ഓരോരോ ദുരന്തകാലങ്ങളിൽ പത്രമാധ്യമങ്ങളിൽക്കൂടി അവയുടെ പേരറിയിച്ചും അതിനോട് ബന്ധപ്പെട്ടും ചില പുതിയ പുതിയ വാക്കുകൾ നമുക്കുകിട്ടും. അത്‌ ചിലപ്പോൾ നമ്മൾ ആദ്യമായി കേൾക്കുന്ന അല്ലെങ്കിൽ എപ്പോഴും ഉപയോഗിക്കാത്ത ചില വാക്കുകളായിരിക്കും. ഇപ്പോഴും അങ്ങനെ നമുക്കു കിട്ടിയിട്ടുണ്ട് പുതിയ ചില വാക്കുകൾ. കൊറോണ, ലോക്ഡൗൺ, സോഷ്യൽ ഡിസ്റ്റൻസ്, പാൻഡെമിക്ക്, ക്വാറന്റൈൻ, ഐസലേഷൻ തുടങ്ങിയവ. ലോകമാസകലമുള്ള ജനങ്ങൾ ഈ വാക്കുകളെ ഒരേ അർഥത്തിൽ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. എവിടെയും വാർത്താമാധ്യമങ്ങളിൽ കൊറോണ നിറയുന്നു. കൊറോണ അങ്ങനെ ആഗോളവത്‌കരിക്കപ്പെട്ടിരിക്കുന്നു.

‘ആഗോളവത്കരണം’ എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് വർഷങ്ങൾക്കുമുൻപ് കോളേജ് ക്ലാസിലാണ്. ലോകം മുഴുവൻ ഒന്നായിത്തീരുന്ന ആ എകലോക സങ്കൽപ്പത്തെക്കുറിച്ചും ‘വൺ വേൾഡ്’ എന്ന ബുക്ക് എഴുതിയ ‘വെൻഡൽ വിക്കി’യേക്കുറിച്ചുമൊക്കെ അന്ന് അധ്യാപകൻ ക്ലാസിൽവെച്ച് പറഞ്ഞപ്പോൾ വളരെയധികം അത്ഭുതത്തോടെയാണ് അന്നതുകേട്ടിരുന്നത്.

ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും ഉത്പന്നങ്ങൾ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുക, എല്ലാമനുഷ്യരും എല്ലാ ഭാഷകളിലേയും വാക്കുകൾ ഉച്ചരിക്കുക. അങ്ങനെ ലോകംതന്നെ ഒരു തുറന്നകമ്പോളമാകുന്ന ആ അവസ്ഥയെക്കുറിച്ചുള്ള പുതിയ അറിവുകൾ. പിന്നീടുള്ളനാളുകൾ ഇതിനെക്കുറിച്ചുള്ള കൂടുതൽ അറിവുകൾനേടാനായ് ശ്രമിച്ചുകൊണ്ടിരുന്നു. ലോകത്തിന്റെ ഒരു കോണിലിരുന്ന് ലോകത്തെയാകമാനം നിയന്ത്രിക്കുന്ന മുതലാളിത്ത ഭരണകൂടങ്ങൾ ലോകത്തെ തങ്ങളുടെ കൈപ്പിടിയിലാക്കാൻ പരസ്പരംമത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ലോകം ഭരിക്കാനുള്ള അവകാശത്തിനായി അവർ രാഷ്ട്രങ്ങൾക്കിടയിൽ അന്തഃച്ഛിദ്രമുണ്ടാക്കി. സുന്നിയും ഷിയയും ഹിന്ദുവും ക്രിസ്ത്യനും എല്ലാം ചേരിതിരിഞ്ഞ് ആക്രമിക്കാൻ തുടങ്ങി. തങ്ങൾക്ക് ജീവിക്കാൻ ഇടമില്ലാഞ്ഞിട്ടോ, ഭക്ഷണമില്ലഞ്ഞിട്ടോ ഒന്നുമായിരുന്നില്ല ഇതൊക്കെ ചെയ്തത്. മറിച്ച് ലോകംമുഴുവൻ തങ്ങളുടേതാണന്നും ലോകത്തിലെ മുഴുവൻ സമ്പത്തും തങ്ങളുടേതാണന്നുമുള്ള ഒരു ധാർഷ്ട്യം.

