അവനെന്റെ സുഹൃത്തായിരുന്നു. കുട്ടിക്കാലത്ത് സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ തറവാട്ടു വീട്ടില്‍ ഇടയ്ക്ക് പോയി താമസിക്കാറുള്ള ദിവസങ്ങളില്‍ അവനും സന്ധ്യക്ക് അവിടെ വന്നിരിക്കാറുണ്ടായിരുന്നു. ആപ്പനോടും ഇളയമ്മയോടും ഞങ്ങള്‍ കുട്ടികളോടുമൊക്കെ പണിയിടത്തെ വിശേഷങ്ങളൊക്കെ ആയി നാട്ടുവര്‍ത്താനങ്ങള്‍ പറഞ്ഞു രാവേറെ ആകും അവന്‍ സ്വന്തം വീട്ടിലേക്കു മടങ്ങാന്‍.

തൊട്ടടുത്ത് തന്നെയായിരുന്നു അവന്റെ വീട്. വൈക്കോല്‍ കൊണ്ട് മൂടിയ കൂര, ചാണകം കൊണ്ട് മെഴുകിയ, ഭിത്തികള്‍ ചൂളയിട്ടു ചുവപ്പിച്ച ഇഷ്ടികകള്‍ കൊണ്ട് പണിത കൊച്ചു വീട്. അവിടെ അവനെ കൂടാതെ രണ്ടു സഹോദരിമാരും അമ്മയും അച്ഛനുമായിരുന്നു ഉണ്ടായിരുന്നത്. അച്ഛന് മൂരി വളര്‍ത്തായിരുന്നു തൊഴില്‍. അമ്മയ്ക്ക് ലേശം കേള്‍വിക്കുറവുണ്ട്. മൂത്ത സഹോദരി വാര്‍ക്കപ്പണിക്ക് സിമന്റു ചുമക്കാന്‍ പോകും. ഇളയവള്‍ക്ക് ലേശം പക്വതക്കുറവുണ്ട്. അവള്‍ അമ്മയെ വീട്ടു ജോലികള്‍ക്ക് സഹായിക്കും. 

ഷിനു എന്ന് അവനെ വിളിക്കട്ടെ. എനിക്ക് ഷിനു പ്രിയപ്പെട്ടവന്‍ ആയിരുന്നു. അവന്റെ വിശേഷം പറച്ചിലുകള്‍, എളിമ, പക്വതയോടെയുള്ള മാന്യമായ പെരുമാറ്റം, പെങ്ങളോടെന്ന പോലെയുള്ള ഇടപെടല്‍ എല്ലാം എനിക്കവനെ എളുപ്പം പ്രിയപ്പെട്ടവന്‍ ആക്കി. എന്നെക്കാള്‍ കുറഞ്ഞത് അഞ്ചു വയസ്സെങ്കിലും പ്രായക്കൂടുതല്‍ അവനു ഉണ്ടായിരിക്കണം. 

തറവാട്ടു വീട്ടിലെ താമസം പലപ്പോഴും ആ ചങ്ങാത്തം കൂടി ഇഷ്ടപ്പെട്ടതുകൊണ്ടായിരുന്നു. ഇളയമ്മയുടെ മൂന്നു മക്കള്‍, ഞങ്ങള്‍ മൂന്നു പേര്‍, തൊട്ടടുത്തുള്ള കുട്ടികള്‍ എല്ലാവരും ഷിനുവിന്റെ അടുത്ത ചങ്ങാതിമാര്‍ ആയി. അടുപ്പുകല്ലുകള്‍ കൂട്ടിയ പോലെ അത്രയും അടുത്തടുത്താണ് ചുറ്റും വീടുകള്‍. ഒന്നു ചുമച്ചാല്‍ തൊട്ടടുത്ത വീട്ടിലെ ആളുണരും. 

തറവാട് വീടിനു മുന്‍ഭാഗം കണ്ണെത്താ ദൂരത്തോളം നെല്‍പ്പാടങ്ങളും കൃഷിനിലങ്ങളുമാണ്. നെടുകെ കോളിക്കടവ് പുഴയിലേക്കൊഴുകുന്ന വലിയ തോട്. തോടിനപ്പുറം കുന്നിന്മുകളില്‍ എടവൂര്‍ ശിവക്ഷേത്രം. വീട്ടില്‍ നിന്ന് നോക്കിയാല്‍ നേരെ കാണുന്നത് അമ്പലത്തിലെ കൊടിമരമാണ്. മിക്ക വീടുകളിലും അന്ന് കൂലിപ്പണിക്ക് പോകുന്നവരായിരുന്നു ഏറെയും.

