ട ഉദ്ഘാടനത്തിന് കൊച്ചിയിലെത്തിയ ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാന്‍ ആയിരങ്ങളാണെത്തിയത്. സണ്ണിയെ കാണാനെത്തിയ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ചും സദാചാര ബോധത്തെ കുറിച്ച് ഓര്‍മപ്പെടുത്തുന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് എഴുത്തുകാരിയും വനിതാ ആക്ടിവിസ്റ്റുമായ  ഹണി ഭാസ്‌കരന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ഹണിയുടെ പ്രതികരണം.

ഹണിയുടെ പോസ്റ്റിലേക്ക്

സണ്ണി ലിയോണിനോട് യാതൊരു ഇഷ്ടക്കേടുമില്ല.
പ്രത്യേകിച്ചൊരിഷ്ടമില്ല താനും. എന്നാല്‍ ഇന്ന് കൊച്ചിയില്‍ കണ്ട ആള്‍ക്കൂട്ടത്തോടില്ലാത്ത ബഹുമാനം അവരോടുണ്ട്.
കാരണം,
സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ വീണു മരിക്കാതെ 11 കുടുംബങ്ങള്‍ നിറത്തിന്റെ പേരില്‍ ഉപേക്ഷിച്ച ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ മാത്രം ഹൃദയവിശാലത അവര്‍ക്കുണ്ട്.
കോടികള്‍ കയ്യിലിരുന്നിട്ടും ദളിതന്റെ ഭൂമിയും പൊതു സ്ഥലവും കയ്യേറുന്ന, ഭൂമാഫിയകളെയും അധോലോകത്തെയും വരെ കള്ളപ്പണം ഉണ്ടാക്കാന്‍ കൂട്ടുപിടിക്കുന്ന, പൊതു സമൂഹത്തില്‍ നിലയും വിലയുമുള്ള താരങ്ങളെക്കാള്‍ മികച്ച നിലപാടാണ് അവരുടേത്.

തന്റെ സമ്പാദ്യങ്ങളുടെ ഒരു വലിയ ഭാഗം ,സമൂഹത്തില്‍ എന്നും അനാഥമായിപ്പോയ ചില നിലവിളികള്‍ക്കും, കണ്ണീരിനും വേണ്ടി മാറ്റി വയ്ക്കുന്നുണ്ടവര്‍.
ലൈംഗിക ദാരിദ്ര്യം നമ്മളുണ്ടാക്കിയ കപട സദാചാരത്തിന്റെ പരിണിത ഫലമായിരിക്കെ അവരീ സമൂഹത്തെ വഴിതെറ്റിക്കുന്നു എന്ന് വിശ്വസിക്കുന്നുമില്ല.

അവരൊരു കൊള്ളക്കാരിയോ കൂട്ടിക്കൊടുപ്പുകാരിയോ സാമൂഹ്യദ്രോഹിയോ അല്ലാത്തിടത്തോളം അവരുടെ ലൈംഗിക വിപണനത്തെ കുറിച്ച് മലയാളികള്‍ ഊറ്റം കൊള്ളേണ്ട കാര്യവുമില്ല.
അവരുടെ പോണ്‍ വീഡിയോസ് കാണണമോ എന്നത് ചോയ്‌സ് മാത്രമാണ്.
അടിച്ചേല്‍പ്പിക്കപ്പെടുന്നതല്ല എന്നത് കൊണ്ട് ആക്രമിക്കേണ്ടതുമില്ല.
അവരുടെ ലൈംഗികതയെ കുറിച്ച് അവര്‍ക്കോ ഭര്‍ത്താവിനോ പരിഭവമില്ലെങ്കില്‍ സമൂഹത്തിന് അതില്‍ ആധി ആവശ്യമില്ല.

സണ്ണിലിയോണിന്റെ ഇന്നത്തെ വരവ് ലൈവ് കാണിച്ച ചാനലുകളുടെ കമന്റ് കോളങ്ങളില്‍ അവരെയും, രഞ്ജിനിയെയും 'വെടി', ''വെടിപ്പുര' തുടങ്ങിയ ശ്രേഷ്ഠഭാഷ പദപ്രയോഗം നടത്തിയ അതേ ആള്‍ക്കൂട്ടമാണ് ഇരവാദം മുഴക്കുകയും മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്നത് എന്നത് മാത്രമാണ് വിരോധാഭാസം.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഴങ്ങിക്കേട്ട ആ വിപ്ലവ വചനത്തെ ഞാനിങ്ങനെ ഒന്ന് തിരുത്തട്ടെ:-
'നിങ്ങളില്‍ പോണ്‍ വീഡിയോ കാണുകയോ, കാണാന്‍ താല്‍പര്യപ്പെടുകയോ, മൊബൈലുകളില്‍ നിന്ന് മൊബൈലുകളിലേക്ക് ഷെയര്‍ ചെയ്യുകയോ, ചെയ്യാത്തവര്‍ സണ്ണി ലിയോണിനെ കല്ലെറിയട്ടെ'.