാധവിക്കുട്ടിയെന്ന എഴുത്തുകാരി അനശ്വരമായി വായനക്കാരുടെ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ സ്വര്‍ഗ്ഗവാതിലുകള്‍ തുറന്നിടുന്നത്... ചെന്തീയില്‍ വിടര്‍ന്ന ചെന്താമര പോലെ ഇതളനങ്ങാതെ, മിഴി കൂമ്പാതെ, തണ്ട് വാടാതെ, നമ്മുടെ സ്വത്വത്തില്‍ നിന്നും നോവൊലിച്ചിറങ്ങുമ്പോള്‍ മഞ്ഞില്‍ കുളിര്‍ത്ത് നില്‍ക്കുമൊരു മരത്തിന്റെ തളിര്‍ ശാഖകള്‍ പോലെ സ്വപ്നങ്ങള്‍ക്ക് ചുറ്റും പറന്നുകൊണ്ടേ ഇരിക്കുന്നത്... വരും കാലത്തിന്റെ ചുമരുകളില്‍ സ്വന്തം പേര് അടയാളപ്പെടുത്താന്‍ അക്ഷരങ്ങളുടെ അനന്ത പര്‍വ്വം കീഴടക്കിയ മാധവിക്കുട്ടിയുടെ രചനകള്‍ മാത്രം മതി...!