സ്ത്രീകള്‍ ആവട്ടെ ഏതെങ്കിലും ഒരു മേസ്തിരിക്ക് കീഴില്‍ സ്ഥിരമായി വാര്‍ക്കപ്പണിക്ക് പോകുന്നവരായിരുന്നു. സര്‍ക്കാര്‍ ജോലിക്കാര്‍ അപൂര്‍വ്വം മാത്രം. വിദ്യാഭ്യാസം കൂടിയവര്‍ ഏറെയും ഏതെങ്കിലും ജന്മി കുടുംബത്തിലെ അംഗങ്ങളും. 

മഞ്ഞുകാലം ആണെന്നാണ് ഓര്‍മ്മ. സന്ധ്യക്ക് ഇറയത്തിരുന്നു ഇംഗ്ലീഷ് പാഠപുസ്തകം ഉറക്കെ വായിക്കുകയായിരുന്നു. അന്നൊക്കെ അയല്‍പക്കത്തെ ആളുകള്‍ കേള്‍ക്കാന്‍ വേണ്ടി ഇംഗ്ലീഷ് പുസ്തകം മാത്രം ഉച്ചത്തില്‍ വായിക്കുന്നത് ഗമയുടെ ഭാഗമായിരുന്നു എനിക്ക്. നല്ല സ്പീഡില്‍ പാഠഭാഗങ്ങള്‍ വായിച്ചു വിടുമ്പോള്‍ അച്ഛന്‍ പതിവു പോലെ കനത്ത ശബ്ദത്തില്‍ ഒരു ചോദ്യമുണ്ട് ' അര്‍ത്ഥം മനസിലാക്കീട്ടു തന്നെയാണോ വായിക്കുന്നത് '? അതെ എന്ന് പറയുമ്പോള്‍ ഭയപ്പെടുത്തുന്നൊരു മറുപടിയുണ്ട്.

'പരീക്ഷയ്ക്ക് ഉത്തരക്കടലാസില്‍ അത് കണ്ടില്ലെങ്കിലാണ് ബാക്കി... 'നീട്ടി വായന ഒരഞ്ചു വീടുകള്‍ക്കപ്പുറം എത്തുന്ന വിധമായിക്കൊണ്ടിരിക്കെയാണ് തൊട്ടപ്പുറത്തെ കുഞ്ഞമ്പു അച്ചാച്ചന്‍ മുറ്റത്തേക്ക് കയറി വന്ന് അമ്മയോട് പറയുന്നത് 'എടോ... ഭാക്കരന്‍ ഏടപ്പോയ്... നമ്മളെ ഷിനു ചെക്കനെ പാമ്പ് കടിച്ച് ആശൂത്രീ കൊണ്ടോയിന്'. 

പൊടുന്നനെ ഉണ്ടായ ആന്തലില്‍ ഞാന്‍ വായന നിര്‍ത്തി വര്‍ത്താനത്തിനു ചെവി കൂര്‍പ്പിച്ചു. 'കൊണ്ടോകുമ്പേ ചെക്കന് ബോധം ഇല്ലേനു.... അണലിക്കുട്ടിയാ കടിച്ചേന്നു കേക്കുന്നു...'' 
''എപ്പേനു ഇത് കുഞ്ഞമ്പേട്ടാ... ' അമ്മ ആധിയോടെ മുറ്റത്തെക്കിറങ്ങി. 

''ഇപ്പം പണി കയിഞ്ഞു വീട്ടിലേക്ക് വരുമ്പം. പാടവരമ്പത്ത് പാമ്പിനെ ചവിട്ടി. സന്ധ്യയല്ലേ കാല്‍ചോട്ടില്‍ കിടക്കുന്നത് കണ്ടില്ല... 'അയ്യോ... ഒരു പാവം ചെക്കനേനു... ബാക്കിയാവോ? ' അമ്മ താടിക്ക് കയ്യും കൊടുത്തു മരച്ചു നില്‍പ്പാണ്. 'സംശയാ...'' 