ശ്രീകൃഷ്ണ ജയന്തിദിനത്തിൽ വെണ്ണ നുകരാൻ മത്സരിച്ച് കലങ്ങൾ അടിച്ചു തകർക്കുന്ന കുട്ടികളുടെ ലാഘവത്തോടെയവർ രാജ്യങ്ങൾ അടിച്ചുതകർത്തു. പ്രകൃതിജന്യമായ എണ്ണയെമാത്രം സ്നേഹിച്ച് പ്രകൃതിക്ക് വിലയിട്ടു. ഒരേസമയംതന്നെ യുദ്ധവും പിന്നീട് സമാധാനവും പറഞ്ഞുകൊണ്ട് രാജ്യങ്ങൾ നശിപ്പിക്കുകയും പിന്നീടത്‌ പുനർനിർമിക്കുകയും ചെയ്തു. പ്രകൃതിയെ മറന്ന്, മനുഷ്യരെമറന്ന് ഭരണകൂടങ്ങൾ ക്ലസ്റ്റർ ബോബുകളും അണുവായുധങ്ങളും നിർമിച്ചുകൂട്ടി. അധികാരം, വിപണി, സ്റ്റോക്ക് മാർക്കറ്റ്, തുടങ്ങിയ നൂതന ഉപപോക്തൃസംസ്കാരം വളർത്തിക്കൊണ്ടുവരാൻ അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ശാസ്ത്രസാങ്കേതികവിദ്യയുടെ നേട്ടങ്ങൾ കൃത്രിമോപഗ്രഹം വിക്ഷേപിക്കലും വാർത്താവിനിമയ രംഗത്തെ കുതിച്ചു ചാട്ടവുമൊക്കെ മാത്രമാണന്ന് അവർധരിച്ചു. പൗരന് അവകാശപ്പെട്ട ആരോഗ്യരംഗത്തെ പലപ്പോഴും മറന്നുപോയ അവർ സഹജീവികളെ വെറും ഒരുപഭോഗവസ്തുവായി മാത്രം കാണാൻ തുടങ്ങി.

വുഹാനിലെ ഏതോ ഇറച്ചിക്കടക്കാരൻ വിളമ്പിയ കൊറോണയെ ഏറ്റുവാങ്ങി ലോകംമുഴുവൻ ഇന്ന് പകച്ചുനിൽക്കുന്നു. നിമിഷങ്ങളിൽ ആയിരങ്ങൾ മരിച്ചുവീഴുന്നു. കാറ്റുവിതച്ച്‌ കൊടുങ്കാറ്റ് കൊയ്യുന്നു.’ ഓരോ വൈറസിൽനിന്നും ഒരായിരം എണ്ണം ഉയരുന്നു. അവ നാടിന്റെ മുക്കിലുംമൂലയിലും പടരുന്നു. ഒറ്റ ആർ.എൻ.എ. യുള്ള വൈറസ്സിന്റെ മുൻപിൽ ലോക രാജ്യങ്ങൾ ഒന്നടങ്കം ആയുധംവെച്ച് കീഴടങ്ങിയിരിക്കുന്നു. ആയുധംകൊണ്ടല്ല, മനുഷ്യൻ ജയിക്കുക മരുന്നുകൊണ്ടാണ് എന്ന് തിരിച്ചറിഞ്ഞിരിക്കുന്ന ദിനങ്ങൾ. രോഗം അങ്ങനെ ഒരു ജൈവിക സത്യമായ് മാറിയിരിക്കുന്നു.

ടെസ്റ്റിങ് കിറ്റുകൾക്കും മരുന്നുകൾക്കും മറ്റുമെഡിക്കൽ ഉപകരണങ്ങൾക്കുമായി നെട്ടോട്ടമോടുന്ന രാജ്യങ്ങൾ. സാമ്പത്തിക പുരോഗതിമാത്രം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ പ്രകൃതിയുടെ താളംതെറ്റിച്ച് മുന്നോട്ടുപോയ മനുഷ്യർക്ക് ഈ കോവിഡ് കാലം ഒരു തിരിച്ചറിവിന്റെ കാലം കൂടിയാകട്ടെ. നീണ്ടനാളത്തെ ഒത്തൊരുമയുടെ, കൂടിച്ചേരലിന്റെ ഭാഗമായിട്ടായിരുന്നു മനുഷ്യൻ എന്ന ജീവി വർഗം ഒരുസമൂഹമായി പരിണമിച്ചത്. പക്ഷേ നമ്മളിപ്പോൾ അകന്നുനിൽക്കേണ്ടിവരുന്നു. എങ്കിലും അകന്നു നിന്നുതന്നെ നമുക്ക് സ്നേഹിക്കാം, സഹായിക്കാം. മനസ്സിനെ കഴുകി വൃത്തിയാക്കാം ഒരിക്കൽകൂടി.