എന്റെ സര്‍പ്പക്കാടെരിഞ്ഞു. കണ്ണുകള്‍ നിറഞ്ഞു. രാവ് മൊത്തം ഷിനുവിനെ കുറിച്ചായി വീട്ടില്‍ സംസാരം. ഞാന്‍ എടവൂരപ്പനെ വിളിച്ചു പ്രാര്‍ത്ഥനയായി. വിളിച്ചാല്‍ വിളിപ്പുറത്തെത്തും എടവൂരപ്പന്‍ന്ന് കൊടിയ കമ്യൂണിസ്റ്റുകാരനെങ്കിലും എടവൂരപ്പനുമായി മുടിഞ്ഞ സുഹൃത്തായ അച്ഛന്‍. ചെറുപ്പം മുതല്‍ ഞങ്ങള്‍ കുട്ടികളെ പറഞ്ഞു പഠിപ്പിച്ചിട്ടുമുണ്ട്. 

പിറ്റേന്ന് സ്‌കൂളില്‍ പോകാന്‍ ഇറങ്ങും മുന്‍പേ സങ്കടകരമായ ആ വാര്‍ത്തയെത്തി ഷിനു മരിച്ചു. എനിക്ക് താങ്ങാന്‍ പറ്റാത്ത സങ്കടം. വിഷമം കണ്ട് അമ്മ പറഞ്ഞു 'പഠിത്തം മുടക്കണ്ട. പോയിട്ട് ഉച്ച്ക്കിങ്ങ് പോര്'. ഉച്ചയാവും ബോഡി എത്താന്‍. എങ്ങനൊക്കയോ ഉച്ചവരെ ക്ലാസില്‍ ഇരുന്നു. ഉച്ചയ്ക്ക് ടീച്ചറോട് കാര്യം പറഞ്ഞു ഞാന്‍ ഷിനുവിനെ അവസാനായി കാണാന്‍ പുറപ്പെട്ടു. 

ഗ്രാമമാണ്. ഒരു ദുരന്തം ഏതു കുടുംബത്തില്‍ നടന്നാലും നാട് മൊത്തം അവിടെയുണ്ടാകും. അന്നാരും പണിക്കു പോകില്ല. തിരക്കിനിടയിലൂടെ ഒരു വട്ടം മാത്രമേ ഞാന്‍ അവന്റെ ദേഹത്തേക്ക് നോക്കിയുള്ളൂ. വെള്ള പുതപ്പിച്ചു കിടത്തിയ അവന്റെ മുഖത്തും കൈകളിലുമെല്ലാം നീലനിറം. ചുണ്ടുകള്‍ വരണ്ടിരുന്നു. മുഖത്ത് അവിടവിടെ വൃത്തിയില്‍ തുടയ്ക്കാത്ത പൗഡര്‍ കട്ട പിടിച്ചിരിക്കുന്നു. എങ്ങും നിറയുന്ന മരണഗന്ധം. 

അണകെട്ടിയ സങ്കടം അവിടെ തന്നെ പെയ്യാതെ വെച്ച് ഞാന്‍ തറവാട്ടു വീട്ടിലേക്കു മടങ്ങി. മതിയാവോളം കരഞ്ഞു. മുറ്റത്ത് നിന്ന് നോക്കുമ്പോള്‍ മരണവീട് കാണാം. അവരുടെ വീടിനു മുറ്റത്ത് തന്നെ ഷിനുവിനായ് കുഴിയെടുത്തു. ചിരികളും കളികളും ഓര്‍മ്മയിലേക്ക് ചെമ്മണ്ണു കോരിയിട്ടു. അതിനു മീതെയൊരു വാഴത്തൈ വളര്‍ന്നു കായ്ച്ചു. ആരും പറിക്കാത്ത കുലകളില്‍ പക്ഷികള്‍ കൊക്ക് ചേര്‍ത്തു. വഴിയരികില്‍ അതങ്ങനെ തായ്‌വേരുകളിലൂടൊരു വാഴക്കാടായി. തറവാട്ടിലേക്ക് പോകുമ്പോഴെല്ലാം ആ മണ്‍കൂന ഓര്‍മ്മകളുടെ ചിന്നം വിളിച്ച് ശ്രദ്ധ തിരിച്ചു. വൈക്കോല്‍ പാകിയ ആ വീടകങ്ങളില്‍ ചിരി കെട്ടു. അവന്റെ അമ്മ സംസാരം നന്നേ കുറച്ചു. അച്ഛന് പൊടുന്നനെ വയസ്സായി. വടിക്കാത്ത താടിരോമങ്ങള്‍ നരപടര്‍ത്തി. കുഴിഞ്ഞ കണ്ണുകളില്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ചുമന്നു നിറഞ്ഞു.. 

വീണ്ടും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍. ഒരു ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ നാടിനെ മുഴുവന്‍ ഞെട്ടിക്കുന്ന വാര്‍ത്ത. അമ്മയടക്കം ചുറ്റുപാടുമുള്ള മുഴുവന്‍ വീട്ടുകാരും അലക്കാന്‍ പോകുന്ന തോട്ടുവക്കില്‍ അക്കേഷ്യാമരങ്ങളുടെ കരിയിലകള്‍ കൊണ്ട് മൂടി ചെളിയില്‍ പൂഴ്ത്തിയ ഒരു നവജാതശിശുവിന്റെ ജഡം. ആമ്പലത്തിലേക്ക് പോകുന്ന വഴിയാണത്. ആരോ അതുവഴി കടന്നു പോകെ ദുര്‍ഗന്ധം വന്ന ഭാഗത്ത് നോക്കിയപ്പോള്‍ ഈച്ചയാര്‍ക്കുന്നു. ഒരു കോലെടുത്ത് കുത്തി നോക്കിയപ്പോള്‍ കൈകളും കാലുകളും ദേഹത്തോട് ചുരുക്കി പിടിച്ച നിലയില്‍ മൂക്കിലും വായിലും ചെളി കയറി ഒരു ആണ്‍കുഞ്ഞ്. 

സ്‌കൂള്‍ബാഗും വലിച്ചെറിഞ്ഞ് കൗതുകത്തോടെയും ഭയത്തോടെയും ഞാനും കാണാന്‍ ഓടി. ചുറ്റും പോലീസുകാര്‍. അക്കേഷ്യാമരത്തില്‍ കെട്ടി തൂക്കിയ തക്കാളിപ്പെട്ടിയില്‍ വെള്ളവും ചെളിയും നിറഞ്ഞു വീര്‍ത്ത കുഞ്ഞിന്റെ തളിരുടല്‍. കരച്ചില്‍ അടക്കാന്‍ ആയില്ല. ഇത്ര പേടീം സങ്കടോം ഉള്ളയാള്‍ പിന്നെന്തു കാണാനാ വന്നത് അമ്മയുടെ ശകാരം. 

ചുറ്റും നില്‍ക്കുന്ന സ്ത്രീകളില്‍ ഏറെപ്പേരും കരയുന്നു, കണ്ണ് തുടയ്ക്കുന്നു. ഏറെക്കാലമായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്ന വന്ധ്യയായ ഒരു സ്ത്രീ നെഞ്ചത്തടിച്ചു കരയുന്നു. 'എനിക്ക് തന്നിരുന്നേ... ഞാന്‍ നോക്കികോളൂല്ലേനൊ ഈ പൊന്നുമോനെ ദേവ്യേ.... 

''എന്നാലും ആരാണീ കൊലച്ചതി...'' പിറുപിറുക്കലിന്‍ ഒച്ചകള്‍ അതിനിടയിലും കേള്‍ക്കാം. അവിവാഹിതരായ പെണ്‍കുട്ടികളിലേക്ക് സംശയത്തിന്റെ കോമ്പസ് നോട്ടങ്ങള്‍ നീണ്ടു തുടങ്ങി. കല്യാണ പ്രായമെത്തിയവരും കല്യാണയോഗം ഇല്ലാത്തവരുമായ നിരപരാധികളായ പെണ്ണുങ്ങള്‍ പലരും സംശയത്തിന്റെ മുനയില്‍ അകപ്പെട്ടു. പോലീസുകാര്‍ പലരെയും ചോദ്യം ചെയ്തു. പക്ഷേ മൂന്നാം ദിവസം പ്രതിയെ പിടി കൂടി. 

ഷിനുവിന്റെ മൂത്ത സഹോദരിയുടെ കുഞ്ഞായിരുന്നു അത്. നാട്ടിലെ പ്രശസ്തനായ ഒരു പണക്കാരനില്‍ അവിഹിതം വഴി ഉണ്ടായ ഗര്‍ഭം. പ്രസവിച്ച അന്ന് പോലും അയാളുടെ വീട്ടില്‍ അവള്‍ സിമന്റു ചുമക്കാന്‍ പോയിരുന്നു. പൊതുവേ വണ്ണം കൂടിയ ശരീരമുള്ള അവളുടെ വീര്‍ത്ത വയറിനെ ആരും സംശയിച്ചില്ല. സന്ധ്യക്ക് പേറ്റുനോവ് പിടി പെട്ടപ്പോള്‍ അവള്‍ കുളിമുറിലേക്ക് കയറി. ആ തറയില്‍ കുഞ്ഞിനെ പ്രസവിച്ചു. ഭൂമി കണ്ട നിമിഷത്തില്‍ അവന്‍ ഉറക്കെ ഒന്നു കരഞ്ഞു. പിന്നെ കരഞ്ഞില്ല. അവളതിന്റെ വാ മൂടി. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊന്നു. ബക്കറ്റില്‍ ഇട്ടു. മീതെ മുഴിഞ്ഞ തുണികള്‍ നിറച്ച് തോട്ടിലേക്ക് പോയി. അവിടെ ചെളിയില്‍ ആഴ്ത്തി. ചോര വീഴുന്ന അടിയുടുപ്പുകള്‍ മുറുക്കികെട്ടി, പെറ്റ പെണ്ണിന്റെ ഉടലിന്റെ നീറ്റലുകളെ തിരസ്‌ക്കരിച്ച് പിറ്റേന്നും അവള്‍ സിമന്റു ചുമക്കാന്‍ പോയി. 

ഭൂമി കണ്ട നിമിഷത്തില്‍ ആ കുഞ്ഞ് ലോകത്തോട് ഞാന്‍ ജനിച്ചെന്നു വെളിപ്പെടുത്തിയ കുഞ്ഞിക്കരച്ചില്‍ തൊട്ടടുത്ത വീടുകളെ എത്തിപ്പിടിച്ചത് അവള്‍ അറിഞ്ഞില്ല. സത്യം എപ്പോഴും അങ്ങനാണ്. ഒരിരുട്ടിനും സത്യത്തെ അധിക കാലം മൂടി വെയ്ക്കാന്‍ ആവില്ല. ഇളയമ്മയുടെ വീട്ടിലും കുഞ്ഞിന്റെ കേട്ടിരുന്നെങ്കിലും തോന്നലായിരിക്കുമെന്നു പറഞ്ഞു കാര്യമാക്കിയില്ല. പക്ഷേ ഒടുവില്‍ ആ സത്യത്തിന്റെ മറ പൊളിഞ്ഞു. 

കേട്ടവര്‍ പോലീസുകാരോട് സംശയം പറഞ്ഞു. പോലീസുകാര്‍ വന്നു ചോദ്യം ചെയ്തു. ചുറ്റും കൂടിയ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഇട്ടു അവളെ തല്ലിയപ്പോള്‍ അവള്‍ കുറ്റം ഏറ്റു പറഞ്ഞു. ഒരു മഞ്ഞ നീളന്‍ ബ്ലൗസും പച്ചപ്പാവാടയും ഇട്ട് അവള്‍ ആള്‍ക്കൂട്ടത്തിനു നടുവിലൂടെ മുഖം കുനിച്ചു പോയി പോലീസ് വണ്ടിയില്‍ കയറി. അറസ്റ്റിനു ശേഷം ജയിലില്‍ ആയി. പക്ഷേ  കുഞ്ഞിന്റെ അച്ഛന്‍ ആരെന്നു എത്ര നിര്‍ബന്ധിച്ചിട്ടും കോടതിയില്‍ പറഞ്ഞില്ല. പുറത്ത് പറയാതിരിക്കാന്‍ അയാളില്‍ നിന്ന് അവള്‍ പണം വാങ്ങിരുന്നു എന്ന് നാട്ടിലാകെ പാട്ടായി. ജയിലില്‍ കിടന്ന അവള്‍ക്കു വേണ്ടി ജാമ്യം അപേക്ഷിക്കാന്‍ ചതിച്ചവനോ മറ്റാരുമോ ഉണ്ടായില്ല. 

ആ കുഞ്ഞിന്റെ നിലവിളി എന്നെ കാലങ്ങളോളം പിന്തുടര്‍ന്നു. നിസ്സഹായയായ, നിരപരാധിയായ ഒരു കുഞ്ഞ്. ശ്വാസം മുട്ടുമ്പോള്‍ കുഞ്ഞുവിരലുകളാല്‍ ആ പൊന്നുമോന്‍ അവളുടെ കൈകളെ തൊട്ടിരിക്കണം. അപമാനത്തിന്റെ ആഘാതം ഓര്‍ത്ത് ആ സ്പര്‍ശനത്തിന് നേര്‍ക്കവള്‍ കണ്ണടച്ചിരിക്കണം. കൊല്ലേണ്ടത് കുഞ്ഞിനെ ആയിരുന്നില്ല തന്നെ നശിപ്പിച്ചവനെ ആയിരുന്നെന്ന വെറുപ്പിനെ ഏതോ കാരണത്താല്‍ സ്വയം ന്യായീകരിച്ചിരിക്കണം.. അപമാനിത ആവേണ്ടത് താനല്ല അയാളാണെന്ന് കഷ്ടപ്പാടുകള്‍ക്കിടയില്‍ മുന്നോട്ടു നീട്ടിയെ പണക്കെട്ടോര്‍ത്ത് പാടേ അവഗണിച്ചിരിക്കണം. 
പക്ഷേ... കാലം കളവു പറയില്ല. 

പിന്നീട് ആ സംഭവത്തിന് ശേഷം ഞാന്‍ അവളെ കണ്ടിട്ടില്ല. ആ കുടുംബം സമൂഹത്തിന്റെ സദാചാരക്കണ്ണുകളില്‍ നിന്ന് രക്ഷപെടാന്‍, പരിഹാസങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ഇടയില്‍ നിന്നോടി ഒളിക്കാന്‍ വീടും സ്ഥലവും വിറ്റ് എങ്ങോട്ടോ പോയി. 

ആ വീട് മഴയിലും വെയിലിലും കുതിര്‍ന്നടന്നു വീണു. തറ മീതെ പുല്ലുകള്‍ ആര്‍ത്തിയോടെ പടര്‍ന്നു. പശുക്കളുടെയും ആടുകളുടെയും മേച്ചില്‍പ്പറമ്പായി. ആ വാഴക്കാട് മാത്രം ഇപ്പോഴും ബാക്കിയാവുന്നു. അതുവഴി കടന്നു പോകുമ്പോള്‍ ഓര്‍മ്മകളില്‍ നിന്നൊരു അണലിക്കുഞ്ഞ് എന്നെ നോക്കി വിഷം ചീറ്റും. നീലിച്ചു കിടക്കുന്ന അവന്റെ ദേഹത്തിന്റെ ഓര്‍മ്മയില്‍ ''നീ നേരത്തെ പോയത് നന്നായെന്ന്'' ഓരോ വട്ടവും ഉള്ളില്‍ ഓര്‍ക്കും. 

ഉത്തര്‍പ്രദേശിലെ ഹോസ്പിറ്റലില്‍ ശ്വാസം മുട്ടി മരിച്ച കുഞ്ഞുങ്ങളുടെ വാര്‍ത്ത കേട്ടപ്പോള്‍ ശ്വാസം മുട്ടി കൊല ചെയ്യപ്പെട്ട ആ കുഞ്ഞിന്റെ ഓര്‍മ്മ നെഞ്ചില്‍ ഉടക്കുന്നു. കണ്ണില്‍ നനവിന്റെ കാട് നിറയുന്നു. നെഞ്ചില്‍ പാടി കൊതി തീരാത്ത താരാട്ട് പാട്ടുകള്‍ കയ്ക്കുന്നു.